Thursday 29 September 2022 11:10 AM IST : By വി.ആർ

‘ആ നാളുകളിൽ ഞങ്ങൾ കിഴക്കോട്ട് നോക്കിയിരിക്കും, അപ്പച്ചിയുടെ വരവും കാത്ത്’: ഓർമകളുടെ തീരത്ത് നവ്യയുടെ അമ്മ വീണ

Navya-mom

ഓണം കഴിഞ്ഞെങ്കിലും ആ ആഘോഷത്തിന്റെ തെളിമ ചോരാതെ നിൽപ്പുണ്ട്. ഓർമകളിൽ സുഗന്ധം പകർന്ന് നമുക്കിടയിൽ നിറഞ്ഞു നിൽപ്പുണ്ട്....മാറിയത് ഓണമാണോ അതോ മനസ്സാണോ എ ന്നറിയില്ല! എന്തായാലും ഓണം വല്ലാതെ മാറിയിട്ടുണ്ട്. അല്ലെങ്കിൽ തന്നെ കുട്ടിക്കാലത്തല്ലേ നിഷ്കളങ്കതയോടെ നമ്മൾ ഓണം ആഘോഷിക്കുന്നത്. അച്ഛനോ അമ്മയോ ബന്ധുക്കളോ ഓണക്കോടി വാങ്ങിത്തരുമ്പോൾ ഉള്ള സന്തോഷം സ്വന്തമായി ഓണക്കോടി വാങ്ങുമ്പോൾ ഉണ്ടാകില്ല. ബാല്യത്തിൽ നുണഞ്ഞ ഓണ രുചികളും സന്തോഷവും കാലമെത്ര കഴിഞ്ഞാലും മനസ്സിലുണ്ടാകും. മലയാളസിനിമയിലെ പ്രശസ്തരുെട മൂന്ന് അമ്മമാർ ഓണം ഓർമകൾ പങ്കുവയ്ക്കുന്നു.

അപ്പച്ചിയെക്കാത്ത് കിഴക്കോട്ടു നോക്കി–വീണ നായർ

നവ്യയുടെ മകൻ സായ്കൃഷ്ണന് സാമ്പാർ വലിയ ഇഷ്ടമാണ്. സാമ്പാർ മാത്രമല്ല ഇലയിൽ സദ്യയുണ്ണാനും അവന് ഇഷ്ടമാണ്. അ തു കാണുമ്പോൾ ഞങ്ങൾക്ക് സന്തോഷമാകും, മുംബൈയിൽ ജനിച്ചുവളർന്ന കുട്ടിയായിട്ടും അവനിൽ നാടിന്റെ രുചിയിഷ്ടം ഉണ്ടല്ലോ എന്ന സന്തോഷം.

ചേപ്പാട് നിറയെ മരങ്ങളുള്ള സ്ഥലത്തു തന്നെയാണ് ഞങ്ങളിപ്പോഴും താമസിക്കുന്നത്. നല്ല നാട്ടിൻപുറം. പഴയ മൂല്യങ്ങളിലും ആചാരങ്ങളിലും ഞങ്ങളുടെ പുതുതലമുറ ജീവിക്കാൻ ആഗ്രഹിക്കുന്നു എന്നതുതന്നെ വലിയ കാര്യം. എല്ലാവരും പറയുന്നത് കുട്ടിക്കാലത്താണ് ഓ ണം എന്നാണ്. അങ്ങനെയല്ല കുട്ടികളായിരിക്കുമ്പോഴാണ് നമ്മൾ ഓണത്തിന്റെ ഭംഗി ശരിക്കും മനസ്സിലാക്കുന്നത് എന്നു പറയുന്നതാണു ശരി. ഞങ്ങൾ നാലു സഹോദരിമാരാണ്. മൂത്ത ചേച്ചി നന്നായി വരയ്ക്കും. അതുകൊണ്ട് അത്തപ്പൂക്കളത്തിന്റെ ജോലി അവൾക്കാണ്. ചാണകം കൊണ്ട് നിലം മെഴുകി കളം വരച്ച് പൂവിടുന്നതാണ് ഞങ്ങളുടെ പതിവ്. ഉപ്പില്ലാതെ പൂവട ഉണ്ടാക്കി വയ്ക്കുന്നതൊക്കെ കുട്ടിക്കാലത്തെ ഓർമയാണ്.

എങ്കിലും കുട്ടികൾക്ക് വേണ്ടി ഇപ്പോഴും ഞങ്ങളത് ചെയ്യാറുണ്ട്. പലതരം വറ്റലുകൾ (ഉപ്പേരികൾ) നേരത്തെ ഉ ണ്ടാക്കി തുടങ്ങും. കപ്പ വറ്റൽ, ഏത്തക്ക വറ്റൽ, മുറുക്ക്, മധുരസേവ അങ്ങനെയെല്ലാം വീട്ടിൽ തന്നെ ഉണ്ടാക്കും.

‌ഇതൊന്നുമല്ല ഞങ്ങളെ ആകർഷിക്കുന്ന ഘടകം. ഞ ങ്ങളെ സംബന്ധിച്ച് ഓണം എന്നു പറഞ്ഞാൽ ആലപ്പുഴയിലെ അപ്പച്ചിയുടെ വരവാണ്. ആലപ്പുഴ ഗവൺമെന്റ് ഹൈസ്കൂളിൽ അധ്യാപികയാണ് അപ്പച്ചി.

എല്ലാ ഓണക്കാലത്തും അപ്പച്ചി വീട്ടിൽ വരും. ഞങ്ങൾ നാലു സഹോദരങ്ങൾക്കും ഓണക്കോടി കൊണ്ടുവരും. ഓണത്തിന് കിട്ടുന്ന ഏക ഓണക്കോടിയാണത്. സത്യത്തിൽ ഓണം തുടങ്ങുമ്പോൾ ഞങ്ങൾ കിഴക്കോട്ട് നോക്കിയിരിക്കും അപ്പച്ചിയുടെ വരവും കാത്ത്. എന്നാണ് അപ്പച്ചി വരിക എന്നറിയില്ലല്ലോ. അപ്പച്ചി ഒരിക്കലും ഞങ്ങളെ നിരാശപ്പെടുത്തിയിട്ടില്ല.

ഓണനാളിലെ വിശേഷ വിഭവം

തിരുവോണത്തിന് എല്ലാവരും കുടുംബവീട്ടിൽ ഒത്തുകൂടുന്നത് ഒരു ആചാരം പോലെയായിരുന്നു. ഉച്ചയൂണാണ് പ്രധാനം. വിഭവസമൃദ്ധമായ സദ്യ. എന്നാൽ ഇതൊന്നുമല്ല സദ്യയുടെ ആകർഷണം. മുട്ട മസ്‌ല എന്ന കറിയാണ്. മുട്ട പുഴുങ്ങി ഉണ്ടാക്കുന്ന മുട്ട മസ്‌ല വളരെ അപൂർവമായി മാത്രം ഉള്ള വിഭവമായിരുന്നു. ഓണത്തിനു മാത്രമാണ് ഞങ്ങൾ മുട്ട മസ്‌ല കഴിച്ചിട്ടുള്ളത്.

19ാം വയസ്സിലായിരുന്നു എന്റെ വിവാഹം. അതിനു ശേഷവും പഠനം തുടർന്നു. ഹൈസ്കൂൾ ടീച്ചറായി ജോലി കിട്ടി. കുട്ടികളായി. പല സ്ഥലങ്ങളിൽ താമസിച്ചെങ്കിലും ഓ ണനാളുകളിൽ കുടുംബത്ത് എത്തും.

ഞങ്ങൾ ആഘോഷിച്ചത് പോലെയൊക്കെ തന്നെയാണ് മക്കളുടെയും ഓണാഘോഷം. നവ്യയ്ക്കും അനിയൻ കണ്ണനും ഒാണമെന്നാൽ സൈക്കിൾ സവാരിയാണ്. രാവിലെ രണ്ടും കൂടി വീട്ടിൽ നിന്നിറങ്ങും. ഊണിന്റെ സമയത്തേ തിരിച്ചെത്തൂ. നാടുമുഴുവൻ കറങ്ങി പൂക്കളുമായി വരും. ന വ്യയുെട മകനും അതേ ഇഷ്ടങ്ങളൊക്കെ തന്നെയാണ്.

കണ്ണനും കുടുംബവും ദുബായിലാണ്. ഈ ഓണത്തിന് അവർ നാട്ടിൽ ഉണ്ടാകും. നവ്യയും കുടുംബവും ഇവിടെയുണ്ട്. കൊച്ചിയിൽ അവർക്ക് വീടുണ്ട്. പക്ഷേ, ഓണം ഇവിടെ ചേപ്പാട്ടെ കുടുംബവീട്ടിൽ തന്നെ.

ഇപ്പോൾ പലയിടത്തും റെഡിമെയ്ഡ് ഓണമാണ്. പ ക്ഷേ, ഞങ്ങളിപ്പോഴും പഴയ മട്ടിൽ തന്നെയാണ്. ഓണസദ്യയ്ക്കു വേണ്ടതെല്ലാം ഇവിടെ തന്നെ ഉണ്ടാക്കും. കുടുംബാംഗങ്ങൾ എല്ലാം ഒരുമിക്കുന്ന രസം അപ്പോഴല്ലേ കിട്ടൂ.’’

തയാറാക്കിയത്: വി. ആർ.