Friday 19 November 2021 03:46 PM IST : By സ്വന്തം ലേഖകൻ

‘എന്റെ കണ്ണുകൾ നിറഞ്ഞൊഴുകുന്നു, ആയിരങ്ങൾ അപ്പുവിനെ പിന്തുടരുന്നത് കാണുമ്പോൾ’: പുനീതിന്റെ ഭാര്യ

puneeth-wife

എത്ര കാലമെടുത്താലും കന്നട നാട് ആ വിയോഗത്തിന്റെ വേദനയിൽ നിന്നും മുക്തമാകില്ല. അവർ അപ്പുവെന്ന് അവർ സ്നേഹത്തോടെ വിളിച്ചിരുന്ന പുനീതിന്റെ മരണം ഇന്നും ജനലക്ഷങ്ങളുടെ മനസിൽ വിങ്ങലാണ്. മരിച്ച് ആഴ്ചകൾ പിന്നിടുമ്പോഴും പുനീതിന്റെ സ്മൃതി കുടീരത്തിലേക്കുള്ള ആരാധകരുടെ പ്രവാഹം ആ സ്നേഹ ബഹുമാനങ്ങൾ അടിവരയിടുന്നു. തെന്നിന്ത്യൻ സിനിമാലോകം ഒന്നാകെ കണ്ണീരോടെ ഏറ്റെടുത്ത ആ വലിയ സങ്കട വാർത്തയിൽ വികാരനിർഭരമായി പ്രതികരിക്കുകയാണ് പുനീതിന്റെ പ്രിയതമ അശ്വിനി രേവന്ത്.

പുനീതിന്റെ മരണം തങ്ങളുടെ കുടുംബത്തെ മാത്രമല്ല കര്‍ണാടകയെ മുഴുവന്‍ ദുഃഖത്തിലാഴ്ത്തിയെന്ന് അശ്വിനി പറഞ്ഞു. അപ്പുവിന്റെ പാത പിന്തുടര്‍ന്ന് ആളുകള്‍ നേത്രദാനത്തിന് തയ്യാറാകുന്നത് കാണുമ്പോള്‍ കണ്ണുനിറയുന്നുവെന്നും അശ്വിനി പറയുന്നു. ഈ മഹാനന്മയിലൂടെ പുനീത് ജനമനസുകളിൽ എന്നും അനശ്വരനായി നിലനിൽക്കുമെന്നും അശ്വിനി കുറിക്കുന്നു.

അശ്വിനിയുടെ വാക്കുകൾ:

പുനീതിന്റെ വിയോഗം ഞങ്ങളുടെ കുടുംബത്തിനെ മാത്രമല്ല. മുഴുവന്‍ കർണാടകയെയും ദുഃഖത്തിലാഴ്ത്തി. നിങ്ങളാണ് അദ്ദേഹത്തെ പവര്‍ സ്റ്റാര്‍ ആക്കിയത്. അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ വിയോഗത്തിലുള്ള നിങ്ങളുടെ വേദന എനിക്ക് ഊഹിക്കാവുന്നതിലും അപ്പുറമാണ്. കടുത്ത ഹൃദയ വേദനയിലും നിങ്ങള്‍ നിയന്ത്രണം വിടുകയോ അനിഷ്ട സംഭവങ്ങള്‍ ഉണ്ടാവുകയോ ചെയ്തില്ല. അതെനിക്ക് അദ്ദേഹത്തിന് നല്‍കാന്‍ കഴിയുന്ന എറ്റവും നല്ല യാത്രയയപ്പായിരുന്നു.

സിനിമയില്‍ നിന്ന് മാത്രമല്ല, ഇന്ത്യയില്‍ നിന്നും വിദേശത്തു നിന്നും പുനീതിന് നല്‍കിയ ആദരങ്ങളെയും അനുശോചനങ്ങളേയും ഹൃദയവേദനയോടെ തന്നെ തിരിച്ചറിയുന്നു. അപ്പുവിന്റെ പാത പിന്തുടര്‍ന്ന് ആളുകള്‍ നേത്രദാനത്തിന് തയ്യാറാകുന്നത് കാണുമ്പോള്‍ ഞാന്‍ കണ്ണീരണിയുന്നു. ഈ സത്പ്രവര്‍ത്തിയിലൂടെ പുനീത് ആയിരങ്ങളുടെ ഹൃദയത്തില്‍ ജീവിക്കും. ഞങ്ങളുടെ കുടുംബത്തിലെ ഓരോരുത്തരുടെയും പേരില്‍ നന്ദിയും സ്‌നേഹവും നിങ്ങളെ അറിയിക്കുന്നു.

കന്നഡയുടെ സൂപ്പർതാരം പുനീത് രാജ് കുമാറിന്റെ അപ്രതീക്ഷിത വിയോഗം പ്രിയപ്പെട്ടവരെയെന്ന പോലെ ആരാധകരെയും മാനസികമായി തളർത്തിക്കളഞ്ഞു. റിപ്പോർട്ടുകൾ അനുസരിച്ച് താരത്തിന്റെ വിയോഗം താങ്ങാനാകാതെ ഇതുവരെ പത്ത് പേർ മരിച്ചു.

മരിച്ചവരിൽ ഏഴു പേർ ആത്മഹത്യ ചെയ്തതാണ്. മൂന്ന് പേർ താരത്തിന്റെ മരണ വാർത്ത അറിഞ്ഞുള്ള ഞെട്ടലിൽ ഹൃദയസ്തംഭനം മൂലമാണ് മരിച്ചതെന്നും ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്യുന്നു. ആത്മഹത്യ ചെയ്ത മൂന്ന് ആരാധകർ തങ്ങളുടെ കണ്ണ് ദാനം ചെയ്യണമെന്ന് കത്ത് എഴുതിവെച്ചിരുന്നുവെന്നും റിപ്പോർട്ടുകളുണ്ട്. കർണാടകയിലെ വിവിധ ഭാഗങ്ങളിലായി നിരവധി ആത്മഹത്യാ ശ്രമങ്ങളും റിപ്പോർട്ട് ചെയ്തിരുന്നു.

ഒക്ടോബർ 29നായിരുന്നു കർണാടകയെ ഞെട്ടിച്ച് പുനീത് വിടവാങ്ങിയത്. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു 46കാരനായ പുനീതിന്റെ മരണം. മരണശേഷം കണ്ണുകൾ ദാനം ചെയ്തിരുന്നു.