Tuesday 24 May 2022 03:26 PM IST

‘ചേട്ടന്റെ വാവയെ ഞാൻ തറയിൽ വയ്ക്കത്തില്ല, നോക്കിക്കോ’: മാളുവിന്റെ വാക്കുകൾ ഇപ്പോഴും മുഴങ്ങുന്നു ആ വീട്ടിൽ...

Binsha Muhammed

vismaya-painting

നീതി ദേവതയുടെ കടാക്ഷം വീണ ആ വീട്ടിൽ അവളില്ലെന്നേയുള്ളൂ. പക്ഷേ അദൃശ്യമായ ഒരു കോണിലിരുന്ന് അവരുടെ മാളു എല്ലാം കാണുന്നുണ്ട്, അറിയുന്നുണ്ട്. വിസ്മയയെന്ന പെൺകുട്ടിക്ക് നീതി ലഭിക്കാൻ കൂടെ നിൽക്കുക മാത്രമല്ല, അവളുടെ ഓർമകൾക്കൊപ്പവും സഞ്ചരിച്ചു മലയാളി. ചിരിക്കുന്ന ആ മുഖം ഹൃദയത്തിൽ കൊത്തിവച്ച് വിസ്മയക്ക് നീതി ലഭിക്കുന്ന നാളിനായി പ്രാർഥനയോടെ കാത്തിരുന്നു ഓരോ വീടകങ്ങളും. കേസിൽ വിധി വരുമ്പോൾ ‘വനിത ഓൺലൈൻ’ വലിയൊരു ഓർമയുടെ കെട്ടഴിക്കുകയാണ്. ഈ ഭൂമിയിൽ അവൾ ബാക്കിവച്ചുപോയ വലിയൊരു ആശയുടെ കഥ... ജീവൻ തുടിക്കുന്നൊരു ചിത്രം, ആ ചിത്രത്തിൽ അവളുടെ കൈകളിലിരുന്ന കുഞ്ഞാവ... അതിന്റെ രഹസ്യം തേടി വനിത ഓൺലൈൻ എത്തിയപ്പോൾ കേട്ടത് വലിയൊരു ആഗ്രഹമുറങ്ങുന്ന അതുല്യമായൊരു സ്നേഹകഥ... വിസ്മയയുടെ സഹോദരൻ ഞങ്ങളോട് പറഞ്ഞ ആ സ്നേഹകഥ ഒരിക്കൽ കൂടി വായനക്കാർക്കു മുന്നിലേക്ക്...

‘മാളൂ... മോളേ... ഇതാ നീ കൊതിച്ച വാവ. നീ താഴത്തു വയ്ക്കാതെ നോക്കിക്കോളാം എന്ന് എന്നോട് വാക്കു പറഞ്ഞ കൺമണി...’

ലിവിങ് റൂമിലെ വിസ്മയയുടെ ചിത്രത്തിന് അഭിമുഖമായി തന്റെ കുഞ്ഞാവയെ ചേർത്തു നിർത്തി വിജിത്ത് ഇതു പറയുമ്പോൾ ആ വാക്കുകൾ മുഴുമിക്കുന്നുണ്ടായിരുന്നില്ല. തന്റെ കുഞ്ഞിനെ ലാളിക്കാൻ മറ്റാരേക്കാളും കൊതിച്ച മാളു. അവള്‍ ഇന്നീ ലോകത്തില്ല. ഫ്രെയിം ചെയ്തു വച്ചിരിക്കുന്ന വിസ്മയയുടെ ചിത്രത്തിലേക്ക് വിജിത്തിന്റെ കുഞ്ഞിന്റെ കൈകൾ അപ്പോൾ ഒന്നുമറിയാതെ എത്തിപ്പിടിക്കാൻ ശ്രമിക്കുകയായിരുന്നു. ആ കാഴ്ച കൂടിയായപ്പോൾ വിസ്മയയുടെ ഓർമകൾ പിന്നെയും ആ വീടിനെ കണ്ണീർക്കടലാക്കി.

കൂടപ്പിറപ്പായ വിജിത്തിന്റെയും കുഞ്ഞിനെ വിസ്മയ കയ്യിലേന്തി നിൽക്കുന്ന സങ്കൽപ ചിത്രം പിറവിയെടുക്കുന്നതിനു മാസങ്ങൾക്കു മുമ്പ് സംഭവിച്ച കാഴ്ചയാണിത്. സങ്കടമഴ പെയ്തു തോരാത്ത ആ വീട്ടിലേക്ക് കൺമണി എത്തുമ്പോൾ വിസ്മയയുടെ സഹോദരൻ വിജിത്തിനും അച്ഛൻ ത്രിവിക്രമൻ നായർക്കും അമ്മ സജിതയ്ക്കും സന്തോഷിക്കണോ സങ്കടപ്പെടണോ എന്നു പോലും തിരിച്ചറിയാനാകുന്നില്ല. പക്ഷേ ഇടയ്ക്കിടയ്ക്ക് തങ്ങളുടെ ആറു മാസക്കാരൻ കുഞ്ഞാവ നീൽ കൊഞ്ചിച്ചിരിക്കുമ്പോൾ ആ പുഞ്ചിരിയിൽ അവർ തങ്ങളുടെ മാളുവിനെ കാണും... അവളുടെ ഓർമകളെ തൊട്ടറിയും.

തന്റെ പെങ്ങളും കുഞ്ഞുമൊക്കെയുള്ള ഒരു സന്തോഷ ചിത്രം ഒരായിരം വട്ടം വിജിത്ത് മനസിൽ ഫ്രെയിം ചെയ്ത് സൂക്ഷിച്ചിരുന്നു. പക്ഷേ അത് സംഭവിക്കും മുമ്പേ വിധി ആ പുഞ്ചിരിയെ നിർദാക്ഷിണ്യം തിരിച്ചെടുത്തു കൊണ്ടു പോയി. തന്റെ കുഞ്ഞിനെ ഒക്കത്തേറ്റി മാളു നിൽക്കുന്ന സങ്കൽപ ചിത്രം ഹൃദയത്തോടു ചേർത്തു നിർത്തി വിജിത്ത് ‘വനിത ഓൺലൈനോട്’ സംസാരിക്കുകയാണ്. തന്റെ കുഞ്ഞാവയെ കൊഞ്ചിക്കാൻ കൊതിച്ച മാളുവെന്ന വിസ്മയയെ പറ്റി, മരണമില്ലാത്ത ആ ഓർമ ചിത്രത്തെക്കുറിച്ച്...

vismaya-painting-2

എന്റെ കുഞ്ഞാവ... മാളുവിന്റെ സ്വപ്നം

ഞങ്ങളേക്കാളേറെ കൊതിച്ചത് അവളാണ്. കൊഞ്ചിക്കാനും കൂട്ടിരിക്കാനും ഞാനുണ്ടാകുമെന്ന് ആവേശത്തോടെ പറഞ്ഞതും അവളാണ്. അവൾ ഈ ലോകത്തു നിന്ന് പോകുമ്പോൾ എന്റെ ഭാര്യ ഡോ. രേവതി ആറു മാസം ഗർഭിണിയാണ്. പക്ഷേ അവൾ കൊഞ്ചിക്കാൻ കൊതിച്ച കുഞ്ഞാവ ഈ ഭൂമിയിലേക്ക് വന്നപ്പോൾ അവളില്ലാതെ പോയി. എനിക്കുറപ്പുണ്ട്... അരികിലില്ലെങ്കിലും അകലെയെവിടെയോ മറഞ്ഞിരുന്ന് മാളുവെന്റെ മോനെ കാണുന്നുണ്ട്. എന്റെ കുഞ്ഞിന്റെ സ്വപ്നങ്ങളിലെത്തി അവനോട് വർത്താനം പറയുന്നുണ്ട്.– വിജിത്ത് കണ്ണുനീർ തുടച്ച് പറഞ്ഞു തുടങ്ങുകയാണ്.

എന്റെ കല്യാണം നടക്കുമ്പോഴൊക്കെ വിസ്മയ വളരെ ആക്ടീവായി ഞങ്ങൾക്കു ചുറ്റുമുണ്ട്. എല്ലാ പ്രശ്നങ്ങളും ദുഖങ്ങളും മറച്ചു വച്ച് അവള്‍ അവസാനമായി ചിരിച്ചു നിന്നത് എന്റെ വിവാഹത്തിന് ആയിരുന്നിരിക്കണം. വിവാഹത്തിന്റെ വി‍ഡിയോ നോക്കിയാൽ അറിയാം. ഡാൻസൊക്കെ മാളു അത്രയേറെ സന്തോഷവതിയായിരുന്നു. അന്നു തൊട്ടേ പ്രശ്നങ്ങൾ പുകഞ്ഞിരുന്നു. അതുകൊണ്ടു തന്നെയാകണം കിരണിന്റെ വീട്ടുകാരൊന്നും വിവാഹത്തിൽ സംബന്ധിച്ചിരുന്നില്ല.

കിരണിന്റെ വീട്ടിലെ പ്രശ്നങ്ങളെ തുടർന്ന് സഹികെട്ട് അവള്‍ കുറേക്കാലം വീട്ടിലുണ്ടായിരുന്നു. അവളും എന്റെ ഭാര്യ രേവതിയു നല്ല കൂട്ടായിരുന്നു. വിവാഹത്തിനു ശേഷം ഉടൻ തന്നെ ഒരു കുഞ്ഞിനു വേണ്ടി ഞങ്ങൾ പ്ലാൻ ചെയ്തിരുന്നില്ല. പക്ഷേ എന്റെ കുഞ്ഞിന്റെ വരവിനായുള്ള മാളുവിന്റെ കാത്തിരിപ്പാണ് ആ സ്വപ്നത്തിലേക്ക് ഞങ്ങളെ അതിവേഗംഎത്തിച്ചത്.

കുഞ്ഞുങ്ങളെ ഒത്തിരി ഇഷ്ടമായിരുന്നു എന്റെ മാളുവിന്. ഏതു കുഞ്ഞുങ്ങളെ കണ്ടാലും കൊഞ്ചിക്കാതെയും കളിപ്പിക്കാതെയും വിടില്ല. മാളു വന്ന് എപ്പോഴും പറയും, ‘ചേട്ടാ എനിക്ക് നിങ്ങൾ ഒരു വാവയെ താ... ഞാനവനെ പൊന്നു പോലെ നോക്കിക്കോളാം എന്ന്. കുഞ്ഞുണ്ടായി കഴിഞ്ഞാൽ ഞാനവനെ തറയിൽ വയ്ക്കില്ല നോക്കിക്കോ... ഞാനും കുഞ്ഞാവയുമായി ഫൊട്ടോ ഇട്ട് എടുത്ത് തകർക്കും. നിങ്ങക്ക് തരില്ല... ചേട്ടനും ചേച്ചിയും കുഞ്ഞിനെ നോക്കണ്ട. ധൈര്യമായി ജോലിക്ക് പൊയ്ക്കോ, വാവയെ നോക്കി ഞാനിവിടെ ഇരുന്നോളാം. ഞങ്ങൾ ഇവിടെ അടിച്ചു പൊളിക്കും.’ അന്നവൾ പറഞ്ഞത് ഇപ്പോൾ ഓർക്കാൻ കൂടി വയ്യ.– വിജിത്ത് ഒരു നിമിഷം കണ്ണീർ തുടച്ചു.

vismaya-painting-3

ഇനി ഒരുമിച്ചു പോകില്ലെന്നുറപ്പിക്കുകയും ഡൈവോഴ്സിന്റെ ഘട്ടമെത്തുകയും ചെയ്തപ്പോഴാണ് അവൻ വന്ന് മാളുവിനെ വിളിച്ചോണ്ടു പോയത്. അന്ന് കോളജിൽ ഫൈനൽ ഇയർ പഠിക്കുകയായിരുന്നു അവർ. ഞങ്ങൾ പോലും അറിയാതെ സ്നേഹം നടിച്ച് അവളുടെ അരികിലെത്തി, കൂട്ടിക്കൊണ്ടു പോയി. അതിൽ പിന്നെയാണ് ഈ നാട് മൊത്തവും ചങ്കിടിപ്പോടെ കേട്ട സകല ദുരന്തങ്ങളും ഉണ്ടായത്. അവൾ ഒത്തിരി അനുഭവിച്ചത്. ഒടുവിൽ എല്ലാ വേദനകൾക്കും അവധി നൽകി എന്റെ മാളു പോകുമ്പോഴും അവൾ കാണാൻ കൺകൊതിച്ച കുഞ്ഞാവ രേവതിയുടെ ഉള്ളിൽ മൊട്ടിടുന്നുണ്ടായിരുന്നു. കാണാനാശിച്ച കുഞ്ഞാവയ്ക്കു വേണ്ടിയെങ്കിലും അവൾ ഈ മണ്ണിൽ നിൽക്കേണ്ടിയിരുന്നു. പക്ഷേ വിധി...– വിജിത്തിന്റെ വാക്കുകൾ മുറിഞ്ഞു.

മനസിൽ ഫ്രെയിം ചെയ്ത ചിത്രം

വാവയുണ്ടായപ്പോൾ സത്യം പറഞ്ഞാൽ ഞങ്ങൾക്കെല്ലാവർക്കും സന്തോഷത്തേക്കാളുപരി സങ്കടമായിരുന്നു. നീൽ മോന്റെപുഞ്ചിരി കാണാൻ അവളില്ലല്ലോ എന്ന വേദന ഓരോ നിമിഷവും മനസിൽ പടർന്നു കയറി.

മരണം കൊണ്ടു പോയ ഓർമകളെ ചിത്രങ്ങളായി പുനർജനിപ്പിക്കുന്ന അജില ജനീഷെന്ന കലാകാരിയെ ആയിടയ്ക്കാണ് പരിചയപ്പെടുന്നത്. മരിച്ചു മൺമറഞ്ഞവരുടെ ഓർമകൾക്ക് വരകളിലൂടെ പുതുജീവൻ നൽകുന്ന അജിലയുടെ കലാസൃഷ്ടികളോട് ശരിക്കും പറഞ്ഞാൽ ബഹുമാനമാണ്. എന്റെ കുഞ്ഞിനെയും മാളുവിനേയും ചേർത്തു നിർത്തി നല്ലൊരു പെയിന്റിങ് ചെയ്തു തരാൻ ഒരിക്കൽ അജിലയോട് പറഞ്ഞിരുന്നു. ചേട്ടാ... വാവ കുറച്ചൂടി വളരട്ടെ, ആറു മാസം എങ്കിലും ആകട്ടെയെന്ന് അജില പറഞ്ഞു. ശരിയാണെന്ന് എനിക്കും തോന്നി. ഇത്തിരി കൂടി വളർന്നു കഴിയുമ്പോൾ വാവയുടെ മുഖം കൃത്യമായി മനസിൽ ഒപ്പിയെടുക്കാനാകുമല്ലോ. അങ്ങനെ കുഞ്ഞാവയുടെ ചോറൂണൊക്കെ കഴിഞ്ഞ്, ആറു മാസമൊക്കെ ആയപ്പോൾ, അജില തന്നെ ഇങ്ങോട്ട് പഴയ പെയിന്റിങ്ങിന്റെ കാര്യം ഓർമിപ്പിച്ചു. കുഞ്ഞിന്റെ നല്ലൊരു ചിത്രം അയച്ചു കൊടുത്തു. ഒടുവിൽ നാളുകൾക്കിപ്പുറം ഒട്ടും പ്രതീക്ഷിക്കാത്ത നേരത്ത് ഞങ്ങളെ തേടി അജിലയുടെ കളർ പെൻസിലിന്റെ വക കൊറിയറെത്തി. എന്റെ ഒരു ബന്ധുവാണ് അത് കലക്റ്റ് ചെയ്ത് വീട്ടിലെത്തിച്ചത്.

വീട്ടിലെത്തിയ ശേഷമുള്ള രംഗങ്ങൾ ശരിക്കും വികാരനിർഭരമായിരുന്നു. ചിത്രം കണ്ടമാത്രമായിൽ അച്ഛനും അമ്മയും പൊട്ടിക്കരഞ്ഞു. ആ ചിത്രത്തെ നോക്കി ഓരോ തവണ കണ്ണെടുക്കുമ്പോഴും അവർ മാളുവിനെ ഓർത്ത് നെഞ്ചുനീറി. അമ്മയെ ആശ്വസിപ്പിക്കാനായിരുന്നു ഏറ്റവും പാടുപെട്ടത്. ആ നിമിഷങ്ങളിലൊക്കെ ഇങ്ങനെയൊരു ചിത്രം ചെയ്യിക്കേണ്ടിയിരുന്നില്ല എന്നു തോന്നി. അത്രമാത്രം മനോഹരമായിട്ടാണ് അജില ആ ചിത്രത്തിന് ജീവൻ നൽകിയത്. ആ ചിത്രവും അജിലയും ഞങ്ങളുടെ ഹൃദയത്തിൽ എന്നുമുണ്ടാകും.

പിന്നെ ഞങ്ങളുടെ കുഞ്ഞാവ... അവന് ഇപ്പോൾ ഒന്നും തിരിച്ചറിയുന്നുണ്ടാകില്ല. പക്ഷേ വളർന്നു വലുതാകുമ്പോള്‍ ഒരുനാൾ ദൂരെ മിന്നിത്തിളങ്ങുന്ന ഒരു നക്ഷത്രത്തെ ചൂണ്ടി അവനോട് പറയണം. അവന്റെ വരവും കാത്തിരുന്ന എന്റെ മാളുവാണ് ആ കാണുന്നതെന്ന്. അവന്റെ അമ്മായി അവനെ ഒത്തിരി സ്നേഹിച്ചിരുന്നെന്ന്.– വിജിത്ത് പറഞ്ഞു നിർത്തി.