‘യവനികയക്കുള്ളിലേക്ക്’ മാഞ്ഞു പോയിരിക്കുന്നു അനശ്വര സംവിധായകൻ ജെ.ജി ജോർജ്. ആ ഓർമകളെ ഹൃദയത്തിലേറ്റുന്ന സഹൃദയർക്കു മുന്നിലേക്ക് ഹൃദ്യമായ ആ ഓർമകളെ അക്ഷരങ്ങളായി ചേർത്തു വയ്ക്കുകയാണ് വനിത. സിനിമാ മോഹികള്‍ ആരാധനയോടെ മാത്രം കാണുന്ന ചലച്ചിത്ര വിസ്മയങ്ങളുടെ സ്രഷ്ടാവിനെക്കുറിച്ച് വനിത 2018ൽ പങ്കുവച്ച ഫീച്ചറിന്റെ പ്രസക്തഭാഗം ചുവടെ...
––––
‘വനിത’ ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് നേടിയ കെ.ജി. ജോർജ്, ജീവിതത്തിൽ മറക്കാനാകാത്ത സ്ത്രീകളെക്കുറിച്ച്... െകാച്ചി വെണ്ണലയിൽ സംവിധായകൻ െക.ജി. ജോർജിന്റെ വീട്. ചില്ലലമാരകളിൽ നിറയെ സിനിമാസംബന്ധിയായ വിശ്രുത ഗ്രന്ഥങ്ങളും പുരസ്കാരങ്ങളുടെ സുവർണ ഫലകങ്ങളും. മലയാളികൾ എക്കാലവും ഏറ്റവും സ്നേഹിക്കുന്ന സിനിമകളിലൊന്നായ ‘യവനിക’യ്ക്ക് 1982 ൽ ലഭിച്ച സംസ്ഥാന അവാർഡ് മുതൽ സമഗ്ര സംഭാവനയ്ക്കുള്ള ജെ.സി. ഡാനിയേൽ അവാർഡ് ശിൽപം വരെ. ഒപ്പം, ലോകത്തിലെ തന്നെ മികച്ച ചലച്ചിത്രങ്ങളുടെ ഡിവിഡി ശേഖരം.... ഒാർമകൾ പോലെ പോയ കാലത്തിന്റെ നിമിഷങ്ങളും തിങ്ങി നിറഞ്ഞ ഈ മുറിയിലിരിക്കുമ്പോൾ മലയാളത്തിന്റെ ഏറ്റവും വ്യത്യസ്തനായ ചലച്ചിത്രകാരന്റെ മുഖത്ത് രോഗത്തിന്റെ അവശതകളെ മറക്കാൻ ശ്രമിക്കുന്നൊരു പുഞ്ചിരിയുണ്ട്. കെ.ജി. ജോർജ് എന്നാൽ മലയാളികൾക്ക് വേറിട്ട ചലച്ചിത്രങ്ങളുടെ സംവിധായകനാണ്. ഇന്നും സിനിമയെ സ്നേഹിക്കുന്നവർ ആരാധനയോടെ മാത്രം കാണുന്ന ചലച്ചിത്ര വിസ്മയങ്ങളുടെ സ്രഷ്ടാവ്.
നാലു വർഷം മുമ്പ് വന്ന പക്ഷാഘാതമായിരുന്നു, അദ്ദേഹത്തിന്റെ ക്രിയാത്മകമായ കരിയറിനെ വിശ്രമാവസ്ഥയിലാഴ്ത്തിയത്. നടക്കാനും സംസാരിക്കാനും പ്രയാസമുണ്ടിപ്പോൾ. വാക്കുകളുടെ ഉച്ചാരണം വഴുതിപ്പോകുന്നു. ശബ്ദത്തിന് ഇടർച്ചയും അവ്യക്തതയും. ചില വാക്കുകളും പേരുകളുമൊക്കെ മറവിയിൽ നിന്നു കയറി വരാൻ മടിക്കുന്നുണ്ട്. അപ്പോൾ അടുത്തിരുന്ന് ഭാര്യ സൽമ ആ സ്മരണകളെ പൂരിപ്പിച്ചു കൊടുക്കുന്നു. പുസ്തക ഷെൽഫിലേക്കു നോക്കി, തെല്ലു വിഷമത്തോടെ അദ്ദേഹം പറഞ്ഞു: ‘‘വലിയ വായനക്കാരനായിരുന്നു ഞാൻ. ഒാരോ പുസ്തകങ്ങളും ഏറെ പ്രിയപ്പെട്ടതായിരുന്നു. പക്ഷേ, ഇന്ന് അവയെക്കുറിച്ച് ഒന്നുമോർത്തെടുക്കാനാകുന്നില്ല. രോഗാവസ്ഥയുടെ ബുദ്ധിമുട്ട് വിഷമിപ്പിക്കുന്നുണ്ട്. എങ്കിലും ചലച്ചിത്ര സംവിധായകനെന്ന നിലയിൽ എന്റേതായ കഴിവുകളുടെ പൂർണതയിൽ ഞാനെത്തിച്ചേർന്നിരുന്നുവെന്ന് വിശ്വസി ക്കുന്നു. ഐ ഹാവ് റീച്ച്ഡ് മൈ സാച്വറേഷൻ പോയിന്റ്...’’
ഒാർമയിൽ മാഞ്ഞും തെളിഞ്ഞും ഒട്ടേറെ കാലങ്ങളുണ്ട്. തിരുവല്ലയിലെ കുട്ടിക്കാലം. സിനിമ കണ്ട് മതി വരാതെ നടന്ന കോളജ് ദിനങ്ങൾ. പൂന ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് സമ്മാനിച്ച അനുഭവങ്ങളുടെ നാളുകൾ. പക്ഷേ, ഏറ്റവും പ്രിയപ്പെട്ട കാലം സിനിമയിൽ സജീവമായി നിന്ന ആദ്യ വർഷങ്ങളാെണന്ന് അദ്ദേഹം ഒാർക്കുന്നു. എഴുപതുകളുടെ അവസാനം, പിന്നെ, എൺപതുകൾ. ചുവരിനെ അലങ്കരിക്കുന്ന, ലണ്ടൻ ഫിലിം ഫെസ്റ്റിവലിൽ ‘ലേഖയുടെ മരണം ഒരു ഫ്ളാഷ് ബാക്കി’നു ലഭിച്ച പുരസ്കാരഫലകത്തിലേക്കു നോക്കുമ്പോൾ അദ്ദേഹത്തിന്റെ ഒാർമയും ഫ്ളാഷ് ബാക്കിലേക്കു പോയി. അന്തരിച്ച നടി ശോഭയുടെ ജീവിതസാമ്യം കൊണ്ട് ശ്രദ്ധേയമായി മാറിയ സിനിമ. സ്ത്രീ ജീവിതത്തിന്റെ തുറന്ന നിരീക്ഷണങ്ങൾ എന്നും കെ.ജി. ജോർജ് സിനിമകളെ വ്യത്യസ്തമാക്കിയിരുന്നു. ഇരകൾ, ആദാമിന്റെ വാരിയെല്ല് തുടങ്ങിയ ചിത്രങ്ങൾ. കലയിലും ജീവിതത്തിലും മനസ്സിൽ മായാത്ത മുദ്ര പതിപ്പിച്ച സ്ത്രീകളെക്കുറിച്ച് അദ്ദേഹം പറയുന്നു.
അമ്മ
എന്റെ ജീവിതത്തെ ഏറ്റവും സ്വാധീനിച്ച സ്ത്രീ അമ്മയാണ്. വായനയോടുള്ള ഇഷ്ടം എന്നിൽ വളർത്തുകയും സ്വന്തം വഴികൾ തിരഞ്ഞെടുക്കാൻ സ്വാതന്ത്ര്യം തരികയും ചെയ്തു അമ്മ. അങ്ങനെ എന്നെ ഒരു സിനിമാക്കാരനാക്കിയതും അമ്മയാണെന്നു പറയാം. തിരുവല്ലയിലായിരുന്നു അമ്മയുടെ നാട്. അച്ചായൻ ഹരിപ്പാട് നിന്ന് തിരുവല്ലയിലെത്തി അമ്മയെ കല്യാണം കഴിച്ചതാണ്. (അച്ചായൻ സാമുവൽ. അമ്മ അന്നാമ്മ. എനിക്കു 13 വയസ്സു ള്ളപ്പോഴാണ് അനുജൻ ജനിക്കുന്നത്). പാവപ്പെട്ട കുടുംബമായിരുന്നു ഞങ്ങളുടേത്. എന്റെ കുട്ടിക്കാലത്തൊന്നും ഞങ്ങൾക്കു സ്വന്തമായി വീടില്ലായിരുന്നു. അച്ചായന്റെ തൊഴിൽ പെയിന്റിങ്ങായിരുന്നു. കടകളുടെ ബോർഡും മറ്റും കലാപരമായി പെയിന്റടിക്കുക, ലോറിയുടെ പെയിന്റിങ് തുടങ്ങിയ അൽപം ചിത്രവേലകളുള്ള പെയിന്റിങ് ജോലി. അച്ചായന്റെ വരുമാനം കുടുംബത്തിന്റെ ചെലവിനു തികയില്ലായിരുന്നു. ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടി മുട്ടിക്കാൻ അമ്മ നന്നെ പാടുപെട്ടു.
പശുക്കളെ വളർത്തലും ചിട്ടി നടത്തലും ഒക്കെയായി കഷ്ടപ്പെട്ടാണ് എന്റെ പഠനച്ചെലവിനുള്ള വക അമ്മ ഒപ്പിച്ചെടുത്തത്. പ്രാഥമിക വിദ്യാഭ്യാസമേ അമ്മയ്ക്കുണ്ടായിരുന്നുള്ളൂ. എങ്കിലും, ഡിറ്റക്ടീവ് കഥകളുടെ പിന്നാലെ പോയ എന്റെ വായനയെ അമ്മ നല്ല കൃതികളിലേക്കു വഴി തിരിച്ചു വിട്ടു. ബഷീറിന്റെയും പൊൻകുന്നം വർക്കിയുടെയുെമാക്കെ രചനകൾ അങ്ങനെയാണു ഞാൻ വായിക്കുന്നത്. ചിത്രംവരയോടും വായനയോടുമായിരുന്നു എനിക്ക് സ്കൂൾ കാലത്ത് കമ്പം. പിന്നീട് സിനിമകൾ പതിവായി കാണാൻ തുടങ്ങി. ഡിഗ്രി പഠിത്തം കഴിഞ്ഞ് പൂന ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ ചേരുന്ന കാര്യം പറഞ്ഞപ്പോഴും അമ്മ എതിരു പറഞ്ഞില്ല. അമ്മ ആശിച്ചത് എന്നെ ഒരു കോളജ് അധ്യാപകനാക്കാനായിരുന്നു. എന്നിട്ടും എന്റെ ഇഷ്ടങ്ങളെയെതിർത്തില്ല അമ്മ. ഞാൻ പൂന ഇൻസ്റ്റിറ്റ്യൂട്ടിൽ പഠിക്കുമ്പോഴും പശുവിനെ വളർത്തിയും മറ്റുമാണ് ഫീസിനുള്ള പണം അമ്മ അയച്ചു തന്നിരുന്നത്. പിന്നീട് സംവിധായകനായി മാറിയപ്പോൾ ആദ്യ സിനിമ ‘സ്വപ്നാടനം’ മുതൽ എല്ലാ ചിത്രങ്ങളും അമ്മ കണ്ടിരുന്നു. ഏഴുവർഷം മുമ്പായിരുന്നു അമ്മയുടെ വേർപാട്. ജീവിതത്തിൽ ഞാനേറ്റവും കടപ്പെട്ടിരിക്കുന്നത് അമ്മയോടാണ്.
ശോഭ
‘ഉൾക്കടലി’ലൂടെ എന്റെ സിനിമയിലെ നായികയാകും മുമ്പേ ശോഭയെയും അമ്മയെയും പരിചയമുണ്ട്. അശോക് നഗറിലെ വീടിനടുത്തായിരുന്നു അവരുടെ വീടും. ശോഭയുടെ നിഷ്കളങ്കതയായിരുന്നു അവരുടെ ആകർഷണമെന്നു തോന്നുന്നു. അതിസുന്ദരിയെന്നു പറയാനാകില്ല. സാധാരണ പെൺകുട്ടി. താരപരിവേഷത്തിന്റെ ജാടകളൊന്നുമുണ്ടായിരുന്നില്ല അവരുടെ പെരുമാറ്റത്തിൽ. സൽമയോടും വലിയ അടുപ്പമായിരുന്നു. ‘ഉൾക്കടലി’ന്റെ സമയത്ത് ആ സ്നേഹബന്ധം വളർന്നു. ബാലുമഹേന്ദ്ര എന്റെ സുഹൃത്തായിരുന്നു. ഇൻസ്റ്റിറ്റ്യൂട്ട് കാലത്തെ പരിചയം. ബാലു അവിടെ എന്റെ ഒരു വർഷം സീനിയറായിരുന്നു. ബാലുവും ശോഭയും തമ്മിലുള്ള അടുപ്പത്തിന്റെ തുടക്കം എങ്ങനെയെന്നറിയില്ല. ശോഭയാണ് ഉൾക്കടലിലെ നായികയെന്നറിഞ്ഞപ്പോൾ ബാലു പറഞ്ഞു. താൻ ക്യാമറ ചെയ്യാമെന്ന്. ബാലുവിന്റെ ഭാര്യ അഖില ഒരു പാവം സ്ത്രീയായിരുന്നു. ശോഭയെ തങ്ങൾ മകളെ പോലെയാണ് കാണുന്നതെന്നൊക്കെയായിരുന്നു അന്നൊക്കെ അവർ സൽമയോട് പറയാറ്. ചോറ് വാരിക്കൊടുക്കുക പോലും ചെയ്യാറുണ്ടായിരുന്നു. ശോഭയുടെയും ബാലുവിന്റെയും ഇഷ്ടത്തെക്കുറിച്ച് ഞാനറിഞ്ഞിരുന്നെങ്കിലും അതിലിടപെടാനുളള സാഹചര്യമുണ്ടായിരുന്നില്ല. ബാലുവും ഒരിക്കലും തുറന്നു സമ്മതിച്ചിരുന്നില്ല. ശോഭയോട് പ്രണയമാണെന്ന്. പിന്നീട് കേട്ടു, ഒരു ദിവസം ചോള ഹോട്ടലിൽ വച്ച് അവർ വിവാഹിതരായെന്ന്. അതെല്ലാവർക്കും നടുക്കമായിരുന്നു. ശോഭയുടെ അമ്മ പ്രേമയ്ക്ക് അതു വിശ്വസിക്കാനേ ആയില്ല.
ശോഭയും ബാലുവും വേറെ വീടെടുത്ത് താമസം തുടങ്ങി. ‘ശോഭയെ ആ വീട്ടിൽ നിന്നു പുറത്തിറങ്ങാതെ കാവലേർപ്പെടുത്തിയിരുന്നു, പത്രക്കാരോടു പോലും സംസാരിക്കാനനുവദിച്ചിരുന്നില്ല’ എന്നൊക്കെ കഥകൾ ആ സമയത്ത് കേട്ടിട്ടുണ്ട്. ആറു മാസത്തിനുശേഷം എല്ലാവരേയും നടുക്കി ആ വാർത്ത പരന്നു. ശോഭ ആത്മഹത്യ ചെയ്തു! ശോഭയുടെ മരണം കൊലപാതകമാണെന്നൊക്കെ ആരോപണങ്ങൾ പരന്നിരുന്നു. ഒരു ദിവസം ബാലു എന്നെ കാണാൻ വന്നു. കെട്ടിപ്പിടിച്ച് പറഞ്ഞു: ‘ഞാൻ ശോഭയെ െകാല്ലുമെന്ന് താൻ കരുതുന്നുണ്ടോ?’ കൊല്ലാനുള്ള മനസ്സൊന്നും ബാലുവിനെ പോലൊരു കലാകാരനുണ്ടെന്നു ഞാൻ കരുതുന്നില്ല, പക്ഷേ, അന്ന് സൽമ അയാൾ പറഞ്ഞതു വിശ്വസിച്ചിരുന്നില്ല. എന്തായാലും എല്ലാവരുടെയും മനസ്സിലെ മുറിവായി ശോഭ. സൽമ ഏറ്റവും കരഞ്ഞത് ശോഭ മരിച്ചപ്പോഴാണ്. അന്ന് സൽമ, തിരുവല്ലയിലെ വീട്ടിലായിരുന്നു. അതിനാൽ ചെന്നൈയിൽ വന്ന് ശോഭയുടെ ഭൗതികശരീരം അവസാനമായി കാണാൻ സാധിച്ചുമില്ല.
ശോഭ മരിച്ച് മൂന്നു വർഷങ്ങൾക്കു ശേഷമാണ് ഞാൻ ‘ലേ ഖയുടെ മരണം ഒരു ഫ്ളാഷ് ബാക്ക്’ ചെയ്യുന്നത്. 1983ൽ. ആദ്യം തൊട്ടേ ആ സിനിമ ശോഭയുടെ ജീവിതകഥയാണെന്ന മട്ടിൽ വിവാദങ്ങളുണ്ടായി. കോടമ്പാക്കത്തെ സിനിമാജീവിതത്തിൽ ഞാൻ കേട്ടിട്ടുള്ള പല നടികളുടെയും കഥയാണ് ആ സിനിമ. അതു ശോഭയുടെ മാത്രം കഥയല്ല. അക്കാലത്ത് ശോഭയെ പോലെ ആത്മഹത്യയിലഭയം തേടിയ പല നടികളുമുണ്ടായിരുന്നു. പല ആത്മഹത്യകളും അറിയപ്പെടാതെ പോയെന്നു മാത്രം. കോടമ്പാക്കത്തെ സിനിമാ ജീവിതത്തിന്റെ പറയാൻ കൊള്ളാത്ത നേരുകൾ പുറത്തു വരുമെന്ന് ഭയന്ന് പലരും എതിർത്തു. പക്ഷേ, ആ ജീവിതത്തെക്കുറിച്ചുള്ള കഥകൾ നേരിട്ടറിഞ്ഞയാളാണ് ഞാൻ. അതിനാലെനിക്ക് ഭയമില്ലായിരുന്നു. ഡേവിഡ് കാച്ചപ്പിള്ളിയും ഇന്നസെന്റും ആണ് ആ ചിത്രം നിർമിച്ചത്.
വിവാദങ്ങൾ കാരണമാണോയെന്നറിയില്ല. ‘ഫ്ളാഷ്ബാക്ക്’ വേണ്ടത്ര വിജയിച്ചില്ല. പക്ഷേ, കേരളത്തിനു പുറത്ത് പല ചലച്ചിത്ര മേളകളിലും ആ സിനിമയ്ക്ക് വലിയ സ്വീകരണവും അഭിനന്ദനവും ലഭിച്ചു. ലണ്ടൻ ഫിലിം ഫെസ്റ്റിവലിലും അതു ശ്രദ്ധേയമായി. ആ സിനിമ ശോഭയോടു നീതി പുലർത്തിയില്ല എന്നും ചിലരൊക്കെ പറഞ്ഞു. പക്ഷേ, ശോഭയുടെ കഥയായിട്ടല്ല ഞാനാ സിനിമ െചയ്തതെന്നതിനാൽ ആ പറഞ്ഞതൊന്നും എന്നെ ബാധിച്ചിട്ടില്ല. ഫ്ളാഷ് ബാക്ക് ചെയ്ത ശേഷം എന്റെ സിനിമകളെ ഒരു ശാപം പിന്തുടർന്നതായും പലരും സൂചിപ്പിച്ചിട്ടുണ്ട്. എനിക്ക് ദോഷങ്ങളൊക്കെ സംഭവിച്ചപ്പോഴും അവർ പറഞ്ഞു, ശാപം പിന്തുടരുന്നതാകുമെന്ന്. സിനിമയല്ലേ, അന്ധവിശ്വാസങ്ങളുടെ ലോകമാണ്, പക്ഷേ, കോടമ്പാക്കത്ത് സിനിമാ സ്വപ്നങ്ങൾ തേടിയെത്തിയവരുടെ യഥാർഥ അനുഭവങ്ങളിൽ നിന്നാണ് ആ സിനിമ പിറന്നത്. വളരെ ചെറുപ്രായത്തിലേ കലയുടെ ഉയരങ്ങൾ കീഴടക്കി പെട്ടെന്ന് മിന്നിമറഞ്ഞ ശോഭയുടെ ജീവിതവും അക്കൂട്ടത്തിലൊന്നായിരുന്നു. ആ മരണം എന്നെയും വേദനിപ്പിച്ചിട്ടുണ്ട്. അല്ലെങ്കിൽ ഞാൻ അങ്ങനെയൊരു സിനിമ ചെയ്യില്ലായിരുന്നല്ലോ.
സൽമ
എന്റെ സിനിമയിൽ പാടാൻ അവസരം ചോദിച്ചു വന്ന ഗായികയായിരുന്നു സൽമ. ‘സ്വപ്നാടന’ത്തിന്റെ ചിത്രീകരണസമയത്താണ് ആദ്യം സൽമയെ കാണുന്നത്. ആ സിനിമയിൽ പാട്ടുകളില്ലെന്നും അടുത്ത സിനിമയിൽ നോക്കാമെന്നും ഞാൻ പറഞ്ഞു. സൽമ കൊച്ചിക്കാരിയായിരുന്നു. പക്ഷേ, സൽമയുടെ അമ്മയുടെയും എന്റെ അമ്മയുടെയും നാട് തിരുവല്ലയായിരുന്നു. പ്രശസ്ത സംഗീതജ്ഞൻ പാപ്പുക്കുട്ടി ഭാഗവതരുടെ മകൾ. അന്ന് മദ്രാസിലേക്കു മാറിയിരുന്നു അവർ. ഗായികയായി ഉയരങ്ങളിലെത്തുകയായിരുന്നു സൽമയുടെ സ്വപ്നം. മദ്രാസിൽ വച്ചു കാണുമ്പോൾ നാട്ടുകാരെന്ന പരിചയമാകാം ഞങ്ങളെ അടുപ്പിച്ചത്. എന്റെ സിനിമയിൽ ചാൻസ് ചോദിക്കും മുമ്പേ സൽമ പത്തു പന്ത്രണ്ടു സിനിമകളിൽ പാടിയിരുന്നു.
പിന്നീട്, അവസരം ചോദിച്ചു പരിചയപ്പെട്ട ഗായികയെ ജീവിതത്തിലേക്കു കൂട്ടാൻ മോഹം തോന്നി. വിവാഹം കഴിക്കാനാഗ്രഹിക്കുന്നുവെന്ന് ഞാനാണ് പറഞ്ഞത്. 1977ലായിരുന്നു വിവാഹം. സൽമ പാടിയതിലെനിക്കേറ്റവുമിഷ്ടം ‘ഉൾക്കടലി’ലെ ‘ശരദിന്ദു മലർ ദീപനാളം നീട്ടി’ ആണ്. എം. ബി. ശ്രീനിവാസന്റെ അതുല്യസംഗീതത്തിൽ പിറന്ന ഗാനം. എന്റെ മറ്റു പല സിനിമകളിലും സൽമ പാടിയെങ്കിലും ആ ഗാനത്തോളം ഹിറ്റായില്ല മറ്റു പാട്ടുകളൊന്നും. മാത്രമല്ല, സിനിമയിൽ പാട്ടുകൾക്ക് അത്ര പ്രാധാന്യം പിന്നീട് ഞാൻ കൊടുത്തിരുന്നില്ല. ഞാൻ സിനിമയുടെ തിരക്കിൽ മുഴുകിയതിനാൽ സൽമയ്ക്ക് ഒരു ഗായികയുടെ കരിയർ പിന്തുടർന്ന് പോകാനായില്ല. ഒരു വീട്ടിൽ രണ്ടു പേരും തിരക്കിൽ മുഴുകിയാൽ പിന്നെ കുട്ടികളുടെ കാര്യം ആരു നോക്കുമെന്ന് ഞാൻ ചോദിക്കുമായിരുന്നു. സൽമയുടെ പിന്തുണ കൊണ്ടാണ് എനിക്ക് കുടുംബ കാര്യങ്ങളെക്കുറിച്ച് വേവലാതിപ്പെടാതെ നൂറു ശതമാനവും സിനിമയ്ക്കായി അർപ്പിക്കാനായത്.
എന്റെ എല്ലാ സിനിമകളുടെ സെറ്റിലും സൽമ വരുമായിരുന്നു. ആദ്യത്തെ ഒരാഴ്ചയൊക്കെ ഞാൻ തനിയെ കാര്യങ്ങൾ നോക്കും. പക്ഷേ, പിന്നീട് സൽമ കൂടെയില്ലാതെ പറ്റില്ലെന്നാകും. ‘തനിയെ ഒരു ഗ്ലാസ് വെള്ളമെടുത്ത് കുടിക്കാൻ പോലും നിങ്ങൾക്കറിയി’ല്ലെന്ന് കളിയാക്കി പറയാറുണ്ട് സൽമ. അതുകൊണ്ട് സിനിമ പിറക്കുന്നതിനു പിന്നിലെ കാര്യങ്ങളെല്ലാം മനസിലാക്കാനും കഴിഞ്ഞിട്ടുണ്ട്. എന്റെ നായികമാരുമായും നല്ല അടുപ്പമായിരുന്നു. പക്ഷേ, കുറച്ചു കൂടി സിനിമകളിൽ പാടാനാകാതെ പോയതിന്റെ നഷ്ടബോധം ഇപ്പോൾ ഇടയ്ക്ക് തോന്നാറുണ്ടെന്ന് തുറന്ന് പറയാനും സൽമ മടിക്കാറില്ല. അതുകൊണ്ടാകാം ചിലപ്പോഴെന്നോടു പറയും. ‘‘അടുത്ത ജന്മം ഞാൻ കല്യാണം കഴിക്കില്ല. എനിക്ക് ഒരു കലാകാരിയായി ജീവിതം സമർപ്പിക്കണം.’’ എന്തുെകാണ്ടോ ആ സിനിമ സംഭവിച്ചില്ല
മികച്ച അഭിനേതാവ് ഗോപി
ഞാനഭിനയിപ്പിച്ച അഭിനേതാക്കളിൽ ഗ്രേറ്റ് ആർട്ടിസ്റ്റ് എന്നു തോന്നിയിട്ടുള്ളത് ഭരത് ഗോപിയാണ്. ഗോപിയോളം മികച്ച ഒരു അഭിനേതാവിനെ കണ്ടിട്ടില്ല. തിലകനും അതുപോലെ വളരെ മികച്ച നടനായിരുന്നു.
മമ്മൂട്ടിയുമായി ആത്മബന്ധം
തുടക്കം മുതലേ മമ്മൂട്ടി എന്റെ കൂടെയുണ്ട്. എന്റെ സിനിമ ‘മേള’ മമ്മൂട്ടിയുടെ തുടക്കത്തിലെ ശ്രദ്ധേയ ചിത്രമായിരുന്നു. ഇപ്പോഴും മമ്മൂട്ടി ഇടയ്ക്ക് എന്നെ കാണാൻ വരാറുണ്ട്. ഞങ്ങൾ തമ്മിലൊരു ആത്മബന്ധമുണ്ട്. ഈ ബന്ധത്തെക്കുറിച്ച് പറയാറുമുണ്ട് അദ്ദേഹം.
േമാഹൻലാൽ സിനിമ നടന്നില്ല
മോഹൻലാലിനെ നടനെന്ന നിലയിൽ വളരെ ആരാധിക്കുന്നു. പക്ഷേ, നിർഭാഗ്യവശാൽ ലാലിനെ വച്ച് ഒരു സിനിമ എന്തു കൊണ്ടോ സംഭവിച്ചില്ല. സി.വി. ബാലകൃഷ്ണന്റെ ‘കാമമോഹിതം’ മോഹൻലാലിനെ വച്ച് ചെയ്യാനാശിച്ചെങ്കിലും നടക്കാതെ പോയി.
രാമു കാര്യാട്ടിന്റെ താടി
എന്റെ ഗുരുനാഥനായിരുന്ന രാമു കാര്യാട്ടിന്റെ സ്റ്റൈലായിരുന്നു, ഈ താടി വയ്ക്കാനെനിക്കു പ്രചോദനം. അന്നത്തെ കാലത്തു തന്നെ അദ്ദേഹം താടി വച്ച് തന്റേതാെയാരു രീതി സൃഷ്ടിച്ചിരുന്നു. പിന്നീട് ഞാൻ ബുൾഗാൻ താടിയാക്കി മാറ്റി. അതെന്റെ ശൈലിയായി മാറുകയും ചെയ്തു.
സിനിമാ പാരഡൈസോ പ്രിയ സിനിമ
ഫ്രെഡറിക്കോ ഫെല്ലിനിയുടെ സിനിമകളാണ് ആദ്യകാലത്തെന്നെ ഏറെ സ്വാധീനിച്ചിട്ടുള്ളത്. എന്റെ സിനിമകളിലെ സൈക്കോളജിക്കൽ സമീപനവും ആ സ്വാധീനത്താലാണ്. അസാമാന്യ സൗന്ദര്യമുള്ള സിനിമയായി തോന്നിയ ഒരു ചിത്രം ചോദിച്ചാൽ ‘സിനിമാ പാരഡൈസോ’ ആണ്.
അഭിമാനം തോന്നുന്ന തിരക്കഥ, യവനിക
എം.ടി. യുടെ വർക്കുകൾ വളരെ മികച്ചതായി തോന്നിയിട്ടുണ്ട്. പത്മരാജനും സവിശേഷതയുള്ള തിരക്കഥാകാരനായിരുന്നു. പക്ഷേ, തിരക്കഥാകൃത്തിനേക്കാളേറെ എം.ടി. ഒരു സാഹിത്യകാരനാണെന്നു തോന്നിയിട്ടുണ്ട്. പത്മരാജനിലും സാഹിത്യാംശമാണ് കൂടുതൽ. എന്റെ തിരക്കഥകളിൽ ഏറ്റവും അഭിമാനത്തോടെ കാണുന്നത് ‘യവനിക’ ആണ്.