Saturday 22 May 2021 02:33 PM IST

‘ഏറ്റവും വലിയ പ്രചോദനം ഞരളത്ത് തന്നെ..’; ഹൃദയം നിറയെ സ്നേഹമുള്ള താന്തോന്നിയെ കുറിച്ച് രഞ്ജിത്ത് മനസ്സ് തുറക്കുന്നു

Sreerekha

Senior Sub Editor

ranjith44455 ഫോട്ടോ: അജീബ് കൊമാച്ചി

പൂമുഖത്ത് നിലവിളക്കിന്റെ നാളം തെളിഞ്ഞു നിന്ന ആ ത്രിസന്ധ്യാ നേരത്ത് മംഗലശേരി തറവാടിന്റെ പടിപ്പുര കടന്നു വന്ന പെരിങ്ങോടൻ. പഴയ നീലകണ്ഠനായിരുന്നില്ല അവിടെ കാത്തിരുന്നത്. ‘പാതി ചത്ത ശരീരത്തിൽ മുഴുവനും ചത്ത മനസ്സുമായി ജീവിക്കുന്ന ആളെന്ന് ഭാനുമതി വേദനയോടെ വിശേഷിപ്പിച്ച നീലകണ്ഠ ൻ. ‘എനിക്കിപ്പോൾ ഇരുട്ടാണ് ഇഷ്ടം, ഇപ്പോൾ ഞാൻ മരണത്തെ കുറിച്ച് ചിന്തിച്ചു തുടങ്ങിയിരിക്കുന്നു... ഒച്ചയും അനക്കവും ഇല്ലാതെയെത്തി എന്നെ കൊണ്ടു പോകാൻ വന്നണയുന്ന മരണത്തെ കുറിച്ച്... ശരീരം ഒരു പാഴ്‌വസ്തുവാണ്. ജീവിച്ചിരിക്കുന്നതിനു െതളിവായി ഒരു സ്മാരകം മാത്രം’എന്ന് ഭാനുമതിയോട് നൊമ്പരത്തോടെ ഹൃദയം  തുറന്ന നീലകണ്ഠൻ.

ആ നീലകണ്ഠന്റെ മുന്നിലേക്കാണ് സന്ധ്യാനേരത്ത് പെരിങ്ങോടൻ വന്നു കയറിയത്. സ്വന്തമായുള്ളത്, ധരിച്ചിരിക്കുന്ന കാവിമുണ്ടും തോളത്തെ ഇടയ്ക്കയും മാറാപ്പും മാത്രം...

‘‘ആരാ അവിെട?’’ എന്ന ചോദ്യത്തിന് ഇടയ്ക്കയുടെ മുഴങ്ങുന്ന നാദം മാത്രമായിരുന്നു മറുപടി. ആ താളം കേട്ടപ്പോഴേ നീലകണ്ഠൻ തിരിച്ചറിഞ്ഞു..

‘‘വന്നു അല്ലേ തെമ്മാടി... ഇങ്ങോട്ട് കേറി വരിക... ഇവിടുത്തെ വിശേഷങ്ങളൊക്കെ അറിഞ്ഞില്ലേ?’’ അയാൾ ക്ഷണിച്ചു.

പക്ഷേ, പെരിങ്ങോടൻ എന്ന സ്നേഹിതന്റെ മറുപടിയിൽ വേദന കലർന്നിരുന്നു: ‘‘വയ്യ അങ്ങോട്ട് കേറി വന്ന് ആ കിടപ്പു കാണാനെനിക്കു വയ്യ... മനസ്സിൽ ദൈവങ്ങൾക്കൊപ്പം കൊണ്ടു നടക്കുന്ന ഒരു ചിത്രമുണ്ട്. അത് അങ്ങനെ തന്നെ നിന്നോട്ടെ. കിടന്നു പോയി എന്ന് ഞാൻ വിശ്വസിക്കില്ലെടോ. തനിക്കു തരാൻ തന്നോടു പറയാൻ എ ന്റെ കയ്യിൽ ഒന്നുമില്ലെടോ നീലകണ്ഠാ... നാവാമുകുന്ദനു കൊടുത്തതിന്റെ ബാക്കി ഇത്തിരി നിവേദ്യമുണ്ട് അ ത് ഇന്നാ സ്വീകരിക്കുക.’’

പിന്നെ, ഇടയ്ക്ക െകാട്ടി മനസ്സലിഞ്ഞ് അദ്ദേഹം പാടി..

‘‘വന്ദേ മുകുന്ദ ഹരേ... ജയ ശൗരേ... സന്താപ ഹാരി മുരാരേ...  ക്രൂര നിഷാദ ശരം കൊണ്ടു നീറുമീ നെഞ്ചിലെൻ ആത്മ പ്രണാമം... പ്രേമ സ്വരൂപനാം സ്നേഹ സതീർഥ്യന്റെ കാൽക്കലെൻ കണ്ണീർ പ്രണാമം...’’  

കണ്ണീർ തുടച്ച് ആ സംഗീതത്തിനപ്പുറം മറ്റൊരു വാക്കും പ റയാതെ പെരിങ്ങോടൻ പടിപ്പുര കടന്ന് സന്ധ്യയുടെ നേർത്ത ഇരുട്ടിലേക്ക് മറഞ്ഞു. അയാൾ പോയ ശൂന്യതയിലേക്ക് നോക്കി നീലകണ്ഠൻ ഭാനുമതിയോട് പറഞ്ഞു...

‘‘പോയി അല്ലേ..? ഹൃദയം നിറയെ സ്നേഹം മാത്രം െകാണ്ടു നടക്കുന്ന താന്തോന്നി...’’  

‘ദേവാസുര’ത്തിൽ രണ്ടു സീനിലേ വരുന്നുള്ളൂവെങ്കിലും പെരിങ്ങോടൻ എന്ന കഥാപാത്രം അനശ്വരമാണ്. ഒടുവിൽ ഉ ണ്ണികൃഷ്ണൻ അവതരിപ്പിച്ച ഈ കഥാപാത്രവും ‘വന്ദേ മുകുന്ദ ഹരേ’ എന്ന സോപാന ശൈലിയിലുള്ള ഗാനവും ക്ലാസിക് ആയി മാറുകയായിരുന്നു. കലയെ അത്രമേൽ സ്നേഹിച്ചിരുന്ന നീലകണ്ഠന്റെ സംഗീതമേഖലയിലെ അഗാധസൗഹൃ ദത്തിന്റെ  മുഖമെന്ന നിലയിലാണ് പെരിങ്ങോടൻ സിനിമയി ൽ പ്രത്യക്ഷപ്പെടുന്നത്. എങ്കിലും ജീവിതത്തിൽ  കണ്ടു മുട്ടിയ മുഖം പോലെ ആ മുഖവും സംഗീതവും മായാതെ നിൽക്കുന്നു.

‍ഞരളത്ത് ആശാന്റെ യാത്രകൾ

െപരിങ്ങോടൻ എന്ന കഥാപാത്രം രൂപം െകാണ്ടതിന്റെ പിന്നിലെ അനുഭവങ്ങൾ ഒാർത്തെടുക്കാൻ ശ്രമിച്ചപ്പോൾ ദേവാസുരത്തിന്റെ തിരക്കഥാകൃത്ത് രഞ്ജിത്തിന്റെ മനസ്സിൽ തെളിഞ്ഞത് തൃശൂരിലെ സ്കൂൾ ഒാഫ് ഡ്രാമയിൽ പഠിച്ച കാലമാണ്. ആ കാലത്താണ് കലാരംഗത്തെ ‍പല അവധൂത ജന്മങ്ങളെയും വിസ്മയത്തോടെ അടുത്തു കണ്ടത്. പ്രതിഭയും അലച്ചിലും എങ്ങോട്ടെന്നില്ലാത്ത യാത്രകളും അച്ചടക്കമില്ലായ്മയും കല ഉന്മാദം പോലെയാകുന്ന മനസ്സും... അതെല്ലാമായിരുന്നു അവർ.

‘‘പെരിങ്ങോടനെന്ന കഥാപാത്രത്തെ കണ്ട പലരും വടക്ക ൻ കേരളത്തിലെ ശ്രീകൃഷ്ണ ക്ഷേത്രങ്ങളിലെ ത്രിസന്ധ്യകളിൽ അഷ്ടപദി പാടി സ്വയം മറന്ന് നിന്നൊരു കലാകാരനെ ഒാർത്തുകാണും, ഞരളത്ത് രാമ െപാതുവാൾ. സംഗീതത്തെ മാത്രം ഉപാസിച്ച് കലയുടെ അനുഗ്രഹം മാത്രമല്ലാതെ മറ്റൊന്നും ജീവിതത്തിൽ സ്വന്തമാക്കാനാശിക്കാത്ത യഥാർഥ കലാകാരന്റെ ജന്മം! പെരിങ്ങോടന്റെ കഥാപാത്ര സൃഷ്ടിക്കു പിന്നിലെ വലിയ പ്രചോദനം ഞരളത്ത് ആശാൻ തന്നെ.

ഞാൻ തൃശൂർ സ്കൂൾ ഒാഫ് ‍ഡ്രാമയിൽ പഠിക്കുന്ന കാലത്താണ് ഞരളത്ത് ആശാനെ കാണുന്നത്. കേന്ദ്ര ഗവൺമെന്റിന്റെ സ്കീമിന്റെ ഭാഗമായി കുട്ടികൾക്ക് സോപാന സംഗീതം പഠിക്കാനുള്ള ക്രാഷ് കോഴ്സ് അക്കാലത്ത് സ്കൂൾ ഒാഫ് ‍ഡ്രാമയിൽ തുടങ്ങിയിരുന്നു. അങ്ങനെയാണ് ആശാൻ അവിടെയെത്തുന്നത്. അവിടുത്തെ വിദ്യാർഥികൾക്കു മാത്രമല്ല, പുറത്ത് നിന്നുള്ളവർക്കും പങ്കെടുക്കാൻ അവസരമുണ്ടായിരുന്നു. എനിക്ക് സംഗീതവുമായി ബന്ധമില്ലെങ്കിലും വെറുതേ ആശാന്റെ ക്ലാസ് കേൾക്കാനായി അവിടെ ചെല്ലും...

വൈകുന്നേരങ്ങളിൽ ആശാന്റെ ഇടയ്ക്ക വായനയും കുട്ടികളെ പഠിപ്പിക്കുന്നതും ഒക്കെ ശ്രവിച്ച് അങ്ങനെ മാറിയിരിക്കും. പല ദിവസങ്ങളിലും ശിഷ്യൻമാർ ഉൽസാഹത്തോടെ കാത്തിരിക്കുമെങ്കിലും ആശാൻ വരില്ല. കാരണം, കൃത്യമായ അച്ചടക്കത്തിലോ സമയനിഷ്ഠകളിലോ തളച്ചിടാവുന്നതായിരുന്നില്ല ആശാന്റെ ജീവിതചര്യകൾ. ശരിയായ ഒരു അവധൂത ജന്മം ആയിരുന്നല്ലോ. അലഞ്ഞു തിരിയലും സംഗീതോപാസനയും ക്ഷേത്രമുറ്റങ്ങളിലെ സോപാന സന്ധ്യകളും... അതെല്ലാമായിരുന്നു അദ്ദേഹത്തിന്റെ ഭ്രമങ്ങൾ. എവിടെ നിന്നോ പുറപ്പെട്ട് എവിടെയോ എത്തിച്ചേരുന്ന യാത്രകൾ. ചിലപ്പോൾ തലേന്ന് വരാതിരുന്നിട്ട് പിറ്റേന്ന് ക്ലാസ്സിലെത്തുമ്പോൾ പറയും ശിഷ്യരോട്. ‘‘ഗുരുവായൂരായിരുന്നു ഇന്നലെ. അവിടെ കിടന്നു.’’ ക്ലാസ് ഒക്കെ കഴിഞ്ഞ് ആശാൻ അങ്ങ് നടന്ന് പോകും. ഞാൻ ആ നടപ്പ് അങ്ങനെ നോക്കി നിന്നിട്ടുണ്ട്. എങ്ങോട്ടേക്കാവും അദ്ദേഹം പോകുന്നതെന്ന്...! കൃത്യമായ ലക്ഷ്യമൊന്നും ഉണ്ടാകില്ല. അവിടുന്ന് ആദ്യം കിട്ടുന്ന ‍ബസിൽ കയറി എങ്ങോട്ടോ പോകും. അങ്ങനെ ഞരളത്ത് രാമപൊതുവാൾ എന്ന ആ വലിയ കലാകാരന്റെ വ്യക്തിത്വം എന്റെ മനസ്സിൽ  ആഴത്തിൽ പതിഞ്ഞിരുന്നു.

തൃത്താലയുടെ ചെണ്ടയുടെ ഒാർമ

പിന്നെ, സ്കൂൾ ഒാഫ് ഡ്രാമയിൽ അവസാന വർഷവിദ്യാർഥിയായ സമയത്ത് ഒരിക്കൽ തൃത്താല കേശവ െപാതുവാൾ  അവിടെ വന്നെത്തി. അദ്ദേഹം ഒരു ദിവസം രാവിലെ  ഹോസ്റ്റലിൽ കയറി വന്നു. നല്ല ലഹരിയിലാണല്ലോ വരവ്. ആരോ യാത്രയ്ക്കിടെ അവിടെ ഡ്രോപ്പ് ചെയ്തതാണ്. ഞങ്ങൾ ഒരു മുറി അദ്ദേഹത്തിന് ഒഴിഞ്ഞു കൊടുത്തു. പിറ്റേന്നെപ്പോഴാ പോകുകയും ചെയ്തു. അദ്ദേഹത്തിന്റെ ചെണ്ട അവിടെ വച്ചിട്ടാണ് പോയത്.  ഞാൻ ആ ചെണ്ട ഒരു മേശപ്പുറത്ത് എടുത്തു വച്ചിട്ട് പറഞ്ഞു: ‘‘ആരും ഇതിന്റെ മേലെ കൈ വയ്ക്കരുത്.’’ പിന്നെ, നാലു ദിവസം ആ ചെണ്ട അവിടെ അങ്ങനെ തന്നെ ആരും െതാടാതെ ഇരിപ്പുണ്ടായിരുന്നു. പിന്നീട് ആശാന്റെ ശിഷ്യരായ ര ണ്ട് ചെറുപ്പക്കാർ വന്ന് ആ ചെണ്ട എടുത്തുെകാണ്ടുപോയി.  

ഈ കലാകാരന്മാരിൽ പലരുടെയും ചിത്രങ്ങൾ എന്റെ മനസ്സിൽ പതിഞ്ഞു കിടന്നിരുന്നു. എൺപതുകളിലെ പല കലാകാരന്മാരുടെയും ജീവിതം അങ്ങനെയായിരുന്നു. അവർക്കൊന്നും കൃത്യമായ യാത്രാപദ്ധതികളില്ല. എവിടെയോ ചെന്നിറങ്ങുന്നു. അവിടെ രാവു തങ്ങുന്നു. പിന്നെയും എങ്ങോട്ടേക്കെന്നില്ലാതെ പുറപ്പെടുന്നു. വഴികൾ അവർക്കു മുന്നിൽ നീണ്ടു കിടക്കുന്നു. ഇടയ്ക്കു തങ്ങുന്ന സ്ഥലങ്ങളൊക്കെ അവർക്ക് വഴിയമ്പലങ്ങൾ മാത്രം...

ആ കാലത്തൊരിക്കലാണ് സുരാസുവേട്ടൻ തൃശൂരെത്തുന്നത്. ധരിച്ചിരിക്കുന്ന വേഷവും മാറാപ്പു പോലുള്ള കാവി ഭാണ്ഡവും മാത്രം സ്വന്തം. അദ്ദേഹത്തെ പരിചയമുള്ള എല്ലാവർക്കും അറിയാം–മദ്യമാണ് അദ്ദേഹത്തിന്റെ ബലഹീനത. ഞാൻ സുരാസുവേട്ടനോട് പറഞ്ഞു,‘‘ഇവിടെ താമസിക്കാം കുറച്ച് ദിവസത്തേക്ക്. പക്ഷേ, മദ്യപിക്കരുത്. വാക്ക് തരണം..’’

‘‘ശരി മോനേ..’’ അദ്ദേഹം സമ്മതിച്ചു. അങ്ങനെ ഞങ്ങൾ സുരാസുവേട്ടനെ അവിടെ ഒരു മുറിയിൽ താമസിപ്പിച്ചു. പിന്നീടുള്ള പ്രഭാതത്തിൽ ഞാൻ കാണുന്നത് കുളിമുറിയുണ്ടെങ്കിലും അവിടെ പോകാതെ രാവിലെ അവിടുത്തെ കിണറ്റിന്റെ കരയിൽ നിന്ന് ബക്കറ്റിൽ വെള്ളം കോരി കുളിക്കുന്ന സുരാസുവേട്ടനെയാണ്. മദ്യപിക്കില്ലെന്ന വാക്ക് സുരാസുവേട്ടൻ തെറ്റിച്ചില്ല. ഹോസ്റ്റലിലിരുന്ന് പുസ്തകം വായിച്ചും ഒരുപാട് കാര്യങ്ങൾ സംസാരിച്ചും പഴയ അനുഭവങ്ങൾ ഞങ്ങളോട് പങ്കിട്ടും അദ്ദേഹം സമയം ചെലവിട്ടു. അദ്ദേഹത്തിന്റെ വാക്കുകളിലും അഗാധമായ അനുഭവങ്ങളിലും ലയിച്ച് എത്രയോ വൈകിയ രാവുകളിൽ ഉറക്കം മറന്നിരുന്നിട്ടുണ്ട്.

 ‘1964 ൽ കമ്യൂണിസ്റ്റ് പാർട്ടി പിളർന്ന ദിവസമാണ് തന്റെ ജീവിതത്തിലെ ഏറ്റവും വേദനിപ്പിച്ച ദിവസങ്ങളിലൊന്ന്’ എന്ന് അദ്ദേഹം പറഞ്ഞതോർക്കുന്നു. അപാരമായ വായനയുള്ള ആളാണല്ലോ. ഉള്ളിൽ ഒരു നർത്തകനും ഉണ്ടായിരുന്നു. ‘‘സുരാസുവേട്ടൻ എഴുത്ത് എന്തെങ്കിലും നോക്കൂ. നാടകം ആണെങ്കിൽ കൊള്ളാം. നമുക്ക് ഇവിടെ തന്നെ അവതരിപ്പിക്കാം.’’ ഞാൻ പലവട്ടം പറഞ്ഞു.

‘‘ആവാം മോനേ.. ’’ എന്ന് പറയും. പക്ഷേ, ഞങ്ങൾ ക്ലാസ്സി ൽ നിന്നു വരാൻ വൈകിയ ഒരു സന്ധ്യക്ക് അദ്ദേഹം പറയാതെ പോയ്ക്കളഞ്ഞു. എങ്ങോട്ടെന്നില്ലാത്ത മറ്റൊരു യാത്ര...

ഇവരെല്ലാവരും ഉണ്ട് പെരിങ്ങോടനിൽ. തൃത്താലയുണ്ട്. ഞരളത്ത് ആശാനുണ്ട്. സുരാസുവേട്ടനുണ്ട്. ഞാൻ കണ്ടുമുട്ടിയ അത്തരം ജന്മങ്ങളുെട ആകെത്തുകയാണ് ഞാനതിലേക്ക് കൊണ്ടു വന്നത്. ഏറ്റവും വലിയ പ്രചോദനം ഞരളത്ത് തന്നെ.

ഞരളത്ത് അന്തരിച്ച ശേഷമുള്ള കാലത്ത് എനിക്ക് അദ്ദേഹത്തിന്റെ മകൻ ഹരിഗോവിന്ദനുമായി സൗഹൃദമുണ്ടായിട്ടുണ്ട്. ഹരിക്ക് അറിയാമായിരുന്നു, പെരിങ്ങോടനിൽ തന്റെ അച്ഛന്റെ അംശം കലർന്നിട്ടുണ്ടെന്ന്.  

രണ്ടു സീനിലേ പെരിങ്ങോടൻ വരുന്നുള്ളൂ. ആ സീനിൽ തന്നെ നീലകണ്ഠനും പെരിങ്ങോടനും തമ്മിലുള്ള ബന്ധവും അടുപ്പവും ഒക്കെ വ്യക്തമായി പറയുന്നുണ്ട്. നീലകണ്ഠന്റെയുള്ളിലെ സംഗീതപ്രേമിക്ക് പെരിങ്ങോടനോട് വലിയ ബഹുമാനമുണ്ട്.  

ആ കലാകാരന്മാർ ഒാർമകൾ മാത്രം

‘രാവണപ്രഭു’വിൽ പെരിങ്ങോടന്റെ മകന്റെ കഥാപാത്രം വരുന്നുണ്ട്. രണ്ട് തലമുറകളുടെ വ്യത്യാസം അതിലൂടെ പ്രകടമാകുന്നു. നീലകണ്ഠന്റെ മകനാണെങ്കിലും കാർത്തികേയൻ വ്യത്യസ്തനാണ്. അയാൾ ബിസിനസുകാരനാണ്. എന്തായിരിക്കും പെരിങ്ങോടന്റെ മകൻ എന്ന ചിന്തയിൽ നിന്നാണ് ആ കഥാപാത്രം പിറന്നത്. മദ്യപിക്കാതെ, എന്നാലൊരു ഡിസ്റ്റലറിയിൽ ജോലി ചെയ്യുന്ന ആളാണ്. യഥാർഥ ജീവിതത്തിൽ മദ്യപാനം വലിയ ലഹരിയായി കൊണ്ടു നടന്ന പലരുടെയും മക്കൾ മദ്യപിക്കാറില്ല എന്ന യാഥാർഥ്യമുൾക്കൊണ്ടാണ് പെരിങ്ങോടന്റെ മകനെ അങ്ങനെ സൃഷ്ടിച്ചത്.

കുറച്ച് വർഷം മുൻപ് ഞാൻ, സ്കൂൾ ഒാഫ് ഡ്രാമയുടെ പ രിസരത്തു കൂടി സഞ്ചരിച്ചിരുന്നു. ക്യാംപസിന്റെ പഴയ അന്തരീക്ഷമൊക്കെ ഏറെ മാറിപ്പോയതായി തോന്നി. എങ്കിലും ഒാ ർമയിൽ ഗൃഹാതുരതയോടെ നിറഞ്ഞു, ‍‍ഞരളത്ത് ആശാന്റെ സോപാന സംഗീതവും തൃത്താലയുടെ ചെണ്ടയുടെ മുഴക്കങ്ങളും മുഴങ്ങിയ പഴയ സന്ധ്യകൾ. പഴയൊരു കാലത്തിന്റേതു മാത്രമായിരുന്ന, ദേശാടകരായ അനാർക്കികളുടെ വംശം ഇന്ന് ഇല്ലാതായിരിക്കുന്നു. കവി അയ്യപ്പന്റെ വേർപാടിലൂടെ അത്തരം കലാകാരന്മാരുടെ ഒരു പരമ്പര അവസാനിച്ചതു പോലെ എ നിക്കു തോന്നാറുണ്ട്...’’

പെരിങ്ങോടനിൽ വെറും ഒരു കഥാപാത്രത്തിനപ്പുറം ഒരു കാലഘട്ടത്തിലെ കലാകാരന്മാരുടെ ജീവിത മുദ്രയാണ് പതിഞ്ഞു കിടക്കുന്നത്. അതുകൊണ്ടാകും െവറും രണ്ടു സീനിൽ മാത്രം വരുന്ന, ‘ഹൃദയത്തിൽ സ്നേഹം മാത്രമുള്ള ആ താന്തോന്നി’യെ പ്രേക്ഷകർക്കു മറക്കാനാകാത്തത്.

Tags:
  • Movies