Thursday 02 November 2017 04:47 PM IST : By ബി. ശ്രീരേഖ

കാവാലത്തിന്റെ സ്‌മൃതികൾക്കൊപ്പം കുടുംബം

kavalam2.jpg.image.784.410
ഫോട്ടോ: സരിൻ രാംദാസ്

നാടകാചാര്യൻ കാവാലം നാരായണപ്പണിക്കർ വിട പറഞ്ഞു. അദ്ദേഹത്തിന്റെ സ്മ‍ൃതികൾക്കൊപ്പം ഭാര്യ ശാരദാമണിയും പിന്നണി ഗായകനായ മകൻ കാവാലം ശ്രീകുമാറും...

കുട്ടനാട്ടിലെ കാവാലം ഗ്രാമത്തിലെ പേരുകേട്ട ജന്മി തറവാട്ടിൽ വർഷങ്ങൾക്കു മുമ്പ് ഒരു കുട്ടിയുണ്ടായിരുന്നു. കുടുംബത്തിന്റെ വകയായ കൃഷിഭൂമിയിലെ കർഷകരോടും പാടത്തു പണിയെടുക്കുന്നവരോടുമൊക്കെ സംസാരിക്കാനും അവരുടെ നാടൻപാട്ടുകളും വാമൊഴികളും കേൾക്കാനും ഇഷ്ടപ്പെട്ടിരുന്ന ഒരു കുട്ടി. രാത്രികളിൽ വെള്ളം നിറഞ്ഞു കിടന്ന പാടവരമ്പുകൾ കടന്ന് തേക്കുപാട്ടിന്റെയും ചക്രപ്പാട്ടിന്റെയും ഈണങ്ങൾ അലച്ചെത്തുമ്പോൾ കുട്ടി ഉറങ്ങാതെ കാതോർത്തു കിടക്കുമായിരുന്നു. ആ ഈണങ്ങൾ കേൾക്കുമ്പോഴൊക്കെ വിരലുകൾ അറിയാെത താളമിടുമായിരുന്നു.

ആറും തോടുകളും ഞാറ്റുവേലപ്പാട്ടുകളും നിറഞ്ഞ ആ ഗ്രാമം കുട്ടിയുടെ കണ്ണുകളിൽ വിസ്മയങ്ങൾ വിടർത്തി. അവിടുത്തെ വാലടിക്കാവിലൂെട കൂട്ടുകാർക്കൊപ്പം കളിച്ചുനടന്ന സന്ധ്യകൾ. പുഴവെള്ളത്തെ തൊട്ടുരുമ്മി പറക്കുന്ന ആറ്റുകിളികൾ, കൂവരം കിളിക്കൂടുകൾ, പള്ളിയറക്കാവ് അമ്പലത്തിലെ ഉൽസവം, കളമെഴുത്തുപാട്ടുകൾ, ഉൽസവത്തിന് പുഴ കടന്ന് ആന വരുന്നതും ആനവാൽ കിട്ടാൻ െകാതിച്ചു കാത്തിരുന്നതും, വീടിന്റെ മുറ്റത്ത് രാവു വെളുക്കുവോളം അരങ്ങേറിയ കഥകളിയും മോഹിനിയാട്ടവും... ഗ്രാമത്തിലെ കൊയ്ത്തുൽസവത്തിനും നെല്ലു മെതിക്കുമ്പോഴും പാറ്റുമ്പോഴും െനല്ലളക്കുമ്പോഴും കർഷകർ പാടിയിരുന്ന നാടൻ ചൊല്ലുകളും... അെതല്ലാം ഈണമായി താളമായി കുട്ടിയുെട മനസ്സിൽ പതിഞ്ഞുകിടന്നു. വർഷങ്ങൾ വേഗം കടന്നുപോയി. തേക്കുപാട്ടിന്റെയും ചക്രപ്പാട്ടിന്റെയും ഞാറ്റുവേലപ്പാട്ടിന്റെയും ശബ്ദങ്ങൾ നിലച്ചു. പകരം യന്ത്രങ്ങളുടെ ഘോഷം മാത്രം മുഴങ്ങി.

കുട്ടി വളർന്നു വലുതായി. ജീവിതത്തിന്റെ പുതിയ വഴികൾ തേടി നാടുവിട്ടു പുറത്തേക്കു പോെയങ്കിലും ആ മനസ്സിൽ നിന്ന് തന്റെ ഗ്രാമം തന്ന കലയുെട നാട്ടു വായ്ത്താരികൾ  മാഞ്ഞുപോയില്ല. അതു കവിതയും സംഗീതവും നാടകവുമായി വളരുകയായിരുന്നു. അങ്ങനെ ആ ഗ്രാമത്തിന്റെ പേര് തന്നെ കലയുെട പര്യായമായി ലോകത്തിന്റെ മുന്നിലേക്കെത്തുകയായിരുന്നു. ‘കാവാലം’.

കാവാലം നാരായണപ്പണിക്കർ എന്ന, കവിയും നാടകാചാര്യനും ഗാനരചയിതാവും പാരമ്പര്യകലകളുെട പണ്ഡിതനുമെല്ലാമായ മഹാപ്രതിഭ, സ്വന്തം ഗ്രാമത്തിന്റെ പേര് തന്റെ കലാസപര്യയുടെ യാത്രയിൽ ഒപ്പം ചേർത്തുപിടിച്ചു. അദ്ദേഹത്തെ ഏറെ സ്നേഹിച്ച കലാസ്േനഹികൾക്കാകട്ടെ, ആ പേര് നഷ്ടപ്പെട്ടു പോയ നാടൻതനിമയുടെയും ൈപതൃകങ്ങളുടെയും പര്യായമായിരുന്നു. ‘തിരുവരങ്ങി’ലും ‘സോപാന’ത്തിലും മുഴങ്ങിക്കേട്ട ഈണങ്ങളുടെയും താളങ്ങളുെടയും ശബ്ദമായിരുന്നു.   

ഇപ്പോൾ ആ തിരുവരങ്ങൊഴിഞ്ഞിരിക്കുന്നു. പക്ഷേ, 88–ാം വയസ്സിൽ യാത്രയാകുമ്പോഴും തന്റെ നാടകസ്വപ്നങ്ങളെ പിന്തുടർച്ചയിൽ നിർത്തിയാണ് കാവാലം നാരായണ പണിക്കർ യാത്രയായിരിക്കുന്നത്. കാളിദാസന്റെ ‘അഭിജ്ഞാനശാകുന്തളം’ അഭിനേത്രി മഞ്ജു വാരിയരെ വച്ച് അവതരിപ്പിക്കാൻ ഒരുങ്ങുന്നതിനിടയിലായിരുന്നു അദ്ദേഹത്തിന്റെ വേർപാട്. അദ്ദേഹത്തിന്റെ ഒാർമകൾ നിറയുന്ന വീട്ടിൽ പങ്കിട്ട നിമിഷങ്ങൾ...

kavalam1.jpg.image.784.410

 

ഒരു നീണ്ട യാത്ര  

എപ്പോഴും മുഴങ്ങിയിരുന്ന ‘ശാരണീ’ എന്ന നീട്ടിയുള്ള വിളി ഇപ്പോഴീ വീട്ടിൽ േകൾക്കുന്നില്ല. തിരുവനന്തപുരത്ത് മുടവൻമുകളിലെ ‘ശ്രീഹരി’യിൽ നിശ്ശബ്ദതയാണ്. ആ നിശ്ശബ്ദതയിേലക്ക് വന്നണയുന്നുണ്ട് മുറ്റത്തു തന്നെയുള്ള ‘സോപാനം’ നാടകക്കളരിയിൽ നിന്ന് റിേഹഴ്സലിന്റെ താളമേളങ്ങൾ. പക്ഷേ, പാട്ടിന്റെ ഈണം കേൾക്കുമ്പോഴേക്കും അറിയാതെ വിരലുകൾ െകാണ്ടു താളമിട്ടിരുന്ന ആൾ മാത്രം ഇവിെടയിപ്പോഴില്ല.

‘ഞാൻ പോകുമ്പോൾ വിലാപം വേണ്ട, സംഗീതം കൊണ്ട് ആഘോഷിക്കണം’ എന്നു പറഞ്ഞിട്ടാണ് നാടകാചാര്യനായ കാവാലം പോയതെങ്കിലും ശൂന്യതയും വിഷാദവും ഇവിെട തങ്ങിനിൽക്കുന്നു. അദ്ദേഹത്തിന്റെ ഭാര്യ ശാരദാ മണിയുടെ വാക്കുകളിൽ ഒാർമയുെട അരങ്ങുണർന്നു.

‘‘എവിടെയും ഏതു സമയത്താണെങ്കിലും ൈകകളിങ്ങനെ എപ്പോഴും താളമിട്ടുെകാണ്ടിരിക്കും... അല്ലാെത ഒരു നിമിഷം ഒാർത്തെടുക്കാനാകുന്നില്ല..’’

64 വർഷം നീണ്ട ഒന്നിച്ചുള്ള യാത്ര! എന്തൊക്കെ ഒാർമകളാകും ആ മനസ്സിലിരമ്പുന്നത്. ആദ്യം കണ്ടുമുട്ടിയ നാൾ എന്ന് ഈ അമ്മയ്ക്കു പറയാനില്ല. കാരണം, രണ്ടുപേരും ബന്ധുക്കളായിരുന്നു. മുറപ്പെണ്ണും മുറച്ചെറുക്കനും. കാവാലത്തെ പേരുകേട്ട ചാലയിൽ തറവാട്ടിലെ അംഗങ്ങൾ.

‘‘ഞാൻ വളർന്നതൊക്കെ ആലപ്പുഴയിലായിരുന്നു. എന്റെ അച്ഛൻ ആലപ്പുഴയിൽ ഡോക്ടറായിരുന്നു. കാവാലത്തെ തറവാട്ടിലേക്ക്  ഇടയ്ക്കു പോകും. കുട്ടിക്കാലത്ത് ഞാനും അദ്ദേഹവും ഒന്നിച്ച് കല്ലുകളിച്ചിട്ടുണ്ട്. അക്കാലത്ത് എനിക്കൊരസുഖമുണ്ടായിരുന്നു. അതിനാൽ ഒാടിച്ചാടി കളിക്കാനൊന്നും വയ്യ. പിന്നെ, ആയുർവേദ ചികിൽസയിലൂടെ അസുഖം മാറി. എങ്കിലും ഒരു സാധാരണ പെൺകുട്ടിയായിരുന്നില്ല ഞാൻ. ആഭരണങ്ങളോടോ ആഡംബരങ്ങളോടോ ഭ്രമമില്ലായിരുന്നു. ഒരുതരം നിസ്സംഗസ്വഭാവം. കൗമാരത്തിലേക്കു കടന്നതിൽ പിന്നെ, ഞങ്ങൾ തമ്മിലധികം സംസാരിച്ചിട്ടില്ല. പക്ഷേ, കല്യാണപ്രായമായപ്പോൾ എന്നെത്തന്നെ വിവാഹം കഴിക്കണമെന്ന് എന്റെ അച്ഛനോടദ്ദേഹം പറഞ്ഞു, അതിനുമുമ്പ് എന്നോടു സമ്മതം ചോദിച്ചിരുന്നു. എനിക്കു തോന്നുന്നു, എന്റെ നിസ്സംഗസ്വഭാവമായിരിക്കാം ഇഷ്ടപ്പെട്ടതെന്ന്. എനിക്ക് അതിമോഹമൊന്നുമില്ലായിരുന്നു. കവിതയും പാട്ടും നാടകവും ഒക്കെ താങ്ങാൻ അങ്ങനെയൊരാൾക്കേ പറ്റൂ എന്നു തോന്നിയിട്ടുണ്ടാകണം. ആ വിശ്വാസം ഒരിക്കലും തെറ്റിയില്ല. കലയെയും പാട്ടിനെയും സംഗീതത്തെയും നാടകത്തിനെയും ഒാരോ നിമിഷവും സ്നേഹിച്ച ആ ജീവിതത്തിൽ ഞാനെന്നും പിന്തുണയേകി കൂടെ നിന്നു.

അദ്ദേഹം പഠിച്ചത് അഭിഭാഷകനാകാനാണ്. ആറു വർഷം പ്രാക്ടീസ് ചെയ്തിരുന്നു. ഞങ്ങളന്ന് താമസിച്ചിരുന്നത് ആലപ്പുഴ ടൗണിലാണ്. പിന്നെ 10 വർഷം തൃശൂരിൽ സംഗീത നാടക  അക്കാദമി സെക്രട്ടറിയായി. അക്കാലത്ത് നാടൻ പാട്ടുകളുെടയും കലാകാരന്മാരുെടയും ജീവിതവുമായി അദ്ദേഹം അടുത്തിടപഴകി. പിന്നീട് ആ ജോലി രാജിവച്ച് നാടകത്തിന്റെയും എഴുത്തിന്റെയും ലോകത്തു പൂർണമായും മുഴുകി. ആലപ്പുഴയിൽ ‘തിരുവരങ്ങ്’ എന്ന നാടകസംഘം തുടങ്ങി. അത് ഒരു കാലമായിരുന്നു! പിന്നീട് തിരുവനന്തപുരത്തേക്കു മാറി. നാട് വിട്ടു പോകാൻ വിഷമമൊന്നുമുണ്ടായിരുന്നില്ല.  

താളങ്ങളെ സ്നേഹിച്ച ആൾ

തിരുവനന്തപുരത്തു വച്ച് തിരുവരങ്ങ് ‘സോപാന’മായി മാറി. അന്നും ഏതു തിരക്കിലും എല്ലാ കാര്യത്തിനും ഞാൻ വേണമായിരുന്നു അടുത്ത്. ശാരണീ എന്ന് വിളിച്ചുെകാണ്ടിരിക്കും. (അദ്ദേഹത്തിന്റെ ശിഷ്യരൊക്കെ വിളിച്ചിരുന്നപോലെ സാർ എന്നായിരുന്നു ഞാൻ പറയാറ്) കവിതയും പാട്ടുകളുമൊക്കെ എഴുതിയാൽ എന്നെ വായിച്ചു കേൾപ്പിക്കും. ഞാൻ വിമർശിക്കുമ്പോൾ ചിലപ്പോഴൊക്കെ അതു കേൾക്കും... ഏതു സമയത്തും മനസ്സിൽ കവിത നിറഞ്ഞു നിന്നിരുന്നു. എഴുതാൻ ഇന്ന സ്ഥലം വേണം, സമയം വേണം എന്ന നിർബന്ധമൊന്നുമില്ല. എൽ.എൽ.ബി. പരീക്ഷാസമയത്ത് പരീക്ഷാചോദ്യപേപ്പറിൽ കവിത കുറിച്ചത്രേ. അധ്യാപകൻ ചോദിച്ചപ്പോൾ പറഞ്ഞു, ‘എന്റെ മനസ്സിലപ്പോൾ ഒരു കവിത തോന്നി. അതു മറന്നു പോകാതെ വേഗം കുറിച്ചിട്ടതാണെ’ന്ന്. അതായിരുന്നു പ്രകൃതം.  

‘ഘനശ്യാമ സന്ധ്യാ ഹൃദയം’ എഴുതിയപ്പോൾ ആദ്യം എം.ജി. രാധാകൃഷ്ണൻ പറഞ്ഞിരുന്നു, ‘ഘന’ വച്ച് പാട്ടു തുടങ്ങാൻ പറ്റിെല്ലന്ന്. പക്ഷേ, അദ്ദേഹം സമ്മതിച്ചില്ല. ഒടുവിൽ അദ്ദേഹം പറഞ്ഞപോലെ തന്നെ എം.ജി. രാധാകൃഷ്ണൻ ട്യൂൺ െചയ്തു. യേശുദാസ് പാടിയ ആ പാട്ട് എല്ലാവർക്കും പ്രിയങ്കരമായ ഗാനമായി മാറി. അതുപോലെ എത്രയോ ഗാനങ്ങൾ...!

നാടകമെഴുതുമ്പോൾ എഴുത്തിന്റെ ലോകം മാത്രം. സംസ്കൃതം പഠിച്ചിരുന്നു. ഭാസന്റെയും കാളിദാസന്റെയും നാടകങ്ങൾ അദ്ദേഹം പുനഃസൃഷ്ടിച്ചു. ആ നാടകങ്ങളുെട അവതരണവുമായി ബന്ധപ്പെട്ട് വടക്കേ ഇന്ത്യയിലുടനീളം ധാരാളം യാത്രകൾ പോയി! ആ യാത്രകളിെലാക്കെ ‍ഞാനുമുണ്ടായിരുന്നു കൂടെ. പാരമ്പര്യ അഭിനയകലകൾ, നാടകം, ശിഷ്യർ... അതെല്ലാമായിരുന്നു അദ്ദേഹത്തിന്റെ ഉൗർജം. ചുണ്ടിൽ എപ്പോഴും പ്രസാദം നിറഞ്ഞ ഒരു പുഞ്ചിരിയുണ്ടായിരുന്നു.പക്ഷേ, അദ്ദേഹം തളർന്നുപോയ സന്ദർഭമുണ്ടായി. ഏഴു വർഷം മുമ്പ് മൂത്ത മകൻ ഹരികൃഷ്ണന്റെ വേർപാടിന്റെ വേളയിൽ. കോയമ്പത്തൂരിൽ ജോലിയായിരുന്നു ഹരിക്ക്. ജോലി രാജിവച്ച് വന്ന് അവൻ സോപാനത്തിന്റെ ചുമതല ഏറ്റെടുത്തപ്പോൾ അദ്ദേഹത്തിന് വലിയ ആശ്വാസമായി. പക്ഷേ, വൈകിയാണ് തിരിച്ചറിഞ്ഞത് അവന് കാൻസറാണെന്ന്. ഇനി അധികം കാലമില്ലെന്ന് അവനറിയാമായിരുന്നു. മൂത്ത മോളുടെ കല്യാണം അവനാണ് നടത്തിയത്. ‘ഇളയ മോളുെട കല്യാണം ഞാനല്ല, അച്ഛനാകും നടത്തുക’യെന്നു പറഞ്ഞിരുന്നു.  

kavalam4.jpg.image.784.410

മറ്റൊരു ദുഃഖം, പഴയ കാവാലം ഗ്രാമം ആെക മാറിപ്പോയതാണ്. ആ സങ്കടം എപ്പോഴും പറയുമായിരുന്നു. ആ വേദനയും കവിതയാക്കി മാറ്റി. കാവാലം ഗ്രാമം മാറിപ്പോയെങ്കിലും ഇടയ്ക്കിടെ കാവാലത്ത് പോകാൻ ഒരുപാടിഷ്ടമായിരുന്നു. പമ്പയാറ്റിന്റെ തീരത്തെ ‘ഹരിശ്രീ’യെന്ന വീട്ടിൽ പോയി താമസിക്കുമായിരുന്നു. 12 വർഷം മുമ്പാണ് അവിടുത്തെ കുട്ടികൾക്കായി ‘കുരുന്നു കൂട്ടം’ തുടങ്ങിയത്. കുട്ടികൾക്കൊപ്പം നാടൻപാട്ടു പാടിയും അവർക്ക് നാടക പരിശീലനം െകാടുത്തുമൊക്കെ ചെലവഴിച്ച നിമിഷങ്ങൾ അദ്ദേഹത്തിനു പ്രിയപ്പെട്ടതായിരുന്നു.

പക്ഷേ, കഴിഞ്ഞ അവധിക്കാലത്ത് മാത്രം അസുഖത്തിന്റെ വല്ലായ്മ കാരണം ‘കുരുന്നുകൂട്ട’ത്തിൽ പങ്കെടുക്കാൻ പറ്റിയില്ല. ആ സമയത്ത് ആശുപത്രിയിലായിരുന്നു. രോഗാവസ്ഥയുെട അവശത കൂടിയപ്പോൾ അദ്ദേഹം വിഷമിച്ചു. തീരെ വയ്യാതാകും വരെ തനിയെ കാറോടിച്ചായിരുന്നു ആശുപത്രിയിൽ  പോകുന്നത്. ഒരു സാധന പോെല നടത്തിയിരുന്ന ഭാഗവതം പദ്യപരിഭാഷ ഒരു വർഷം മുമ്പ് െചയ്തുതീർത്തു.

പേരക്കുട്ടികളോട് വലിയ വാൽസല്യമായിരുന്നു. മൂത്ത മകൻ ഹരികൃഷ്ണന്റെ മൂത്ത മകൾ നാരായണിയോട് പ്രത്യേക വാൽസല്യം. അപ്പൂപ്പന്റെ അതേ നക്ഷത്രത്തിലാണ് അവളും ജനിച്ചത്. മേടത്തിലെ അത്തം. തന്റെ പേരിന്റെ ഒരക്ഷരം മാറ്റി, നാരായണി എന്നു പേരിട്ടതും അപ്പൂപ്പനാണ്. ശ്രീകുമാറിന്റെ മകൻ കൃഷ്ണനാരായണൻ, ടി.കെ. രാജീവ് കുമാറിന്റെ സിനിമയിൽ അപ്പൂപ്പനെഴുതിയ ഒരു ഗാനം  പാടിയതും വലിയ ആഹ്ളാദമായി. കൊച്ചുമകൾ ഗൗരിയും അപ്പൂപ്പനെഴുതിയ പാട്ട് പാടിയിട്ടുണ്ട്. താൻ പോകുമ്പോൾ ചടങ്ങുകളെല്ലാം സംഗീതം കൊണ്ട് ആഘോഷമാക്കണമെന്ന് കൊച്ചുമകൾ കല്യാണിയോടും പറഞ്ഞേൽപ്പിച്ചു. അവസാന ദിവസം. വീട്ടിലായിരുന്നു. എന്നെ ഉറക്കെ വിളിച്ചു. ‘ശാരണീ...’ എത്രയോ നീണ്ട വർഷങ്ങളിലായി വിളിക്കുന്ന ആ വിളി! ഒരു യാത്രാമൊഴിയായിരുന്നു അത്! അദ്ദേഹമാശിച്ച പോലെ, ‘സോപാന’ത്തിൽ അദ്ദേഹം അവസാനമുറങ്ങുമ്പോൾ പ്രിയശിഷ്യർ അദ്ദേഹത്തിന്റെ പാട്ടുകൾ ഇടയ്ക്കയുെട അകമ്പടിയോടെ പതിഞ്ഞ ഈണത്തിൽ പാടി. പാട്ടിന്റെ താളത്തെ ജീവിതം മുഴുവൻ അത്രമേൽ സ്നേഹിച്ചിരുന്ന ആളിന് സ്നേഹാഞ്ജലിയായി മറ്റെന്തു നൽകാനാണ്!’’   

തികഞ്ഞ കലാകാരൻ   

അച്ഛന്റെ സംഗീതപാരമ്പര്യം പകർന്നു കിട്ടിയ, പിന്നണി ഗായകനായ മകൻ കാവാലം ശ്രീകുമാറിന്റെ മനസ്സിൽ അച്ഛനെക്കുറിച്ചുള്ളത് ഒരു സമഗ്രകലാകാരന്റെ ചിത്രമാണ്. ‘‘കവിത, നാടൻ പാട്ടുകൾ, നാടകം, പാരമ്പര്യ കലകൾ... ഇതെല്ലാമായി ബന്ധപ്പെട്ട ചിന്തകളായിരുന്നു അച്ഛന്റെ മനസ്സിലെപ്പോഴും. ആദ്യന്തം ഒരു തികഞ്ഞ കലാകാരൻ. അതായിരുന്നു അച്ഛൻ. തീരെ കുഞ്ഞായിരുന്നപ്പോഴാണ് അച്ഛനുമായി ഒരു സെന്റിമെന്റൽ ബന്ധമുണ്ടായിരുന്നത്. അച്ഛൻ തൃശൂരിൽ സംഗീത നാടക അക്കാദമി സെക്രട്ടറിയായിരുന്ന കാലത്ത്   ഞങ്ങൾ താമസിച്ചിരുന്നത് ആലപ്പുഴയിലാണ്. അച്ഛൻ ജോലിസ്ഥലത്തു കാറോടിച്ചു പോയി വരും. എന്നും രാത്രി വരുമ്പോൾ എനിക്ക് കാഡ്ബറി ചോക്‌ലേറ്റ് കൊണ്ടുവരും.  

പിന്നെ, മുതിർന്നു തുടങ്ങിയപ്പോഴാണ് അച്ഛനെന്ന വലിയ കലാകാരനെ അടുത്തറിയുന്നത്. അന്നത്തെ വീട്ടിലെ അന്തരീക്ഷം കലയുടേതായിരുന്നു. അച്ഛന്റെ നാടകങ്ങളുെട റി േഹഴ്സലുകൾ, നാടൻ പാട്ടുകൾ, വീട്ടിലെപ്പോഴും വരുന്ന എഴുത്തുകാരുടെയും പാട്ടുകാരുടെയും സംഗീതജ്‍ഞരുടെയും സാന്നിധ്യം. അച്ഛൻ ഒാടക്കുഴൽ വായിക്കും; പാടും. ഇതൊക്കെ കണ്ടും കേട്ടും അതിൽ പങ്കെടുത്തുമാണ് ഞാൻ വളർന്നത്. അച്ഛന്റെ ആദ്യകാല നാടകം ‘സാക്ഷി’യിലെ ഡയലോഗുകൾ എനിക്കു മനപ്പാഠമായിരുന്നു.

അച്ഛൻ പാട്ടു പഠിച്ചിട്ടില്ലായിരുന്നു. അതുെകാണ്ടു തന്നെ എന്നെ പാട്ടു പഠിപ്പിക്കണമെന്ന് അമ്മയ്ക്കു നിർബന്ധമായിരുന്നു. എനിക്ക് അഞ്ചു വയസ്സുള്ളപ്പോൾ െതാട്ട് വീട്ടിൽ താമസിച്ച് ഒരാളെന്നെ സംഗീതം പഠിപ്പിച്ചിരുന്നു. സംഗീതനാടക അക്കാദമിയിലുള്ള കാലത്ത് അച്ഛൻ അപൂർവമായ നാടൻ പാട്ടുകളെല്ലാം അവയുടെ യഥാർഥരൂപത്തിൽ ശേഖരിച്ചിരുന്നു. ആ പാട്ടുകൾ കേട്ടാണ് കുട്ടിക്കാലത്ത് ഞാൻ വളർന്നത്.

സംഗീതത്തിനൊപ്പം തന്നെ അച്ഛന്റെ ജീവിതത്തിലുണ്ടായിരുന്നു നാടകവും. കുട്ടിക്കാലത്തെ ചില ഒാർമകളുണ്ട്. ഒരിക്കൽ ദക്ഷിണാമൂർത്തി സാർ വീട്ടിൽ വന്നപ്പോൾ ഹരിനാമകീർത്തനം മുഴുവൻ പാടി അച്ഛന്റെ പഴയ റിക്കോർഡറിൽ റിക്കോർഡ് ചെയ്തു! അച്ഛന്റെ നാടകങ്ങളിലെ അഭിനേതാക്കളായ  െനടുമുടി േവണുച്ചേട്ടൻ, ഫാസിൽ, ഗോപി ഇവരൊക്കെ വീട്ടിൽ വരാറുണ്ടായിരുന്നു. നന്നായി മിമിക്രി ചെയ്യുമായിരുന്നു ഫാസിൽ. ഒരു ദിവസം എൻ.എൻ. പിള്ള സാർ  വീട്ടിൽ വന്നപ്പോൾ ഫാസിൽ അദ്ദേഹത്തെ അനുകരിച്ചു കാണിച്ചു.  

അച്ഛനോടൊപ്പമുള്ള ഒരുപാട് യാത്രകളുെട ഒാർമകളുണ്ട്. അരവിന്ദന്റെ ‘തമ്പ്’ എന്ന സിനിമയുടെ ഷൂട്ടിങ്ങിന് തിരുനാവായയിൽ പോയതും അച്ഛനെഴുതി, എം.ജി. രാധാകൃഷ്ണൻ ചേട്ടൻ ഈണം നല്കിയ ‘ശ്രീപാൽക്കടലിൽ’ എന്ന പാട്ട് ആലപിച്ചതും തുറന്ന സ്ഥലത്തു വച്ച് റിക്കോർഡ് ചെയ്തതും, ഉജ്ജയിനിയിൽ പോയതും ‘മാളവികാഗ്നിമിത്രം’ നാടകത്തിലെ പുരൂരവസ്സിനായി ഉടനീളം പാടിയതും...

ഏറ്റവും മനോഹരമായൊരോർമ മൂകാംബികയിെല  ദേവീ സന്നിധിയിലേക്ക് കുേറ കലാകാരന്മാർക്കൊപ്പം നടത്തിയ യാത്രയാണ്. 1973ലാണ്. നട്ടുവം പരമശിവൻ മാസ്റ്ററൊക്കെയുണ്ടായിരുന്നു. അവിടെ സരസ്വതീവിഗ്രഹം എഴുന്നള്ളിക്കുേമ്പാൾ നടയ്ക്കൽ പാടുന്ന സമ്പ്രദായമുണ്ട്. ആ സന്നിധിയിൽ വച്ച് അച്ഛനെഴുതി ഞാൻ ചിട്ടപ്പെടുത്തിയ കീർത്തനം അന്നു പാടി ഞാൻ. ‘സംഗീത രസികേ മൂകാംബികേ...’ പിന്നീട് അനവധി വർഷങ്ങൾ അവിടെ ആ കീർത്തനം ഞാൻ പാടി.    

എന്റെ മകൻ കുഞ്ഞായിരിക്കെ അച്ഛൻ അവന് ‘ഗണപതി താളം’ പറഞ്ഞു െകാടുക്കുമായിരുന്നു. പിന്നെയവൻ വളർന്നപ്പോൾ മൃദംഗം പഠിച്ചു. വെറുെതയിരിക്കുമ്പോൾ അവന്റെ വിരൽത്തുമ്പുകൾ കുട്ടിക്കാലത്ത് പഠിച്ച ആ താളം െകാട്ടുമായിരുന്നു. എന്നെ ഗർഭം ധരിച്ചിരുന്ന സമയത്ത് എന്റെ അമ്മ വീണ പഠിച്ചിരുന്നു. എന്റെ ഭാര്യ, രണ്ടു മക്കളെയും ഗർഭം ധരിച്ചിരുന്ന വേളയിൽ പാട്ടു പഠിച്ചിരുന്നു. സംഗീതത്തോട് ഞങ്ങളുെട രണ്ടു മക്കൾക്കും നല്ല താൽപര്യമുണ്ട്.

അച്ഛന്റെ കലകളിൽ സംഗീതം മാത്രമാണ് എനിക്ക് പകർന്നുകിട്ടിയത്. വളരെ വർഷങ്ങൾക്കു മുമ്പ് ഞാൻ രാമായണം ചൊല്ലുന്നതിനു മുമ്പേ അച്ഛൻ പറയുമായിരുന്നു; ‘ശ്ലോകങ്ങൾ െചാല്ലുന്നതിൽ സ്വന്തമായ ഒരു വ്യക്തിത്വം ഉണ്ടാക്കിയെടുക്കണം. പദങ്ങൾ മുറിക്കേണ്ടിടത്തു മുറിച്ചു െചാല്ലണം.’ അച്ഛൻ പറഞ്ഞതു മനസ്സിൽ സൂക്ഷിച്ചാണ് ഞാൻ രാമായണവും ശ്ലോകങ്ങളും ചൊല്ലിയിട്ടുള്ളത്.  

kavalam3.jpg.image.784.410എങ്കിലും, അച്ഛന് ഏറ്റവുമിഷ്ടം നാടൻ പാട്ടുകളായിരുന്നു. ആരെങ്കിലും എഴുതാൻ പറഞ്ഞാലും അച്ഛൻ വേഗം എഴുതും. അച്ഛന്റെ മനസ്സിൽ ആ വാക്കുകളും ഈണവും അത്രയ്ക്കും പതിഞ്ഞിരുന്നു. ഇപ്പോഴും വേദികളിൽ ഞാൻ ഏറ്റവും കൂടുതൽ പാടുന്നതും  അച്ഛനെഴുതിയ നാടൻ പാട്ടുകളാണ്. ‘കറുകറെ കാർമുകിലും’, ‘വടക്കത്തി പെണ്ണാളേ’യും മറ്റും. വളരെ നൊസ്റ്റാൾജിക് ആണവ.’’     

അച്ഛനെഴുതിയ പാട്ടിന്റെ വരികൾ മകൻ പതുക്കെ പാടി:

‘വൈക്കം കായലോളം തല്ലും വഴിയേ... കൊയ്ത്തിനു വന്നവളേ... വടക്കത്തി പെണ്ണാളേ...’’

ഗൃഹാതുരമായ ഈണം പഴയൊരു കാലത്തേക്കു കൂട്ടിക്കൊണ്ടുപോകുന്നു. കൊയ്ത്തുപാട്ടുകളും കൃഷിവേലകളും നിറഞ്ഞ ഒരു കാലം... ആളൊഴിഞ്ഞ വയൽവരമ്പുകളിലൂെട നടന്നു മറയുന്ന നേർത്തൊരു രൂപം മനസ്സിൽ തെളിയുന്നു.

പുലരിത്തൂമഞ്ഞുതുള്ളികളെയും നാട്ടുപച്ചക്കിളികളെയും  നല്ലോലപ്പൈങ്കിളികളെയും സ്നേഹിച്ചിരുന്ന ഒരാൾ...! ഒാർമയുടെ ഭാരം താങ്ങാനാവാെത കണ്ണീർ മണികൾ വീണുടയുന്നു.   

കാവാലം: കലാ ജീവിതം

കുട്ടനാട്ടിലെ കാവാലത്ത് ചാലയിൽ കുടുംബത്തിൽ കുഞ്ഞുലക്ഷ്മി അമ്മയുടെയും ഗോദവർമ തിരുമുൽപാടിന്റെയും മകനായി ജനിച്ചു. സർദാർ കെ.എം. പണിക്കരുടെ സഹോദരീ പുത്രനാണ്. കേരള സംഗീതനാടക അക്കാദമി സെക്രട്ടറിയും കേന്ദ്ര സംഗീതനാടക അക്കാദമി ഉപാധ്യക്ഷനുമായിരുന്നു. മലയാളത്തിൽ 26 നാടകങ്ങൾ രചിച്ച് അവതരിപ്പിച്ചു. ‘അവനവൻ കടമ്പ’ തുടങ്ങിയ നാടകങ്ങ ളിലൂടെ ‘തനതു നാടകവേദി’ക്കു തുടക്കമിട്ടു. സംസ്കൃതത്തിൽ തന്നെ ഭാസന്റെ നാടകങ്ങൾ അവതരിപ്പിച്ചു. കാളിദാസ നാടകങ്ങൾ ഉജ്ജയിനിയിലെ കാളിദാസ സമാരോഹി ൽ പുനരാവിഷ്കരിച്ചു. ‘തിരുവരങ്ങ് ’ നാടകസംഘം തുടങ്ങി. പിന്നീട് തിരുവനന്തപുരത്ത് ‘സോപാനം ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് പെർഫോമിങ് ആർട്സ് ആൻഡ് റിസേർച്ച്’  എന്ന നാടകപരിശീലനക്കളരി സൃഷ്ടിച്ചു. അനേകം കവിതാസമാഹാരങ്ങളും രചിച്ച അദ്ദേഹം നിരവധി ലളിതഗാനങ്ങളും സിനിമാഗാനങ്ങളും എഴുതിയിട്ടുണ്ട്. ‘പുലരിത്തൂമഞ്ഞു തുള്ളിയിൽ, ഒാർമകൾ ഒാർമകൾ, നിറങ്ങളേ പാടൂ, നാട്ടു പച്ചക്കിളിപ്പെണ്ണേ, ഗോപികേ നിൻ വിരൽത്തുമ്പുരുമ്മി, മുക്കുറ്റി തിരുതാളീ, പൂവാംകുഴലി പെണ്ണിനുണ്ടൊരു... ’ തുടങ്ങിയവ പ്രശസ്ത ഗാനങ്ങളാണ്. 2007–ൽ പത്മഭൂഷൺ ലഭിച്ചു.