Wednesday 04 September 2024 02:57 PM IST : By രവി മേനോൻ

‘ഒരിക്കല്‍ വന്ന വാട്സാപ്പ് സന്ദേശത്തിലെ അവസാനവരികള്‍ ഏറ്റവും ഹൃദയഭേദകമായിരുന്നു’; നൊമ്പരം കൂടിയാണ് ആ ‘ജയഭാരതി’

teacher-nostalgia

തന്നെ ഒരുപാടു സ്വാധീനിച്ച ടീച്ചറിലേക്ക് വർഷങ്ങൾക്കു ശേഷം ഒരു നിയോഗം പോലെ എത്തിച്ചേർന്ന അനുഭവവുമായി രവി മേനോൻ...

ജയഭാരതിയുടെ ഛായയാണ് ടീച്ചർക്ക്. വാലിട്ടെഴുതിയ കണ്ണുകൾ. വടിവൊത്ത പുരികങ്ങൾ. ചുരുണ്ട മുടി. ചിരിക്കുമ്പോഴും ചൊടിക്കുമ്പോഴും ഒരുപോലെ ചുവന്നു തുടുക്കുന്ന മുഖം.

കയ്യിലെ പുസ്തകങ്ങൾ നെഞ്ചോടടുക്കിപ്പിടിച്ച് വരാന്തയിലൂടെ ടീച്ചർ നടന്നുവരുമ്പോൾ ഏഴാം  ക്ലാസിലെ സഹപാഠികൾ കുശുകുശുക്കും, ‘‘ദാ, വരുന്നു ജയഭാരതി ടീച്ചർ.’’

ഇംഗ്ലിഷാണ് ടീച്ചറുടെ മുഖ്യവിഷയം. ക്ലാസിൽ കർക്കശക്കാരി. അച്ചടക്കലംഘകരോട് തെല്ലുമില്ല ദാക്ഷിണ്യം. ബഹളം വയ്ക്കുന്നവരെയും ഹോംവ ർക്ക് ചെയ്യാത്തവരെയും കണക്കിന് ശകാരിക്കും. വ ലിയ പ്രശ്നക്കാരെ അധികം വേദനിപ്പിക്കാതെ നുള്ളും. അറ്റകൈക്കേ ഉള്ളൂ ചൂരൽ പ്രയോഗം.

എന്നോടു ചെറിയൊരു സോഫ്റ്റ്കോർണർ ഉണ്ടായിരുന്നു ടീച്ചർക്ക്. ക്ലാസിലെ ഏറ്റവും ചെറിയ കുട്ടികളിൽ ഒരാളായതുകൊണ്ട് മാത്രമല്ല, ഇംഗ്ലിഷിൽ മാർക്ക് കൂടുതൽ ലഭിക്കുന്നതുകൊണ്ടും. ടീച്ചറുടെ അച്ഛനും എന്റെ അച്ഛനും അടുത്ത സുഹൃത്തുക്കളായിരുന്നു എന്ന കാര്യവും ഉണ്ടാകാം.  

സുന്ദരിയായിരുന്നതു കൊണ്ട് മുതിർന്ന കുട്ടികൾക്കിടയിലും സഹപ്രവർത്തകർക്കിടയിലും നല്ലൊരു ആരാധകവൃന്ദവുമുണ്ടായിരുന്നു. ഹൈസ്‌കൂൾ ക്ലാസിലെ മധ്യവയസ്കനായ ഒരു മാഷിന് ടീച്ചറോട് പ്രണയമുണ്ടായിരുന്നു എന്ന കിംവദന്തി വേറെ.

പൊതുവെ ഏകാകിയായിരുന്നു ടീച്ചർ. അധികം സൗഹൃദങ്ങളില്ല. ടീച്ചറുടെ തന്നെ പൂർവാധ്യാപകനായ ഹെഡ്മാസ്‌റ്ററോടായിരുന്നു ആകെയുള്ള അടുപ്പം. ആദരണീയനായ ആ പുരോഹിതന്റെ  പ്രിയശിഷ്യയായിരുന്നു ഒരു കാലത്ത് ടീച്ചർ.

ഇംഗ്ലിഷ് ഉച്ചാരണത്തിന്റെ ബാലപാഠങ്ങൾ പഠിപ്പിച്ചതു ടീച്ചറാണ്. ഭാഷയെ മെരുക്കാൻ കഴിയുമെന്ന ആത്മവിശ്വാസം ഉള്ളിൽ നിറച്ചതും. ക്യൂൻ അല്ല ക്വീൻ ആണ് ശരിയെന്നും പോലീസെന്നല്ല പൊലീസ് എന്നാണ് ഉച്ചരിക്കേണ്ടതെന്നുമൊക്കെ പറഞ്ഞു തന്നു. ദിവസവും കോപ്പി എഴുതിച്ചു. വടിവൊത്ത അക്ഷരങ്ങളിൽ എഴുതിക്കൊണ്ടു ചെന്നപ്പോഴെല്ലാം അപൂർവമായ ഒരു ചിരി സമ്മാനിച്ച് പുറത്തു തട്ടി അഭിനന്ദിച്ചു. അന്നത്തെ പന്ത്രണ്ടുകാരന് അതൊക്കെ അമൂല്യ അംഗീകാരങ്ങളായിരുന്നു. സ്വന്തം വീട്ടിൽ നിന്നു പോലും കിട്ടാത്തവ.

ഹൈസ്‌കൂളിലേക്ക് സ്ഥാനക്കയറ്റം കിട്ടിയതോടെ ടീച്ചറുമായുള്ള ബന്ധം മുറിഞ്ഞു. പത്താം ക്ലാസ് പാസായി കോളജിൽ ചേരാൻ വയനാട്ടിൽ നിന്നു കോഴിക്കോട്ടേക്ക് ബസ് കയറുക കൂടി ചെയ്തതോടെ  തമ്മിൽ കാണുന്നത് പോലും ഇല്ലാതായി. ടീച്ചർ വിവാഹാനന്തരം മുംബൈയിൽ ചേക്കേറിയതും പോസ്റ്റ്ഗ്രാജുവേഷൻ പൂർത്തിയാക്കി അംബ ർനാഥിലെ ഏതോ കോളേജിൽ അധ്യാപികയാ യതുമൊക്കെ പിന്നീടാണറിഞ്ഞത്.

എങ്കിലും ഇംഗ്ലിഷ് പത്രത്തിൽ സബ് എഡിറ്ററായി അരങ്ങേറ്റം കുറിച്ച ദിവസം ആദ്യം ഓർത്തത് ടീച്ചറെയാണ്. ഇംഗ്ലിഷിൽ നേരാംവണ്ണം ഒരു കത്തു പോലും എഴുതിയ ചരിത്രമില്ലാത്ത ഒരുവന്‍ ഇംഗ്ലിഷ് ജേണലിസത്തെ കീഴടക്കാൻ കച്ചകെട്ടിയിറ   ങ്ങുന്നു. ഭാഷയുടെ ബാലപാഠങ്ങൾ അഭ്യസിപ്പിച്ച ടീച്ചറോടല്ലാതെ മറ്റാരോടാണ് ആ നിമിഷം അനുഗ്രഹം തേടേണ്ടത്? മനസ്സുകൊണ്ടെങ്കിലും ടീച്ചർ  എന്നെ അനുഗ്രഹിച്ചിരിക്കും. തീർച്ച. ഇല്ലെങ്കിൽ വലിയ ചീത്തപ്പേര് കേൾപ്പിക്കാതെ  ഒരു വ്യാഴവട്ടക്കാലം ദേശീയ പത്രത്തിൽ സ്പോർട്സ് ലേഖകനായി പിഴച്ചുപോവില്ലല്ലോ.

തെല്ലും നിനച്ചിരിക്കാതെ ഒരു നാൾ ടീച്ചർ വീണ്ടും ജീവിതത്തിലേക്കു കടന്നുവന്നതു കോവിഡ് കാലത്താണ്. സ്കൂളിലെ എന്റെ സഹപാഠി കൂടിയായ ടീച്ചറുടെ അനിയത്തിയാണ് ആ പുനഃസമാഗമത്തിന് വഴിയൊരുക്കിയത്. സ്‌കൂൾ വിട്ടശേഷമുള്ള എന്റെ ജീവിതത്തെക്കുറിച്ച് ഒന്നുമറിയില്ലായിരുന്നു ടീച്ചർക്ക്. അറിഞ്ഞപ്പോൾ വാട്സ്ആപ്പിൽ അദ്ഭുതത്തോടെ ചോദിച്ചു അവർ, ‘അധികം കൂട്ടുകാരൊന്നുമില്ലാത്ത, ലജ്ജാശീലനായ ഇത്തിരിപ്പോന്ന ആ കുട്ടിയിൽ ഒരു എഴുത്തുകാരൻ ഉണ്ടെന്ന് അന്നറിഞ്ഞില്ല. അറിഞ്ഞെങ്കിൽ പ്രോത്സാഹിപ്പിച്ചേനെ.’’

സ്വന്തം ജീവിതത്തെ കുറിച്ച് സംസാരിക്കാൻ മടിയായിരുന്നു ടീച്ചർക്ക്. ഇഷ്ടത്തോടെ സംസാരിച്ചത് മുഴുവൻ ഞങ്ങളുടെ കൊച്ചു വയനാടൻ സ്‌കൂളിൽ ചെലവഴിച്ച നാളുകളെ കുറിച്ച്. ഇടക്കൊരിക്കൽ ഞാനൊരു കുസൃതിച്ചോദ്യം ചോദിച്ചു,‘‘അന്ന് ടീച്ചറെ ‘ജയഭാരതി ടീച്ചർ’ എന്നാണു ഞങ്ങൾ വിളിച്ചിരുന്നത്. അറിയുമോ?’’

മറുപടിയൊന്നും തന്നില്ല ടീച്ചർ. വാട്സാപ്പ് നിശബ്ദം. ചോദിച്ചത് ടീച്ചർക്ക് ഇഷ്ടപ്പെട്ടില്ലെന്ന് വരുമോ? ജാള്യം തോന്നി. എഴുപതു വയസ്സുകാരിയോടു ചോദിക്കാവുന്ന ചോദ്യമായിരുന്നോ അത്?

എന്നാൽ എന്നെ അദ്ഭുതപ്പെടുത്തിക്കൊണ്ട് രണ്ടു ദിവസം കഴിഞ്ഞു ടീച്ചറുടെ മറുപടി വരുന്നു. ‘‘ക്ഷമിക്കണം രവി. ആ ചോദ്യം എന്നെ ഒരുപാട് പിന്നിലേക്ക് കൊണ്ടുപോ യി; ഒരിക്കലും തിരിച്ചുവരാത്ത ഒരു കാലത്തേക്ക്. രവിക്കറിയുമോ? എനിക്ക് കുറച്ചു കാലമായി ലിവർ സിറോസിസ് ആണ്. ശരീരം വല്ലാതെ ക്ഷീണിച്ചു. മുഖമൊക്കെ ആകെ മാറി. ഇനിയൊരിക്കലും എന്നെ കണ്ടാൽ രവി തിരിച്ചറിയുമെന്ന് തോന്നുന്നില്ല. എനിക്കുതന്നെ എന്നെ തിരിച്ചറിയാൻ കഴിയുന്നില്ല; പിന്നെയല്ലേ നാൽപ്പത് കൊല്ലം മുൻപ് എന്നെ അവസാനമായി കണ്ട രവിക്ക്.’’

വാട്സാപ്പ് പ്രൊഫൈലിൽ പോലും ടീച്ചർ സ്വന്തം പടമിട്ടിരുന്നില്ല  എന്നോർത്തത് അപ്പോഴാണ്.  ഒരു ചുവന്ന പനിനീർപുഷ്‌പം എന്നും ചിരിതൂകി നിന്നു അവിടെ.

മറ്റു ചില ഒാര്‍മകള്‍ കൂടി പങ്കുവച്ചു ടീച്ചർ. ‘‘എന്റെ മോന് മൂന്നോ നാലോ വയസ്സു പ്രായമുള്ളപ്പോൾ ഞങ്ങൾ ടെലിവിഷനിൽ പഴയൊരു സിനിമ കാണുകയായിരുന്നു. ഒരു സീനിൽ ജയഭാരതിയെ കണ്ടപ്പോൾ അവൻ കരച്ചിൽ നിർത്തി സ്‌ക്രീനിൽ ചൂണ്ടിക്കൊണ്ട് പറഞ്ഞു, ‘അതാ അമ്മ.’ രവിയുടെ വാക്കുകൾ കേട്ടപ്പോൾ അതും ഓർമവന്നു.

പിന്നീടൊരിക്കൽ സ്കൂൾ വിട്ട് ചുണ്ടേൽ എസ്റ്റേറ്റ് റോഡിലൂടെ ഒറ്റയ്ക്ക് വീട്ടിലേക്ക് തിരിച്ചുപോകവേ പരിചയമില്ലാത്ത  ഒരു പെൺകുട്ടി എങ്ങുനിന്നോ ഓടിയെത്തി അന്തം വിട്ടു മുഖത്തേക്ക് നോക്കി നിന്നതും മറന്നിട്ടില്ല. ജയഭാരതി എന്ന് മന്ത്രിക്കുന്നുണ്ടായിരുന്നു ആ കൊച്ചു ചുണ്ടുകൾ. സൗന്ദര്യമൊക്കെ ഓരോരുത്തരുടെ തോന്നലാണ്. എന്തായാലും ആ കാലമൊക്കെ എങ്ങോ പോയിമറഞ്ഞു. ഇനി ഓർത്തിട്ടെന്ത് കാര്യം.’’

എന്തു മറുപടി പറയണമെന്ന് അറിയില്ലായിരുന്നു. ഇത്രമാത്രം എഴുതി:‘‘ടീച്ചറുടെ സൗന്ദര്യം എന്റെ ഉള്ളിൽ ഒരിക്കലും മങ്ങില്ല. മുഖത്തിന്റെ മാത്രമല്ല, മനസ്സിന്റെയും.’’

ഞാന്‍ എഴുതുന്ന ലേഖനങ്ങളും ഫെയ്സ്ബുക്ക് കുറിപ്പുകളും മുടങ്ങാതെ അയച്ചുകിട്ടണം എന്ന് നിർബന്ധമുണ്ടായിരുന്നു ടീച്ചര്‍ക്ക്. എത്ര ചെറിയ കുറിപ്പുകളാണെങ്കിലും വായിച്ച് അഭിപ്രായമറിയിക്കും. ഇംഗ്ലിഷ് ഭാഷയുടെ പ്രൗഢിയും ലാവണ്യവും ലാളിത്യവുമൊക്കെ പീലിവിടർത്തി നിന്നു ടീച്ചറുടെ സന്ദേശങ്ങളിൽ. ഒരിക്കല്‍ എഴുതി, ‘‘രവി വിശ്വസിച്ചാലും ഇല്ലെങ്കിലും എന്നെ ഇപ്പോൾ ജീവിപ്പിച്ചു നിർത്തുന്നത് രവിയുടെ എഴുത്ത് കൂടിയാണ്. ധാരാളം പോസിറ്റിവ് എനർജി തരുന്നു അത്’’

ഗുരുദക്ഷിണയായി കണക്കാക്കിയാൽ മതി എന്ന് എന്റെ മറുപടി. ടീച്ചറുടെ വാക്കുകൾ എനിക്ക് തരുന്ന എന ർജി എത്രയെന്ന് ടീച്ചർക്ക് അറിയില്ലല്ലോ.

ഇടക്ക് വാട്സാപ്പിലെ ആശയവിനിമയത്തിൽ പ്രതീക്ഷിക്കാത്ത ഇടവേളകൾ വരും. മൗനമവസാനിപ്പിച്ചു തിരിച്ചു വരുമ്പോൾ ക്ഷമാപണപൂർവം അവർ എഴുതും: ‘‘ഒരാഴ്ച ആശുപത്രിയിലായിരുന്നു.’’ ഒരിക്കല്‍ ഇങ്ങനെ വന്ന സന്ദേശത്തിലെ അവസാനവരികളായിരുന്നു ഏറ്റവും ഹൃദയഭേദകം. ‘‘ഒരാഴ്ചയിലേറെ എന്റെ മെസേജുകൾ ഒന്നും കണ്ടില്ലെങ്കിൽ രവി കരുതിക്കൊള്ളുക; ഞാൻ ഈ ലോകത്തില്ല എന്ന്. എങ്കിലും ദുഃഖിക്കരുത്. ടീച്ചർ രക്ഷപ്പെട്ടു എന്നു കരുതിയാൽ മതി. നല്ലൊരു മരണം കൊടുക്കണേ എന്ന് എനിക്ക് വേണ്ടി ഈശ്വരനോട് പ്രാർഥിക്കണം...’’

സംസാരത്തിൽ ക്ഷീണമുണ്ടായിരുന്നെങ്കിലും ടീച്ചറുടെ ഭാഷയെ, ശൈലിയെ അത് തെല്ലും ബാധിച്ചിരുന്നില്ല. ഓരോ സന്ദേശവും വായിക്കുമ്പോൾ എന്തുകൊണ്ട് ടീച്ചർ ഒരു എഴുത്തുകാരിയായില്ല എന്നോർത്ത് അദ്ഭുതം തോന്നും. അത്രയും കാവ്യാത്മകമായിരുന്നു എഴുതിയ ഒാരോ വരികളും.

2023 ഫെബ്രുവരിയിലാണ് ടീച്ചറുടെ അവസാന സന്ദേശം വന്നത്. പ്രസാദമധുരമായ ഒരു പ്രകൃതി ദൃശ്യം. അകലെയെങ്ങോ കുന്നിൻചെരിവിൽ നിന്ന് കാൽത്തളകൾ കിലുക്കി ഒഴുകിവരുന്ന ഒരു അരുവി. തീരത്തിരുന്ന് ആ അരുവിയെ നോക്കി നിഷ്കളങ്കമായി പുഞ്ചിരിക്കുന്ന ഒരു പെൺകുട്ടി. ചിത്രത്തിനൊപ്പം ഒരു ആശംസയും: ‘‘ഗുഡ് നൈറ്റ്, രവി. സ്ലീപ് പീസ്‌ഫുള്ളി.’’

സമാധാനപൂർണമായ നിദ്ര ആശംസിച്ചു പിരിഞ്ഞ ടീച്ചർ പിന്നീട് വാട്സാപ്പിൽ വന്നതേയില്ല. എല്ലാ വേദനകൾക്കും വിരാമമിട്ട് ചേച്ചി യാത്രയായ വിവരം രണ്ടാഴ്ച കഴിഞ്ഞു വിളിച്ചറിയിച്ചത് അനിയത്തിയാണ്. 2023 ഫെബ്രുവരി 22 നായിരുന്നു വിയോഗം.

ജയഭാരതിക്ക് എഴുപത് തികഞ്ഞ വാർത്ത അറിഞ്ഞപ്പോൾ ടീച്ചറുടെ ഓർമകൾ വീണ്ടും വന്നു മനസ്സിനെ പൊതിഞ്ഞു; ജ്വലിക്കുന്ന ആ മുഖം വീണ്ടും കൺമുന്നിൽ തെളിഞ്ഞു. കണ്ണുകൾ അറിയാതെ നിറഞ്ഞു. ജയഭാരതിയുടെ ഓർമകളിൽ നിന്ന് ടീച്ചറെയും ടീച്ചറുടെ ഓർമകളിൽ നിന്ന് ജയഭാരതിയെയും ഒരിക്കലും അടർത്തിമാറ്റാനാകില്ലല്ലോ എനിക്ക്.

Tags:
  • Movies