Friday 20 May 2022 01:11 PM IST

‘മരണത്തിനു ശേഷം മറ്റൊരു ലോകത്ത് നമ്മൾ ഒരുമിച്ച് കാണില്ല എന്നു ഞാൻ കളിയായി പറഞ്ഞു; രമയുടെ വേർപാടോടെ നഷ്ടപ്പെട്ടത് എന്റെ ലോകമാണ്’

Roopa Thayabji

Sub Editor

jagadeesh677hjjg ഫോട്ടോ: അരുൺ സോൾ

തിരുവനന്തപുരത്തെ ജഗദീഷിന്റെ വീട്ടുമുറ്റത്ത് പൂത്തുചിരിച്ച ഒരു മുല്ലച്ചെടി ഉണ്ട്. ജഗദീഷിന്റെ ഭാര്യയും തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഫൊറൻസിക് വിഭാഗം മുൻ മേധാവിയും പൊലീസ് സർജനുമായിരുന്ന ഡോ. രമ, രോഗബാധിതയായി കിടപ്പിലായപ്പോഴും വൈകുന്നേരം ചെടി നനയ്ക്കാൻ നേരം സഹായിയെ വിളിക്കും. ആ കൈപിടിച്ച് പിച്ച വയ്ക്കും പോലെ പൂമുഖത്തു വരും. ഓരോ പൂവും ഇലയും നനയുമ്പോൾ ഉള്ളു കുളിർന്നു നോക്കിയിരിക്കും. പക്ഷേ, പൂക്കളുടെ ആ ചിരി ഇപ്പോൾ ഇവിടെയുള്ളവരുടെ മുഖത്തില്ല. സന്തോഷം കെട്ടുപോയത് ഇക്കഴിഞ്ഞ ഏപ്രിൽ ഒന്നിനാണ്. ആറു വർഷത്തെ രോഗകാലത്തോടു വിടപറഞ്ഞ് ഡോ. രമ മടങ്ങി. രമയുടെ ചിത്രത്തിനു മുന്നിലെ വിളക്കിലേക്ക് എണ്ണ പകർന്ന ശേഷം ജഗദീഷ് വന്നു. സംസാരിക്കാനിരുന്നപ്പോൾ അച്ഛനിരുവശവും കരുതലിന്റെ കരം ചേർത്ത് രമ്യയും സൗമ്യയും നിന്നു.

തെങ്ങിൻതോപ്പിലെ ഡോക്ടർ

‘‘എന്റെ രണ്ടാമത്തെ ചേച്ചി വെങ്ങാനൂർ ഹൈസ്കൂളിലെ കെമിസ്ട്രി ടീച്ചറായിരുന്നു. പത്താംക്ലാസ് പരീക്ഷയുടെ പേപ്പർ വാല്യുവേഷൻ കഴിഞ്ഞ് ചീഫ് എക്സാമിനറുടെ വീട്ടിൽ അവ കൊടുക്കാൻ പോയപ്പോൾ കണ്ട കാഴ്ച ഇതാണ്. പറമ്പിൽ നിന്ന് തേങ്ങ പെറുക്കി തേങ്ങാപ്പുരയിലാക്കുകയാണ് ടീച്ചറുടെ മകൾ. അതു കഴിഞ്ഞ പാടേ അടുക്കളയിലേക്കുള്ളവ പാര കൊണ്ട് പൊതിക്കാൻ തുടങ്ങി. ‘മോൾ എന്ത് ചെയ്യുന്നു’ എന്നു ചോദിച്ചത് അളിയനാണ്. ‘എംബിബിഎസ് ഫൈനൽ ഇയറിന് പഠിക്കുന്നു’ എന്നു കേട്ട് അവർ ഞെട്ടി.

വീട്ടിലെത്തിയ പാടേ ‘നമുക്കൊന്ന് ആലോചിച്ചാലോ’ എന്ന ചോദ്യത്തോടെ അളിയൻ എന്നോടു കാര്യമവതരിപ്പിച്ചു. അന്ന് എംജി കോളജിൽ അധ്യാപകനായി ജോലി ചെയ്യുകയാണ് ഞാൻ. പെണ്ണുകാണാൻ ചെന്ന എന്നെയും രമയെയും അടുത്തു പിടിച്ചു നിർത്തി ‘മാച്ചിങ് ഉണ്ടോ’ എന്നൊക്കെ നോക്കിയത് എന്നേക്കാൾ തമാശക്കാരിയായ അമ്മയാണ്.  

നാടകസംഘത്തിൽ ഒപ്പമുണ്ടായിരുന്ന തോമസ് മാത്യു അന്ന് രമയുടെ ജൂനിയറാണ്. അദ്ദേഹത്തോട് അന്വേഷിച്ചപ്പോൾ ‘രമ അൽപം ടഫ് ആണ്’ എന്നാണ് പറഞ്ഞത്. കല്യാണത്തിന്റെ പിറ്റേദിവസം തന്നെ ആ ടഫ്നസ് ‘ജോലിയോടുള്ള ഡെഡിക്കേഷൻ’ ആണെന്ന് മനസ്സിലായി. അധികം സംസാരമില്ലെങ്കിലും നല്ല ഹ്യൂമർ സെൻസാണ്. രമയുടെ കൂട്ടുകാരികളെല്ലാം കല്യാണം കഴിച്ചത് ഡോക്ടർമാരെ. ഡോക്ടറെ കല്യാണം കഴിക്കാത്തതിൽ വിഷമം ഉണ്ടോ എന്ന് ഒരു ദിവസം ഞാൻ ചോദിച്ചു. ‘ഇനി പറഞ്ഞിട്ട് കാര്യമില്ലല്ലോ’ എന്നായിരുന്നു മറുപടി.

നീറമൺകരയിൽ സ്ഥലം വാങ്ങി ഞാൻ വച്ച കൊച്ചുവീട്ടിലേക്കാണ് രമയെ വിവാഹം കഴിച്ചു കൊണ്ടുവന്നത്. ഹൗസ് സർജൻസി തുടങ്ങിയിരുന്നു അന്ന്. രാവിലെ എട്ടിനു മുൻപ് മെഡിക്കൽ കോളജിലെത്തണം. അടുക്കളയിൽ കയറി ദോശ ചുടാനും ചായയിടാനുമൊക്കെ രമയും കൂടും, പിന്നെ ബസ് പിടിക്കാനോടും. പഠനം പൂർത്തിയാക്കി ആദ്യം വിഴിഞ്ഞം പ്രൈമറി ഹെൽത് സെന്ററിൽ അസിസ്റ്റന്റ് സർജനായി ജോലിക്ക് കയറി. അപ്പോഴേക്കും ഞാനൊരു സ്കൂട്ടർ വാങ്ങി. രമയെ കൊണ്ടു വിട്ടിട്ടാണ് ഞാൻ കോളേജിലേക്ക് പോകുക. ഫൊറൻസിക് വിഭാഗത്തിൽ ജോലി ചെയ്തതോടെയാണ് അതിൽ തന്നെ പിജി ചെയ്യാൻ തീരുമാനിച്ചത്.

എല്ലാ സിനിമയും റിലീസ് ദിവസം കാണുന്നതാണ് എന്റെ ശീലം. കല്യാണം കഴിഞ്ഞതിന്റെ തൊട്ടടുത്ത ആഴ്ചയാണ് ബാലചന്ദ്രമേനോന്റെ ‘ശേഷം കാഴ്ചയിൽ’ റിലീസ്. ധന്യ തിയറ്ററിൽ ഫസ്റ്റ് ഡേ ഫസ്റ്റ് ഷോയ്ക്കു ടിക്കറ്റ് ബുക്ക് ചെയ്തു. ഉച്ചവരെ ക്ലാസ് എടുത്തിട്ട് ചാടാനാണ് പരിപാടി. കാര്യം പറഞ്ഞപ്പോൾ രമയുടെ തണുപ്പൻ പ്രതികരണം, ‘ആദ്യ ദിവസത്തെ തിരക്കിലൊക്കെ പോണോ...’ സിനിമയോടു വലിയ താൽപര്യമില്ലാതിരുന്ന രമയോട് ‘മൈ ഡിയർ കുട്ടിച്ചാത്ത’നിൽ അവസരം കിട്ടിയത് മടിച്ചു മടിച്ചാണ് പറഞ്ഞത്. മൂത്ത മോൾ ജനിച്ചിരുന്നു അന്ന്. ‘ഇഷ്ടം അതാണെങ്കിൽ ചെയ്യൂ’ എന്നായിരുന്നു മറുപടി.

ഒരിക്കലേ രമയെ നിർബന്ധിച്ച് ഫസ്റ്റ് ഷോയ്ക്ക് അയച്ചിട്ടുള്ളൂ, ‘സേതുരാമയ്യർ സിബിഐ.’ ഞാനാണ് വില്ലനെന്ന സസ്പെൻസ് വെളിപ്പെടുത്തിയുമില്ല. മക്കളുമായി സിനിമ കണ്ടിറങ്ങിയ രമയ്ക്ക് തിയറ്ററിലെ തിരക്കു കാരണം കാർ പാർക്കിങ്ങിൽ നിന്ന് ഇറക്കാൻ പറ്റിയില്ല. അന്നെനിക്ക് അന്ത്യശാസനം തന്നു, ‘എത്ര സസ്പെൻസ് ഉണ്ടെങ്കിലും ശരി, ഇനി ഫസ്റ്റ് ഷോ എന്നു പറഞ്ഞു വന്നേക്കരുത്.’ ഫൊറൻസിക് ഒക്കെ വരുന്ന കഥയായതു കൊണ്ട് ‘ദൃശ്യം ടു’ രമയെ കാണിക്കണമെന്ന് എനിക്കുണ്ടായിരുന്നെങ്കിലും അപ്പോഴേക്കും അവൾ കിടപ്പിലായി.

jagadeesh-rama

രണ്ട് ആയുസ്സിന്റെ ജോലി

എല്ലാ ദിവസവും വെളുപ്പിന് നാലിന് രമ ഉണരും. നേരേ ഹെൽത് ക്ലബ്ബിലേക്ക്. തിരികെയെത്തി പ്രാതലും ഉച്ചഭക്ഷണവും അടക്കമുള്ളവ തയാറാക്കി ടിഫിൻ പാക്ക് ചെയ്യും.  സർവീസിൽ കയറുമ്പോൾ അസിസ്റ്റൻറ് പൊലീസ് സർജനായിരുന്നു രമ. പിന്നീട് ഡെപ്യൂട്ടി പൊലീസ് സർജനും പൊലീസ് സർജനുമായി. സർവീസും റാങ്കും വച്ച് എഡിജിപി പോസ്റ്റിന് തുല്യമാണ് അത്. മികച്ച അധ്യാപികയായിരുന്നു രമ. 200 കുട്ടികളുള്ള ക്ലാസിൽ പഠിപ്പിക്കുമ്പോഴും മൈക്ക് ഉപയോഗിക്കില്ല. ഇടയ്ക്ക് കേസ് സംബന്ധിച്ച് കോടതിയിൽ മൊഴി കൊടുക്കാൻ പോകേണ്ടതിനാൽ പോസ്റ്റുമോർട്ടം വിവരങ്ങൾ അന്നന്നു തന്നെ കംപ്യൂട്ടറിൽ സേവ് ചെയ്തു വയ്ക്കും.

വൈകിട്ട് അത്താഴം തയാറായാൽ കുളിച്ചു ലിവിങ് റൂമിൽ വരും. അടുത്ത സീനാണ് രസം. മക്കൾ പഠിച്ചോ എന്നു ടെസ്റ്റ് ചെയ്യാനായി ചോദ്യങ്ങൾ ചോദിക്കും. അവർ മറുപടി പറയുമ്പോഴേക്കും രമ ഉറക്കം തൂങ്ങും. ഞായറാഴ്ച മാത്രമാണ് ഒരു മണിക്കൂർ പകലുറക്കം. അതു കഴിഞ്ഞാൽ സ്വിച്ചിട്ടതു പോലെ എണീറ്റു വന്ന് തുണികൾ തേക്കും. അസുഖം വരുന്നതു വരെ വീട്ടിൽ ജോലിക്കാരെ നിർത്താൻ രമ സമ്മതിച്ചില്ല.

ഒരു സിനിമയ്ക്ക് എത്ര പ്രതിഫലം കിട്ടും എന്ന് രമയ്ക്ക് അറിയില്ല. പക്ഷേ, പണം അമിതമായി ചെലവിടുന്നത് വിഷമമാണ്. കോവളത്തു പോയി ബീച്ചും സൂര്യാസ്തമയവും കടലും ഒക്കെ കാണാൻ രമയ്ക്ക് വലിയ ഇഷ്ടമാണ്. ഒരിക്കൽ അവിടെ ഹോട്ടലിൽ നിന്നു ഭക്ഷണവും കഴിച്ചു. ബില്ല് വന്നപ്പോൾ രമ കണ്ണുരുട്ടി. അടുത്ത പ്രാവശ്യം ബീച്ചിൽ പോകാൻ പ്ലാൻ ചെയ്തപ്പോൾ തന്നെ രമ പറഞ്ഞു, ‘ബീച്ചിൽ പോകാം, ജ്യൂസും കുടിക്കാം. പക്ഷേ, ഭക്ഷണം വേറെ ഹോട്ടലിൽ നിന്നു മതി.’

കാറെടുത്ത കാലത്തും രമ നിബന്ധന വച്ചു, ‘ആഴ്ചയിൽ മൂന്നു ദിവസമേ കാർ എടുക്കു, ചെലവു ചുരുക്കണമല്ലോ.’ സ്വന്തം ഇഷ്ടത്തിനാണ് രമ ഡ്രൈവിങ് പഠിച്ചത്. പിന്നീട് എന്നേക്കാൾ നല്ല ഡ്രൈവറുമായി.

വിവാദങ്ങളെ പേടിച്ചില്ല

ലൊക്കേഷനിലെ തമാശകളും മറ്റും ഞാൻ പറയുമെങ്കിലും രമ ജോലിക്കാര്യം വീട്ടിൽ ചർച്ച ചെയ്യില്ല. പക്ഷേ, ഒരു ദിവസം വിഷമിച്ചിരിക്കുന്നതു കണ്ട് കാര്യം തിരക്കി. ഗർഭിണിയായ ഒരു സ്ത്രീയുടെ മൃതദേഹം അന്നു പോസ്റ്റുമോർട്ടം ചെയ്തത്രേ. ടേബിളിൽ കിടക്കുന്ന അമ്മയുടെ കീറിയ വയറിനുള്ളിൽ ജനിക്കും മുൻപേ മരിച്ചു പോയ കുഞ്ഞുജീവൻ.

രമ ഫൊറൻസിക് സർജനാകാൻ തന്നെ ജനിച്ചയാളാണ് എന്നു പലപ്പോഴും തോന്നിയിട്ടുണ്ട്. മൃതദേഹം കണ്ട് ആരെങ്കിലും മൂക്കുപൊത്തുന്നത് കണ്ടാൽ രമ ദേഷ്യപ്പെടും. മക്കളെ മോർച്ചറിയിൽ കൊണ്ടുപോയി പോസ്റ്റ്മോർട്ടം ചെയ്യുന്നത് കാണിച്ചു കൊടുത്തിട്ടുണ്ട്. രണ്ടാമതു ഗർഭിണിയായപ്പോൾ പലരും മുഖം ചുളിച്ചു, ‘ഗർഭിണി മൃതദേഹമൊക്കെ കീറിമുറിക്കുന്നത് ശരിയാണോ?’ ‘പ്രസവവേദന വന്നാലെന്താ, തൊട്ടടുത്തല്ലേ ലേബർ റൂം, പോയങ്ങു പ്രസവിക്കും...’ രമ മറുപടി കൊടുത്തു.

പല കേസുകളിലും വലിയ സമ്മർദം അനുഭവിച്ചിട്ടുണ്ട് രമ. കേരളത്തിൽ ഏറ്റവും കോളിളക്കം സൃഷ്ടിച്ച ഒരു കേസ്. വിദഗ്ധ പരിശോധനാ ഫലത്തിന്റെ രഹസ്യസ്വഭാവം നിലനിർത്തണം എന്നു സിബിഐയുടെ നിർദേശമുണ്ട്. പക്ഷേ, വകുപ്പിൽ തന്നെ പലരെയും രമയ്ക്കു വിശ്വാസമില്ല. നേരെ പ്രിൻസിപ്പലിന്റെ മുറിയിലേക്ക് ചെന്നു. അവിടെയുള്ള അലമാരയിൽ ഫയൽ വച്ചു പൂട്ടണം എന്ന ആവശ്യം കേട്ട് ‘ആകെ പുലിവാൽ ആയല്ലോ’ എന്നു പറഞ്ഞാണ് പ്രിൻസിപ്പൽ സമ്മതിച്ചത്.

jagsrre

ഓർക്കാപ്പുറത്ത്

വർഷങ്ങൾക്കു മുൻപാണ്, പെട്ടെന്നൊരു ദിവസം രമയുടെ ഒപ്പിനു നീളം കുറഞ്ഞുവെന്ന് എനിക്കു തോന്നി. കൈകൾക്ക് വഴക്കം കുറയുന്നതിന്റെ ആദ്യലക്ഷണമായിരുന്നു അതെന്ന് പിന്നീടാണ് മനസ്സിലായത്. നടക്കാനും ജോലികൾ ചെയ്യാനുമൊക്കെ പിന്നീടു ബുദ്ധിമുട്ടായി. പാർക്കിൻസൺസിന്റെയും മോട്ടോ ന്യൂറോൺ ഡിസീസിന്റെയും ല ക്ഷണങ്ങളുണ്ടായിരുന്നു രമയുടെ രോഗത്തിൽ. പിന്നെ സെറിബെല്ലത്തിന്റെ പ്രവർത്തന തകരാറും.

വെല്ലൂരിലെ ഡോ. മാത്യു അലക്സാണ്ടർ ആണ് ആദ്യം ചികിത്സിച്ചത്. ‘വീഴാൻ സാധ്യതയുണ്ട്, വാക്കിങ് സ്റ്റിക്കോ വീൽചെയറോ ഉപയോഗിക്കണ’മെന്ന് അദ്ദേഹം പറഞ്ഞിട്ടും രമ സമ്മതിച്ചില്ല. ഡിപാർട്‌മെന്റിലേക്ക് 64 പടികൾ കയറണം. കൂടെ ചെല്ലാമെന്ന് പറഞ്ഞാൽ കേൾക്കില്ല. അവൾ മുകളിലെത്തും വരെ ചങ്കിടിപ്പോടെ നോക്കി നിന്നിട്ടുണ്ട്.

ആയിടയ്ക്കാണ് നേരത്തേ പറഞ്ഞ കേസിന്റെ വിചാരണ. നടക്കാൻ ബുദ്ധിമുട്ടുള്ളതു കൊണ്ട് കോടതിയിൽ ചെന്ന് മൊഴി കൊടുക്കാൻ ആകില്ല എന്നു രമ പറഞ്ഞു. അങ്ങനെ വീട്ടിൽ വച്ച് കോടതി കൂടി. എല്ലാ ഡീറ്റെയിൽസും വ്യക്തമായി രമ പറഞ്ഞതു കേട്ട് എതിർഭാഗം നിരാശരായി. വീണ്ടും മൊഴിയെടുക്കണമെന്ന് അവർ വാദിച്ചു. പക്ഷേ, ആദ്യത്തേതിനെക്കാൾ വ്യക്തമായും ശക്തമായും രണ്ടാമത് രമ മൊഴി കൊടുത്തു. അത്ര വിൽപവർ ആയിരുന്നു അവൾക്ക്. വിരമിക്കാൻ രണ്ടു വർഷം കൂടി ബാക്കിയുള്ളപ്പോൾ വൊളന്ററി റിട്ടയർമെന്റ് എടുത്തു.

രണ്ടു വർഷത്തിനിടെയാണ് രോഗം മൂർച്ഛിച്ചത്. മിക്കവാറും കിടപ്പു തന്നെ. ലിവിങ് റൂമിൽ തന്നെയാണ് രമയുടെ കട്ടിൽ. കൊച്ചുമക്കളൊക്കെ ബെഡിൽ കയറി കിടക്കും. ഞങ്ങൾ വഴക്കു പറയുമ്പോൾ രമ അവരെ കെട്ടിപ്പിടിക്കും. മരുന്നുകൾ മുടക്കിയില്ല, മൂന്നു ദിവസത്തിലൊരിക്കൽ ഫിസിയോതെറപ്പിസ്റ്റ് വീട്ടിൽ വന്ന് എക്സർസൈസ് ചെയ്യിച്ചു. ഇതിനിടെ നെടുമുടി വേണു ചേട്ടനും കെപിഎസി ലളിത ചേച്ചിയുമൊക്കെ പോയത് വലിയ വിഷമം ആയി.

അന്നു രാവിലെയും നല്ല ഉത്സാഹത്തിലായിരുന്നു. നെഞ്ചിനുള്ളിൽ കഫം കുറുകുന്ന ഒച്ച കേട്ട് വായിലൂടെ ട്യൂബ് ഇട്ടു കഫം എടുത്തു. അതിനു ശേഷമാണ് ഞാനൊന്നു മുകളിലേക്ക് പോയത്. അപ്പോൾ തന്നെ താഴെനിന്ന് സഹായിയുടെ വിളി കേട്ടു. ഇറങ്ങിവരുമ്പോൾ കാണുന്നത് രമ കട്ടിലിലേക്ക് മയങ്ങി വീഴുന്നതാണ്. മോളും ഭർത്താവും കൂടി വന്നു നോക്കുമ്പോഴേക്കും എല്ലാം കഴിഞ്ഞിരുന്നു. കാർഡിയാക് അറസ്റ്റ് ആണ് മരണകാരണം.

രോഗത്തിന്റെ കാര്യം പറഞ്ഞ് ഇടയ്ക്കു സങ്കടപ്പെടുമായിരുന്നു. ‘ഞാൻ ചെയ്ത കർമം വച്ച് എനിക്ക് ഇങ്ങനെയൊരു അസുഖം വരേണ്ട കാര്യമില്ല’ എന്നൊരിക്കൽ പറഞ്ഞു. ‘തീരെ ചെറിയ കുട്ടികൾക്കൊക്കെ മാരകരോഗങ്ങ ൾ വരുന്നത് എന്തു തെറ്റ് ചെയ്തിട്ടാണ്’ എന്നു ചോദിച്ചെങ്കിലും കേട്ട ഭാവം നടിച്ചില്ല. അപ്പോൾ എനിക്കൊരു തമാ ശ തോന്നി. ‘മരണത്തിനു ശേഷം നമുക്ക് ഒരുമിച്ച് കാണാൻ പറ്റില്ല’ എന്ന് രമയോടു പറഞ്ഞു. അവൾ ചോദ്യഭാവത്തി ൽ നോക്കി. ‘നീ സ്വർഗത്തിലും ഞാൻ നരകത്തിലും ആയിരിക്കില്ലേ’ എന്നു പറഞ്ഞ് പൊട്ടിച്ചിരിച്ചെങ്കിലും അവൾ ചിരിക്കാതെ മൗനമായി ഇരുന്നു. ആ മൗനത്തിന്റെ അർഥം ഇപ്പോഴാണ് മനസ്സിലാകുന്നത്. രമയുടെ വേർപാടോടെ നഷ്ടപ്പെട്ടത് എന്റെ ലോകമാണ്. ’’

1650533378813

കുഞ്ഞുമക്കളുടെ അമ്മൂമ്മ

‘സ്കൂൾ തുറക്കുന്നതിനു മുൻപേ തന്നെ പുസ്തകങ്ങളും ഒരു വർഷത്തേക്കുള്ള നോട്ടുബുക്കുകളും വാങ്ങി പൊതിയും. ‘നല്ല കയക്ഷരം ചേട്ടന്റെയാണ്’ എ ന്നു പറഞ്ഞ് പേരെഴുതിക്കുന്നത് എന്നെ കൊണ്ടാണ്.

മൂത്ത മോൾ രമ്യയ്ക്ക് ഇംഗ്ലിഷ് അധ്യാപിക ആകണം എന്നായിരുന്നു മോഹം. ഡോക്ടർ എന്ന സ്വപ്നം കൊടുത്തത് രമയാണ്. അവൾ ഫാർമക്കോളജിയിലും ഇളയവൾ സൗമ്യ സൈക്യാട്രിയിലും പിജി നേടി. രമ്യയ്ക്കു വേണ്ടി ഒരു ഐപിഎസുകാരനെ കണ്ടുപിടിക്കണമെന്ന മോഹം കൊണ്ടാണ് ചെന്നൈയിൽ ജോയിന്റ് കമ്മിഷനറായ നരേന്ദ്രൻ മരുമകനായി വന്നത്. സൗമ്യയ്ക്കു വേണ്ടി പിജി ഉള്ള ഡോക്ടറെ മതി എന്നായിരുന്നു നിബന്ധന. ന്യൂറോളജിസ്റ്റായ മരുമകൻ പ്രവീണാണ് അവസാനകാലത്ത് രമയെ ചികിത്സിച്ചത്.

കൊച്ചുമക്കൾ വന്നപ്പോഴാണ് രമയുടെ മറ്റൊരു മുഖം കണ്ടത്. രമ്യയുടെ മക്കളായ എട്ടാം ക്ലാസുകാരി കാർത്തികയ്ക്കും ഒന്നാം ക്ലാസുകാരൻ കാർത്തിക്കിനും സൗമ്യയുടെ മകൾ ഒന്നാം ക്ലാസുകാരി പ്രാർഥനയ്ക്കും രമയെ ജീവനാണ്. അമ്മൂമ്മയെ പോലെ ഡോക്ടറാകണം എന്നാണ് കാർത്തികയുടെ സ്വപ്നം.’

Tags:
  • Movies