Thursday 31 January 2019 04:48 PM IST : By വി. ആർ. ജ്യോതിഷ്

മണിച്ചേട്ടനെ എന്തിനാണിങ്ങനെ കൊല്ലുന്നത് ? ഭാര്യ നിമ്മി വനിതയോട് മനസ്സു തുറക്കുന്നു

nimmy
ഫോട്ടോ: ശ്രീകാന്ത് കളരിക്കൽ

മണി ഇല്ലാത്ത മണികൂടാരത്തിേലക്കാണ് ഈ യാത്ര. മരണത്തിെന്‍റ അന്തരീക്ഷം ഇപ്പോഴും ഇവിെട മാറിയിട്ടില്ല. എവിെടേയാ ചില ദുരൂഹതകളുെട നിഴല്‍ വീണു കിടക്കും പോെല.  
നാടിെന്‍റ നാനാഭാഗത്തു നിന്നും അന്യ സംസ്ഥാനങ്ങളില്‍ നിന്നെല്ലാം ഇപ്പോഴും ആളുകള്‍ ഇവിേടക്കു വരുന്നു. മണിയു െട ചിത കണ്ടു െതാഴുതു മടങ്ങാന്‍. പലരും ചിതയുെട മുന്നില്‍ നിന്നു കരയുന്നു. ചിലര്‍ മണിേയാടായി എെന്താെക്കയോ പറയുന്നു. ഇരിങ്ങാലക്കുടയില്‍ നിന്നു വന്ന ഒരു സ്ത്രീ സാരിത്തലപ്പു െകാണ്ടു കണ്ണീരൊപ്പി ചിതയുെട മുന്നില്‍ നിന്നു േചാദി ച്ചു, ‘‘എന്തിനാ മണിച്ചേട്ടാ... ഞങ്ങളെ ഇത്ര പെെട്ടന്നു വിട്ടേച്ചു േപാേയ... എന്തിനാ  ഞങ്ങളെ ഇങ്ങനെ കരയിപ്പിക്കുന്നേ...’ വീടിനകത്തു നിശബ്ദത തളംെകട്ടി നില്‍ക്കുന്നു. മണി ഏൽപ്പിച്ചു േപായ വലിയ ഉത്തരവാദിത്തങ്ങൾ േപറി സഹോദരൻ രാമകൃഷ്ണൻ ഓടിനടക്കുന്നു. ബന്ധുക്കള്‍ പലരും ഇപ്പോഴും ഇവിെട.

മുന്‍പ് അഭിമുഖങ്ങള്‍ക്കു വരുമ്പോള്‍  മണി വന്നിരുന്ന് പൊട്ടിച്ചിരിപ്പിച്ചിരുന്ന മുറിയാണിത്. ഉള്ളിലെവിെടേയാ നിന്ന് മണിയുെട ശബ്ദം ഒഴുകി വരും പോെല....

‘ഉമ്പായി കുഞ്ഞാണ്ടീ... പ്രാണന്‍ കത്തണമ്മാ....
വയണ പൊട്ടിച്ച്.... പാപ്പണ്ടാക്കണമ്മാ....’

മണിയുടെ കുടുംബത്തില്‍ ഒരംഗത്തെപ്പോലെയാണു വനിത മാസിക. അതുകൊണ്ടു ഏറ്റവും േവണ്ടപ്പെട്ടവരോടു മനസ് തുറക്കും േപാെല നിമ്മി ദുഃഖങ്ങള്‍ പങ്കുവച്ചു.

ആകെ ദുരൂഹമാണ് മണിയുെട മരണവും?

എല്ലാ സത്യവും പുറത്തുവരണം എന്നു തന്നെയാണ് ‍ഞങ്ങൾക്കും പറയാനുള്ളത്. എല്ലാവർക്കും നല്ലതുമാത്രം വരണമെന്ന് ആഗ്രഹിച്ച ഒരാളായിരുന്നു അേദ്ദഹം. ഒരാളിന് നൂറു രൂപ കൊടുത്താലും  എന്നോടും  മോളോടും പറയും. അച്ഛൻ ഇന്ന് ഒരു പാവത്തിെന കണ്ടു, അപ്പോ അച്ഛന്‍റെ െെകയില്‍ ഇത്ര രൂപയേ ഉണ്ടായിരുന്നൊള്ളൂ– അതു െകാടുത്തു,  അച്ഛൻ പഠിച്ച സ്കൂളിന് ബസ് വാങ്ങിക്കൊടുക്കാൻ പോകുന്നു എന്നൊക്കെ എല്ലാ കാര്യങ്ങളും... ഞങ്ങൾക്ക് അതിൽ സന്തോഷമേ ഉണ്ടായിരുന്നുള്ളൂ. കാരണം ഇല്ലായ്മ നന്നായി അറിഞ്ഞുവന്ന ഒരാളാണു ഞാനും.

പൊതുസ്ഥലത്തെങ്ങും മണി കുടുംബസമേതം പ്രത്യക്ഷപ്പെടാറില്ലായിരുന്നു?

അത് എനിക്ക് ഇഷ്ടമില്ലാത്തതുകൊണ്ടായിരുന്നു. ആദ്യമാദ്യം ഞങ്ങൾ ഒരുമിച്ചു ലൊക്കേഷനിലൊക്കെ പോകുമായിരുന്നു. പിന്നെപ്പിന്നെ എനിക്കുതന്നെ ബോറടിക്കാൻ തുടങ്ങി. ഒന്നുകിൽ ലോക്കേഷനിൽ പോയി വെറുതെയിരിക്കണം. അല്ലെങ്കിൽ റൂമിലിരിക്കണം. പിന്നെ മോളുണ്ടായപ്പോൾ ഞാൻ തന്നെ പറഞ്ഞു. ഇനി പരിപാടിക്കൊന്നും ഞാനില്ല. മോളെയും നോക്കി ഞാൻ ഇവിടെത്തന്നെ കഴിഞ്ഞോളാമെന്ന്.

അവധിക്കാലത്ത് മിക്കവാറും വിദേശത്തുപോകും. അതിനൊക്കെ മോളുടെ ഇഷ്ടമാണു നോക്കിയിരുന്നത്. വിദേശത്തു പോകുമ്പോഴേ ആൾക്കൂട്ടമില്ലാതെ മണിച്ചേട്ടനെ കാണാൻ കഴിയൂ. ഞാനും മോളും അങ്ങനെെയാെക്ക പറഞ്ഞു കളിയാക്കാറുണ്ടായിരുന്നു. പക്ഷേ, ഈ അടുത്തൊന്നും വിദേശത്തു പോയില്ല. ഞങ്ങൾ വയനാട്ടിൽ പോയിരുന്നു. നാലഞ്ചു ദിവസം ഞങ്ങൾ വയനാട്ടിലുണ്ടായിരുന്നു. അന്നു തിരക്കൊന്നുമില്ലാതെ അവിെട  നിന്നു. പിന്നെ മോൾക്ക് സ്കുളിെല പഠിത്തം കളഞ്ഞിട്ട് ടൂറിനു പോകുന്നതൊന്നും ഇഷ്ടമല്ല. ഇപ്രാവശ്യം വയനാട്ടിൽ പോയപ്പോൾ തന്നെ അവളു പ്രശ്നം ഉണ്ടാക്കി. പത്താം ക്ലാസാണ് എന്നൊക്കെ പറഞ്ഞ്...

മോളെ നന്നായി പഠിപ്പിക്കണമെന്നൊരു ആഗ്രഹം മണി പലയിടങ്ങളിലും പ്രകടിപ്പിക്കാറുണ്ടായിരുന്നു...

നന്നായി പഠിക്കാൻ ആഗ്രഹമുള്ള ആളായിരുന്നു മണിച്ചേട്ടൻ. പലപ്പോഴും വിശന്നു തലകറങ്ങി ക്ലാസിൽ വീണിട്ടുള്ള കാര്യമൊക്കെ എന്നോടു പറഞ്ഞിട്ടുണ്ട്. കഴിക്കാൻ ആഹാരം കിട്ടിയിരുന്നെങ്കിൽ മണിച്ചേട്ടൻ നന്നായി പഠിച്ചേനേ... സ്കൂളിൽ മറ്റുള്ളവർക്ക് ഒരു സഹായിയായി നിന്നത്  ആഹാരത്തിനു വേണ്ടിയായിരുന്നു. സ്കൂളിൽ മാത്രമല്ല നാട്ടിലും. എനിക്കോ പഠിക്കാൻ കഴിഞ്ഞില്ല. എന്റെ കുട്ടിയെങ്കിലും പഠിക്കണം എന്നു കൂടെക്കൂടെ പറയുമായിരുന്നു. മോേളാട് എപ്പോഴും പറയും. ‘അച്ഛന് പഠിക്കാനുള്ള സാഹചര്യം ഉണ്ടായിരുന്നില്ല. പക്ഷേ,  മോളെ പഠിപ്പിക്കാനുള്ള സാഹചര്യം അച്ഛനുണ്ട്. അതുകൊണ്ടു മോള് നന്നായി പഠിക്കണം.’ എന്നൊക്കെ...

അതു കേട്ട് മോള് എന്തു പറയും?

അച്ഛൻ മരിച്ച് മൂന്നാം ദിവസം അവൾക്കു പരീക്ഷയായിരുന്നു. േമാളു പോയി പരീക്ഷ എഴുതി. അവളു പറഞ്ഞത് അച്ഛന്റെ ആഗ്രഹംപോലെ ഞാൻ പഠിക്കും എന്നാണ്. ഇപ്പോൾ അവൾ ഒരു കാര്യമേ പറയുന്നുള്ളൂ; അച്ഛന്റെ ആത്മാവിന് നിത്യശാന്തി കിട്ടണമെങ്കിൽ അച്ഛന്റെ ആഗ്രഹം പോലെ പഠിക്കണം.

ചാലക്കുടിയിൽ പാവപ്പെട്ടവർക്ക് ഒരു ആശുപത്രി മണിയുടെ ആഗ്രഹമായിരുന്നില്ലേ?

അക്കാര്യങ്ങളെല്ലാം മോളോടു പറഞ്ഞിട്ടുണ്ട്. മോളു ഡോക്ടറായിട്ട് ചാലക്കുടിയിൽ ഒരു ആശുപത്രി കെട്ടണം. അവിടെ പാവപ്പെട്ടവർക്ക് സൗജന്യചികിത്സ കൊടുക്കണം. പാവപ്പെട്ടവരോട് കാരുണ്യമുള്ള ഡോക്ടറായിരിക്കണം എന്നൊക്കെ മോേളാടു പറഞ്ഞിട്ടുണ്ട്. മോൾക്ക് എന്നെക്കാളും അവളുടെ അച്ഛനോടാണ് അടുപ്പം. അതുകൊണ്ട് അച്ഛൻ പറഞ്ഞതുപോലെ അവൾ ചെയ്യൂ. എല്ലാ ദുഃഖവും ഉള്ളിലൊതുക്കിയാണ് എന്റെ കുഞ്ഞ് പരീക്ഷ എഴുതാൻ  പോകുന്നത്.  അപ്പോഴൊക്കെ അവൾ പറയുന്നത് അച്ഛനു കൊടുത്ത വാക്കു പാലിക്കണം എന്നാണ്.

മറ്റുള്ളവരു പറയുന്നതുപോലെ നിങ്ങളുടെ ദാമ്പത്യത്തിൽ അകൽച്ചയുണ്ടായിരുന്നോ?

ഒരിക്കലുമില്ല. അതല്ലേ ഞാൻ പറഞ്ഞത് പറയുന്നവർക്ക് എന്തും പറയാം. സത്യം ഞങ്ങൾക്കറിയാം. ൈദവത്തിനുമറിയാം. മണിച്ചേട്ടന്‍ മരിച്ചു കിടക്കുന്നതിനടുത്ത് എെന്ന കണ്ടില്ല, ഞാന്‍ കരയുന്നതു കണ്ടില്ല എെന്നാെക്കയും ചിലര്‍ പറയുന്നതു കേട്ടു. ഒന്നാേലാചിച്ചു നോക്കൂ, ഭര്‍ത്താവ് മരിച്ചു കിടക്കുമ്പോള്‍ ഏതു ഭാര്യയ്ക്കാണ് ഇങ്ങനെ േപാസ് െചയ്യാന്‍ സാധിക്കുക, എല്ലാവരും ഫോട്ടോ എടുക്കുന്നുണ്ടോ എന്നു ശ്രദ്ധിക്കാന്‍ പറ്റുക? എന്താ നമ്മുെട േലാകം ഇങ്ങനെ ആയി േപായത് അല്ലേ?

നിങ്ങളുടേത് പ്രണയവിവാഹമായിരുന്നോ?

പ്രണയവിവാഹമായിരുന്നില്ല. പക്ഷേ, ഞങ്ങൾ പരസ്പരം കണ്ട് ഇഷ്ടപ്പെട്ടതിനുശേഷമാണു വിവാഹം കഴിച്ചത്. ഞങ്ങളുെട ഒരു ബന്ധുവഴി വന്ന ആലോചനയായിരുന്നു. എന്നെക്കാണാൻ മണിച്ചേട്ടൻ വരുമെന്നു ബന്ധു പറഞ്ഞു. പക്ഷേ, മണിച്ചേട്ടൻ വീട്ടിൽ വന്നില്ല. അതിനും അദ്ദേഹത്തിനു കാരണമുണ്ടായിരുന്നു. അദ്ദേഹം വീട്ടിൽ വന്ന് എന്നെ കണ്ടിട്ടുപോയതിനുശേഷം എങ്ങാനും ഈ വിവാഹം നടക്കാതെ വന്നാൽ ആൾക്കാരു പറയും പണ്ടു കലാഭവൻ മണി കണ്ടിട്ട് ഇഷ്ടപ്പെടാതെ പോയ പെൺകുട്ടിയാണെന്ന്. അങ്ങനെയൊരു പേരുദോഷം എനിക്ക് ഉണ്ടാകേണ്ടെന്ന് കരുതിയാണു മണിച്ചേട്ടൻ പറഞ്ഞത് വേറെ എവിടെയെങ്കിലും വച്ചു കണ്ടാൽ മതിയെന്ന്.
പിന്നെ ഇവിടെ അടുത്ത് കണ്ണമ്പുഴ േക്ഷത്രത്തിൽ വച്ച് കണ്ടു. ഇഷ്ടമായി എന്നു പറഞ്ഞു. പിന്നീടാണ് വിവാഹം ഉറപ്പിക്കലും മറ്റുമൊക്കെ നടന്നത്.

അന്ന് കല്യാണം ആലോചിക്കാൻ വന്ന സമയത്തൊക്കെ മണിയെ അറിയാമായിരുന്നോ നിമ്മിക്ക് ?

ഇങ്ങനെയൊരു ആള് ചാലക്കുടിയിൽ നിന്നു സിനിമയിൽ വന്നിട്ടുണ്ടെന്ന് അറിയാമായിരുന്നു. ചില സിനിമകളൊക്കെ കണ്ടിരുന്നു. പക്ഷേ,  ഞാെനാരിക്കലും നേരിട്ടു കണ്ടിരുന്നില്ല. അന്ന് ആറാംതമ്പുരാനൊക്കെ ഇറങ്ങുന്ന സമയമാണ്.

സിനിമയിൽ എത്തുന്നതിനുമുമ്പേ നാടൻപാട്ടിലൂടെ മണി പ്രശസ്തനായിരുന്നില്ലേ?

കല്യാണത്തിനു മുമ്പുള്ള കാര്യങ്ങളൊന്നും അങ്ങനെ അറിഞ്ഞുകൂടാ. മിമിക്രിയിലൂെടയും നാടന്‍പാട്ടിലൂടെയും ഒെക്ക മണിച്ചേട്ടന്‍ നാട്ടില്‍ പ്രശസ്തനായിരുന്നു. പക്ഷേ, കല്യാണശേഷം പാട്ടുപാടാൻ പോകുന്നതിനു മുമ്പ് ഞങ്ങളെ പാടിക്കേൾപ്പിച്ച് അഭിപ്രായം ചോദിക്കും. നാടന്‍പാട്ടിെന്‍റ സിഡി ഇറക്കുമ്പോള്‍ പാടിക്കഴിഞ്ഞാൽ ആ സിഡിയുമായി ആദ്യം വീട്ടിൽ വരും. വീട്ടുകാരായിരിക്കണം പാട്ട് ആദ്യം േകൾക്കേണ്ടതെന്ന് മണിച്ചേട്ടന് നിർബന്ധമായിരുന്നു.

nimmy3

മണിക്ക് ഒരുപാടു കൂട്ടുകാരുണ്ടായിരുന്നല്ലോ? കുടുംബത്തിലുള്ളവർക്ക് അതൊരു പ്രശ്നമായിരുന്നോ?

പക്ഷേ, വീട്ടിൽ ഒരിക്കലും അദ്ദേഹം കൂട്ടുകാരെ കൊണ്ടുവരുമായിരുന്നില്ല.  വീട്ടിനകം ബന്ധുക്കൾക്കു മാത്രമുള്ളതായിരുന്നു. പിന്നെ വീടിനു പുറത്തുള്ള അദ്ദേഹത്തിന്റെ സൗഹൃദങ്ങളിലൊന്നും ഞങ്ങൾ ഇടപെട്ടിരുന്നില്ല. അദ്ദേഹത്തിന് അത് ഇഷ്ടവുമായിരുന്നില്ല. ഇപ്പോൾ തോന്നുന്നു ചില സൗഹൃദങ്ങൾ അദ്ദേഹത്തെ വഴിതെറ്റിച്ചെന്ന്.

ഗുരുതരമായ കരൾരോഗം  മണിക്ക് ഉണ്ടായിരുന്നു എന്ന് അറിയാമായിരുന്നോ?

ഇല്ല. മൂന്നു മാസം മുമ്പാണ് എന്തൊക്കെയോ പ്രശ്നങ്ങൾ ഉണ്ടെന്നു പറയുന്നത്. അല്ലാതെ രോഗത്തെക്കുറിച്ചൊന്നും പറഞ്ഞിട്ടില്ല. ആരെങ്കിലും എന്തെങ്കിലും രോഗമുണ്ടോ എന്നു ചോദിക്കുന്നതുപോലും അദ്ദേഹത്തിന് ഇഷ്ടമായിരുന്നില്ല. ഒരു പനി വരുന്നതുപോലും അസ്വസ്ഥതയായിരുന്നു. അസുഖമുള്ള ഒരാളായിട്ട് അദ്ദേഹത്തെ കാണാൻ അദ്ദേഹത്തിന് ഇഷ്ടമായിരുന്നില്ല.

മണി മദ്യപിക്കും എന്നു നിമ്മിക്ക് അറിയാമായിരുന്നോ?

വീട്ടിൽ വരുമ്പോഴൊന്നും മദ്യപിച്ചുകണ്ടിട്ടില്ല. ബിയർ കുടിക്കാറുണ്ട് എന്നു പറയും. പക്ഷേ, ആഹാരകാര്യത്തിലൊന്നും ചിലപ്പോൾ ഒരു നിയന്ത്രണവും കാണിക്കാറില്ലായിരുന്നു. െകാതി തീരും വരെ ഒന്നും കഴിച്ചിട്ടില്ലാത്ത ആളല്ലേ ഞാൻ. ഇനിയെങ്കിലും കഴിച്ചോട്ടെ എന്നൊക്കെ പറയും. അതുകൊണ്ടു ഞാെനാന്നും പറയാറില്ല.

നിങ്ങളുടേതായ സ്വകാര്യ സമയങ്ങളിലെ മണി എങ്ങനെയായിരുന്നു?

കല്യാണം നിശ്ചയിച്ചതിനുശേഷമേ ഞങ്ങൾ തമ്മിൽ സംസാരിച്ചിട്ടുള്ളൂ. മറ്റുള്ളവരെപ്പോലെ ഞാനും മണിച്ചേട്ടാ എന്നാണു വിളിച്ചിരുന്നത്. എന്നെ പാപ്പയെന്നും വിളിച്ചു. നീ എന്നെ മണിച്ചേട്ടാ എന്നു വിളിക്കേണ്ട വേറെ എന്തെങ്കിലും വിളിക്ക് എന്നു പറഞ്ഞു. അങ്ങനെ ഞാനും അങ്ങോട്ട് പാപ്പയെന്നു വിളിച്ചു. ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുന്ന അവസരങ്ങളിലെല്ലാം ഒരുരുള ചോറ് എന്റെ വായിൽ വച്ചു തന്നിട്ടേ മണിച്ചേട്ടൻ കഴിക്കാറുള്ളൂ.  മരിക്കുന്നതിന് ഏതാനും ദിവസം മുമ്പു വരെയും അങ്ങനെ തന്നെയായിരുന്നു.
എന്നെ കുട്ടിയെപ്പോലെയാണു സ്നേഹിച്ചത്. എന്റെ രണ്ടു കുട്ടികൾ എന്നേ അദ്ദേഹം പറഞ്ഞിട്ടുള്ളൂ. മറ്റുള്ളവരോടു സംസാരിക്കുമ്പോഴും പറയും; എനിക്ക് ര ണ്ടു കുട്ടികളാണ്. എന്റെയും മോളുടെയും മാത്രമല്ല ഞങ്ങളുടെ കുടുംബത്തിന്റെ മൊത്തം ചിറക് ഒടിഞ്ഞുപോയി. കാരണം കുടുംബത്തിനു മൊത്തം ആശ്രയമായിരുന്നു മണിച്ചേട്ടൻ. ഒട്ടുമിക്ക ദിവസവും മണിച്ചേട്ടനു കരയാൻ എന്തെങ്കിലും കാരണമുണ്ടാവും. അസുഖത്തെ വല്ലാത്ത പേടിയായിരുന്നു. അസുഖക്കാരെക്കണ്ടിട്ടു വീട്ടിൽ വന്നാൽപ്പിെന്ന അന്നേദിവസം കരയാനേ നേരമുണ്ടാവൂ. ചെറിയ സംഭവങ്ങൾ മതിയായിരുന്നു കരയാൻ. ഒരിക്കൽ ഒരു കാൻസർ ആശുപത്രിയിൽ പോയിട്ടു വന്നതിനുശേഷം ഒരാഴ്ച പനിയായിട്ടു കിടന്നു. കഴിവിന് അപ്പുറം സഹായിക്കാനുള്ള മനസുണ്ടായിരുന്നു മണിേച്ചട്ടന്. പലപ്പോഴും കടം വാങ്ങിച്ചുവരെ കൊടുക്കാറുണ്ടായിരുന്നു.

നിമ്മിക്ക് അതിൽ എതിർപ്പുണ്ടായിരുന്നോ?

ഇന്നേവരെ മണിച്ചേട്ടനു പിറകിലേ ഞാൻ നിന്നിട്ടുള്ളൂ. ഒപ്പം പോലും നടന്നിട്ടില്ല. അദ്ദേഹം എന്തു ചെയ്താലും അതു തന്നെയായിരുന്നു എന്റെ ശരി. അല്ലാതെ ഞാെനാരിക്കലും എതിർക്കാൻ പോയിട്ടില്ല. മറ്റുള്ളവരെ സഹായിക്കുമ്പോൾ മണിച്ചേട്ടൻ വല്ലാത്ത സമാധാനം അനുഭവിച്ചിരുന്നു. ആ സമാധാനത്തിന്റെ പങ്കുപറ്റാനേ ഞാൻ ശ്രമിച്ചിട്ടുള്ളൂ.

ഇപ്പോൾ സോഷ്യൽ മീഡിയയിൽ വരുന്ന വാർത്തകൾ നിമ്മി ശ്രദ്ധിച്ചിരുന്നോ?

ഞാൻ നേരത്തെ പറഞ്ഞില്ലേ, സത്യം ൈദവത്തിന് അറിയാമെന്ന്. പിന്നെ ഇപ്പോൾ േകൾക്കുന്ന വാർത്തകൾ അറിഞ്ഞാൽ ചിലപ്പോൾ മണിച്ചേട്ടന്റെ ആത്മാവുപോലും സഹിക്കില്ല. അങ്ങനെയുള്ള വാർത്തകളാണു വരുന്നത്. എനിക്കോ ഞങ്ങളുടെ കുടുംബത്തിനോ അതിന് ഒന്നും ചെയ്യാനറിയില്ല. ഞങ്ങൾക്ക് ഒന്നും അറിഞ്ഞുകൂടാ എന്നതാണു സത്യം. മണിച്ചേട്ടൻ ജീവിച്ചിരുന്നപ്പോഴും ഞാൻ അദ്ദേഹത്തിന്റെ പൊസിറ്റീവ് വശങ്ങൾ മാത്രമേ കാണാനും കേൾക്കാനും ശ്രമിച്ചിട്ടുള്ളൂ. ആൾക്കാർ എന്നോട് എന്തെങ്കിലും നെഗറ്റീവ് വശങ്ങൾ പറഞ്ഞാലും ഞാൻ അതൊന്നും  ശ്രദ്ധിച്ചിരുന്നില്ല. ദയവു ചെയ്തു മണിച്ചേട്ടനെ വീണ്ടും വീണ്ടും കൊല്ലരുത് എന്നു മാത്രമേ എനിക്ക് എല്ലാവരോടും അപേക്ഷിക്കാനുള്ളൂ.

മണി പൊതുവേ ആഘോഷങ്ങളുടെ ആളായിരുന്നല്ലോ. ഈ അടുത്തകാലത്തൊന്നും വീട്ടിൽ ഇത്തരം ആഘോഷങ്ങൾ നടന്നില്ലേ?

ജനുവരി ഒന്നാം തീയതി മണിച്ചേട്ടന്റെ ജന്മദിനമായിരുന്നു. അന്നായിരുന്നു ഞങ്ങളുെട അവസാനത്തെ ആഘോഷം. അന്ന് കേക്കു മുറിച്ചു. ആ ആഘോഷത്തിന് ഇവിെട ഒരുപാടു പേരു വന്നിരുന്നു. പിന്നെ ഫെബ്രുവരി നാലിനായിരുന്നു ഞങ്ങളുടെ പതിനേഴാം വിവാഹവാർഷികം. എന്റെയൊരു അമ്മാവൻ മരിച്ചിട്ടു ഞങ്ങൾ അന്ന് അവിടെപ്പോയി. തിരിച്ചുവന്നപ്പോൾ രാത്രി ചോറു കഴിക്കണം എന്നു പറഞ്ഞു. നിറയെ ചോറു കഴിച്ചിട്ടാണു അന്ന് ഉറങ്ങാൻ കിടന്നത്.

മണി ഒത്തിരിനാളായി വീട്ടിൽ വരാറില്ലെന്നൊക്കെ പല കഥകളും കേൾക്കുന്നു?

ഫെബ്രുവരി ഇരുപതിനായിരുന്നു വീട്ടിൽ നിന്നു പോയത്. ഇടയ്ക്കു രണ്ടുമൂന്നു പരിപാടികൾ ഉണ്ടായിരുന്നു. പരിപാടികൾ ഉണ്ടെങ്കിൽ അദ്ദേഹത്തിനു ടെൻഷനാണ്. റിഹേഴ്സലും മറ്റും കാണും. പിന്നെ, ചിലപ്പോൾ വിളിക്കാറില്ല. ഞാനും പിന്നെ അതൊന്നും ചോദിക്കാറില്ല. ഇടയ്ക്കു കയറി ശല്യപ്പെടുത്തേണ്ട എന്നു കരുതും.

വീട്ടിൽ വഴക്കിടുന്ന ആളായിരുന്നോ മണി?

ഒരു വീട്ടിൽ സ്വാഭാവികമായി ഉണ്ടാകാവുന്ന അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടാകും. അല്ലാതെ ഒരിക്കലും വഴക്കൊന്നുമുണ്ടായിട്ടില്ല.

പക്ഷേ, അങ്ങനെയല്ലല്ലോ ആളുകൾ പറയുന്നത്?

നാട്ടുകാർക്ക് അങ്ങനെ എന്തും പറയാമല്ലോ? നാടിനു വേണ്ടി എന്തൊക്കെ ചെയ്ത ആളാണ്. എന്നിട്ടും ഇങ്ങനെയൊക്കെ പറയുന്നതു കേൾക്കുമ്പോൾ സങ്കടം തോന്നും. പിന്നെ നാട്ടുകാരോട് ഇത്രയും നന്നായി പെരുമാറിയിരുന്ന ഒരാൾ വീട്ടിൽ വഴക്കുണ്ടാക്കിയിരുന്നു എന്നൊക്കെ പറഞ്ഞാൽ ആരാണു വിശ്വസിക്കുക. ആളുകൾ എന്തൊക്കെയോ പറയുന്നുണ്ട്. പക്ഷേ, അവരെയൊന്നും ബോധിപ്പിക്കേണ്ട ആവശ്യം ഞങ്ങൾക്കില്ലല്ലോ? ഞങ്ങൾക്കു ൈദവം മാത്രമാണു തുണ. ൈദവത്തെ മാത്രമേ ബോധിപ്പിക്കേണ്ട ആവശ്യമുള്ളൂ. എന്താണു സംഭവിച്ചതെന്ന് ൈദവത്തിന് അറിയാം. പിന്നെ പോയ ആൾക്കും അറിയാം.

ഒന്നുകിൽ ആത്മഹത്യ അെല്ലങ്കിൽ െകാലപാതകം എന്ന മട്ടിലും ചില വാര്‍ത്തകള്‍ കേള്‍ക്കുന്നുണ്ട്...

സത്യം  എന്തായാലും അതു പുറത്തു വരണം എന്നാണു ‍കുടുംബം മൊത്തം ആഗ്രഹിക്കുന്നത്. പലതും േകള്‍ക്കുന്നുണ്ട്. പൊലീസ് പറയുന്നതും വാര്‍ത്തകളില്‍ വരുന്നതും ഒക്കെ. മറ്റാരെക്കാളും ‍ഞങ്ങൾക്കു പ്രിയപ്പെട്ട ആളാണു േപായത്. ഏറ്റവും വലിയ നഷ്ടമുണ്ടായതു ‍ഞങ്ങൾക്കാണ്. പിന്നെ മണിച്ചേട്ടനെ ജീവനു തുല്യം സ്േനഹിക്കുന്ന ചാലക്കുടിയിെല ഒരുപാടു േപര്‍ക്കും. ഞങ്ങള്‍ക്കെല്ലാം അറിയണം, എന്താണു സംഭവിച്ചതെന്ന്....

ലൊക്കേഷനിലായിരിക്കുമ്പോൾ വീട്ടിലേയ്ക്കു വിളിക്കാറുണ്ടായിരുന്നോ?

പിന്നേ... മണിക്കൂറുകൾ ഇടവിട്ട് വിളിച്ചുകൊണ്ടിരിക്കും. വീട്ടിലെ ചെറിയ ചെറിയ വിശേഷങ്ങൾ വരെ അറിയിക്കണം. പതിനേഴു വർഷമായി അതൊരു ശീലമാണ്. തിരക്കുള്ള ആളാണ്. വല്ലപ്പോഴുമേ വീട്ടിലേക്കു വരാറുള്ളൂ. അത് അറിഞ്ഞുകൊണ്ടുതന്നെയാണ് ഞാൻ പെരുമാറിയിരുന്നത്.

സഹോദരങ്ങൾ തമ്മിൽ വലിയ അടുപ്പമായിരുന്നല്ലോ?

എല്ലാവരെയും ഒരു കരയ്ക്കെത്തിച്ചിട്ടുണ്ട്. അതുകൊണ്ട് എല്ലാവരുമായി ഭയങ്കര കാര്യമാണ്. അച്ഛൻ മരിച്ചതിനുശേഷം മണിച്ചേട്ടനാണ് കുടുംബത്തിൽ കുറച്ചെങ്കിലും വരുമാനം ഉണ്ടായ ആൾ. അതു പക്ഷേ, സ്വന്തം കാര്യത്തിനു മാത്രമെടുത്ത് സ്വാർഥനായില്ല.  ഉണ്ടായിരുന്നത് എല്ലാവർക്കുമായി പങ്കിട്ടു. ഉള്ളതുകൊണ്ട് എല്ലാവരെയും സഹായിക്കുമായിരുന്നു. എല്ലാത്തിേനാടും സ്േനഹമായിരുന്നു. മണിച്ചേട്ടൻ ആദ്യം വാ ങ്ങിയ ഒരു മാരുതി സെൻ കൊടുക്കാൻ തീരുമാനിച്ചു. ഒരാളു വന്നു വില പറഞ്ഞുറപ്പിച്ചു. ൈപസയും വാങ്ങി. വണ്ടി കൊണ്ടുപോകാൻ വന്നപ്പോൾ മണിച്ചേട്ടന് ഒരാഗ്രഹം ആ വണ്ടി ഒന്നുകൂടി ഒാടിക്കണം. തിരിച്ചിറങ്ങിയപ്പോൾ മുണ്ടിന്റെ നൂല് വണ്ടിയിൽ ഉടക്കി. അതെന്തോ മണിച്ചേട്ടനെ കരയിച്ചു. കുട്ടികളെപ്പോലെ നിന്നു കരഞ്ഞുകൊണ്ടു മണിച്ചേട്ടൻ പറഞ്ഞു. ഈ വണ്ടി ഞാൻ കൊടുക്കുന്നില്ല. നിങ്ങൾ തന്ന ൈപസയും നഷ്ട പരിഹാരവും കൂടി തന്നേക്കാം.

ഇത്രയും ആരാധകരൊക്കെ ഉണ്ടായിരുന്നുവെന്ന് നിമ്മിക്ക് അറിയാമായിരുന്നോ?

അറിയാമായിരുന്നു. സ്ത്രീകളുണ്ട്. അമ്മമാരാണ് ഏറ്റവും കൂടുതൽ. എന്റെ മോനാ എന്നു പറയും. ഇവിടെ സഹായം ചോദിച്ചു വരുന്നതു ചിലപ്പോൾ അറുപതോ എഴുപതോ വയസ്സുള്ള ആളായിരിക്കും. പക്ഷേ, മണിച്ചേട്ടാ എന്നു വിളിച്ചുകൊണ്ടായിരിക്കും വരുന്നത്. ആ ഒരു ബഹുമാനം മറ്റൊരാൾക്കു കിട്ടുമെന്ന് എനിക്കു തോന്നുന്നില്ല. മണിച്ചേട്ടാ ഞങ്ങൾ അവിടുന്ന് വരുന്നതാണ്. അങ്ങനെ വിളിക്കുകയുള്ളൂ. അവർക്കും അത്രയും ബഹുമാനം ഉള്ളതുകൊണ്ടാണ്. ഇന്നസെന്റ് ചേട്ടനും  മഞ്ജുവാരിയരും ലളിതച്ചേച്ചിയും ഒെക്ക വന്ന് ഒരുപാടു െെധര്യം തന്നു. ‘ഞങ്ങൾ സിനിമാക്കാർക്കു മരണമില്ല... ’എന്നു പറഞ്ഞാണ് ഇന്നസെന്‍റ് േചട്ടന്‍ ആശ്വസിപ്പിച്ചത്.

ഇപ്പോള്‍ ഞാൻ എന്നെത്തന്നെ വിശ്വസിപ്പിക്കാൻ ശ്രമിക്കുകയാണ് മണിച്ചേട്ടൻ ഇനി മടങ്ങിവരില്ലെന്ന്. പക്ഷേ, എനിക്കൊരിക്കലും അതു വിശ്വസിക്കാൻ പറ്റുന്നില്ല. മണിച്ചേട്ടൻ എന്നെങ്കിലും മടങ്ങിവരും എന്നു തന്നെയാണ് ഞാനിപ്പോഴും പ്രതീക്ഷിക്കുന്നത്.  എങ്ങും േപായിട്ടില്ല എന്നൊരു ഫീൽ. മണിച്ചേട്ടന് ഞാൻ കരയണത് ഇഷ്ടമല്ല. ഞാൻ പാവപ്പെട്ട വീട്ടില് ജനിച്ചവളാണ്. പണ്ടത്തെ കാര്യമൊക്കെ പറഞ്ഞു കരയുമ്പോൾ പറയും, ഇപ്പോ നമ്മുെട കഷ്ടപ്പാെടാെക്ക മാറിയില്ലേ, കരയരുത്, എന്ന്. പിെന്ന മോളെ പഠിപ്പിച്ച് വലിയ ആളാക്കുന്നതിെനക്കുറിച്ച് കുേറ പറയും. ആള് ഇവിെട എവിെടയൊക്കെയോ ഉണ്ടെന്നാണ് ഇപ്പോഴും ഞാന്‍ കരുതുന്നത്. ആ തോന്നലിലാ ഞാന്‍ പിടിച്ചു നില്‍ക്കുന്നത്, ഞാന്‍ കരയാത്തത്...

nimmy3