Friday 12 May 2023 11:52 AM IST

‘എനിക്ക് പോയേ പറ്റൂ, ഇനി ചിലപ്പോൾ ഇങ്ങനെയൊരു യാത്ര നടന്നെന്നു വരില്ല’: വേദന ഉള്ളിലൊതുക്കി ഇന്നസെന്റ് അന്നു പറഞ്ഞു

V R Jyothish

Chief Sub Editor

innocent-4

ഇന്നസെന്റ് ഒരിക്കൽ എന്നോടു ചോദിച്ചു!

‘ശ്രീനിവാസാ നമ്മൾ തമ്മിൽ ആദ്യമായി കണ്ടത് നിനക്ക് ഓർമയുണ്ടോ?’

ചില സൗഹൃദങ്ങൾക്കു തുടക്കവും ഒടുക്കവും ഉണ്ടാകാറില്ല. നമ്മുടെ ജീവിതത്തിന്റെ ഭാഗമായി ആ സൗഹൃദങ്ങൾ അങ്ങനെ നീണ്ടുപോകും. അത്തരമൊരു സൗഹൃദമായിരുന്നു ഇന്നസെന്റിനും എനിക്കും ഇടയിൽ. മദിരാശിയിലെ കഷ്ടകാലത്താണു ഞങ്ങൾ സൗഹൃദത്തിലാകുന്നത്. ഡബ്ബിങ്, തിരക്കഥ തിരുത്തൽ, ചെറിയ വേഷങ്ങളിൽ അഭിനയം – അങ്ങനെ ചില്ലറ കലാപരിപാടികളുമായി മദിരാശി പട്ടണത്തിൽ ഞാൻ അലഞ്ഞുനടക്കുന്ന സമയം.

ഒരുദിവസം എന്നെ അന്വേഷിച്ച് ഒരാൾ വന്നു. ‘ആർ.കെ. ലാബ് വരെ ഒന്നുവരണം. ഒരു ഡബ്ബിങ് ഉണ്ട്.’ ആർ.കെ. ലാബ് അന്ന് മദ്രാസിലെ ഏറ്റവും വലിയ ഫിലിം കമ്പനികളിലൊന്നാണ്. ഞാൻ ആർ.കെ. ലാബിലെത്തി. കഥാപ്രസംഗകലയിലെ മുടിചൂടാമന്നനായ സാംബശിവൻ നായകനായ പല്ലാങ്കുഴി എന്ന സിനിമയുടെ ഡബ്ബിങ് ജോലികൾ അവിടെ നടക്കുകയാണ്.

കഥാപ്രസംഗവേദിയിൽ ശബ്ദം കൊണ്ട് അദ്ഭുതം സൃഷ്ടിക്കുന്ന സാംബശിവനു സിനിമയിലെ ഡബ്ബിങ് വഴങ്ങുന്നില്ല. അഞ്ചു ശബ്ദത്തിലാണ് അദ്ദേഹം സംസാരിക്കുന്നത്. കഥാപ്രസംഗത്തിന് അതുവേണം. പക്ഷേ, സിനിമയിൽ ഒരു ശബ്ദം മതി. അതു കിട്ടുന്നില്ല. സാംബശിവന്റെ അഞ്ചു ശബ്ദങ്ങളിൽ ഏതോ ഒരു ശബ്ദവും എന്റെ ശബ്ദവും തമ്മിൽ സാമ്യമുണ്ടെന്ന് അണിയറ പ്രവർത്തകരിൽ ആർക്കോ തോന്നി. അങ്ങനെയാണ് ആ നറുക്ക് എനിക്കു വീണത്. ഞാനന്ന് പല സിനിമകൾക്കും ഡബ്ബ് ചെയ്തിട്ടുണ്ട്. ഒരു മാടപ്രാവിന്റെ കഥ എന്ന സിനിമയിൽ മമ്മൂട്ടിക്കു ശബ്ദം കൊടുത്തു. അതിനുമുൻപ് ടി. എസ്. മോഹന്റെ വിധിച്ചതും കൊതിച്ചതും എന്ന സിനിമയിലും മമ്മൂട്ടിക്കു ശബ്ദം കൊടു ത്തു. അന്ന് എന്റെ ശബ്ദമോ മമ്മൂട്ടിയുടെ ശബ്ദമോ ഒന്നും ആർക്കും അത്ര പരിചിതമായിരുന്നില്ല. നാലഞ്ചു ദിവസം കൊണ്ടു ഡബ്ബിങ് പൂർത്തിയാക്കി. അവർ നാലായിരം രൂപ പ്രതിഫലം തന്നു. അന്ന് അതു ലോട്ടറിക്കു തുല്യം.

അങ്ങനെ സാംബശിവനു ശബ്ദം നൽകാൻ ആർ.കെ. ലാബിലെത്തിയ ദിവസങ്ങളിലൊന്നിലാണു ഞാൻ ഇന്നസെന്റിനെ ആദ്യമായി കാണുന്നത്.

‘എന്നെ കണ്ടപ്പോൾ നിനക്ക് എന്തു തോന്നി?’

ഇന്നസെന്റ് പിന്നീടൊരിക്കൽ എന്നോടു ചോദിച്ചു.

‘ഇത്രയും വലിയൊരു ഫ്രോഡിനെ ജീവിതത്തിൽ ആദ്യമായി കാണുകയാണ് എന്നു തോന്നി.’ മറുപടി കേട്ട് ഇന്നസെന്റ് ചിരിച്ചു. എന്നിട്ടു പറഞ്ഞു; ‘ഞാൻ വിചാരിച്ചതുപോലെയല്ല നിനക്ക് അത്യാവശ്യം ബോധമൊക്കെയുണ്ടല്ലേ.’ അതുകേട്ട് ഞാനും ചിരിച്ചു. ഒരുകാര്യം ബോധ്യമായി. മറ്റുപലരെയും പോലെയല്ല ഇന്നസെന്റ്. അയാൾക്ക് അത്യാവശ്യം തമാശയൊക്കെ മനസ്സിലാകും.

ഇന്നസെന്റ് അന്ന് ഡേവിഡ് കാച്ചപ്പള്ളിയുമായി ചേർന്നു നിർമാണകമ്പനി ഉണ്ടാക്കി നിൽക്കുന്ന സമയമാണ്. ‘ശത്രു കമ്പൈയിൻസ്’ എന്നായിരുന്നു അതിന്റെ പേര്. ‘എ ന്തായാലും ഞങ്ങൾ ശത്രുക്കളായി കമ്പനി പൂട്ടും’. അതു മുൻകൂട്ടി കണ്ടാണു ശത്രു എന്ന പേരിട്ടതെന്ന് ഇന്നസെന്റ് പറയുമായിരുന്നു. അങ്ങനെ തന്നെ സംഭവിച്ചു.

വിട പറയും മുൻപേ, ഇളക്കങ്ങൾ, ഓർമയ്ക്കായ്, ലേഖയുടെ മരണം ഒരു ഫ്ലാഷ്ബാക്, ഇങ്ങനെ ഏതാനും സിനിമകൾ നിർമിച്ചതിനുശേഷം ഇന്നസെന്റ് കാര്യമായ സമ്പാദ്യം ഒന്നുമില്ലാതെ നിൽക്കുന്ന സമയത്താണു ഞങ്ങൾ ത മ്മിൽ അടുക്കുന്നത്.

ഒരു കഥ ഒരു നുണക്കഥ

ഇന്നസെന്റ് ചില സാമ്പത്തിക പ്രതിസന്ധികളിലൂടെ കടന്നുപോകുകയായിരുന്നു അന്ന്. എന്നിട്ടും ഒരു പരീക്ഷണത്തിന് അദ്ദേഹം തയാറായി. ചൊവ്വല്ലൂർ കൃഷ്ണൻകുട്ടിയുടെ ഒരു കഥ സിനിമയാക്കാൻ തീരുമാനിച്ചു. ഒരു ഭാഗ്യപരീക്ഷണം. മോഹനാണ് ഈ സിനിമയുടെ സംവിധാനം. മലയാളത്തിൽ അറിയപ്പെടുന്ന മറ്റൊരു സാഹിത്യകാരനാണു തിരക്കഥ എഴുതുന്നത്. അഞ്ചുദിവസം കൊണ്ടു തിരക്കഥ തീർത്ത് അതു ഗംഭീരമാണെന്നു സ്വയം വിശേഷിപ്പിച്ച് പൈസയും വാങ്ങി സ്ഥലംവിട്ടു.

മോഹൻ അന്ന് മംഗളം നേരുന്നു എന്ന സിനിമ സംവിധാനം ചെയ്യുന്ന തിരക്കിലാണ്. ഒരു ദിവസം ഇന്നസെന്റ് എ ന്നെ കാണാൻ വന്നു. കയ്യിൽ സാഹിത്യകാരൻ എഴുതിയ തിരക്കഥയുണ്ട്. അതു വായിച്ചു നോക്കണം. അഭിപ്രായം പറയണം. അതാണ് ഇന്നസെന്റിന്റെ ആവശ്യം.

ഞാൻ തിരക്കഥ വായിച്ചു. ഇന്നസെന്റിന്റെ മുഖത്തേക്ക് ദയനീയമായി നോക്കി. ഇന്നസെന്റ് എന്നെയും നോക്കി. ഈ സംഭവം നടന്നിട്ട് ഏകദേശം 40 വർഷമായി. എങ്കിലും ആ തിരക്കഥയിൽ വായിച്ച ഒരു വാചകം ഇന്നും ഓർമയുണ്ട്; ‘ഡാഡി... ഡാഡി എന്നു പറഞ്ഞാൽ മാത്രം പോരാ... കുറേശ്ശെ പേടിയും വേണം...’ ‘ഡികാര പ്രാസം.’ ഇതുപോലെയുള്ള കോമഡിയാണ് തിരക്കഥയിൽ മുഴുവൻ.

‘ശ്രീനിവാസാ നീ എന്നെ രക്ഷിക്കണം. സത്യമായും വേറെ വഴിയില്ലാത്തതുകൊണ്ടാണ്. ഇതിനേക്കാൾ നന്നായി ഈ തിരക്കഥ നമുക്ക് എഴുതിക്കൂടേ...’ വിഷമത്തോടെ ഇന്നസെന്റ് ചോദിച്ചു. ‘ഇതിനേക്കാൾ നന്നായി നമ്മൾക്കെന്നല്ല ആർക്കു വേണമെങ്കിലും എഴുതാം.’ ഞാൻ പറഞ്ഞു.

ഈ തിരക്കഥാ സംഭവത്തോടെയാണു ഞാനും ഇന്ന സെന്റും കൂടുതൽ അടുക്കുന്നത്. ഞാനന്ന് വടപളനി ക്രോസ് റോഡിലാണു താമസം. ഇന്നസെന്റ് അശോക് നഗറിൽ കുടുംബസമേതം താമസിക്കുന്നു. സോണറ്റിന് അന്നു ര ണ്ടോ മൂന്നോ വയസ്സ്. വടപളനിയിൽ നിന്ന് അശോക് നഗറിലേക്ക് രണ്ടര കിലോമീറ്റർ ദൂരം. എന്നും രാവിലെ ഞാൻ നടന്നാണ് ഇന്നസെന്റിന്റെ വീട്ടിൽ എത്തുന്നത്. ബസിനു കാശില്ലാത്തതു തന്നെ കാരണം. ഇന്നസെന്റിന്റെ വീട് ഒരു പിടിവള്ളി കൂടിയായി എനിക്ക്. കാരണം മൂന്നുനേരവും ആഹാരം കിട്ടും. ഉള്ള വിഭവങ്ങൾ വളരെ നന്നായി ആലീസ് വച്ചു വിളമ്പി. അന്നു മൂന്നുനേരവും ആഹാരം കഴിക്കുക എന്നത് എന്നെ സംബന്ധിച്ച് ആഡംബരമായിരുന്നു.

എന്തായാലും ഒരുമാസം ഇങ്ങനെ കടന്നുപോയി. ഈ സമയത്തിനുള്ളിൽ ഞാനും ഇന്നസെന്റും ചേർന്ന് കഥയും തിരക്കഥയും പൂർത്തിയാക്കി. അങ്ങനെ വന്ന സിനിമയാണു നെടുമുടി വേണു നായകനായ ഒരു കഥ ഒരു നുണക്കഥ. സിനിമയുടെ ടൈറ്റിൽ കാർഡിൽ‌ തിരക്കഥയുടെ സ്ഥലത്ത് ഇന്നസെന്റിന്റെ പേര് വച്ചില്ല എന്നതു വേറെ കാര്യം. എങ്കിലും ഇന്നസെന്റിനു കൈനഷ്ടമുണ്ടാകാതെ സിനിമ സാമാന്യം നന്നായി ഓടി.

ഈ സിനിമയും ഇന്നസെന്റും പിന്നെ, മമ്മൂട്ടിയും എന്റെ ജീവിതത്തിൽ വളരെ അഗാധമായി ഇടപെടുന്നു. എന്തുകൊണ്ടെന്നാൽ ഈ സിനിമയുടെ ഷൂട്ടിങ്ങിനിടയിലാണുഞാൻ വിവാഹിതനാകുന്നത്.

രണ്ടുദിവസം ഞാൻ ലൊക്കേഷനിൽ ഇല്ല എന്റെ വിവാഹമാണ് എന്നു പറഞ്ഞപ്പോൾ ഇന്നസെന്റ് ആലീസിന്റെ സ്വർണവള പണയം വച്ച് എനിക്കു നാന്നൂറു രൂപ തന്നു. അതുമായി നാട്ടിലെത്തി കല്യാണത്തിനുവേണ്ട തയാറെടുപ്പ് നടത്തിയപ്പോൾ എന്റെ അമ്മ പറഞ്ഞു. പെൺകുട്ടിക്ക് സ്വർണത്തിലുള്ള താലിച്ചരട് നിർബന്ധം.

innocent-vanitha

അങ്ങനെ മമ്മൂട്ടിയെ പോയി കണ്ട് 4000 രൂപ വാങ്ങി. അന്ന് മമ്മൂട്ടിയുടെ കയ്യിലും അത്ര പൈസയേ ഉള്ളൂ. അങ്ങനെ സംഭവബഹുലമായ ഒരു കഥയായിരുന്നു എന്റെ വിവാഹം.

പത്തുരൂപയും ഒരു കുന്തവും

ഒരിക്കൽ ഇന്നസെന്റ് എന്നെ വിളിച്ചു ചൂടായി. ‘എന്തൊരു പണിയാടാ നീ എനിക്കു തന്നത്. ഞാനിനി തൂങ്ങിച്ചാകണോ അതോ വിഷം കഴിച്ചു ചാകണോ?’

‘എന്താണ് പ്രശ്നം?’ ഞാൻ ചോദിച്ചു.

‘ആലീസിന്റെയും അവളുടെ വീട്ടുകാരുടെയും മുഖത്ത് ഞാനിനി എങ്ങനെ നോക്കും. ’ ഇന്നസെന്റ് തുടർന്നു.

എനിക്കൊന്നും മനസ്സിലായില്ല. ‘എന്താണ് നിങ്ങളുടെ പ്രശ്നം?’ ഞാൻ സ്വരം ലേശം കടുപ്പിച്ചു. അപ്പോഴാണ് പുള്ളി സംഭവം പറയുന്നത്. ഒരു ചാനലിൽ ഞാനന്ന് എന്റെ ജീവിതാനുഭവങ്ങൾ പങ്കുവയ്ക്കുന്ന പരിപാടി ചെയ്യുന്നു. അതിൽ ഒരു എപ്പിസോഡ് ഇന്നസെന്റിനെക്കുറിച്ചായിരുന്നു. അതിൽ സിനിമയിൽ അഭിനയിക്കാൻ മദിരാശിയിലെത്തിയ ഇന്നസെന്റ് വേറെ മാർഗങ്ങളൊന്നുമില്ലാതെ ജൂനിയർ ആർട്ടിസ്റ്റായി അഭിനയിച്ച കാര്യം ഞാൻ പറഞ്ഞിരുന്നു. അതാണ് അദ്ദേഹത്തെ ചൊടിപ്പിച്ചത്. അന്ന് ജൂനിയർ ആർട്ടിസ്റ്റുകൾ മിക്കവാറും കുന്തം പിടിച്ചുകൊണ്ടു നിൽക്കുന്ന സീനുകളിലാണ് അഭിനയിക്കേണ്ടത്. പത്തുരൂപയാണ് ഒരു ദിവസത്തെ കൂലി. ചിലപ്പോൾ ഒരു കുന്തവും കിട്ടും. ഇന്നസെന്റ് ഈ പണിക്കു പോയിട്ടുണ്ടെന്നു പറഞ്ഞപ്പോൾ തകർന്നുവീണതു മറ്റൊരു സാമ്രാജ്യമായിരുന്നു.

ദാവൺഗരിയിൽ തീപ്പെട്ടി കമ്പനിയും മദ്രാസിൽ സി നിമാക്കമ്പനിയുമൊക്കെയുണ്ടെന്നു പറഞ്ഞാണത്രേ ഇ ന്നസെന്റ് ആലീസിനെ കല്യാണം ആലോചിച്ചത്. ആ സാമ്രാജ്യമാണു തകർന്നു വീണിരിക്കുന്നത്. ഒരുവിധത്തിലാണു ഞാൻ അന്ന് ഇന്നസെന്റിനെ ആശ്വസിപ്പിച്ചത്.

പത്രത്തിൽ വരുന്ന വാർത്തകൾ

ഇന്നസെന്റ് ആദ്യം പാർലമെന്റിലേക്കു മത്സരിക്കുന്ന സമയം. ചാലക്കുടിയിൽ നിന്ന് ഇന്നസെന്റ് മത്സരിക്കും എന്നൊക്കെയുള്ള വാർത്തകൾ പത്രങ്ങളിൽ വന്നുതുടങ്ങി. ആ സ മയത്ത് ഒരു ദിവസം എന്നെ ഇന്നസെന്റ് വിളിച്ചു.

‘എന്താ വിശേഷം?’

ഞാൻ പറഞ്ഞു; ‘ഒന്നുമില്ല.’

‘നീ ഇപ്പോൾ പത്രമൊന്നും വായിക്കാറില്ലേ?’

‘പത്രം വായിക്കാറുണ്ട്. പക്ഷേ, എനിക്ക് താൽപര്യമില്ലാത്ത വാർത്തകളൊന്നും വായിക്കാറില്ല.’ പിന്നെ, കുറേ സമയത്തേക്കു നീണ്ട മൗനം.

‘പിന്നെ, ചാലക്കുടിയിലുള്ള സുഹൃത്തുക്കളെയൊക്കെ വിളിച്ച് എനിക്കു വോട്ട് ചെയ്യാൻ പറയണം.’

‘അതു ഞാൻ പറയാം.’ അങ്ങനെ ആ ഫോൺ സംഭാഷണം അവസാനിപ്പിച്ചു. തിരഞ്ഞെടുപ്പ് ഫലം വന്നപ്പോഴും എന്നെ വിളിച്ചു.

‘ഞാൻ ചാലക്കുടിയിൽ നിന്നു ജയിച്ചു എന്നു പറയാൻ വേണ്ടി വിളിച്ചതാണ്.’

‘ഞാൻ പത്രത്തിൽ വായിച്ചിരുന്നു.’

‘അതല്ലാ.... നിനക്ക് താൽപര്യമില്ലാത്ത വിഷയമായതുകൊണ്ട് നീ പത്രത്തിൽ വായിച്ചോ എന്നൊരു സംശയം. അതുകൊണ്ടു വിളിച്ചതാണ്.’

ഞാൻ പറഞ്ഞു. ‘നന്ദിയുണ്ട് കേട്ടോ... ’

പിന്നീട് തൃശൂർ റൗണ്ടിൽ വച്ച് ഞങ്ങളൊരു പരിപാടിക്കു ഒരുമിച്ചുണ്ടായിരുന്നു. അപ്പോൾ എന്നെ വിളിച്ചു മാറ്റിനിർത്തി ഒരു എംപിക്ക് ഉള്ള ആനുകൂല്യങ്ങൾ വിവരിക്കാൻ തുടങ്ങി. അതുേകട്ടപ്പോൾ ഞാൻ പറഞ്ഞു.‘അടുത്ത ഇലക്‌ഷന് ആരുടെ കാലു പിടിച്ചിട്ടാണെങ്കിലും ഒരു എംപിയാകണം.’ ഇന്നസെന്റ് ചിരിച്ചു .

സിനിമയിലും സമൂഹത്തിലും വർഗീയത പ്രകടമായുള്ള കാലമാണിത്. നമ്മൾ ബഹുമാനിക്കുന്ന പലരും ഇത്തരം ചിന്തകൾക്ക് അതീതരല്ല എന്നറിയുമ്പോഴാണു വിഷമം. അവിടെയാണ് ഇന്നസെന്റിന്റെ മഹത്വം. മനുഷ്യനാണോ എന്ന പരിഗണനയാണ് അദ്ദേഹം ആദ്യം നോക്കുന്നത്. നിഷ്കളങ്കനായിരുന്നു. അതുകൊണ്ടാണ് 18 വർഷത്തോളം ഒരു സംഘടനയുടെ തലപ്പത്ത് അദ്ദേഹം നിന്നത്.

മലയാളസിനിമയിലെ അവസാന വാക്കായിരുന്നു ഇന്നസെന്റ്്. ആ ശബ്ദമാണു നിലച്ചത്. അങ്ങനെയൊരാൾ ഇ ല്ലാത്തതിന്റെ പ്രശ്നങ്ങൾ വരുംകാലത്ത് ഉണ്ടായേക്കാം. അങ്ങനെയൊന്നും സംഭവിക്കാതിരിക്കട്ടെ.

innocent-tomb

തോന്നയ്ക്കൽ പഞ്ചായത്തിലെ....

ആൾക്കാർ എപ്പോഴും പറയുന്ന ഒരുപാട് സീനുകളിൽ ഇന്നസെന്റ് അഭിനയിച്ചിട്ടുണ്ട്. എങ്കിലും അദ്ദേഹത്തിന് ഏറ്റവും ഇഷ്ടപ്പെട്ട സീനുകളിലൊന്ന് അഴകിയ രാവണ ൻ എന്ന സിനിമയിലെ ‘തോന്നയ്ക്കൽ പഞ്ചായത്തിലെ ഓരോ വീടും ഞാൻ അരിച്ചുപെറുക്കി...’ എന്നു തുടങ്ങുന്നതാണ്. രണ്ടു ദിവസം കൊണ്ടാണു ഞാൻ ആ സീൻ എഴുതിത്തീർത്തത്. ഏകദേശം പത്തു ടേക്ക് എടുക്കണം. ഓ രോ പ്രാവശ്യവും കരയോഗം പ്രസിഡന്റ് ഡയലോഗ് തെറ്റിക്കുകയും വേണം. ഡയലോഗിലെ തെറ്റ് ആവർത്തിക്കാനും പാടില്ല. അങ്ങനെ തെറ്റിച്ച് എഴുതിയ ആ സീൻ ഇന്നസെന്റിന് വലിയ ഇഷ്ടമായിരുന്നു.

അവസാനം വെള്ളം കുടിക്കുന്ന സീനൊക്കെ ഇന്നസെന്റിനു മാത്രം ചെയ്യാൻ കഴിയുന്നതാണെന്നു തോന്നിയിട്ടുണ്ട്. ഒരു സിനിമയെക്കുറിച്ച് ആലോചന തുടങ്ങുമ്പോൾ തന്നെ ഞാനും സത്യനും ഇന്നസെന്റിന്റെ സാന്നിധ്യം ആ ഗ്രഹിക്കും. കാരണം ഞങ്ങൾ രണ്ടുപേരും കാണാത്ത ഒരു വഴി ഇന്നസെന്റിനു മുന്നിൽ തെളിയും. സംഭാഷണങ്ങളിൽ അദ്ദേഹം വരുത്തുന്ന ചില തിരുത്തലുകൾ വളരെ മനോഹരമായിരിക്കും. ഞാൻ സംവിധാനം ചെയ്ത രണ്ടു സിനിമകളിലും ഇന്നസെന്റിന്റെ കഥാപാത്രം പറയുന്ന പല ഡയലോഗുകളും അദ്ദേഹം എഴുതിയതാണ്. ‘വടക്കുനോക്കിയന്ത്ര’ത്തിലെ തലക്കുളം സാറിന്റെ ചില ഡയലോഗുകൾ, ‘ചിന്താവിഷ്ടയായ ശ്യാമള’യിലെ അമ്മാവൻ നായകനായ വിജയനെ ഉപദേശിക്കുന്ന സീൻ. അതൊക്കെ ഇ ന്നസെന്റ് എഴുതിയതാണ്.

കഥ പറയുമ്പോൾ എന്ന സിനിമയുടെ ക്ലൈമാക്സ് സീ ൻ ഷൂട്ടിങ്ങിനു മുൻപു വായിച്ച ഇന്നസെന്റ് പറഞ്ഞു. ‘ശ്രീനിവാസാ... ഇതു നീ കലക്കും.’ ആ സീനിന്റെ പ്രിവ്യു കാണുമ്പോൾ മമ്മൂട്ടി ഗ്ലിസറിൽ പോലുമില്ലാതെ പൊട്ടിക്കരയുന്നു. മമ്മൂട്ടി അങ്ങനെ പൊട്ടിക്കരയുന്നതു പ്രേക്ഷകർക്ക് ഇഷ്ടമല്ലെന്ന് എനിക്കറിയാം. അതുകൊണ്ട് ഞാനും സംവിധായകൻ മോഹനനും ചേർന്ന് ആ സീനുകൾ ഒതുക്കി. ഇന്നസെന്റ്് പറഞ്ഞു; ‘അതും നന്നായി.’

മെയ്ൽ നഴ്സാണ്... ശ്രീനിവാസാ...

ഇന്നസെന്റിന്റെ വേർപാടിനു രണ്ടാഴ്ച മുൻപാണു ഞങ്ങ ൾ സംസാരിച്ചത്. ‘എടാ, നടക്കാൻ പ്രയാസമാണ്. മെയ്ൽ നഴ്സിന്റെ സഹായത്തോടെയാണ് നടക്കുന്നത്. നിനക്ക് ഒരു വിഷമം ഉണ്ടാകരുതെന്നു കരുതിയാണു മെയ്‌ൽ ന ഴ്സ് എന്ന് എടുത്തു പറഞ്ഞതു കേട്ടോ.’ മരണത്തിനു മുന്നിലും ഇങ്ങനെ പറയാൻ ഇന്നസെന്റിനേ കഴിയൂ.

ൈദവത്തിലും വിധിയിലുമൊന്നും ഇപ്പോഴും വിശ്വസിക്കുന്ന ആളല്ല ഞാൻ. ഇന്നസെന്റ് നേരിട്ട പ്രശ്നം കോവി ഡിന്റെ അനന്തരഫലമെന്നു ഡോ. ഗംഗാധരൻ പറഞ്ഞല്ലോ. അദ്ദേഹം അവസാനമൊരു അമേരിക്കൻ യാത്ര നടത്തിയിരുന്നു. ആരോഗ്യത്തെക്കുറിച്ചുള്ള ആശങ്കയാൽ ഞ ങ്ങൾ പലരും വിലക്കിയതാണ്. എന്നാൽ ‘എനിക്ക് എന്റെ സഹോദരങ്ങളെ കണ്ടേ പറ്റൂ. ഇനി ചിലപ്പോൾ ഇങ്ങനെയൊരു യാത്ര നടന്നെന്നു വരില്ല’ എന്നു പറഞ്ഞാണ് ഇന്നസെന്റ് പോയത്. അദ്ദേഹം പറഞ്ഞത് ശരിയായിരുന്നു ഇ നിയൊരു യാത്രയില്ലല്ലോ?

ഇന്നസെന്റിന്റെ മരണം ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതിനു 24 മണിക്കൂർ മുൻപ് മൊബൈൽ ഫോണിൽ ഒരു മെസേജ് വന്നു. ഇന്നസെന്റിന് ആദരാഞ്ജലി അർപ്പിച്ചുകൊണ്ടുള്ളത്. മലയാളിയുടെ പുതിയ മനോരോഗമാണല്ലോ ഇത്. അപ്പോൾ വിമല എന്നോടു പറഞ്ഞു; ‘സത്യേട്ടനെ ഒന്നു വിളിച്ചു ചോദിക്കൂ. ഈ കേൾക്കുന്നതു സത്യമാണോ എന്ന്.’

ഞാൻ പറഞ്ഞു. ‘സത്യനെ വിളിക്കുന്നില്ല. കാരണം ഇ ന്നസെന്റ് മരിക്കുന്നത് എനിക്കിഷ്ടമല്ല; ഒരിക്കലും മരിക്കാത്ത ഇന്നസെന്റിനെയാണ് എനിക്കിഷ്ടം.’

വി.ആർ. ജ്യോതിഷ്

വര. ധനേഷ് ജി. നായർ