Saturday 19 September 2020 04:34 PM IST

‘ആ പാടാണ് കാലമിത്ര കഴിഞ്ഞിട്ടും എന്റെ നെറ്റിയിൽ ഉള്ളത്. എത്ര ഒരുങ്ങിയാലും, മായാത്ത മുദ്ര’; ഓർമകള്‍ പങ്കുവച്ച് മഞ്ജു വാരിയർ

Lakshmi Premkumar

Sub Editor

manju86544sbg

ഇതിപ്പോ എന്താ സ്ഥിതി ? കുട്ടികളുടെ യോഗമേ. ജൂണില്‍ തുറക്കേണ്ട സ്കൂളുകൾ സെപ്റ്റംബറായിട്ടും തുറന്നിട്ടില്ല. ഓണപ്പരീക്ഷ എഴുതി ഒാണാേഘാഷങ്ങളിലേക്ക് ചാടിയിറങ്ങേണ്ടവര്‍ തൊട്ടും തലോടിയും ഓൺലൈൻ പരീക്ഷ എഴുതുന്നു.  സ്കൂൾ മുറ്റത്ത് പറന്നു നടന്നിരുന്ന ഡ്രിൽ പിരീഡുകൾ  വെർച്വല്‍ ചുവരുകളിലേക്ക്  ഒതുങ്ങുന്നു. 

ലോകം ഇത്രയും വലിയൊരു മഹാമാരി നേരിടുമ്പോൾ കൂട്ടിനുള്ളത് കുറച്ച് ഓർമകളാണ്. പുതുമഴയുടേയും പുതിയ യൂണിഫോമിന്റെയും മണമുള്ള ഓർമ. ഓരോ ജൂണിലും ആ  വാസനയിലേക്ക്  ഒന്ന്  ഊളിയിടാത്തവരായി ആരുമുണ്ടാകില്ല. കളിച്ച് രസിച്ച് നടന്ന അവധിക്കാലത്തു നിന്നും വീണ്ടും പഠനത്തിന്റെ ലോകത്തേക്കുള്ള ചേക്കേറൽ. 

ഒന്നാം ക്ലാസിലേക്കാണെങ്കിൽ ഇക്കാര്യങ്ങളൊന്നും പിന്നെ, പറയുകയും വേണ്ട. കുഞ്ഞു മനസിൽ വിരിയുന്ന ആധികൾ, ആകാംക്ഷകൾ, വിങ്ങലുകളിൽ നിന്നും ആദ്യ ദിനത്തിലെ അലറി കരച്ചിലുകളിലേക്കുള്ള ദൂരങ്ങൾ... ഒന്നാംക്ലാസിലെ ആദ്യ ദിനത്തില്‍ എത്ര പേരുണ്ടാകും കരയാതെ പിടിച്ചു നിന്നവർ. കണ്ണകലത്തിൽ നിന്ന് അമ്മ മാഞ്ഞപ്പോൾ  ഇനി ലോകമേയില്ലെന്നു കരുതി ആർത്തലച്ചു കരഞ്ഞവർ. സ്കൂളുകള്‍ തുറന്നിട്ടില്ലെങ്കിലും സ്കൂളോർമകള്‍ എല്ലാവരുടേയും മനസ്സിലുണ്ട്. അവ പങ്കിടുകയാണ് മഞ്ജു വാരിയർ.

എന്നും ഓർക്കാനുള്ളത് തന്ന നാട്

എന്റെ ക്ലാസിലെ ഒരേയൊരു മലയാളി കുട്ടി ഞാനായിരുന്നു. സ്കൂൾ കാലത്തെ കുറിച്ച് ഓർക്കുമ്പോള്‍ ഏറ്റവും ആദ്യം മനസ്സിൽ എത്തുന്നതും ആ ‘നാനാത്വത്തിൽ ഏകത്വ’മാണ്. അന്ന് ഞങ്ങൾ നാഗർകോവിലിലാണ് താമസം. അച്ഛന് അവിടെയായിരുന്നു ജോലി. അച്ഛന്റെ ട്രാൻസ്ഫറുകൾക്ക് അനുസരിച്ച് പുതിയ സ്കൂൾ, പതിയ കൂട്ടുകാർ, പുതിയ ടീച്ചർമാർ അങ്ങനെ ഓർമകൾ ഒരുപാടുണ്ട്. 

നാഗർകോവിലിലെ സിഎസ്ഐ മെട്രികുലം സ്കൂൾ ഞങ്ങൾ താമസിക്കുന്ന വീടിന്റെ തൊട്ടടുത്തായിരുന്നു. ചേട്ടൻ സ്കൂളിൽ പോകുമ്പോൾ ഞാൻ നന്നേ ചെറിയ കുട്ടിയാണ്. പക്ഷേ, ചേട്ടൻ യൂണിഫോമിട്ടു പോകുന്നത് കാണുമ്പോൾ തുടങ്ങും ഞാനും ബഹളം. 

ചേട്ടന്റെ ബെൽറ്റും, ടൈയും ഷൂസുമൊക്കെയാണ് എന്നെ ആകർഷിക്കുന്നത്. രാവിലെ തന്നെ പെറ്റിക്കോട്ടിന്റെ മേലെ ചേട്ടന്റെ ടൈ കെട്ടിയിട്ട് എല്ലാവരോടും പറയും സ്കൂളിൽ പോകാൻ ഞാനും റെഡിയായെന്ന്. ആ ചിത്രം ഇപ്പോഴും മനസ്സിലുണ്ട്. 

ചിലപ്പോഴൊക്കെ ചേട്ടന്റെ കൂടെ സ്കൂളിൽ പോയിട്ടുമുണ്ട്. അന്നൊക്കെ പലരും അനിയത്തിമാരെ സ്കൂളിൽ കൊണ്ടു വരാറുണ്ട്. രാവിലെ ചേട്ടൻ പോകുന്ന കൂടെ ഞാനും ഒരുങ്ങി പോകും. അമ്മയാണ് ഒരുക്കി വിടുന്നത്. പിന്നെ, ഗമയിൽ സ്കൂളിൽ പോയി ഇരിപ്പാണ്. അങ്ങനെയാണ് എനിക്ക് സ്കൂളിനോട് സ്നേഹം കൂടുന്നതും.

എന്റെ സ്വന്തം യൂണിഫോം

എൽകെജിയിൽ ചേർന്നപ്പോൾ സ്വന്തമായി യൂണിഫോമും ടൈയുമൊക്കെയായി. ഗമ കുറച്ചു കൂടി. എൽകെജി മുതൽ പോയതു കൊണ്ട് ഒന്നാം ക്ലാസൊന്നും വലിയ പ്രശ്നമുണ്ടായിരുന്നില്ല. ഞാൻ എപ്പോഴും ഹാപ്പിയായി സ്കൂളിൽ പോകു ന്നയാളായിരുന്നു. പക്ഷേ, കരഞ്ഞ ഒരു അനുഭവമുണ്ട്, അതൊരിക്കലും മറക്കില്ല. 

സംഭവം ഞാൻ എൽകെജിയിലോ യു‌കെജിയിലോ പഠിക്കുന്ന സമയമാണ്. ഞങ്ങളുടെ ക്ലാസ് മുറികൾ വീടുകളിലെ പോലെ ഫുൾ ക്ലോസ്ഡ് ആണ്. എന്റെ ക്ലാസിനു മാത്രം രണ്ടു വാതിലുകൾ ഉണ്ടായിരുന്നു. ഒന്ന് അപ്പുറത്തെ ക്ലാസിലേക്ക് കയറാവുന്നതാണ്.

ഞാൻ ഒരു ദിവസം നോക്കുമ്പോള്‍ ആ വാതിലിൽ ഒരു ചെറിയ തുള കാണുന്നു. എങ്കിൽ  പിന്നെ, അതെന്താണെന്ന് ഒന്ന് അറിയണമല്ലോ എന്ന് കരുതി വാതിലിനോട് ചേർത്ത് കണ്ണ് വച്ചു നോക്കി. എന്താ സംഭവിച്ചതെന്ന് ഒരു പിടിയുമില്ല. അപ്പുറത്തെ സൈഡിൽ നിന്നും ആരോ വാതിൽ തള്ളി തുറന്നു. വാതിൽപ്പാളി വന്ന് അടിച്ചത് എന്റെ നെറ്റിയിൽ. എന്റെ വെള്ള ഷർട്ടിലേക്കതാ ചോരയൊഴുകുന്നു. ഏകദേശം ഉച്ച സമയവുമായതു കൊണ്ട് നന്നായി തന്നെ ചോര വരുന്നുണ്ട്. അപ്പോഴേക്കും ടീച്ചർമാരൊക്കെ ഓടി വന്നു. ആരോ അമ്മയെ വിളിച്ചു, അങ്ങനെ നേരെ ആശുപത്രിയിൽ പോയി തുന്നിക്കെട്ടി. ആ പാടാണ് കാലമിത്ര കഴിഞ്ഞിട്ടും എന്റെ നെറ്റിയിൽ ഉള്ളത്. എത്ര ഒരുങ്ങിയാലും, മായാത്ത മുദ്ര.  അത് എന്റെ സ്കൂൾ കാലത്തിന്റെ തുടക്കം സമ്മാനിച്ചതാണ്.  

ഞാൻ ആദ്യം എഴുതാനും വായിക്കാനും പഠിച്ചത് തമിഴാണ്. സ്കൂളിലെ പ്രാഥമിക ഭാഷ തമിഴായിരുന്നു. സെക്കന്‍ഡ് ലാംഗ്വേജിന് ഓപ്ഷനുണ്ട്. ഹിന്ദി, മലയാളം അങ്ങനെ. എന്റെ ക്ലാസിൽ മലയാളം സെക്കൻഡ് ലാംഗ്വേജായി എടുത്ത കുട്ടി ഞാൻ മാത്രമായിരുന്നു. അന്ന് മലയാളം പഠിപ്പിക്കുന്നത് ഒരു സാറാമ്മ ടീച്ചറാണ്. എനിക്ക് അതൊക്കെ അവ്യക്തമായിട്ട് മാത്രമേ ഓർമയുള്ളൂ. പക്ഷേ, ഞാൻ മറ്റ് ക്ലാസിലെ, അതായത് എന്നെക്കാൾ മുതിർന്ന കുട്ടികൾക്കൊക്കെ ഒപ്പമിരുന്നാണ് മലയാളം പഠിച്ചത്. എനിക്ക് തോന്നുന്നു ഞാൻ ഒരു കുട്ടി മാത്രമായതു കൊണ്ട് കമ്പയിൻഡ് ക്ലാസ് ആക്കിയതാകാം. 

അവ്യക്ത ചിത്രങ്ങള്‍ പോലെയാണ് ആ ഓർമകൾ. ജീവിതത്തിൽ അധ്യയന വർഷം തുടങ്ങിയത് നാഗർകോവിലിലെ ആ മനോഹരമായ സ്കൂളിൽ നിന്നാണ്. വെള്ള ഷർട്ടും ഇളം നീല പാവാടയുമിട്ട ആ എൽകെജി കുട്ടിയിൽ നിന്നാണ്. കുട്ടിക്കാലവും സൗഹൃദവും വികൃതികളും ചിരിയും അങ്ങനെ ഇനിയൊരിക്കലും തിരിച്ചുവരാത്തൊരു കാലം, എന്നും ഓർക്കാനുള്ളത് തന്നിട്ടിട്ടുണ്ട് ആ നാടും, അവിടത്തെ ബാല്യവും.

Tags:
  • Movies