Tuesday 23 May 2023 12:34 PM IST

‘ആരു പറഞ്ഞിട്ടും വിശ്വാസമാകാതെ രാത്രികളില്‍ ഓരോ മുറിയിലും അവന്‍ അമ്മയെ തിരയാറുണ്ടായിരുന്നു’ സജീഷ് അന്ന് വനിതയോടു പറഞ്ഞത്

Tency Jacob

Sub Editor

lini-2021-3

‘ആരു പറഞ്ഞിട്ടും വിശ്വാസമാകാതെ രാത്രികളില്‍ ഓരോ മുറിയിലും അവന്‍ അമ്മയെ തിരയാറുണ്ടായിരുന്നു’ സജീഷ് അന്ന് വനിതയോടു പറഞ്ഞത്

കെടാതെ നിൽക്കുന്നൊരു തിരിനാളം പോലെയാണ് നമുക്ക് ലിനി സിസ്റ്റർ. ആ തിരിനാളത്തെ ഓർമകളായി നെഞ്ചിൽ കുടിയിരുത്തുന്നത് മൂന്നു പേർ. ലിനിയുടെ ഭർത്താവ് സജീഷും മക്കളായ, റിതുലും സിദ്ധാർഥും. മരിച്ച് മണ്ണോടു ചേർന്നിട്ടും ലിനിയെന്ന വലിയ ഓർമയെ ചങ്കിൽ ചേർത്തു പിടിക്കുന്ന ആ അച്ഛനും മക്കളും ഇന്നും ഓരോ മലയാളിയുടേയും സ്നേഹ പരിലാളനങ്ങൾക്കു നടുവിലാണ്.

ലിനിയുടെ വിയോഗത്തിന്റെ അഞ്ചാം വർഷത്തിൽ തന്റെ പ്രിയപ്പെട്ടവളെ കുറിച്ച് ഭർത്താവ് സജീഷ് വനിതയോടു പങ്കുവച്ച വാക്കുകൾ സ്നേഹാക്ഷരങ്ങളായി ഒരിക്കൽ കൂടി... 2018 ൽ വനിതയിൽ ലിനിയുടെ ഭർത്താവ് സജീഷിന്റേതായി പ്രസിദ്ധീകരിച്ചു വന്ന അഭിമുഖത്തിന്റെ പ്രസക്തഭാഗം ചുവടെ...

------

മേയ് 28, സജീഷിന്റെ പിറന്നാളായിരുന്നു. കഴിഞ്ഞ വർഷം  പിറന്നാളാശംസ നേരാനും സമ്മാനം കൊടുത്ത് ഞെട്ടിക്കാനും ലിനിയുണ്ടായിരുന്നു. സജീഷിന്റെ ഒരേയൊരു മാലാഖപ്പെണ്ണ്.

ദുഃഖത്തിന്റെ പിണച്ചുകെട്ടലുകളല്ല ‘എന്നാലും ഇത്രവേഗം എന്തിനു യാത്ര പറഞ്ഞു’ എന്നൊരു അമ്പരപ്പു നിറഞ്ഞ നിസ്സഹായതയാണ് വടകര പുത്തൂർ പറമ്പത്ത് സജീഷിന്റെ മുഖം നിറയെ. പതിഞ്ഞ ശബ്ദത്തിൽ സംസാരിക്കുമ്പോൾ ഇപ്പോഴും കൂടെയുള്ള ഒരാളെക്കുറിച്ചാണ് പറയുന്നതെന്ന തോന്നൽ ഉയരും. കൂടെത്തന്നെയുള്ളപ്പോൾ പിന്നെയെന്തിന് വിതുമ്പലുകളും നെടുവീർപ്പുകളും? കഴിഞ്ഞ പിറന്നാളിനെക്കുറിച്ചായിരുന്നു സജീഷ് സംസാരിച്ചു തുടങ്ങിയത്.

‘‘നാട്ടിൽ നിന്നു ബഹ്റൈനിലേക്കു വന്ന കൂട്ടുകാരന്റെ കയ്യിൽ എനിക്കും കൂട്ടുകാർക്കും ബീഫ് വരട്ടിയതൊക്കെ കൊടുത്തുവിട്ടിരുന്നു. എന്റെ കൂട്ടുകാർക്ക് വളരെ പ്രിയപ്പെട്ടതായിരുന്നു അത്.

ലിനി നേരത്തെ ചട്ടം കെട്ടിയിരുന്നതുകൊണ്ട്  പിറന്നാളിന്റെയന്ന് രാവിലെയാണ് കൂട്ടുകാരൻ ഒരു സ്പെഷൽ സമ്മാനപ്പൊതി നീട്ടുന്നത്. എനിക്കിഷ്ടപ്പെട്ട നിറത്തിലൊരു ഷർട്. അതിൽ പറ്റിപ്പിടിച്ചിരിക്കുന്നുണ്ടായിരുന്നു അവളുടെ സ്നേഹം. കണ്ട അന്നുമുതൽ എന്നെ ‘സജീഷേട്ടാ’ എന്നാണ് വിളിച്ചിരുന്നത്. ഞാൻ കൂടെയുള്ള നേരത്ത് എന്തെങ്കിലും കാര്യം സാധിച്ചെടുക്കണമെങ്കിൽ ഷാ എന്നും വിളിക്കും.’’ ഇപ്പോഴും കാതിലോരം വയ്ക്കുന്നുണ്ടാകണം ആ വിളിയും ചിരിയും.

‘‘കൂട്ടുകാരന്റെ ബന്ധുവാണ് ലിനി. അവനാണ് കല്യാണക്കാര്യം എടുത്തിടുന്നതും ബന്ധുവായ പെൺകുട്ടിയെക്കുറിച്ച്  സൂചിപ്പിക്കുന്നതും. അന്ന് ലിനി ജോലി ചെയ്തിരുന്ന കണ്ണൂരെ ഹോസ്പിറ്റലിലാണ് ഞങ്ങൾ ആദ്യം കാണുന്നത്. കുറച്ചുനേരം സംസാരിച്ചു. ഞാൻ കാണാൻ വന്നതിന്റെയൊരു കരുതല്‍ എന്നോടു കാണിച്ചു. അമ്മ മരിച്ചു പോയ എനിക്ക് പെട്ടെന്നു തന്നെ ആ സ്നേഹം തിരിച്ചറിയാനായി.

നല്ല മനക്കരുത്തുള്ള പെൺകുട്ടി എന്നു തോന്നിച്ചു. അതാണെനിക്കിഷ്ടപ്പെട്ടതും. പിന്നീട് ഇടയ്ക്കൊക്കെ വിളിക്കുമായിരുന്നു. കുറച്ചുനാളുകൾക്കു ശേഷമാണ് വീടുകളിലറിയിക്കുന്നതും പെണ്ണുകാണൽ ചടങ്ങ് നടത്തുന്നതും. എട്ടു മാസം കഴിഞ്ഞായിരുന്നു കല്യാണം.

നടക്കാതെ പോയ മോഹം

‘‘അവൾക്ക് വക്കീലാകാനായിരുന്നു ആഗ്രഹം. അതിനുവേണ്ടി ശ്രമിക്കുകയും ചെയ്തിരുന്നു.’’ ചെമ്പനോട കുറത്തിപ്പാറ വീട്ടിലെ  നാണുവിന്റെയും രാധയുടേയും മൂന്നു മക്കളിൽ രണ്ടാമത്തെയാളാണ് ലിനി.

‘‘അച്ഛനുമമ്മയും നടത്തിയിരുന്ന ചെറിയൊരു ഹോട്ടലിലെ വരുമാനത്തിലായിരുന്നു അവരുടെ ജീവിതം. അന്നാട്ടില്‍ നഴ്സിങ് പഠിച്ച് വിദേശത്തൊക്കെ പോയി ജീവിതം രക്ഷപ്പെട്ട  കുടുംബങ്ങളുണ്ട്. അതുകണ്ട് അച്ഛനാണ് അവളെ നഴ്സിങ്ങിലേക്ക് തിരിച്ചുവിട്ടത്.  ജീവിതമൊന്നു കരകയറണമെന്നും പെൺമക്കളിൽ ഒരാൾക്കെങ്കിലും നല്ലൊരു ജോലി കിട്ടുമെന്നുമുള്ള പ്രതീക്ഷയായിരുന്നു അച്ഛന്.  

ആദ്യം ജനറൽ നഴ്സിങ്ങായിരുന്നു പഠിച്ചത്. ബെംഗളൂരുവിൽ നിന്ന് പഠിച്ചിറങ്ങിയ ഉടനെ തന്നെ ജോലിയും കിട്ടി. ആയിടയ്ക്കായിരുന്നു അച്ഛന്റെ മരണം. അച്ഛന് ലിനി ബിഎസ്‌സി നഴ്സിങ് എടുക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നു. അതുകൊണ്ട് അവള്‍ ജോലി ചെയ്യുന്നതിനോടൊപ്പം തന്നെ വീണ്ടും  പഠിക്കാൻ തുടങ്ങി. അപ്പോഴേക്കും  നഴ്സിങ് പ്രഫഷനെ അവൾ സ്നേഹിച്ചു തുടങ്ങിയിരുന്നു.

ചേച്ചിയുടെ വിവാഹം  കഴിഞ്ഞിട്ടുമതി ഞങ്ങളുടേത് എന്നായിരുന്നു അവളുടെ തീരുമാനം. ഞാൻ കാത്തിരിക്കാൻ തയാറായിരുന്നു. ചില സാമ്പത്തിക പ്രശ്നങ്ങൾ കാരണം ചേച്ചിയുടെ വിവാഹമല്ല, ഞങ്ങളുടെ കല്യാണമാണ് ആദ്യം നടന്നത്. പിന്നീട് ചേച്ചിയുടേയും അനിയത്തിയുടേയും കല്യാണം നടത്തിയതെല്ലാം ഞങ്ങളൊരുമിച്ചായിരുന്നു. അസുഖം വരുന്നതിനു തൊട്ടു മുൻപുള്ള ഫോൺ വിളികളിൽപ്പോലും അവൾ സംസാരിച്ചിരുന്നത് ഞങ്ങളെ ചുറ്റിപ്പറ്റിയുള്ള മറ്റുള്ളവരുടെ ജീവിതത്തെക്കുറിച്ചായിരുന്നു. അവളായിരുന്നു ആ വീടിന്റെ നെടുംതൂൺ.

വിവാഹം കഴിഞ്ഞ സമയത്തായിരുന്നു സെൻട്രൽ ഗവൺമെന്റിന്റെ കേരള സ്േറ്ററ്റ് എയിഡ്സ് കൺട്രോൾ സൊസൈറ്റിയുടെ ഒരു പ്രൊജക്ട് വന്നത്. ലിനി അതിൽ ചേർന്നു പ്രവർത്തിക്കാൻ തുടങ്ങി. എച്ച്ഐവി ബാധിതർ ഉള്ള സ്ഥലത്തു പോയി മെഡിക്കൽ ക്യാംപ് നടത്തും. രക്ത പരിശോധനയും മരുന്നു കൊടുക്കലുമൊക്കെയുണ്ടായിരുന്നു. പിന്നീട് സ്വകാര്യ ആശുപത്രിയിൽ ജോലി ചെയ്തു. രണ്ടാമത്തെ പ്രസവം കഴിഞ്ഞ് മൂന്നു മാസമായപ്പോഴാണ് താലൂക്കാശുപത്രിയിൽ ദിവസ വേതനത്തിനു ജോലിക്ക് കയറിയത്.

‘‘വീട്ടിൽ ആർക്കും ഒരു മരുന്നും വെറുതെ കഴിക്കാൻ പറ്റില്ല. ലിനിയുടെ വക ചെക്കിങ്ങുണ്ട്. ഞാൻ ഗൾഫിലാണെങ്കിലും  എന്തെങ്കിലും മരുന്നു വാങ്ങിയാൽ അതിന്റെ ഫോട്ടോയെടുത്ത് അയച്ചുകൊടുക്കണം. സ്ട്രിപ്പിന്റെ പുറത്ത് മരുന്നിലടങ്ങിയിട്ടുള്ള കണ്ടന്റ്സ് വായിച്ച് ബോധ്യം വന്നാലേ കഴിക്കാൻ സമ്മതിക്കുകയുള്ളൂ.’’

മുഹമ്മദ് സാബിത്തിനെ ആശുപത്രിയിലേക്ക് കൊണ്ടു വന്നപ്പോൾ തുടങ്ങി പരിചരിച്ചത് അവളാണ്. മകന്റെ അവസ്ഥ കണ്ട് ആകെ പരിഭ്രമിച്ച് തളർന്ന ആ ഉപ്പയ്ക്കും ഉമ്മയ്ക്കും ആശ്വാസമായി അവൾ. എച്ച് വൺ എൻ വണ്ണോ, വൈറസ് പനിയോ ആണെന്നായിരുന്നു ആദ്യം കരുതിയിരുന്നത്. മരിച്ചപ്പോൾ  ‘‘ മോള്, നന്നായി നോക്കിയിട്ടും അവൻ പോയല്ലോ’’ എന്ന് വിഷമിക്കുകയും ചെയ്തു. ഇന്നലെയും സാബിത്തിന്റെ നാട്ടിൽ നിന്ന് ആളുകൾ വന്നിട്ടുണ്ടായിരുന്നു. സാബിത്തിനെ മദ്രസയിൽ പഠിപ്പിച്ചിരുന്ന മുസലിയാർ വന്ന് ‘ഞങ്ങളുടെ കുട്ടിയെ നന്നായി നോക്കിയതുകൊണ്ടാണല്ലോ ഇവിടത്തെ മോൾക്ക് അപകടം സംഭവിച്ചത്’ എന്നൊക്കെ പറഞ്ഞ് കണ്ണുതുടച്ചു.

lini-2021

ഒടുവിൽ, ആ ദിവസം

മെയ് 16 ചൊവ്വാഴ്ച ജോലി കഴിഞ്ഞു വരുമ്പോൾ നല്ല മഴ. വൈകിട്ടായപ്പോഴേക്കും  ലിനിക്ക് ജലദോഷവും  നടുവേദനയും തുടങ്ങി. ബുധനാഴ്ച കാലത്ത് ഇറങ്ങാൻ നിൽക്കുന്നതിന്നിടയിലാണ് വിളിച്ചത്. ‘‘ സജീഷേട്ടാ, മേലുവേദനയുണ്ട്, പനിക്കാനാണെന്നു തോന്നുന്നു’’ എന്നു നിസാരമായി പറഞ്ഞിരുന്നു. ‘വയ്യെങ്കിൽ ലീവെടുക്കൂ’ എന്നു ഞാൻ പറയുകയും ചെയ്തു. പനിക്കാലമായതുകൊണ്ട് ലീവെടുക്കാൻ പറ്റില്ല എന്നു പറഞ്ഞാണ് പോയത്. പക്ഷേ, അന്നവിടെയെത്തി കുറച്ചു കഴിഞ്ഞപ്പോഴേക്കും  നന്നായി പനിക്കാൻ തുടങ്ങി. ഡോക്ടറെ ക ണ്ട് മൂന്നു ദിവസത്തേക്കുള്ള മരുന്നു വാങ്ങി വീടിനടുത്തുള്ള  ഒരു ഡോക്ടറുടെ കൂടെ കാറിലാണ് തിരികെ വന്നത്. വൈകുന്നേരം പനി കൂടുന്നതു കണ്ട് അമ്മയോടു പറഞ്ഞു. ‘സാബിത്തിന്റേതു പോലെയുള്ള പനിയാണെന്ന് തോന്നുന്നു.’ വ്യാഴാഴ്ച പുലർച്ചയായപ്പോഴേക്കും പനി  കൂടി അമ്മ അവളെ താലൂക്കാശുപത്രിയിൽ കൊണ്ടുപോയി. അവിടുന്നാണ് മെഡിക്കൽ കോളജിലേക്ക് റഫർ ചെയ്യുന്നത്.  

അവിടെ ഡോക്ടറോട് കാര്യങ്ങളെല്ലാം പറഞ്ഞത് ലിനി തന്നെ. ഐസലേറ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടതും അവളാണ്. പിന്നെ പെട്ടെന്ന് പനി കൂടി. ശ്വസിക്കാൻ ബുദ്ധിമുട്ടായി. ഐസിയുവിലേക്ക് മാറ്റി. അസുഖം ഗുരുതരമാണെന്നറിഞ്ഞ് അമ്മയും സഹോദരിമാരും  കാണണമെന്ന് ആവശ്യപ്പെട്ടപ്പോൾ അവൾ സമ്മതിച്ചില്ല. മക്കളെ ആശുപത്രിയിലേക്ക് കൊണ്ടുവരരുതെന്നും കർശനമായി പറഞ്ഞു. കാണണമെന്നൊക്കെ തോന്നിയിട്ടുണ്ടാകും. പക്ഷേ, ആ കൊതിയെ അടക്കിവച്ചിട്ടുണ്ടാകും. എനിക്കറിയാം, സ്വന്തം ജീവൻ പോയാലും ഉറ്റവർക്കൊന്നും വരരുതേ എന്നേ അവൾ ആശിക്കൂ.

മൂത്ത മകന്‍ ഋഥുൽ എപ്പോഴും ഗൾഫിൽ വരണമെന്ന് വാ ശി പിടിക്കും. ഞാൻ ഗൾഫിൽ നിന്നു കൊടുത്തയയ്ക്കുന്ന ക ളിപ്പാട്ടങ്ങൾ കണ്ട് അവന്റെ വിചാരം ഗൾഫിൽ വന്നാൽ നിറയെ കളിപ്പാട്ടങ്ങൾ കിട്ടുമെന്നാണ്. ‘‘നന്നായി പഠിച്ചാലേ ഗൾഫിലേക്ക് പോകാൻ പറ്റുള്ളൂ, പഠിക്കാത്ത കുട്ടികളെ വിമാനത്തിൽ കേറ്റില്ല’’ എന്നൊക്കെ പറഞ്ഞാണ് അവളവനെ പഠിപ്പിക്കാനിരുത്താറുള്ളത്.

പറയാനുണ്ടായിരുന്നു, ഒരുപാട്

എന്റെ ചേട്ടൻ കാര്യങ്ങളുടെ ഗൗരവം അറിയിച്ചപ്പോൾ തന്നെ ഞാൻ  പോരാനുള്ള ടിക്കറ്റ് അന്വേഷിച്ചു കൊണ്ടിരുന്നു. ഞായറാഴ്ച ഞാനെത്തി അവളെ കണ്ടപ്പോൾ വിശ്വാസം വരാത്തതുപോലെ എന്റെ കൈകളിൽ മുറുകെപിടിച്ചു. ഒത്തിരി പറായാനുണ്ടായിരുന്നിരിക്കണം.  പക്ഷേ, ഓക്സിജൻ മാസ്ക് വച്ചിരുന്നതുകൊണ്ട് മിണ്ടാൻ പറ്റിയില്ല. വാക്ക് പുറത്തേക്ക് വരാതെ  അവൾ വിഷമിക്കുന്നുണ്ടായിരുന്നു. ഓക്സിജൻ ലെവലിൽ വ്യത്യാസമുണ്ടായി. എപ്പോളും ചിരിച്ചു മാത്രം കണ്ടിരുന്ന അവൾ ആയാസപ്പെടുന്നതു കണ്ടപ്പോൾ നെഞ്ച് പൊടിയുന്നതു പോലെ തോന്നി. പക്ഷേ, ഞാൻ അവിടെ നിന്നാൽ അവളുടെ സമ്മർദം  കൂടുമെന്ന് തോന്നിയപ്പോൾ പുറത്തേക്കിറങ്ങി.

അപ്പോഴും എന്റെ വിശ്വാസം അവളീ വിഷമത്തെ മറികടന്നു തിരിച്ചുവരുമെന്നു തന്നെയായിരുന്നു. നിപ്പ വൈറസാണ് ബാധിച്ചതെന്ന് സ്ഥിരീകരിച്ചതോടെ ആരെയും ഐസിയുവിലേക്ക് കടത്തിവിട്ടില്ല. അവസാന നിമിഷം വരെ അവൾക്ക് ബോധം നഷ്ടപ്പെട്ടിരുന്നില്ലെന്ന് കേട്ടു. ’’

രണ്ടു വയസ്സുള്ള ഇളയമകൻ കുട്ടു എന്ന സിദ്ധാർഥ്  ഇപ്പോഴും അമ്മിഞ്ഞപ്പാലുണ്ട് ഉറങ്ങാനായി അമ്മയെ തിരയുന്നു. ആരു പറഞ്ഞിട്ടും വിശ്വാസമാകാതെ രാത്രികളിൽ ഓരോ മുറിയിലും കരഞ്ഞുകൊണ്ട് നോക്കി നോക്കി നടക്കുന്നു.

ലിനി അവസാനമെഴുതിയ കത്ത് എപ്പോഴും കാണാൻ പാകത്തിൽ ഫോൺകവറിനുള്ളിൽ  ഭദ്രമായി നിക്ഷേപിച്ച് ഓരോ നിമിഷവും ഹൃദയമിടിപ്പിനോടു ചേർത്തു പിടിച്ചു കൊണ്ടിരിക്കുന്നു സജീഷ്. ‘‘എന്നെ കാണാൻ ആകുമെന്ന് അവൾ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. അതുകൊണ്ടാണ് ആ കത്തെഴുതിയത്. ആദ്യം എഴുതിയ കത്ത് ആശുപത്രിയിൽ ഒപ്പമുണ്ടായിരുന്ന അമ്മായി കീറി കളഞ്ഞിരുന്നു, എന്തിനാണിങ്ങനെ ചിന്തിക്കുന്നതെന്നു പറഞ്ഞ്. ശനിയാഴ്ച, ഡ്യൂട്ടി നഴ്സിന്റെ കൈയിലെ പ്രിസ്ക്രിപ്ഷൻ പാഡിൽ നിന്ന് പേജു കീറിയെഴുതി അമ്മായിയെ നിർബന്ധമായി ഏൽപിച്ചു.’’

സജീഷേട്ടാ, ആം ഓൾമോസ്റ്റ് ഓൺ ദ വേ. നിങ്ങളെ കാണാൻ പറ്റുമെന്ന് തോന്നുന്നില്ല. സോറി. നമ്മുടെ മക്കളെ നന്നായി നോക്കണേ. പാവം കുഞ്ഞു, അവനെ ഒന്നു ഗൾഫിൽ കൊണ്ടുപോകണം. നമ്മുടെ അച്ഛനെപ്പോലെ തനിച്ചാവരുത്. പ്ലീസ്. വിത് ലോട്സ് ഓഫ് ലവ്... ഉമ്മ.

(വനിത 2018ൽ പ്രസിദ്ധീകരിച്ചത്)