Tuesday 11 January 2022 02:34 PM IST : By സ്വന്തം ലേഖകൻ

‘വളഞ്ഞിട്ട് ആക്രമിച്ചപ്പോൾ കൂടെനിന്നു, ഇനി എനിക്കാരെയും വിളിക്കാനില്ല’: പി.ടിയുടെ ഓർമയിൽ പി.ഇ ഉഷ

usha-pt

അന്തരിച്ച എംഎൽഎ പി.ടി തോമസിനെ ഓർമിക്കുകയാണ് സാമൂഹ്യ പ്രവർത്തക പി.ഉഷ. നീതി നേടിത്തരാൻ അവസാന നിമിഷം വരെയും നിലകൊണ്ട പി.ടിയെന്ന ആദർശ ധീരനായ രാഷ്ട്രീയക്കാരനെ കുറിച്ചാണ് ഉഷയുടെ ഹൃദ്യമായ കുറിപ്പ്. നേതൃത്വത്തിന്റെയോ ജനപ്രതിനിധി എന്നതിന്റെയോ ഒരാചാരവും സൂക്ഷിക്കാത്ത സൗമ്യനായ നേതാവായിരുന്നു പിടിയെന്നും ഉഷ കുറിക്കുന്നു. പി.ടി തോമസിനെക്കുറിച്ചുള്ള പി.ഇ ഉഷയുടെ ഓർമക്കുറിപ്പ് സിആർ നീലകണ്ഠൻ ഉൾപ്പെടെയുള്ളവർ ഷെയർ ചെയ്തിട്ടുണ്ട്.

ഫെയ്സ്ബുക്ക് കുറിപ്പ് വായിക്കാം:

പി.ടി തോമസിനെ P. E Usha ഓർക്കുന്നു :

പി. ടി തോമസ് നെ ഓർക്കുമ്പോൾ

2000 ത്തിലാണ്, അതായത് 20 വർഷങ്ങൾ ക്ക്‌ മുൻപ്,പി. ടി തോമസ് അന്ന് സ്ത്രീകൾക്കും കുട്ടികൾക്കും ഉള്ള നിയമസഭാസമിതിയിൽ അംഗമായിരുന്നു. ശ്രീമതി ടീച്ചറും പ്രകാശൻ മാസ്റ്ററും കളത്തിൽ അബ്ദുള്ളയുമൊക്കെയാണ് വേറെ അംഗങ്ങൾ. കളത്തിൽ അബ്ദുള്ളയെ മാത്രമാണ് എനിക്ക് പരിചയമുള്ളത്. കമ്മിറ്റിയിൽ ഏറ്റവും സജീവമായിരുന്നത് പി ടി ആയിരുന്നു. അതെനിക്ക് ബോധ്യപ്പെട്ടത് മലപ്പുറത്തെ നിയമസഭാസമിതി സിറ്റിംഗ്ൽ ആയിരുന്നു.

ഞാൻ,മകൾ , ആശ, രാജഗോപാൽ, മകൻ ഒരുമിച്ച് തിരുവനന്തപുരത്തായിരുന്നു അന്ന് താമസം. പല അന്വേഷണങ്ങളുമായി ബന്ധപ്പെട്ട് മലപ്പുറത്ത്‌ ഞാൻ അതിനു മുൻപ് മൂന്ന് തവണ വന്നിട്ടുണ്ടായിരുന്നു. അങ്ങേയറ്റം അപമാനിക്കപ്പെട്ടു നിസ്സഹായായി തിരിച്ചു പോയിട്ടുണ്ട്. പൊലിസ്നെതിരെ ഞാൻ നൽകിയ പരാതിയുടെ അന്വേഷണമായിരുന്നു. ഞാൻ കൃത്യസമയത്ത് എത്തും. കുറെ കാത്ത് നിർത്തി അവസാനനിമിഷം പൊലിസുകാർ പറയും അവർക്ക് പ്രസ്തുത അന്വേഷണ ഉദ്യോഗസ്ഥരിൽ വിശ്വാസമില്ല എന്ന്. ഇതൊരു തന്ത്രമായിരുന്നു വെന്ന് എനിക്ക് അറിയില്ലായിരുന്നു. അങ്ങനെ അന്വേഷണങ്ങൾ തന്നെ തലവേദനയായിരുന്ന കാലത്താണ് നിയമസഭാ സമിതി മലപ്പുറത്ത്‌ സിറ്റിംഗ് നടത്തുന്നത്‌. നിയമസഭാസമിതി സുവോ മോട്ടോ എടുത്ത പരാതിയായിരുന്നു. അത് കൊണ്ടു തന്നെ എനിക്ക് അന്വേഷണം സംബന്ധിച്ച് വലിയ വ്യക്തത ഇല്ലായിരുന്നു.

മലപ്പുറത്തെ അന്വേഷണങ്ങളിൽ പൊതുവെ സർവകലാശയിലെ യൂണിയന്റെ നിയമവിരുദ്ധ ഇടപെടൽ ഒരു പതിവ് ആയിരുന്നു. വളരെ സൗഹൃദമുണ്ടായിരുന്ന പൊലീസിലെ ഒരുദ്യോഗസ്ഥൻ പോലും പേടിച്ചു പറഞ്ഞത് അദ്ദേഹം അവിടെ നിരന്തരം ഫിൽറ്റർ ചെയ്യപ്പെടുന്നു എന്നാണ്. കാരണം എന്നെ പരിചയമുണ്ട് എന്നതായിരുന്നുവത്രേ. അതിനാൽ തന്നെ അവിടെ വെച്ചു കണ്ടാൽ അറിയാത്ത ഭാവം കാണിച്ചു നടന്നു പോകുകയും പതിവായിരുന്നു. അത് കൊണ്ടു അപമാനിക്കപ്പെടൽ അനുഭവിക്കാൻ ഒരുങ്ങിയായിരുന്നു ഞാൻ അന്ന് അവിടഎത്തിയത്.

കളക്റേറ്റ് ഹാളിൽ എന്നാണോർമ്മ. ഒരു വലിയ ഹാൾ ൽ തിങ്ങി നിറഞ്ഞു ജനം. കൃത്യസമയത്തു തന്നെ യോഗം തുടങ്ങി. സദസ്സിലും ചിലപ്രഗത്ഭരുണ്ടായിരുന്നു. പൊലീസിനെതിരെ ആയിരുന്നു പരാതികൾ ഏറെയും. പൊലീസ്ന്റെ ജില്ലാ മേധാവി എത്തിയിട്ടില്ല താനും. ഒരു ഘട്ടത്തിൽ പി ടി അദ്ദേഹം വരേണ്ടതുണ്ട് എന്ന് അവിടെ പ്രതിനിധീകരിച്ച ഉദ്യോഗസ്ഥനോട് പറഞ്ഞു. അരമണിക്കൂറിനകം ജില്ലാ മേധാവി പ്രത്യക്ഷപ്പെട്ടു. യോഗത്തിന്റെ ഒരു പൾസ് അവിടെയിരുന്നവർക്ക് ശരിക്കും പിടി കിട്ടിയിട്ടുണ്ടായിരിക്കണം.

എന്റെ കേസിൽ എടുത്ത പരാതിയിലേക്ക് വന്നപ്പോൾ എനിക്ക് തന്നെ അത്ഭുതം തോന്നി അത്രയേറെ കൃത്യമായി കാര്യങ്ങൾ അദ്ദേഹം പഠിച്ചിരുന്നു.പൊലിസിന്റെ ജില്ലാ മേധാവിയോട് പി ടി തിരിച്ചും മറിച്ചും ചോദ്യങ്ങൾ ചോദിച്ചു. അദ്ദേഹത്തിനു കേസ് വലിയ പിടിയുണ്ടായിരുന്നില്ല. പാതി മലയാളത്തിൽ അങ്ങേര് ഉരുണ്ട് കളിച്ചു. പിടി അതീവ ഗൗരവത്തിൽ പറഞ്ഞു. സമിതിക്കു കൃത്യമായ വിവരം കിട്ടണം. യോഗം കഴിയും മുൻപേ വേണം. പരിഭ്രാന്തനായ എസ് പി ആരെയൊക്കെയോ വിളിച്ചു.

അടുത്തത്‌ യൂണിവേഴ്സിറ്റി രജിസ്ട്രാറുടെ ഊഴമായിരുന്നു. അവിടെയും ഒരു ദുർബലനായ പകരക്കാരൻ ആയിരുന്നു വന്നിരുന്നത്. പി ടി രൂക്ഷമായിത്തന്നെ ചോദിച്ചു, എന്താണ് രജിസ്ട്രാർ വരാത്തതെന്ന്‌, രജിസ്ട്രാർക്ക് ഒരു മീറ്റിംഗ് ഉണ്ടെന്നുള്ള മറുപടിയാണ് വന്നത്. നിയമസഭാസമിതി യോഗത്തേക്കാൾ വലുതല്ല അവിടത്തെ ഒരു ആഭ്യന്തര യോഗമെന്ന് പി ടി അസന്നിഗ്ദ്ധമായി പറഞ്ഞു. രജിസ്ട്രാറോട് വിശദീകരണം ചോദിക്കാനും കൂടെ ഉള്ള സ്റ്റാഫ്‌ നോട്‌ പറഞ്ഞു എന്നാണ് ഓർമ.

ഇടക്ക് പരാതിക്കാരി വന്നിട്ടിട്ടുണ്ടോ എന്ന് ചോദിച്ചു, ഞാൻ ആൾക്കൂട്ടത്തിൽ നിന്ന് വന്നിട്ടുണ്ടെന്നു അറിയിച്ചു. അന്വേഷണം തൃപ്തികരമാണോ എന്ന് ചോദിച്ചു, അപ്പോൾ ഞാൻ അന്വേഷണവുമായി ബന്ധപ്പെട്ട് നേരിട്ടുകൊണ്ടിരുന്ന പ്രശ്നങ്ങൾ പറഞ്ഞു തുടങ്ങി. കുറെ ഉണ്ടെന്ന് കണ്ടിട്ടാവണം തിരക്കില്ലെങ്കിൽ, ഈ യോഗം കഴിയുംവരെ കാത്ത് നിൽക്കാൻ ആവുമോ എന്നും ചോദിച്ചു. തീർച്ചയായും,എന്ന് ഞാൻ മറുപടി പറഞ്ഞു. എനിക്കെവിടെയും പോകാൻ ഇല്ല, രാത്രി വണ്ടിക്ക്‌ മാത്രമാണ് ഞാൻ മടങ്ങുന്നത്. അപ്പോഴേക്കും എസ് പി പോലിസ്നെതിരെയുള്ള അന്വേഷണത്തിന്റെ വിവരങ്ങൾ കൊണ്ടു വന്നു. ചില വിശദീകരണങ്ങൾ ചോദിച്ചു വെങ്കിലും എസ് പി ക്ക്‌ അത്‌ തൃപ്തി കരമായി വിശദീകരിക്കാൻ ആയില്ല. പി ടി അതിനെ ശക്തമായി വിമർശിച്ചു. സദസ്സിൽ നിന്ന് ഗൗരി ടീച്ചറും സംസാരിച്ചു. കേസ്നെ ആഴത്തിൽ അറിയാതിരുന്ന എസ് പി ഏറെ സമയവും നിശ്ശബ്ദനായി ഇരുന്നു. ഇടക്കിടക്ക് യെസ് സാർ, യെസ് സാർ എന്ന് മാത്രം പറഞ്ഞു.

യോഗത്തിനു ശേഷം ഞാൻ അദ്ദേഹത്തിനെ കാണാൻ ചെന്നു. വളരെ സൗമ്യതയോടെ സൗഹൃദത്തോടെ സംസാരിച്ചുതുടങ്ങി. ഭക്ഷണം കഴിച്ചോ എന്ന് ചോദിച്ച് കൊണ്ടാണ് തുടങ്ങിയത്. ഞാൻ ഭക്ഷണം ഒന്നും കഴിച്ചിരുന്നില്ലെങ്കിലും കഴിച്ചു എന്ന് വെറുതെ പറഞ്ഞു.

ഞാൻ വിവിധ കമ്മിറ്റികൾക്ക് മുന്നിൽ പോയപ്പോഴൊന്നും ആരും അങ്ങനെ ഒരു ചോദ്യം പോലും ചോദിച്ചതായി ഓർക്കുന്നില്ല, വേണ്ടത്ര 'ഇര സ്വഭാവം' കാണാതെ എന്നെ പ്രതിയെന്ന പോലെ പരിഗണിച്ച അന്വേഷണങ്ങൾ ആണ് ഏറെയും. ഞാൻ ടാർഗറ്റ് ചെയ്യപ്പെടുകയായിരുന്നു. ഒരോ അന്വേഷണവും ഓരോ ശിക്ഷയായിരുന്നു. മനസ്സും ശരീരവും ക്ഷീണിപ്പിക്കുന്ന അനുഭവം. കാരണം ഈ അന്വേഷകർക്കറിയാം എന്നോട് ചെയ്തിട്ടുള്ള നീതികേട്കൾക്ക് മറുപടിയില്ല എന്ന്.

പിടി യോട് വിശദമായി കാര്യങ്ങൾ പറഞ്ഞു. അദ്ദേഹം എന്നേക്കാൾ ഈ കേസ് പഠിച്ചിട്ടുണ്ടെന്നു എനിക്ക് ബോധ്യമായി. നിയമപരമായി ചെയ്യേണ്ടുന്ന കാര്യങ്ങൾ വിശദമായി പറഞ്ഞു തന്നു.പരാതിയിൽ ഉറച്ചു നിന്ന് മുന്നോട്ട് പോയതിനു അദ്ദേഹം അഭിനന്ദിച്ചു. ആദ്യമായാണ് ഞാൻ ഇങ്ങനെ മനസ്സമാധാനത്തോടെ ഒരന്വേഷണത്തിലൂടെ കടന്നു പോകുന്നത്‌. സമിതിയിൽ നിന്ന് എന്തെങ്കിലും പ്രത്യേകിച്ച് സഹായം ആവശ്യമുണ്ടോ എന്നും അദ്ദേഹം ചോദിച്ചു. ഒന്നും തോന്നിയില്ലായിരുന്നു. ഫോൺ നമ്പർ തന്നു. എന്താവശ്യം ഉണ്ടെങ്കിലും വിളിക്കാം എന്ന് പറഞ്ഞു.

പിന്നീട് വീണ്ടും സമിതി യുടെ സിറ്റിംഗ് ൽ പോകേണ്ടിവന്നിരുന്നു. മോൻസി ജോസഫ്, കളത്തിൽ അബ്ദുള്ള, പ്രകാശൻ മാസ്റ്റർ, സാവിത്രി ലക്ഷ്മണൻ എല്ലാവരും സൗഹൃദത്തോടെ പെരുമാറി, പി ടി യാണ് കേസ് കൈകാര്യം ചെയ്തിരുന്നത്.

യൂണിവേഴ്സിറ്റി തന്നെ എനിക്കെതിരായി പ്രവർത്തിച്ചു എന്നാണ് സമിതി കണ്ടെത്തിയത്. ഓരോ തവണ ബന്ധപ്പെടുമ്പോഴും ബഹുമാനം വർധിക്കുന്ന തരത്തിലേ പി ടി പെരുമാറിയിട്ടുള്ളു. പല തവണ ഞാൻ പിന്നെ അദ്ദേഹത്തെ വിളിച്ചിരുന്നു. വിളിക്കുന്നതും സഹായം ആവശ്യപ്പെടുന്നതും സ്വാതന്ത്ര്യത്തോടെ സ്നേഹത്തോടെ അദ്ദേഹവും സ്വീകരിച്ചു.

പശ്ചിമഘട്ടരക്ഷായാത്രാനുഭവത്തെക്കുറിച്ചു ഒരു തവണ ദീർഘമായി സംസാരിച്ചിട്ടുണ്ട്. യാത്ര പൈനാവിൽ വന്നപ്പോൾ സ്വീകരിക്കാൻ ഉണ്ടായിരുന്ന ഗാന്ധിയ ന്മാരിൽ പി ടി യും ഉണ്ടായിരുന്നു. എന്തെ ഇതൊന്നും എഴുതാതിരുന്നത്?എന്ന് അദ്ദേഹം ചോദിച്ചിരുന്നു. ഗാഡ്ഗിൽ വിഷയകാലത്ത് അദ്ദേഹം ഒരു പ്രതിസന്ധി നേരിടുകയാണല്ലോ എന്ന് കരുതി ഞാൻ മടിച്ചു മടിച്ചു വിളിച്ചു, അതൊന്നും വലിയ കാര്യമല്ല എന്നുള്ള രീതിയിൽ സംസാരിച്ചു. രാഷ്ട്രീയജീവിതം അങ്ങനെയൊക്കെയാവുമല്ലോ എന്നും പറഞ്ഞു.

സാധാരണ രാഷ്ട്രീയനേതാക്കളോട് ഇടപെടുന്ന ബുദ്ധിമുട്ട് അദ്ദേഹത്തോട് ഇടപെടുമ്പോൾ എനിക്ക് അനുഭപ്പെട്ടിരുന്നില്ല. നേതൃത്വത്തിന്റെയോ ജനപ്രതിനിധി എന്നതിന്റെയോ ഒരാചാരവും അദ്ദേഹമായിട്ട് സൂക്ഷിരുന്നില്ല. പേര് വിളിച്ചു ഇങ്ങോട്ട് സംസാരിച്ചു തുടങ്ങും. അതും തുല്യതയുടെ പ്രതലം അനുഭവിപ്പിച്ചുകൊണ്ട്. അത് കൊണ്ടാണ് അദ്ദേഹം യാത്രപറഞ്ഞു പോകുമ്പോൾ ഒരു ശൂന്യത അനുഭപ്പെടുന്നത്.

ഇനി എനിക്കാരെയും അങ്ങനെവിളിക്കാനോ പറയാനോ ഇല്ലല്ലോ എന്ന് വേദനിച്ചു പോകുന്നത്‌.

നിയമസഭാസമിതിയൊക്കെ ഇങ്ങനെ പ്രവർത്തിക്കുമെന്ന് ഞാൻ മനസ്സിലാക്കിയത് അദ്ദേഹത്തിന്റെ പ്രവർത്തനത്തിലൂടെയാണ്. ജനപ്രതിനിധികൾ ജനങ്ങൾക്ക്‌ വേണ്ടി ജനാധികാരം ഉപയോഗിക്കുന്നത്‌ ജനാധിപത്യത്തെ അനുഭവിപ്പിക്കലാണ്.