Thursday 15 June 2023 02:56 PM IST

‘അന്നു മാമുവിന്റെ ശബ്ദത്തിനു പതർച്ചയുണ്ടായിരുന്നു, വന്നുകാണാം എന്നു പറഞ്ഞു, പക്ഷേ...’: സ്നേഹ നിമിഷങ്ങളിലെ മാമുക്കോയ

V R Jyothish

Chief Sub Editor

mamukkoya-sathyan

മുക്കോയ മടങ്ങുകയാണ്. ജീവിതത്തിൽ ഒരിക്കൽ പോലും അഭിനയിക്കാതെ. പക്ഷേ, സിനിമയിലെ അദ്ദേഹത്തിന്റെ കഥാപാത്രങ്ങൾ പ്രേക്ഷകമനസ്സുകളിൽ ഇപ്പോഴും അഭിനയം തുടരുന്നു. കല്ലായി കൂപ്പിലെ മരം അളവുകാരൻ, മാമു തൊണ്ടിക്കോട് എന്ന നാടകനടൻ, ൈവക്കം മുഹമ്മദ് ബഷീറിന്റെയും എസ്. കെ. പൊറ്റക്കാടിന്റെയും തിക്കൊടിയന്റെയും സുഹൃത്ത്. മലയാളികളുടെ പ്രിയപ്പെട്ട മാമുക്കോയ. വേഷങ്ങളും അരങ്ങും മാറുമ്പോഴും മാറ്റമില്ലാതെ മനുഷ്യ സ്നേഹം മനസ്സിൽ സൂക്ഷിച്ച പ്രിയനടൻ.

അദ്ദേഹവുമൊത്തുള്ള ജീവിതനിമിഷങ്ങൾ പങ്കുവയ്ക്കുന്നു സഹയാത്രികനായിരുന്ന പ്രിയ സംവിധാകൻ സത്യൻ അന്തിക്കാട്...

‘വരാൻ ബുദ്ധിമുട്ടില്ല, പക്ഷേ...’

-സത്യൻ അന്തിക്കാട്-

ഏതാനും ദിവസങ്ങൾക്കു മുൻപ് ഇന്നസെന്റിന്റെ വീട്ടിൽ നിന്ന് എന്നെ വിളിച്ചു. മകൻ സോണറ്റാണു സംസാരിച്ചത്. മാമുക്കോയ സകുടുംബം ഇന്നസെന്റിന്റെ വീട്ടിൽ വന്നിരുന്നത്രേ. ഇന്നസെന്റ് മരിക്കുന്ന ദിവസം മാമുക്കോയ ഗൾഫിലായിരുന്നു. അന്ന് എത്താൻ കഴിയാത്തതുകൊണ്ടാണ് ഈ യാത്ര. സോണറ്റ് വലിയ സന്തോഷത്തിലാണു സംസാരിച്ചത്. കാരണം മാമുക്കോയ വളരെ ഊർജസ്വലനായിരിക്കുന്നു. പിതാവിന്റെ ഏറ്റവും അടുത്ത സുഹൃത്തിന്റെ ആ വരവ് സോണറ്റിനെയും കുടുംബത്തെയും സന്തോഷിപ്പിച്ചു എന്ന് എനിക്കു മനസ്സിലായി.

മാമുക്കോയയുടെ ആരോഗ്യാവസ്ഥയെക്കുറിച്ച് അറിയാമായിരുന്ന എന്നെ സോണറ്റിന്റെ വാക്കുകൾ ആഹ്ലാദിപ്പിച്ചു. കാരണം ചിലർ പരിഹസിക്കുന്നതുപോലെ എന്റെ നാടകവണ്ടിയിൽ അവശേഷിക്കുന്നവരിൽ ഒരാളാണു മാമുക്കോയ. അദ്ദേഹം ആരോഗ്യത്തോടെയിരുന്നാൽ എന്റെ ചിന്തയിൽ പുതിയ കഥാപാത്രമായി അദ്ദേഹം കടന്നുവരും.

ഇന്നസെന്റിന്റെ മരണത്തിന് ഏതാനും ദിവസം മുൻപാണു ഞാനും മാമുവും അവസാനമായി സംസാരിച്ചത്. അന്നു മാമുവിന്റെ ശബ്ദത്തിനു പതർച്ചയുണ്ടായിരുന്നു. അധികം സംസാരിക്കേണ്ട, വന്നുകാണാം എന്നു പറഞ്ഞു സംഭാഷണം അവസാനിപ്പിച്ചു.

ഞാനും ഇന്നസെന്റും ദിവസവും അരമണിക്കൂറെങ്കിലും സംസാരിക്കുമായിരുന്നു. പ്രിയദർശനും ശ്രീനിവാസനുമൊക്കെ കൂടെക്കൂടെ വിളിച്ചു സംസാരിക്കുന്ന സുഹൃത്തുക്കളാണ്. എന്നാൽ ആ ലിസ്റ്റിൽ ഉള്ള ആളായിരുന്നില്ല മാമു. വല്ലപ്പോഴും മാത്രമേ സംസാരിക്കാറുമുള്ളു. അതുകൊണ്ടുപക്ഷേ, ആ ബന്ധത്തിനു ബലക്കുറവൊന്നുമില്ല. മാത്രമല്ല, ജീവിതത്തിലെ ഒട്ടുമിക്ക വിശേഷങ്ങളും മാമു എന്നെ വിളിച്ച് അറിയിക്കുകയും ചെയ്യും.

മക്കളുടെ വിവാഹാലോചനകൾ, പുതിയ വണ്ടി വാങ്ങിയത്, വയനാട്ടിൽ കുറച്ചു കൃഷിസ്ഥലം വാങ്ങിയത്, പുതിയ സിനിമാ പ്രോജക്റ്റുകൾ അങ്ങനെ എല്ലാം. അതായിരുന്നു മാമുവിന്റെ രീതി. മറ്റുള്ളവർക്കു മുന്നിൽ വലിയ ആളാണെന്നു കാണിക്കാൻ മാമു ഒരിക്കലും നിന്നില്ല. ആൾക്കൂട്ടങ്ങളിൽ നിന്നും ബഹളങ്ങളിൽ നിന്നുമൊക്കെ ഒഴിഞ്ഞുമാറി നിൽക്കാനായിരുന്നു എപ്പോഴും താൽപര്യം.

മാമുവും സുകുമാർ കോഴിക്കോടും

സിനിമയിൽ കോമഡി വേഷങ്ങളാണു മാമു കൂടുതലും ചെയ്തിട്ടുള്ളത്. ജീവിതത്തിൽ പക്ഷേ, അതീവ ഗൗരവക്കാരനായിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഒരു തമാശ കേട്ടിട്ടുണ്ട്. ഒരിക്കൽ സുകുമാർ അഴീക്കോടും മാമുവും ഒരു യോഗത്തിന് ഒരുമിച്ചു വന്നു. പ്രസംഗം കഴിഞ്ഞ് ഇറങ്ങാൻ നേരം മാമു അഴീക്കോടിനോടു പറഞ്ഞു; ‘പ്രസംഗത്തിനിടയിൽ മാഷ് ഇത്രയും തമാശ പറയുമെന്നൊന്നും എനിക്ക് അറിയില്ലായിരുന്നു.’ അതുകേട്ടപ്പോൾ അഴീക്കോട് മാഷിന്റെ മറുപടി, ‘ സിനിമയിൽ തമാശ പറയുന്ന മാമു ജീവിതത്തിൽ ഇത്രയും ഗൗരവക്കാരനാണെന്ന് എനിക്കും അറിയില്ലായിരുന്നു.’ അല്ലെങ്കിലും വൈക്കം മുഹമ്മദ് ബഷീറിന്റെ ശിഷ്യന് ഇങ്ങനെയൊക്കെയാവാനേ തരമുള്ളു.

പല സംവിധായകരും എന്നോടു പറഞ്ഞിട്ടുണ്ട്; സിനിമയിൽ അഭിനയിക്കാൻ വിളിക്കുമ്പോൾ മാമു പറയുന്ന ആദ്യത്തെ ഡയലോഗ് ഇതാണ്; ‘വരാൻ ബുദ്ധിമുട്ടൊന്നുമില്ല പക്ഷേ, സത്യൻ വിളിക്കുകയാണെങ്കിൽ ഞാൻ പോകുംകേട്ടോ’ അത് എനിക്കുള്ള ഒരു ബഹുമതിയായിരുന്നു.

ഒരു പുഞ്ചിരി കൊണ്ടാണു മാമു മലയാളിയുടെ മനസ്സിനെ കീഴടക്കിയത്. ശ്രീനിവാസൻ സംവിധാനം ചെയ്ത ‘വടക്കുനോക്കിയന്ത്ര’ത്തിലെ ആ ‘സ്മൈൽ’ മലയാളി മറക്കുന്നതെങ്ങനെ?

ചെറിയൊരു നീരസത്തിൽ നിന്നാണു ഞാനും മാമുവും കൂടിയുള്ള യാത്ര തുടങ്ങുന്നത്. അതു ഞാൻ പറഞ്ഞിട്ടുമുണ്ട്. ഗാന്ധിനഗർ സെക്കൻഡ് സ്ട്രീറ്റ് എന്ന സിനിമയുെട അണിയറ പ്രവർത്തനങ്ങൾ നടക്കുന്ന സമയത്തു മോഹൻലാലിന്റെ സുഹൃത്തുക്കളായി ഒന്നുരണ്ടുപേരെ വേണം. മാമു തൊണ്ടിക്കോട് എന്ന നാടകനടനെക്കുറിച്ചു ശ്രീനിവാസൻ പറഞ്ഞിരുന്നു. നല്ല നാടകനടനാണ് എന്നും പറ‍ഞ്ഞു. നേരിട്ടു കണ്ടപ്പോൾ എനിക്കു നിരാശയാണു തോന്നിയത്. മോഹൻലാലിന്റെ സുഹൃത്തായാണ് അഭിനയിക്കേണ്ടത്. പക്ഷേ, ശ്രീനിവാസന്റെ സുഹൃത്തായ മാമുവിനെ നിരാശനാക്കി പറഞ്ഞയക്കാനും വയ്യ.

മാമു ഇതിനകം തന്നെ സിബിയുടെ സംവിധാനത്തിൽ ‘ദൂരെ ദൂരെ ഒരു കൂടു കൂട്ടാം’ എന്ന സിനിമയിൽ അഭിനയിച്ച കാര്യമൊന്നും ഞാൻ അറിഞ്ഞിരുന്നില്ല.

mamukkoya-1

മാമു അഭിനയിച്ചു തുടങ്ങിയപ്പോൾ ഞാൻ ശ്രീനിവാസനു കൈ കൊടുത്തു. ശ്രീനി പറഞ്ഞതു വളരെ ശരിയാണ്. അയാളൊരു നല്ല നടനാണ്. പിന്നീടങ്ങോട്ട് മാമു ഇല്ലാതെ ഒരു സിനിമ പോലും എനിക്ക് ആലോചിക്കാൻ കഴിയാതായി. ‘പൊൻമുട്ടയിടുന്ന താറാവി’ലെ ചായക്കടക്കാരൻ അബൂബക്കർ, ‘മഴവിൽക്കാവടി’യിലെ പോക്കറ്റടിക്കാരനായ കുഞ്ഞിഖാദർ, ‘നാടോടിക്കാറ്റി’ലെ ഗഫൂർക്ക ഇങ്ങനെ പറഞ്ഞാൽ എത്രയോ കഥാപാത്രങ്ങൾ.

ഞാൻ സംവിധാനം െചയ്ത സിനിമകളിൽ മാത്രമല്ല മറ്റുള്ളവരുടെ സിനിമയിലും ഇതുതന്നെ അവസ്ഥ. റാംജി റാവു സ്പീക്കിങ് എന്ന സിനിമയിലെ ബാലേഷ്ണാ.... എന്ന വിളി ഇപ്പോഴും നമ്മുടെ കാതുകളിൽ മുഴങ്ങുന്നു. ഒറ്റസീനിൽ മാത്രം ഉണ്ടായാലും മാമു സാന്നിധ്യം ഉറപ്പാക്കും.

മാമുക്കോയയുടെ മരണത്തോടെ മലയാള സിനിമയ്ക്ക് കോഴിക്കോടിന്റെ പ്രതിനിധിയെയാണു നഷ്ടപ്പെട്ടത്. കുതിരവട്ടം പപ്പുവും മാമുക്കോയയുമായിരുന്നു കോഴിക്കോടിന്റെ പ്രതീകങ്ങൾ. ഒടുവിൽ ഉണ്ണികൃഷ്ണൻ വള്ളുവനാടിന്റെയും മാളയും ഇന്നസെന്റും തൃശൂരിന്റെയും പ്രതിനിധികളായിരുന്നു. ഇത്തരത്തിൽ ദേശത്തെ അടയാളപ്പെടുത്തിയ നടന്മാരുടെ നിര മലയാളസിനിമയിൽ നിന്ന് അപ്രത്യക്ഷമാവുകയാണ്.

mamukkoya-23 ചിത്രീകരണം : പെൻസിലാശാൻ

സെവൻസ് മത്സരം ഉദ്ഘാടനത്തിനു വന്നപ്പോൾ മാമു കുഴഞ്ഞുവീണെന്ന വാർത്ത അറിഞ്ഞു ഞാനൊന്നു പേടിച്ചു. മാമുവിനെ കാണണം എന്ന ആഗ്രഹത്തോടെ ആശുപത്രിയിലേയ്ക്ക് പോകാനുറച്ചു.

പോകുന്നതിനു മുൻപു മാമുവിന്റെ നമ്പറിലേക്കു വിളിച്ചു. എന്റെ പേര് തെളിഞ്ഞതുകൊണ്ടാവണം മകളാണ് ഫോൺ എടുത്തത്. ‘ഉപ്പയ്ക്കു വളരെ സീരിയസ് ആണ്. െവന്റിലേറ്ററിലാണ്.’ അവൾ പറഞ്ഞു. െവന്റിലേറ്ററിലാണെങ്കിലും ഒന്നു കാണണം എന്ന ആഗ്രഹത്തോടെ ഞാൻ കോഴിക്കോട്ടേക്കു തിരിച്ചു. വഴിക്കു വച്ച് മാമുവിന്റെ മരണവാർത്ത അറിഞ്ഞു. മനസ്സു ശൂന്യമായിപ്പോയി. എന്റെ നാടകവണ്ടിയിൽ നിന്ന് ഒരാൾ കൂടി ഇറങ്ങിപ്പോയിരിക്കുന്നു.

എങ്കിലും ഏറെക്കുറെ ആളൊഴിഞ്ഞ നാടകവണ്ടിയുമായി ഞാൻ യാത്ര തുടരുകയാണ്. ഒരു കാര്യത്തിൽ എനിക്ക് അഭിമാനമുണ്ട്. എന്റെ വണ്ടിയിലെ നടന്മാരും നടികളും അഭിനയപ്രതിഭകളായിരുന്നു. അതിലുപരി അവർ നല്ല മനുഷ്യരായിരുന്നു.’