Thursday 30 January 2025 02:45 PM IST

‘ജീവിതത്തിൽ ഞങ്ങൾക്ക് നഷ്ടപ്പെട്ട ആ അമൂല്യനിധി, അമ്മായിയച്ഛനെ കരയിച്ച ഇന്നസെന്റ്’: ഓർമകളുടെ തീരത്ത് ആലീസ്

V R Jyothish

Chief Sub Editor

alice-innocent-41

നാട്ടിലെത്തിയതിനു ശേഷമുള്ള ഒരു ക്രിസ്മസ് ഒാര്‍മ വരുന്നു. അന്ന് ആഘോഷത്തിനിടയിൽ എന്റെ അപ്പനും ഇന്നസെന്റും അൽപം മദ്യപിച്ചു. ആങ്ങളമാരൊക്കെ വീട്ടിലുണ്ടായിരുന്നെങ്കിലും അവര്‍ അന്നു മദ്യപിക്കില്ല. തീരെ ചെറുപ്പവുമാണ്.

മദ്യപിച്ചു കഴിഞ്ഞാൽ അപ്പനു പാട്ടു കേൾക്കണം. പാട്ട് അപ്പന്റെ ദൗർബല്യമാണ്. പാടുന്നവരെയും ഇഷ്ടമാണ്. അപ്പൻ എന്നോടു ചോദിച്ചു, ‘ഇന്നസെന്റ് പാടുമോ ആലീസേ.....?’

ഞാൻ പറഞ്ഞു, ‘ഇന്നസെന്റ് നന്നായി പാടും. എന്നുമാത്രമല്ല പാട്ട് എഴുതുകയും അതു ട്യൂൺ ചെയ്യുകയും ചെയ്യും.’

ദാവൻഗരെയില്‍ വച്ചു ഞങ്ങളെഴുതിയ ഭ ക്തിഗാനമായിരുന്നു എന്റെ മനസ്സിൽ. അപ്പന് ഏതുതരം പാട്ടാണ് ഇഷ്ടമെന്ന് ഇന്നസെന്റ് ചോദിച്ചു. ശോകഗാനങ്ങളെന്ന് അപ്പൻ. ഉടൻ തന്നെ ഇന്നസെന്റ് പാടാൻ തുടങ്ങി.

‘ഏകാകിനിയായ് നീ....

ശോകാന്ത ജീവിത

നാടകവേദിയിൽ ഏകാകിനിയായ് നീ...

കഥയറിയാതെ കളിയരങ്ങത്തു നീ

കനകചിലമ്പുമായി വന്നു.

കഥയിലെ നായകന്റെ കണ്ണാടിക്കൂട്ടിലെ

കണ്ണുനീർ കുരുവിയെ കല്ലെറിഞ്ഞു....’

അന്നു വളരെ പ്രശസ്തമായിരുന്നു അയിഷ എന്ന സിനിമയിലെ ഈ ഗാനം. യേശുദാസാണു പാടിയത്. വയലാർ എഴുതി ആർ.െക. ശേഖർ സംഗീതം. ഈ പാട്ട് കേട്ടതും അപ്പൻ കരയാൻ തുടങ്ങി. കാരണം അപ്പന് ശോകഗാനങ്ങ ൾ ഇഷ്ടമാണെന്ന് മനസിലാക്കിയ ഇന്നസെന്റ് ശോകത്തിന്റെ കാഠിന്യം വല്ലാതെ കൂട്ടിയിട്ടാണു പാടിയത്. പാട്ട് മുഴുവൻ കേട്ടു കഴിഞ്ഞപ്പോഴേക്കും അപ്പൻ കരഞ്ഞു കരഞ്ഞു വല്ലാതായി.

ഇതുകണ്ടപ്പോൾ ഇന്നസെന്റിന് സംശയമായി. ഞങ്ങളുടെ ദാവന്‍ഗരെ ജീവിതത്തിലെ ദുരവസ്ഥകളൊക്കെ ഇനി ഞാനെങ്ങാനും അപ്പനോടു പറഞ്ഞോ? എല്ലാം അപ്പൻ അറിഞ്ഞോ? അവിടെ പട്ടിണിയായിരുന്ന വാസ്തവം അപ്പൻ അറിഞ്ഞോ? അല്ലെങ്കിൽ പിന്നെ അപ്പൻ ഇങ്ങനെ കരയുന്നതെന്തിന്?

കണ്ണാടിക്കൂട്ടിലെ കണ്ണുനീർ കുരുവി എന്നതുകൊണ്ട് എന്നെയാണോ ഉദ്ദേശിച്ചത് എന്നൊക്കെ ഇന്നസെന്റിനു സംശയമായി.

പിന്നെ, ഇന്നസെന്റ് സ്വയം സമാധാനിക്കാൻ ശ്രമിച്ചു. ഇല്ല, ഇവൾ ഒരിക്കലും വീട്ടുകാരോട് അതു പറയില്ല. കാരണം ഇവൾക്ക് എന്നെ അത്രയ്ക്ക് ഇഷ്ടമാണ്.

ഇന്നസെന്റിന്റെ മുഖത്തെ വിഷമം കണ്ടപ്പോ ൾ എനിക്കും വിഷമമായി. ദാവൻഗരെ ജീവിതം അപ്പൻ അറിഞ്ഞോ എന്ന ആശങ്കയാണ് ഇന്നസെന്റിന്റെ ആധിയുടെ അടിസ്ഥാനമെന്നു മനസ്സിലായി. അപ്പനോടു ഞാൻ ഒന്നും പറഞ്ഞിട്ടില്ലെന്നും ആരും ഒന്നും അറിഞ്ഞിട്ടില്ലെന്നും എ ങ്ങനെയെങ്കിലും ഇന്നസെന്റിനെ അറിയിക്കണം. അതിനുള്ള അവസരമൊന്നും അന്നേരം അവിെട ഉണ്ടായിരുന്നില്ല.

പെട്ടെന്നു ഞാനൊരു ഉപായം കണ്ടുപിടിച്ചു. എന്റെ മൂന്ന് ആങ്ങളമാരും അത്യാവശ്യം പാടുന്നവരാണ്. ഞങ്ങൾ നാലുപേരും കൂടി ഇന്നസെന്റിനെ സന്തോഷിപ്പിക്കാൻ മൂന്നാലു പാട്ടുകൾ പാടി. പ്രശ്നങ്ങൾ ഒന്നുമില്ല. നമുക്ക് എങ്ങനെയെങ്കിലും ജീവിക്കാം എന്നൊരു സന്ദേശമായിരുന്നു ആ ഗാനമേളയിലൂടെ ഞാൻ കൊടുത്തത്. അത് ഇന്നസെന്റിനു മനസ്സിലായി. അദ്ദേഹത്തിന്റെ മുഖം തെളിഞ്ഞു.

അന്നു രാത്രി ഉറങ്ങിക്കിടന്നപ്പോൾ ഞാനൊരു അശരീരി കേട്ടു. ‘ദാവൻഗരെയിലെ ഉപ്പുമാവിന്റെയും വഴുതനങ്ങ കറിയുടെയും രഹസ്യം ആരോടും പറയാത്ത എന്റെ പ്രിയപ്പെട്ട ആലീസേ നിനക്കു ഞാൻ ഒരു നൂറു സ്നേഹചുംബനങ്ങൾ അർപ്പിക്കുന്നു.’

‘ഒരു പാലമിട്ടാൽ അങ്ങോട്ടും ഇങ്ങോട്ടും എന്നാണ്. ആ ഓർമയുണ്ടെങ്കിൽ എല്ലാവർക്കും നല്ലത്...’ ഉറക്കത്തിൽ ആ അശരീരിക്കു ഞാന്‍ മറുപടി പറഞ്ഞു. ഇരുട്ടിൽ ഇന്നസെന്റിന്റെ ചിരി അവിെട മുഴങ്ങി.

‍ഞങ്ങളുെട അവസ്ഥ അപ്പനോടു ഞാന്‍ പറഞ്ഞിട്ടില്ലെന്ന വിശ്വാസം ഇന്നസെന്റിനുണ്ടായിരുന്നു എന്നു പറഞ്ഞല്ലോ? അതൊരു വിശ്വാസം തന്നെയായിരുന്നു. ഇന്നസെന്റ് മരിക്കുന്നതുവരെയും ആ വിശ്വാസം ഞങ്ങൾ പരസ്പരം കാത്തു സൂക്ഷിച്ചു. അതുകൊണ്ടു ഞങ്ങൾക്കിടയിൽ മൂന്നാമതൊരു അഭിപ്രായം ഉണ്ടായില്ല.

എന്റെ ജീവിതത്തിലെ ഏറ്റവും ദരിദ്രമായ കാലമായിരുന്നു ദാവൻഗരെയിലേത്. എങ്കിലും ഇപ്പോൾ ആലോചിക്കുമ്പോൾ ഏറ്റവും സമ്പന്നമായ കാലമായി തോന്നുന്നത് ആ ജീവിതമാണ്. ഇല്ലായ്മകൾക്കിടയിൽ ഞങ്ങൾ ഉള്ളതുകൊണ്ടു തൃപ്തിപ്പെട്ടു. പിന്നീട് പല പല പ്രതിസന്ധികളിലൂടെ കടന്നുപോകുമ്പോഴും അതൊക്കെ ചെറുത്തു നിൽക്കാൻ ഞങ്ങളെ സഹായിച്ചത് അന്നത്തെ അനുഭവങ്ങളാണ്. ദാവൻഗരെ ഒരു മരുഭൂമിയായിരുന്നെങ്കിലും ഞങ്ങളുടെ മനസിൽ നിറയെ പച്ചപ്പായിരുന്നു. അവിടെ എന്നും സന്തോഷത്തിന്റെ മഴ പെയ്തു.

പതിനാറ് അംഗങ്ങളുള്ള കൊച്ചുകുടുംബം

ഇന്നസെന്റിന്റെ തെക്കേത്തല വീട്ടിൽ പതിനാല് അംഗങ്ങ ൾ ഉണ്ടായിരുന്നു. ആ ആൾക്കൂട്ടത്തിലേക്കാണു ഞങ്ങൾ രണ്ടുപേർ കൂടി ചേരുന്നത്.

ഞങ്ങൾ രണ്ടുപേർക്കും ജോലിയോ കൂലിയോ ഇല്ല. സ ഹോദരങ്ങളിൽ പലരും പഠിക്കുകയാണ്. കൂട്ടുകുടുംബമായി ജീവിക്കുന്നതു കൊണ്ട് വീട്ടു ചെലവിന് നല്ല തുക വേ ണം. അപ്പന് മാപ്രാണത്ത് പലവ്യഞ്ജനക്കടയുണ്ട്. വീട്ടില്‍ ഒരുമിച്ച് സാധനങ്ങൾ കൊണ്ടുവച്ചാൽ പെട്ടെന്ന് തീർന്നുപോകും. അതുകൊണ്ടാണ് അങ്ങനെയൊരു കട നടത്തുന്നതെന്നാണ് അപ്പൻ പറയാറുണ്ടായിരുന്നത്. ആ കടയിൽ നിന്ന് ഏറ്റവും കൂടുതൽ സാധനം വാങ്ങുന്നത് അപ്പൻ തന്നെയായിരുന്നു. വീട്ടിൽ ഉള്ള സമയങ്ങളിൽ മിക്കവാറും ഇന്നസെന്റ് ഈ കടയിൽ പോയിരിക്കും. അവിടെ വരുന്നവരോടും പോകുന്നവരോടുമൊക്കെ സംസാരിക്കും. കുറച്ച് തമാശ പറയും. വിശക്കുമ്പോൾ വീട്ടിലേക്കു വരും. ഈ കഥകളൊക്കെ ഇന്നസെന്റ് നന്നായി എഴുതിയിട്ടുണ്ട്.

വീട്ടുകാർ ഒന്നും പറഞ്ഞില്ലെങ്കിലും കുറച്ചു ദിവസങ്ങൾ കഴിഞ്ഞപ്പോൾ എനിക്ക് ഒരു വല്ലായ്മ തോന്നിത്തുടങ്ങി. ഞങ്ങൾ രണ്ടാൾക്കും ഒരു വരുമാനവുമില്ലാതെ ഇങ്ങനെ അപ്പനെ ആശ്രയിച്ചു ജീവിക്കുന്നതിലെ ബുദ്ധിമുട്ടായിരുന്നു മനസ്സു നിറയെ.

നഷ്ടപ്പെട്ട കല്യാണ ഫോട്ടോ

ജീവിതത്തിൽ നഷ്ടപ്പെട്ട ഒരു അമൂല്യനിധിയുണ്ട്. അതു ഞങ്ങളുടെ കല്യാണ ഫോട്ടോയാണ്. ആ നഷ്ടപ്പെടലിന്‍റെ പിന്നിലും ഒരു കഥയുണ്ട്. ആ സംഭവം ഇന്നസെന്റ് എ വിടെയും പറഞ്ഞതായി ഓർമയിൽ ഇല്ല.

ദാവൻഗരെയിൽ നിന്നു ഞങ്ങൾ നാട്ടിൽ വന്നു താമസിക്കുന്ന സമയം. കല്യാണ ആൽബം വളരെ വിലപിടിച്ച ഒന്നായാണല്ലോ നമ്മൾ കരുതുന്നത്. ടെക്നോളജി ഇത്രയും വിപുലമായ കാലമല്ല. മാത്രമല്ല ബ്ലാക് ആന്റ് വൈറ്റ് ഫോട്ടോ മാത്രമാണ് അന്നുള്ളത്. അന്നത്തെ കല്യാണങ്ങളിൽ ഏറ്റവും ആഡംബരം ഫോട്ടോ പിടിക്കുന്നതാണ്.

ഞങ്ങളുടെ കല്യാണത്തിനും ഫോട്ടോ പിടിച്ചിരുന്നു. നല്ലൊരു ആൽബവും കിട്ടി. കല്യാണത്തിനു ഫോട്ടോ പിടിച്ചില്ലെങ്കിൽ ഭാര്യയും ഭർത്താവും സ്റ്റുഡിയോയിൽ പോയി ഫോട്ടോ എടുക്കുന്നതാണു പതിവ്. അങ്ങനെയൊരു സീനാണ് ശ്രീനിവാസൻ ‘വടക്കുനോക്കി യന്ത്രം’ എന്ന സിനിമയിൽ ക്ലാസിക് ആക്കിയത്. കല്യാണത്തിനു പടം പിടുത്തമുണ്ടായിരുന്നതു െകാണ്ട് ഞങ്ങൾക്കു സ്റ്റുഡിയോയിൽ പോയി ഫോട്ടോ എടുക്കേണ്ടി വന്നില്ല.

വീട്ടിലെ അലമാരയിൽ വളരെ ഭദ്രമായി സൂക്ഷിച്ചിരിക്കുകയായിരുന്നു ആ ആൽബം. ഒരു ദിവസം അപ്പൻ അൽപം കൂടുതൽ മദ്യപിച്ചു. ആ രാത്രി മൂത്രമൊഴിക്കാൻ വേണ്ടി കതകു തുറന്നു പുറത്തിറങ്ങി. മൂത്രമൊഴിച്ച ശേഷം കതക് അടച്ചു തിരിച്ചു വന്നു വീണ്ടും കിടന്നുറങ്ങി.

പിറ്റേന്ന് രാവിലെ വൈകിയാണ് ഉണർന്നത്. നോക്കുമ്പോൾ മുറിയിൽ മൂത്രത്തിന്റെ ഗന്ധം. അലമാരയുെട പുറംഭാഗംനനഞ്ഞ് കുതിർന്നിരിക്കുന്നു. അപ്പനു മനസ്സിലായി. പണി പാളിയിരിക്കുന്നു. ഇന്നലെ മൂത്രമൊഴിക്കാൻ തുറന്ന വാതിൽ മാറിപ്പോയി. മൂത്രമൊഴിച്ചിരിക്കുന്നത് അലമാരയ്ക്കുള്ളിൽ തന്നെ.

സംഭവം അറിഞ്ഞ് അമ്മച്ചി ദേഷ്യം കൊണ്ട് അലറിവിളിച്ചു. ‘ഇതിയാനെക്കൊണ്ടു തോറ്റല്ലോ... കർത്താവേ... ഇങ്ങേരുടെ തലയ്ക്കകത്ത് കളിമണ്ണാണോ...’ എന്നൊക്കെ പറഞ്ഞ് തലയിൽ കൈവച്ചു. അമ്മച്ചി അതിനു മുൻപോ ശേഷമോ അങ്ങനെ ഉച്ചത്തിൽ സംസാരിച്ചു കേട്ടിട്ടില്ല.

അലമാരി പുറത്തെടുത്തു തുണികളും മറ്റു സാധനങ്ങളുമൊക്കെ കഴുകി വൃത്തിയാക്കി. കഴുകി വൃത്തിയാക്കാൻ പറ്റാത്ത ഒരു സാധനം ഞങ്ങളുടെ ആൽബം മാത്രമായിരുന്നു. അതു പുരപ്പുറത്ത് ഉണങ്ങാൻ വേണ്ടി വച്ചു. പുരപ്പുറത്താകുമ്പോൾ നേരിട്ട് സൂര്യപ്രകാശം കിട്ടും എന്നതായിരുന്നു. നിർഭാഗ്യവശാൽ അന്ന് വൈകുന്നേരം മഴ പെയ്തു. ആൽബത്തിന്റെ കാര്യം ആരും ഓർത്തില്ല ഒരാഴ്ച കഴിഞ്ഞാണ് ആൽബം പുരപ്പുറത്താണെന്ന് ഓർത്തത്. അപ്പോഴേക്കും മഴ ആൽബത്തിന്റെ കാര്യത്തിൽ ഒരു തീരുമാനമെടുത്തിരുന്നു.

അതോടെ ഞങ്ങളുടെ കല്യാണഫോട്ടോ എന്നന്നേക്കുമായി അപ്രത്യക്ഷമായി. പിന്നെ ഒരുമിച്ചൊരു ഫോട്ടോ എടുക്കാവുന്ന അവസ്ഥ ഉണ്ടായില്ല. അതുണ്ടായപ്പോഴേക്കും കാലം ഏറെ കടന്നുപോയിരുന്നു.

innocent-alice-2

കാളൻനെല്ലായിലേക്ക് വീണ്ടും

കുറച്ചു ദിവസം കഴിഞ്ഞപ്പോൾ ഞാൻ ഇന്നസെന്റിനോടു പറഞ്ഞു. ‘എനിക്ക് കാളൻനെല്ലായി വീട്ടിൽ പോയി കുറച്ചുദിവസം താമസിച്ചാൽ കൊള്ളാമെന്നുണ്ട്. .’

അതുകേട്ട് ഇന്നസെന്റിന് വലിയ താൽപര്യം തോന്നിയില്ല. സ്വന്തം വീട്ടിൽ പോയി നിൽക്കാനല്ലല്ലോ കല്യാണം കഴിച്ചു കൊണ്ടു വന്നത്. പക്ഷേ, ഞാൻ അവിടെ ഒട്ടും സന്തോഷത്തിലല്ല എന്നത് അദ്ദേഹത്തെയും വിഷമിപ്പിച്ചു. ഒടുവില്‍ മനസ്സില്ലാ മനസ്സോടെ എന്നെ വീട്ടിൽ കൊണ്ടുവിട്ടു.

അപ്പനും ആങ്ങളമാരും എന്നെ പൊന്നുപോലെ നോക്കുന്നുണ്ട്. കല്യാണം കഴിഞ്ഞാൽ ഭർത്താവ് ഉള്ള സ്ഥലത്തു നിൽക്കാനാണല്ലോ‍, ഭാര്യ ഇഷ്ടപ്പെടുക. ഒരിക്കൽ ഞാനിക്കാര്യം സൂചിപ്പിച്ചപ്പോള്‍ ഇന്നസെന്റ് ഒരു തീരുമാനമെടുത്തു. ആഴ്ചയിൽ മൂന്നു ദിവസം അദ്ദേഹം എന്റെ വീട്ടിൽ വന്നു നിൽക്കും. അതുകേട്ട് എനിക്കു സന്തോഷമായി. എന്റെ വീട്ടുകാർക്ക് അതിലേറെ സന്തോഷമായി.

രണ്ടുമൂന്നു മാസങ്ങൾ ഇങ്ങനെ ആനന്ദത്തോടെ കടന്നുപോയി. ആഴ്ചയിൽ മൂന്നു ദിവസം ഇന്നസെന്റ്് ഞങ്ങളുടെ വീട്ടിൽ വരും. ഞാൻ നല്ല ഭക്ഷണമൊക്കെയുണ്ടാക്കിക്കൊടുക്കും. അപ്പൻ ഇന്നസെന്റിനെ കൊണ്ട് പാട്ടുപാടിക്കും. അപ്പന് ശോകഗാനങ്ങളാണ് കൂടുതൽ ഇഷ്ടമെന്നറിയാവുന്നതുകൊണ്ട് ഇന്നസെന്റെ ശോകം കൂട്ടി പാടും. അപ്പൻ അതുകേട്ടു കരയും. ചില വൈകുന്നേരങ്ങളിൽ ഞ ങ്ങൾ നടക്കാനിറങ്ങും. റെയിൽപാളത്തിന് അരികിലൂടെയാണു നടത്തം. തീവണ്ടികള്‍ അടുത്തൂടെ പാഞ്ഞുപോകുമ്പോള്‍ ചിലപ്പോഴൊക്കെ എനിക്ക് ദാവൻഗരെ ഓർമ വരും.

alice-innocent-2

അങ്ങനെ ഞങ്ങൾ അപ്പനും ആങ്ങളമാരുമൊക്കെ ഇ ന്നസെന്റിനൊപ്പം സന്തോഷത്തോടെയാണു കഴിഞ്ഞിരുന്നതെങ്കിലും എനിക്ക് ചെറിയൊരു വിഷമം തോന്നാതിരുന്നില്ല. എന്റെ വീട്ടിൽ വന്നു നിൽക്കുമ്പോൾ ഇന്നസെന്റ് സന്തോഷവാനായിരുന്നെങ്കിലും ഉള്ളിൽ നേരിയ നൊമ്പരമുണ്ടായിരുന്നു എന്നു പിന്നീടു പറഞ്ഞിട്ടുണ്ട്. ഉണ്ടായിരുന്ന ബിസിനസ് പൊളിഞ്ഞു, മറ്റൊരു ഉപജീവനമാർഗ്ഗം കണ്ടുപിടിക്കാൻ കഴിഞ്ഞില്ല, ഭാര്യയുെട കൂടെ അവരുെട വീട്ടില്‍ വന്നു താമസിക്കുന്നു. ഇതൊക്കയാകും അദ്ദേഹത്തെ അലട്ടിയിരുന്നത്. എന്തായാലും ഒരു ജീവിതമാർഗം കണ്ടുപിടിക്കണമെന്നും കുടുംബത്തിലുള്ളവരെ ബുദ്ധിമുട്ടിക്കാതെ മാറി താമസിക്കണമെന്നും ഒക്കെ ഞാൻ ആഗ്രഹിച്ചു തുടങ്ങി.

‘നമുക്ക് എന്തെങ്കിലുമൊരു ബിസിനസ് തുടങ്ങിയാലോ...’ ഒരു ദിവസം ഞാൻ ഇന്നസെന്റിനോടു ചോദിച്ചു.

‘എന്ത് ബിസിനസ്? ബിസിനസ് തുടങ്ങാൻ പണം വേണ്ടേ? അതിനെന്തുെചയ്യും? ആരാ നമുക്ക് പണം തര്യാ...’

‘പണം നമുക്ക് സംഘടിപ്പിക്കാം. എന്റെ കയ്യിലുള്ള സ്വ ർണമൊക്കെ എടുത്തു വിൽക്കാം.’

‘കുറച്ചുനാള്‍ കഴിഞ്ഞ് നിന്‍റെ സ്വർണമൊക്കെ എവിടെയാണെന്ന് നിന്റെ വീട്ടുകാരും എെന്‍റ വീട്ടുകാരും ചോദിക്കും. എന്തു മറുപടി പറയും?’ ഇന്നസെന്റിന് ആധിയായി.

‘അതു സാരമില്ല. ഞാന്‍ അവരെ പറഞ്ഞു സമാധാനിപ്പിച്ചോളാം. എന്തെങ്കിലും തൊഴിൽ ചെയ്യാതെ നമുക്ക് ഒരുപാടു കാലം മുന്നോട്ടു പോകാൻ കഴിയില്ല.’

alice-innocent-41

ഇന്നസെന്റ് പറഞ്ഞതിൽ കാര്യമുണ്ട്. ഇന്നത്തെ കാലമല്ലല്ലോ? ഒരു കല്യാണത്തിനോ മാമോദീസയ്ക്കോ മറ്റെന്തെങ്കിലും ചടങ്ങിനോ പുറത്തുപോകുമ്പോൾ ആൾക്കാർ ആദ്യം ശ്രദ്ധിക്കുന്നതു പെണ്ണുങ്ങൾ ധരിച്ചിരിക്കുന്ന സ്വർണത്തിലാണ്. ഞങ്ങളുടെ കുടുംബത്തിൽ നിന്ന് ഞാൻ മാത്രം സ്വർണം ഒന്നും ഇല്ലാതെ പോകുമ്പോൾ അത് കുടുംബത്തിനും വിഷമമാണ്.

‘അതൊന്നും നോക്കിയിട്ട് കാര്യമില്ല. നമുക്കു ജീവിക്കണമെങ്കിൽ എന്തെങ്കിലുമൊക്കെ ചെയ്യണം.’ ഞാൻ ഇന്നസെന്റിന് ധൈര്യം കൊടുത്തു. അങ്ങനെ എന്റെ എല്ലാ ആഭരണങ്ങളും വിറ്റു. അത്യാവശ്യം സ്വർണം വീട്ടുകാരു തന്നിരുന്നതു െകാണ്ട് നല്ലൊരു തുക കയ്യില്‍ വന്നു. അതിനുശേഷം നടന്ന പല ചടങ്ങുകളിലും ആഭരണങ്ങൾ ഒന്നുമില്ലാതെ പങ്കെടുക്കേണ്ടി വന്നിട്ടുണ്ട്. പല നോട്ടങ്ങളെയും അഭിമുഖീകരിക്കേണ്ടിയും വന്നിട്ടുണ്ട്. ചിലർ സഹതാപത്തോടെയും മറ്റുചിലർ സന്തോഷത്തോടെയുമൊക്കെ. പക്ഷെ, ഞാൻ അതൊന്നും വലിയ കാര്യമാക്കിയില്ല.

സ്വർണം വിറ്റ പൈസ ഇന്നസെന്റിനെ ഏൽപ്പിച്ചു. ഇനി എന്തെങ്കിലും ബിസിനസ്സിനെക്കുറിച്ച് ആലോചിക്കണം. പുതുമയുള്ള എന്തെങ്കിലും ബിസിനസ് തുടങ്ങണം എന്ന് ആലോചനയിലായി ഞങ്ങൾ.

ദാവൻഗരെയിലെ കള്ളന്മാർ

വിറ്റുപോയ സ്വർണാഭരണങ്ങളെക്കുറിച്ച് മറ്റൊരു അനുഭവം കൂടി പറയാനുണ്ട്. സത്യത്തില്‍ ഈ സ്വര്‍ണം പണ്ടേ കൈമറിഞ്ഞു പോകേണ്ടതായിരുന്നു. അതില്‍ നിന്നു ര ക്ഷിച്ചത് ഇന്നസെന്‍റിന്‍റെ സഹോദരനാണ്.

കല്യാണം കഴിഞ്ഞ ഉടനെയായിരുന്നല്ലോ ഞങ്ങളുടെ ദാവൻഗരെ യാത്ര. എനിക്കു തന്ന ആഭരണങ്ങൾ കൂടി കൊണ്ടുപോകാനുള്ള ആലോചനയിലായിരുന്നു ഞാൻ. പക്ഷേ, ഇന്നസെന്റിന്റെ വീട്ടുകാർക്ക് അതിനോടു താൽപര്യം ഉണ്ടായിരുന്നില്ല. വീട്ടുകാർ മുഴുവനല്ല, പ്രധാന തടസ്സം പറഞ്ഞത് ഇന്നസെന്റിന്റെ ചേട്ടൻ സ്റ്റാൻസ്ലോസ്കിയാണ്. ‘ദാവൻഗരെയിൽ ഒരുപാടു കള്ളന്മാരുണ്ട്. സുരക്ഷിതമല്ല. അതുകൊണ്ട് സ്വർണം വീട്ടിൽ വച്ചിട്ടുപോകുന്നതാണു നല്ലത്’ എന്നൊക്ക ചേട്ടൻ പറഞ്ഞു. ഞങ്ങളോടുള്ള കരുതൽ കൊണ്ട് ചേട്ടൻ അങ്ങനെ പറഞ്ഞു എന്നേ ഞാൻ കരുതിയുള്ളു. അല്ലാതെ മറ്റൊരു ചിന്തയും അന്നെനിക്ക് ഉണ്ടായിരുന്നില്ല.

എന്നാൽ ചേട്ടൻ അങ്ങനെ പറഞ്ഞതിനു പിന്നിൽ മറ്റൊരു ഉദ്ദേശമുണ്ടായിരുന്നെന്ന് പിന്നീടു ബോധ്യപ്പെട്ടു. ദാവൻഗരെയിൽ തീപ്പെട്ടികമ്പനി തുടങ്ങിയതു ചേട്ടനായിരുന്നു. പിന്നീടാണ് ഇന്നസെന്റ് അങ്ങോട്ടു പോകുന്നത്. അവിടുത്തെ അവസ്ഥയും കമ്പനി നഷ്ടത്തിലാണെന്നും ഉടനെ തന്നെ പൂട്ടേണ്ടിവരുമെന്നുമൊക്കെ ചേട്ടനു നന്നായി അറിയാമായിരുന്നു. അതിനാല്‍ ഈ സ്വർണവുമായി ഞങ്ങള്‍ ദാവൻഗരെക്കു പോയാൽ പിന്നെ തിരിച്ചു വരുമ്പോൾ സ്വ ർണം ഉണ്ടാകില്ലെന്ന് ചേട്ടന് ഉത്തമ ബോധ്യമുണ്ടായിരുന്നു. സ്വര്‍ണം വിറ്റ് കമ്പനി തുടങ്ങുകയോ വീട്ടുെചലവു ന ടത്തി തീർക്കുകയോ ചെയ്യുമെന്നായിരുന്നു അദ്ദേഹത്തിന്‍റെ കണക്കുകൂട്ടല്‍.

ഇതൊക്കെ മുൻകൂട്ടി കണ്ടതുകൊണ്ടാണ് സ്വർണം വീട്ടിൽ വച്ചിട്ടുപോയാൽ മതിയെന്നു ചേട്ടന്‍ പറഞ്ഞത്. സത്യത്തിലതു െെദവാനുഗ്രഹമായി. സ്വര്‍ണം െവറുതെ നഷ്ടപ്പെട്ടില്ലെന്നു മാത്രമല്ല, ഭാവിയില്‍ മുതൽമുടക്കാനുള്ള നിധിയായി ഞങ്ങള്‍ക്ക് ഉപകാരപ്പെട്ടു. അതുകൊണ്ടു കൂടിയാണു മലയാള സിനിമയ്ക്ക് ഇന്നസെന്റ് എന്ന നടനെ കിട്ടിയത്. ആ കഥ പിന്നെ പറയാം.

വി.ആർ. ജ്യോതിഷ്

ഫോട്ടോ : ‌ശ്രീകാന്ത് കളരിക്കൽ