Friday 13 September 2024 03:22 PM IST : By സ്വന്തം ലേഖകൻ

പുന്നെല്ലിന്റെ ചോറും സ്വാദുള്ള കറികളും മധുരമൂറും പായസവും; ഓണമെന്നാൽ സദ്യയൂണാണ്, ഇന്ന് തിരുവോണം

thiruvonam-cover-

‘‘തിരുവോണം തിരിഞ്ഞും മറിഞ്ഞും

രണ്ടാമോണം കണ്ടോണം

മൂന്നാമോണം മുക്കീം മൂളീം

നാലാമോണം നക്കീം തുടച്ചും

അഞ്ചാമോണം അഞ്ചിയും കുഞ്ചിയും

ആറാമോണം അരിവാളും വള്ളിയും’’

ഒരിക്കൽ സദ്യ കഴിച്ച് ശ്വാസം കഴിക്കാൻ വിമ്മിട്ടപ്പെടുന്ന നമ്പൂതിരിയോട് കാര്യസ്ഥൻ പറഞ്ഞു.‘‘വല്ലാണ്ട് വിമ്മിട്ടമുണ്ടെങ്കിൽ രണ്ടു വെരല് തൊണ്ടേക്കടത്തി ഒന്നു ഛർദ്ദിച്ചാൽ അസാരം ഭേദണ്ടാവും’’ -അതുകേട്ട് നമ്പൂതിരിക്ക് ദേഷ്യം വന്നു.‘‘വെരല് കടക്കാനിടമുണ്ടേൽ നോം ഒരു ഗ്ലാസ് പായസം കൂടി കഴിക്കില്ലേ.’’ ഇതാണ് തിരുവോണദിവസത്തെ ഒരു ശരാശരി മലയാളിയുടെ അവസ്ഥ.

ഓണമെന്നാൽ സദ്യയൂണാണ് മലയാളിക്ക്. ‘കാണം വിറ്റും ഓണം ഉണ്ണണ’മെന്ന ചൊല്ലിൽ തന്നെയുണ്ട് ഓണസദ്യയുടെ പ്രാധാന്യം. ഓണപ്രാതലിനു തയാറാക്കിയ പൂവടയും ചക്കര പഴംനുറുക്കും കഴിച്ചുതന്നെ വയർ കുമ്പ പോലെ വീർത്തിരിക്കും. പിന്നെ ഇടക്കിടെ കൊറിക്കുന്ന വറുത്തുപ്പേരിയും ശർക്കരപുരട്ടിയും കുറച്ചു സ്ഥലം കട്ടെടുക്കും. പുന്നെല്ലിന്റെ ചോറും സ്വാദുള്ള കറികളും മധുരമൂറുന്ന പായസവും കുടിച്ച് എഴുന്നേറ്റാൽ പിന്നെ കട്ടിലിലോ തിണ്ണയിലോ തിരിഞ്ഞും മറിഞ്ഞും കിടക്കുകയേ നിവൃത്തിയുള്ളൂ. വയറു നിറഞ്ഞ് ഒരടി നടക്കാൻ പറ്റാതായിട്ടുണ്ടാവും.

ഓരോ ദിവസവും വ്യത്യസ്ത മെനു തയാറാക്കുന്ന ഇക്കാലത്തെ കാര്യമല്ലാട്ടോ പറയുന്നത്. എല്ലുമുറിയെ പണിയെടുത്ത് വർഷത്തിലൊരിക്കൽ ഓണം ആഘോഷിക്കുന്ന പണ്ടുകാലത്തെ ജീവിതങ്ങളാണ്. രണ്ടാമോണം കണ്ടോണമാണ്. തിരുവോണത്തിനു ബാക്കി വന്ന കറികളെല്ലാം കൂട്ടിയാവും പിറ്റേന്നത്തെ ഊണ്. ഓണത്തിരക്കിന്റെ ക്ഷീണം കാരണം സ്ത്രീജനങ്ങളും തെല്ലു വിശ്രമിക്കും. മൂന്നാമോണമാവുമ്പോഴേയ്ക്കും മുക്കീം മൂളീമാണ്. പുളിശ്ശേരിയുടെ കുറച്ചു ബാക്കിയോ മാങ്ങാക്കറി, പുളിയിഞ്ചി, വടുകപ്പുളി എന്നിവയുമൊക്കെയായി കഴിച്ചു കൂട്ടും. വീട്ടുകാരൻ മുഖം ചുളിക്കുമെങ്കിലും കാര്യമൊന്നുമുണ്ടാവില്ല.

നാലാമോണം നക്കീം തുടച്ചുമാണ്. ചട്ടികളുടെ അടിയിൽ പറ്റിപിടിച്ചിരിക്കുന്ന കറികൾ തൊട്ടു കൂട്ടിയാവും ഊണ്. തലേദിവസം മുക്കീം മൂളിം ഇരുന്നവർ വിഭവങ്ങളുടെ കുറവുകൊണ്ടു ഉള്ളത് കൈനക്കി തുടച്ചു കഴിക്കും.അപ്പോഴേയ്ക്കും ഓണസദ്യയുടെ ഓർമ നാക്കിൽ നിന്നു പോയ്മറഞ്ഞിരിക്കും. അഞ്ചാമോണത്തിനു പണിക്കാരെല്ലാം പാടത്തിറങ്ങിയിരിക്കും. ഓണം ഘോഷിക്കാൻ പറിച്ചെടുത്ത കായ്കനികളിൽ ബാക്കിയുള്ളവ എടുത്തു എന്തേലും തട്ടിക്കൂട്ടു കറികൾ വയ്ക്കും. ആറാമോണത്തിനാണ് കാടി കുടിക്കുന്നത്.

ഓണം കഴിഞ്ഞു വരുന്ന ദിവസങ്ങളിൽ കഴിച്ചിരുന്ന രണ്ടു പ്രധാന വിഭവങ്ങളായിരുന്നു അവിട്ടക്കട്ടയും പഴങ്കൂട്ടാനും കാടിയും. തിരുവോണത്തുനാൾ മിച്ചം വന്ന കൂട്ടാനുകളിൽ നിന്നു ആളനുസരിച്ച് ഒന്നോ രണ്ടോ തവി വീതം എടുത്ത് ഒരു കൽച്ചട്ടിയിൽ കലർത്തി വയ്ക്കും. സാമ്പാറും മാങ്ങാക്കറിയും കാളനും അവിയലും തേരനുമെല്ലാം കാണും.പിറ്റേന്ന് ഇതെല്ലാം ഒന്നു പുളിക്കും. ഇതൊന്നു ചൂടാക്കിയാൽ പഴങ്കൂട്ടാനായി. അവിട്ടം നാളിൽ പഴങ്കഞ്ഞിയോടൊപ്പം ഇതു കഴിക്കും. അന്നേ ദിവസം മധ്യകേരളത്തിൽ അവിട്ടക്കട്ടയുണ്ടാക്കും. തലേന്നാൾ മിച്ചം വന്ന കറികളുടെയും ചോറിന്റെയും കലർപ്പാണ് അവിട്ടക്കട്ട. ചൂടാക്കിയാൽ കട്ടിപ്പിടിക്കും. കട്ടികൂടുതലുള്ള ‘അവിട്ടക്കട്ട ചവിട്ടിപ്പൊട്ടിക്കണ’മെന്നാണ് െചാല്ല്.

ആറാമോണം കാടിയോണമാണ്. പണ്ടുകാലത്ത് തിരുവോണത്തിനായിരിക്കും പലരുടെയും വീട്ടിൽ ചോറു വയ്ക്കുന്നത്. വീട്ടിൽ ഒരുപാടംഗങ്ങളുള്ളതുകൊണ്ട് എല്ലാവർക്കും തികയാനായി കഞ്ഞിയായിരിക്കും പതിവ്. തിരുവോണത്തിനു ചോറു വച്ചു ബാക്കിയാവുന്ന കൊഴുത്ത കഞ്ഞിവെള്ളത്തിൽ അന്നു മിച്ചം വരുന്ന കൂട്ടാനെല്ലാം കുറച്ചുവീതം എടുത്ത് കലക്കി വയ്ക്കും. നാലാമോണമായ ചതയത്തിന്റെയന്നു ഇതിന്റെ തെളിയൂറ്റി കളഞ്ഞ് അന്നേ ദിവസം അരി കഴുകിയ കാടിവെള്ളം ഒഴിക്കും. ആറാമോണത്തിനു ഇതിൽ ചമ്പാവരിയിട്ടു കഞ്ഞിയുണ്ടാക്കുന്നതാണ് കാടി. എല്ലുമുറിയെ പണിയെടുക്കുന്നവരുടെ ആരോഗ്യം കൂട്ടാൻ സഹായിക്കുന്ന വിഭവങ്ങളായിരുന്നു ഇവയെല്ലാം. ഇന്നത്തെ കാലത്ത് ഇതു കേൾക്കുന്നവരെല്ലാം മൂക്കത്തു വിരൽ വയ്ക്കും.