Wednesday 22 February 2023 04:10 PM IST

അടുത്തു ചെന്ന് ഞാൻ വിളിച്ചു, അവസാനമായി കാൽ ഒന്നനങ്ങി, അത്രമാത്രം...! ഇപ്പോഴും ആ സങ്കടം ബാക്കി: ഓർമകളിൽ മഞ്ജു

Vijeesh Gopinath

Senior Sub Editor

manju-pillai-and-kpac

അമ്മയുടെ മരണം കഴിഞ്ഞ് അലമാര തുറക്കുമ്പോൾ കിട്ടുന്ന സെറ്റുമുണ്ട് നമ്മളെ ഒരു യാത്ര കൊണ്ടു പോകും. അതുവരെ അമ്മയ്ക്കൊപ്പം പോയ വഴികളിലൂടെ ഒറ്റയ്ക്കൊരു യാത്ര.

മാഞ്ഞു പോയതിന്റെ മുള്ളുരഞ്ഞ നീറൽ. ഇനി നടക്കേണ്ട വഴികളിൽ ഒറ്റയ്ക്കാകുമെന്ന വിങ്ങൽ‌. ഇതാ ഇ പ്പോൾ വരാമെന്നു പറഞ്ഞിട്ടും പോകാതിരുന്ന, തിരക്കിലാണെന്നു പറഞ്ഞൊഴിഞ്ഞ കളവുകളുടെ കുറ്റബോധക്കനൽ... ആ ഇരിപ്പിൽ അങ്ങനെ എന്തൊക്കെ എരിഞ്ഞു തുടങ്ങും.

അമ്മയുടെ പിണക്കങ്ങൾക്കു പോലും എന്തൊരു ഭം ഗിയായിരുന്നു എന്ന് ആലോചിക്കുമ്പോഴാകും ബാക്കിവച്ചു പോയ ഒരു ഒാർമപ്പൊട്ടു കിട്ടുന്നത്. വെള്ളിടി വെട്ടി സങ്കടപ്പേമാരി തുടങ്ങാൻ അത്ര മാത്രം പോരേ?

അമ്മ‌യോർമയുടെ കരയിലാണ് മ‍ഞ്ജു പിള്ളയും. സ്വന്തം അമ്മയ്ക്കൊപ്പം, മറ്റൊരമ്മയുടെ തണലിൽ വള ർന്ന കാൽനൂറ്റാണ്ടു കാലം. ഹൃദയം തുറന്ന് ‘അമ്മേ...’ എന്നു വിളിക്കാവുന്നവരുടെ സ്നേഹത്തിനൊപ്പം ഇരിക്കുന്നത് ഭാഗ്യമാണ്. ആ ഭാഗ്യം മഞ്ജുവിനും കിട്ടി. സ്വന്തം അമ്മയെ മാത്രമല്ല, കണ്ടു തുടങ്ങിയ അന്നു മുതൽ‌ കെപിഎസി ലളിതയെയും വിളിച്ചത് ‘അമ്മേ ’എന്നായിരുന്നു.

‘‘അമ്മയെ പോലെയല്ല എനിക്ക് അമ്മ തന്നെയായിരുന്നു.’’ ഒാർമവിരലിൽ തൊട്ടു മഞ്ജു പിള്ള.

അമ്മയെ കണ്ട ദിവസം

‘‘ഏതാണ്ട് 25 വർഷങ്ങൾക്കു മുൻപ്. കൊച്ചി കവിത ഇന്റർനാഷനൽ ഹോട്ടൽ. അന്ന് സിനിമാക്കാരുടെ താവളമായിരുന്നു കവിത ഹോട്ടൽ. സീരിയൽ ഷൂട്ടിനു വേണ്ടിയാണ് അവിടെ ഞാൻ എത്തിയത്. നോക്കുമ്പോൾ അതാ ലളിതാമ്മ. ചെന്നു പരിചയപ്പെട്ടു. എന്റെ കൈപിടിച്ച് അടുത്തിരുത്തിയിട്ട് പറഞ്ഞു,‘‘എടീ നീ എസ്പി അണ്ണന്റെ (എസ്.പി പിള്ള) കൊച്ചുമോളല്ലേ. അപ്പൂപ്പനൊപ്പം ഞാൻ അഭിനയിച്ചിട്ടുണ്ട്. നിന്റെ തറവാട്ടിലും വന്നിട്ടുണ്ട്.’’

ലളിതാമ്മയുടെ മുഖത്തേക്കു നോക്കി ആരാധനയോടെയാണ് സംസാരിച്ചത്. ഏതൊക്കെ സിനിമകളിൽ എത്ര കഥാപാത്രങ്ങൾ. പോകാനായി എഴുന്നേൽക്കും മുൻപ് എ ന്റെ കവിളിൽ പിച്ചിക്കൊണ്ട് പറഞ്ഞു, ‘‘അയ്യോടീ എന്റെ ശ്രീക്കുട്ടിയെ പോലെ തന്നെയുണ്ട് നീ...’’

മകൾ ശ്രീക്കുട്ടിയുടെ പോലെ തന്നെയാണ് ഞാനെന്നു പറഞ്ഞതു കൊണ്ടാണോ എന്നറിയില്ല അന്നു മുതല്‍ അ മ്മേ എന്നു വിളിച്ചു തുടങ്ങി. മറ്റുള്ളവരോട് സംസാരിക്കുമ്പോൾ ‘ലളിതാമ്മ’ എന്നു പറയുമെങ്കിലും നേരിട്ടു ഞാൻ ‘അമ്മ’ എന്നേ വിളിച്ചിട്ടുള്ളൂ. എന്തും പറയാവുന്ന സുഹൃത്തായ അമ്മ. മു‍ജ്ജന്മ ബന്ധം.

അമ്മയുടെ മകളായി ഒന്നോ രണ്ടോ സിനിമയിലേ അഭിനയിച്ചിട്ടുള്ളൂ. പക്ഷേ, ഞങ്ങൾ തമ്മിൽ അങ്ങനെയൊരടുപ്പം വളർന്നു. മഴവിൽ മനോരമയിലെ ‘തട്ടീം മുട്ടീം’ എത്തിയതോടെ ഇഴയടുപ്പം ഒരുപാടു കൂടി. എന്റെ അമ്മയ്ക്കൊപ്പം നിന്നതിനേക്കാൾ കൂടുതൽ ഞാൻ ലളിതാമ്മയ്ക്കൊ പ്പമായിരുന്നു. എന്റെ അമ്മയെ ‘അമ്മേ’ എന്നു വിളിച്ചതിനേക്കാൾ കൂടുതൽ ഞാൻ ലളിതാമ്മയെ വിളിച്ചിട്ടുണ്ട്.

നീ ഇങ്ങോട്ടു പോരെടീ...

ഷൂട്ടിങ് മിക്കപ്പോഴും കൊച്ചിയിൽ ആയതോടെ അമ്മ പറയും ‘‘നീ ഇങ്ങോ‍‍‍ട്ടു പോരെ‍ടീ, എന്റെ കൂടെ നിൽക്കാം’’ സ മ്മതിക്കും മുന്നേ ഞങ്ങൾക്കു വേണ്ടി ഫ്ലാറ്റ് അന്വേഷണം തുടങ്ങി. അന്ന് താമസിച്ചിരുന്ന തൈക്കൂടത്തെ ഫ്ലാറ്റിൽ തന്നെ ഒരെണ്ണം കണ്ടു പിടിച്ചു. ഒരേ ഫ്ലാറ്റിൽ അമ്മ പത്ത് എയിലും ഞാൻ നാലു സിയിലും താമസമായി.

പണ്ടു മുതൽക്കേ ഉള്ള ശീലമായിരിക്കാം. വീട്ടിൽ ചെന്നാൽ ഭക്ഷണം കഴിപ്പിക്കാതെ വിടില്ല. ചക്ക മുളകൂഷ്യവും പഴമാങ്ങാകറിയും. ഞാനെങ്ങാനും എന്തെങ്കിലും ഉണ്ടാക്കിയാൽ ആ കറിക്ക് എന്തെങ്കിലും കുറവ് കണ്ടുപിടിക്കും. അവിയൽ ആണ് സ്ഥിരം ആക്രമണത്തിന് ഇരയാകാറുള്ളത്. ഞാൻ ജീരകം അരച്ചാണ് അവിയൽ ഉണ്ടാക്കാറുള്ളത്. അമ്മയ്ക്കാണെങ്കിൽ അത് ഇഷ്ടവുമല്ല. പായസം പോലെ അവിയലും ഉണ്ടാക്കുന്നെന്നു പറഞ്ഞ് ‘കുത്തു തരും’.

സുജിത്തും (സുജിത് വാസുദേവൻ) ഇടയ്ക്ക് ‘ആക്രമണ’ ത്തിന് ഇരയാവാറുണ്ട്. ‘അമർ അക്ബർ അന്തോണി’ യിൽ അമ്മ അഭിനയിക്കുന്ന സമയം. അതിന്റെ ക്യാമറ ചെയ്യുന്നത് സുജിത്താണ്. ഒരു ദിവസം കണ്ടപ്പോൾ പരാതി ഇങ്ങനെയായിരുന്നു. ‘‘നിന്റെ കെട്ടിയവൻ ഇല്ലേ, ആ മൊട്ട. ഈ ലോകത്തുള്ള എല്ലാ ലൈറ്റും കൂടി എന്റെ മുഖത്തേക്കാണ് ഇന്നലെ വച്ചത്. കണ്ണു തുറക്കാൻ പോലും പറ്റാതായി. ഇങ്ങനെ ചെയ്യരുതെന്ന് പറഞ്ഞേക്കണം.’’

ചെയ്യുന്നതെല്ലാം ശരിയെന്നു കരുതുന്ന അമ്മയായും തർക്കിക്കുന്ന മകളായും ഞങ്ങള്‍ ജീവിക്കാൻ തുടങ്ങി. ഞാൻ ഡയറ്റ് എടുത്താൽ അമ്മ ദേഷ്യപ്പെടും. മേക്കപ് കൂടിയാൽ കളിയാക്കും. മകൾ ജാനിയെ (ദയ) എങ്ങനെ വളർ‌ത്തണം എന്നു പറഞ്ഞു തരും. ജാനി ‘ലളിതാമ്മൂമ്മേ’ എന്നേ വിളിച്ചിട്ടുള്ളൂ.

ആയിടയ്ക്കാണ് സിദ്ദുവിന് അപകടം ഉണ്ടാകുന്നത്. അമ്മ പേട്ടയിലെ ഫ്ലാറ്റിലേക്ക് താമസം മാറിയിരുന്നു. വിവരം അറിഞ്ഞ് ആശുപത്രിയിലേക്ക് ഒാടി ചെല്ലുമ്പോൾ സിനിമയിലൊക്കെ കണ്ട കരുത്തുള്ള മുഖത്തോടെ അമ്മ ഇരിക്കുന്നു. കെട്ടിപ്പിടിച്ചു കരയും എന്നാണ് ‍ഞാനോർത്തത്.

‘‘ആ നീ വന്നോ...’’ എന്നു ചോദിച്ചു. ഒരു പ്രശ്നം വ ന്നാൽ‌, അത് മനസ്സിലാക്കി കഴിഞ്ഞാൽ അമ്മ തളർന്നു വീഴില്ല. പിന്നീട് അമ്മ പറഞ്ഞു,‘‘ഞാൻ എന്തും കേൾക്കാൻ തയാറായാണ് ആ ദിവസങ്ങളിൽ ഇരുന്നത്. ഗുരുവായൂരപ്പൻ എന്റെ പ്രാർഥന കേട്ടു.’’ ഗുരുവായൂരപ്പന്റെ വലിയ ഭക്തയായിരുന്നു അമ്മ. മനസ്സു നൊന്തിരിക്കുമ്പോൾ‌ ക ണ്ണനു മുന്നിൽ നിന്നു കരഞ്ഞു തിരിച്ചു വന്നാൽ അതിനൊരു പരിഹാരമുണ്ടാകുമെന്ന് അമ്മ ഉറച്ചു വിശ്വസിച്ചു.’’

ഒപ്പം നടന്ന ദിവസങ്ങൾ

സിനിമയ്ക്കു പോകാൻ, ഷോപ്പിങ്ങിനു പോകാൻ, ഡോക്ടറെ കാണാൻ എന്തിനും കൂട്ട് ഞാനായിരുന്നു. മാർച്ച് പത്തിനായിരുന്നു അമ്മയുടെ പിറന്നാൾ. ഞാൻ അത്തവും അമ്മ ചിത്തിരയും. അടുത്തടുത്ത നാളുകൾ.

അവസാന കാലത്ത് അമ്മ സിനിമയിൽ അഭിനയിക്കാ ൻ കൊടുത്ത ഡേറ്റ് പോലും പലപ്പോഴും ഞാനാണ് എഴുതിയിരുന്നത്. ഡേറ്റ് കൊടുത്തതൊന്നും അമ്മയ്ക്ക് ഒാർമയുണ്ടാകില്ല, ‘എന്നെ ഒരു സിനിമയ്ക്കു വിളിച്ചെടീ’

‘ അമ്മാ ഏതു സിനിമയാ? എന്നു ചോദിച്ചാൽ ‘ആ...ഒരു സിനിമ’ എന്നാകും ഉത്തരം. സംവിധായകൻ ആരാ? ‘‘എന്തോ പേരു പറഞ്ഞു പുതിയ ആരോ ആണ്.’’

‌‘‘കഥ പറ‍ഞ്ഞോ’’

‘‘ ഒാ അതൊന്നും ഞാൻ ചോദിക്കാൻ പോയില്ല.’’

‘‘പൈസ പറഞ്ഞോ? ’’

‘‘ആ അതു പറഞ്ഞു.’’

‘‘അതെങ്കിലും പറഞ്ഞല്ലോ’’ എന്നു ഞാന്‍ കളിയാക്കും. ‌

ഞാൻ മൂക്കു കുത്തിയതും അമ്മ കാരണമാണ്. ഷൂട്ടിനിടയിൽ ഒരു ദിവസം. അന്ന് എന്റെ മൂക്കിലാണ് പിടിച്ചത്. ‘നിനക്ക് മൂക്കു കുത്തിയാൽ നല്ല ഭംഗിയുണ്ടാകും’ എന്നു പറ‍ഞ്ഞു. ‘എന്റെ കു‍ഞ്ഞു മൂക്കാണ് ഒരു രസവും ഉണ്ടാകില്ലെന്ന്’ ഞാൻ.

ഒടുവില്‍ അമ്മയുടെ നിർ‌ബന്ധത്തിനു മുന്നിൽ ഞാൻ തോറ്റു. അല്ലെങ്കിൽ അമ്മ പിണങ്ങും. ചെറിയ കാര്യം മതി മുഖത്തു മഴക്കാറു കയറാന്‍. അത് അടുപ്പമുള്ളവരോടുള്ള സ്നേഹം കൊണ്ടാണ്. വലിയ വേദന

ബോധമുള്ളപ്പോൾ അവസാനമായൊന്നു കാണാനായില്ല. അതാണ് ഏറ്റവും വലിയ േവദന. മാസങ്ങൾക്കു മുൻപ് ‘തട്ടീം മുട്ടീം’ ലൊക്കേഷനിൽ വച്ചാണ് അവസാന കാഴ്ച. പിന്നെ, കോയമ്പത്തൂരിൽ തമിഴ് സിനിമയിൽ അഭിനയിക്കാൻ അമ്മ പോയി. അവിടെ വച്ച് എല്ലാ ദിവസവും രാവിലെയും വൈകിട്ടും വിളിക്കും. അമ്മയുടെ സഹായി മണിയമ്മ ചോദിക്കും, കുഞ്ഞിനെ രാവിലെയും വിളിച്ചതല്ലേ? ഇനിയും വിളിക്കണോ? ‘നിന്റെ പൈസ കൊണ്ടല്ലല്ലോ വിളിക്കുന്നതെ’ന്നു പറഞ്ഞ് മണിയമ്മയെ വഴക്കു പറഞ്ഞു പോലും.

തിരിച്ചെത്തിക്കഴിഞ്ഞ് രണ്ടു മൂന്നു ദിവസം അമ്മയെ ഞാൻ വിളിച്ചില്ല. കുറച്ചായല്ലോ എന്നോർത്ത് തിരിച്ചു വിളിച്ചപ്പോഴാണ് ആശുപത്രിയിലാണെന്നറിഞ്ഞത്. പിന്നെ സംസാരിച്ചിട്ടില്ല.

രണ്ടു മൂന്നു വർഷം മുൻപേ വിശപ്പില്ലായ്മയും ഭക്ഷണം ഇറങ്ങാത്ത അവസ്ഥയും ഉണ്ടായി. അന്ന് ഡോക്ടറുടെയടുത്ത് അമ്മയ്ക്കൊപ്പം ഞാനാണ് പോയത്. പ്രമേഹവും ഉറക്കക്കുറവും ഉണ്ടായിരുന്നു. പിന്നെ, പിത്താശയ കല്ലു വന്നു. അതിന്റെ സർജറി... ഇതിനിടയിൽ ലിവർ സിറോസിസ്. ഒടുവിൽ അമ്മ പോയി.

manju-pillai-1

വിവരമറിഞ്ഞ് തൃപ്പൂണിത്തുറ ഫ്ലാറ്റിലേക്ക് ഞാനെത്തിയപ്പോൾ വെള്ളപുതച്ച് അമ്മ ഉറങ്ങിക്കിടക്കുന്നു. ആ മൂന്നു ദിവസം ഞാൻ വിളിച്ചില്ലല്ലോ, ബോധത്തോടെയിരിക്കുമ്പോൾ എനിക്കൊന്നു പോയി കാണാനായില്ലല്ലോ... ഒരുപാടു മുള്ളുകൾ എന്നെ ഇപ്പോഴും വേദനിപ്പിക്കുന്നുണ്ട്.

അവരോട് രോഷം മാത്രം

സങ്കടത്തെക്കാളേറെ രോഷം സോഷ്യൽ മീഡിയയിലെ ചില കമന്റുകൾ‌ കണ്ടാണ്. അമ്മ മരിച്ചു കിടക്കുമ്പോൾ‌ ന ടന്ന ചില മനുഷ്യത്വമില്ലായ്മകളാണ്...

സോഷ്യൽമീഡിയ വന്നപ്പോൾ നഷ്ടമായത് സ്വകാര്യതയാണ്. മരിച്ചു കിടക്കുന്നവർക്കു പോലും മനസമാധാനം കൊടുക്കാത്തവർ. തൊഴുതു നിൽക്കുകയാണെന്ന് തോന്നും. പക്ഷേ, കയ്യിൽ മൊബൈലാണ്. വിഡിയോയും ഫോട്ടോയും എടുക്കുകയാണ്. മരിച്ചു കിടക്കുന്ന മുഖം ഫോട്ടോ എടുത്തിട്ട് അത് ഗ്രൂപ്പുകളിൽ പോസ്റ്റു ചെയ്യുമ്പോൾ എന്ത് ആനന്ദമാണ് കിട്ടുക?

അമ്മ മരിച്ചു കിടന്നപ്പോഴും ഇതു തന്നെയാണ് സംഭവിച്ചത്. ഞാൻ നോക്കുമ്പോൾ‌ ഒരുത്തൻ രണ്ടു കസേരയിട്ട് അതിന്റെ മുകളിൽ കയറി നിന്ന് മൊബൈലിൽ പടമെടുക്കുന്നു. എന്തൊരു മാനസികാവസ്ഥയാണിത്. അമ്മയുടെ അവസാന കാലത്തെ ഫോട്ടോ പ്രചരിപ്പിച്ച് രസം ക ണ്ടെത്തിയ മനുഷ്യത്വമില്ലാത്തവരും ഒരുപാടുണ്ട്. മനുഷ്യവികാരത്തിന് എന്തു വിലയാണുള്ളത്?

‌അമ്മ ആശുപത്രിയിൽ കിടന്നപ്പോഴും സോഷ്യൽ മീഡിയ സമാധാനം കൊടുത്തില്ല. കാര്യമറിയാതെ ഒരുപാടു പേ ർ ബഹളമുണ്ടാക്കി. കരൾ മാറ്റ ശസ്ത്രക്രിയയ്ക്ക് സിനിമാക്കാർ സഹായിക്കുന്നില്ലെന്നായിരുന്നു പരാതി.

സിനിമാക്കാർ‌ കണ്ണിൽ ചോരയില്ലാത്തവരല്ല. പൈസ യുടെ ബുദ്ധിമുട്ടായിരുന്നെങ്കിൽ വീടിന്റെ ആധാരം വച്ചിട്ടാണെങ്കിലും ഞാൻ അതിനുള്ള പണം കണ്ടെത്തിയേനെ. പക്ഷേ, സത്യം അതല്ല. ശസ്ത്രക്രിയ ചെയ്യാനാകുന്ന ആ രോഗ്യാവസ്ഥ ആയിരുന്നില്ല അമ്മയുടേത്.

മകൻ സിദ്ധാർ‌ഥ് ആരെയും അടുപ്പിക്കുന്നില്ലെന്നായിരുന്നു അടുത്ത പരാതി. കെപിഎസി ലളിത എന്ന നടിയുടെ മുഖം നമ്മുടെ മനസ്സിലുണ്ട്. നമുക്കാർക്കും തിരിച്ചറിയാത്ത ഒരു മുഖവുമായി കിടന്ന അമ്മയെ മറ്റുള്ളവരെ കാണിക്കാൻ‌ സിദ്ദുവിന് ഇഷ്ടമല്ലായിരുന്നു. അങ്ങനെ ഒരു സഹതാപം അവൻ ഇഷ്ടപ്പെട്ടില്ല, ഞാനാണെങ്കിലും ചിലപ്പോൾ അങ്ങനെയേ ചെയ്യൂ.

manju-pillai-22

അതുകൊണ്ടു തന്നെ ഞാനാദ്യം പോയി കണ്ടില്ല. മരിക്കുന്നതിന് മൂന്നാഴ്ചമുൻപ് സിദ്ദുവിനെ വിളിച്ചപ്പോഴും അ വൻ വരേണ്ട എന്നു പറഞ്ഞു, കുറച്ചു കഴിഞ്ഞു തിരിച്ചു വിളിച്ചു, ‘സോറി ചേച്ചി, നിങ്ങളുടെ ബന്ധം ഞാൻ മറന്നു. ചേച്ചി വരൂ.’ അടുത്തു ചെന്നു നിന്ന് ഞാൻ വിളിച്ചു, അവസാനമായി. കാൽ ഒന്നനങ്ങി. അത്രമാത്രം...

ഇപ്പോഴും ഒാർ‌മയുണ്ട് ‘ഹോം’ സിനിമയുടെ ലൊക്കേഷൻ. ഷൂട്ട് നീളുമ്പോൾ എല്ലാവരും ഭക്ഷണം കഴിക്കും. പ ക്ഷേ, അമ്മ എന്നെ കാത്തുനിൽക്കും. എത്ര വൈകിയാലും. മക്കൾക്കു വേണ്ടി ഒരമ്മയ്ക്കല്ലേ ഇങ്ങനെ കാത്തിരിക്കാനാകൂ.

വിജീഷ് ഗോപിനാഥ്

ഫോട്ടോ : ശ്രീകാന്ത് കളരിക്കൽ