Wednesday 07 June 2023 12:35 PM IST

‘ലൊക്കേഷൻ കാണിക്കാന്‍ വന്ന മനുഷ്യൻ, പപ്പുവിന്റെ പകരക്കാരനായി’: തൊണ്ടിക്കോടുകാരൻ മാമു മാമുക്കോയ ആയ കഥ

V R Jyothish

Chief Sub Editor

mamukkoya-sibi

മാമുക്കോയമടങ്ങുകയാണ്. ജീവിതത്തിൽ ഒരിക്കൽ പോലും അഭിനയിക്കാതെ. പക്ഷേ, സിനിമയിലെ അദ്ദേഹത്തിന്റെ കഥാപാത്രങ്ങൾ പ്രേക്ഷകമനസ്സുകളിൽ ഇപ്പോഴും അഭിനയം തുടരുന്നു. കല്ലായി കൂപ്പിലെ മരം അളവുകാരൻ, മാമു തൊണ്ടിക്കോട് എന്ന നാടകനടൻ, ൈവക്കം മുഹമ്മദ് ബഷീറിന്റെയും എസ്. കെ. പൊറ്റക്കാടിന്റെയും തിക്കൊടിയന്റെയും സുഹൃത്ത്. മലയാളികളുടെ പ്രിയപ്പെട്ട മാമുക്കോയ. വേഷങ്ങളും അരങ്ങും മാറുമ്പോഴും മാറ്റമില്ലാതെ മനുഷ്യ സ്നേഹം മനസ്സിൽ സൂക്ഷിച്ച പ്രിയനടൻ. അദ്ദേഹവുമൊത്തുള്ള ജീവിതനിമിഷങ്ങൾ പങ്കുവയ്ക്കുകയാണ് സംവിധായകൻ സിബി മലയിൽ.

മാമു തൊണ്ടിക്കോട്, മാമുക്കോയ ആയി മാറുന്നു’ –സിബി മലയിൽ

ദൂരെ ദൂരെ ഒരു കൂടു കൂട്ടാം എന്ന സിനിമയുടെ അണിയറ പ്രവർത്തനങ്ങൾ നടക്കുന്ന കാലം. ഇടിഞ്ഞുപൊളിഞ്ഞു നിലംപൊത്താറായ സ്കൂ‌ളാണു പ്രധാന ലൊക്കേഷൻ. അന്ന് അങ്ങനെയുള്ള സ്കൂളുകൾ ധാരാളമുണ്ടായിരുന്നു. എങ്കിലും സിനിമയുടെ അവസാനം കാറ്റിലും മഴയിലും സ്കൂൾ പൊളിഞ്ഞുവീഴുന്ന സീനുള്ളതുകൊണ്ട് ഉചിതമായ സ്ഥലത്തു സ്കൂൾ സെറ്റിടാൻ തന്നെ തീരുമാനിച്ചു.

ലൊക്കേഷൻ തേടി ഞാനും ശ്രീനിവാസനും കോഴിക്കോടു പലയിടങ്ങളിലും അലഞ്ഞു, അന്നു ഞങ്ങളെ സ ഹായിച്ചതു ശ്രീനിവാസന്റെ സുഹൃത്തായ അശോകനാണ്. ഡെക്കോ അശോകൻ എന്നാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്. ഡെക്കർ എന്ന പേരിൽ അശോകേട്ടൻ ഇന്റീരിയർ െഡക്കറേഷൻ യൂണിറ്റ് നടത്തുന്നുണ്ട്.

വഴികാട്ടിയായി വന്ന മാമു

ഞങ്ങളെ സഹായിക്കാൻ വേണ്ടി അശോകേട്ടൻ ഒരാളെ ഏർപ്പാടാക്കി തന്നു. മാമു എന്നായിരുന്നു അയാളുടെ പേര്. കോഴിക്കോടും പരിസരവും നല്ല നിശ്ചയം. അധികം സംസാരമില്ല. ഉത്സാഹക്കമ്മിറ്റിക്കാരന്റെ അമിത ആവേശമില്ല. കാറിന്റെ മുൻസീറ്റിലാണ് ഇരിപ്പ്. നാലഞ്ചു ദിവസം മാമു ഞങ്ങളോടൊപ്പം യാത്ര ചെയ്തു.

കഥയിൽ നാട്ടുമ്പുറത്തെ സ്കൂളാണു പ്രധാന ലൊക്കേഷൻ. മാത്രമല്ല ഹെഡ്മാസ്റ്റർ കുഞ്ഞൻനായർക്കു സ്കൂളിനടുത്തു കൃഷിയുണ്ട്. ഹെഡ്മാസ്റ്റർ ആണെങ്കിലും അദ്ദേഹത്തിന്റെ പ്രധാന ജോലി വാഴത്തോട്ടത്തിലാണ്. അപ്പോൾ സ്കൂളിനടുത്തു തന്നെ വാഴത്തോട്ടം വേണം. അങ്ങനെയുള്ള യാത്ര അവസാനിച്ചതു ഫറോക്ക് കോളജിനടുത്താണ്. തൊട്ടടുത്തു തന്നെ കൃഷിയിടങ്ങളുണ്ട്. ഇനി സ്കൂൾ സെറ്റിട്ടാൽ മതി. മാമുവിന് തടിമില്ലുകാരുമായി നല്ല ബന്ധമുണ്ടായിരുന്നതുകൊണ്ട് സെറ്റ് നിർമാണത്തിനുേവണ്ട സാധനങ്ങൾ കൃത്യമായി എത്തിച്ചു. സെറ്റ് റെഡിയായി. ഷൂട്ടിങ് ദിവസവും തീരുമാനിച്ചു.

മോഹൻലാൽ, നെടുമുടി വേണു, കുതിരവട്ടം പപ്പു, ജഗതി ശ്രീകുമാർ, സുകുമാരി, മേനക അങ്ങനെ താരസമ്പന്നമായ രംഗം ചിത്രീകരിച്ചുകൊണ്ടു സിനിമ തുടങ്ങാനായിരുന്നു എന്റെ ആഗ്രഹം. ശ്രീനിവാസനാണ് എഴുത്ത്. ഷൂട്ടിങ് തുടങ്ങുന്നതിന്റെ തലേന്നു രാത്രി സിനിമയുടെ നിർമാതാവ് എം. മണി പറഞ്ഞു. ‘നമ്മുടെ സിനിമയിൽ കുതിരവട്ടം പപ്പു ഉണ്ടാവില്ല’

‘അതെങ്ങനെ ശരിയാവും? നാളത്തെ സീനിൽ അദ്ദേഹവുമുണ്ട്.’ എന്റെ മറുപടി കേട്ടിട്ടും അദ്ദേഹത്തിനു മാറ്റമൊന്നുമില്ല.

‘അതെനിക്ക് അറി‍ഞ്ഞുകൂടാ. പക്ഷേ, ഈ സിനിമയിൽ കുതിരവട്ടം പപ്പു ഉണ്ടാവില്ല.’ അദ്ദേഹം കർശനമായി ആവർത്തിച്ചു. ഞാനാകെ ധർമസങ്കടത്തിലായി. ഈ അവസാനനിമിഷം കുതിരവട്ടം പപ്പുവിനു പകരം എന്തു ചെയ്യും?’

mamukkoya-story-cover

ഞാൻ അന്നു സംവിധാനരംഗത്തു പുതുമുഖമാണ്. നിർമാതാവിനെ ധിക്കരിച്ചു പപ്പുചേട്ടനെ അഭിനയിപ്പിക്കാനുള്ള ധൈര്യമൊന്നുമില്ല. ഈ പ്രതിസന്ധിയിൽ ആശ്രയിക്കാവുന്ന ഒരാൾ ശ്രീനിവാസനാണ്. ഞാൻ ശ്രീനിവാസനെ കണ്ടു. എഴുത്തുകാരന്റെയും സംവിധായകന്റെയും സ്വാതന്ത്ര്യത്തിൽ കൈകടത്താൻ ശ്രീനിവാസൻ ആരെയും അനുവദിക്കില്ല. അക്കാര്യം അദ്ദേഹത്തിനു നിർബന്ധമാണ്.

‘ഗൗരവമുള്ള എന്തെങ്കിലും സംഭവമില്ലാതെ മണി അങ്ങനെ പറയില്ല. ഒരു കാര്യം ചെയ്യാം നമുക്ക് മാമു തൊണ്ടിക്കോടിനെക്കൊണ്ട് അഭിനയിപ്പിക്കാം.’

ഒരാഴ്ചയിലേറെയായി ഞങ്ങൾ പരസ്പരം കാണുകയും സംസാരിക്കുകയും ചെയ്യുന്നു. അപ്പോഴൊന്നും തന്നിലൊരു അഭിനേതാവുണ്ടെന്ന കാര്യം മാമു പറഞ്ഞിരുന്നില്ല. മാത്രമല്ല ചെറിയൊരു റോൾ തനിക്കു തരുമോ എന്നൊരു വാക്കുപോലും മാമു ചോദിച്ചിട്ടില്ല.

‘ശ്രീനിവാസാ... കുതിരവട്ടം പപ്പുവിന്റെ റോൾ ആണ്. മോഹൻലാലാണു കൂടെ അഭിനയിക്കുന്നത്.’ ഞാൻ ശ്രീനിവാസനോടു പല തവണ പറഞ്ഞു. ‘മാമു നന്നായി അഭിനയിക്കും, പേടിക്കേണ്ട....’ അതായിരുന്നു ശ്രീനിവാസന്റെ ഉറപ്പുള്ള മറുപടി.

ശ്രീനിവാസന്റെ ഈ ഉറപ്പിൽ കുതിരവട്ടം പപ്പുവിനുവേണ്ടി തയ്പ്പിച്ചു വച്ച കോയ മാഷിന്റെ ഡ്രസ് മാമുവിന്റെ അളവിനനുസരിച്ചു പരുവപ്പെടുത്തി. പിറ്റേന്നു രാവിലെ ഞാൻ സെറ്റിൽ വരുമ്പോൾ മാമു റെഡിയാണ്. വെള്ള ഷർട്ടും മുണ്ടും തലയിലൊരു കെട്ടും. ഒറ്റനോട്ടത്തിൽ അസ്സലൊരു കോയ മാഷ്. ഷൂട്ടിങ് തുടങ്ങി, മോഹൻലാൽ, നെടുമുടി, ജഗതി, ശ്രീനിവാസൻ, സുകുമാരി, മേനക, മാമു എല്ലാവരുമുള്ള കോംബിനേഷൻ സീനാണ്. പുതുമുഖത്തിന്റെ യാതൊരു പതർച്ചയുമില്ലാതെ മാമു അനായാസം അഭിനയിച്ചു. ഒരു മലപ്പുറം കോയ മാഷായി ആദ്യദിവസം തന്നെ പകർന്നാടി. അങ്ങനെ നാടകനടൻ മാമു തൊണ്ടിക്കോട് സിനിമയുടെ മാമുക്കോയ ആയി യാത്ര തുടങ്ങി.

അന്നുരാത്രി ഞാൻ ശ്രീനിവാസനോടു ചോദിച്ചു; ‘എന്തു ൈധര്യത്തിലാണ‌ു നിങ്ങൾ ഇത്രയും വലിയൊരു കഥാപാത്രത്തെ മാമുവിനു കൊടുക്കാൻ പറഞ്ഞത്.’ ശ്രീനിവാസൻ ഒരുനിമിഷം ആലോചിച്ചു. എന്നിട്ടു പറഞ്ഞു;

‘അയാൾ നാടകനടനാണ്. വൈക്കം മുഹമ്മദ് ബഷീറിന്റെയും പൊറ്റക്കാടിന്റെയും തിക്കൊടിയന്റെയും ബാബുരാജിന്റെയും സുഹൃത്ത്. സിനിമയിൽ അഭിനയിക്കാൻ ഈ യോഗ്യത തന്നെ ധാരാളം.’ കൃത്യമായിരുന്നു ആ നിരീക്ഷണം. പിന്നീടുള്ള മാമുവിന്റെ ഒാരോ കഥാപാത്രവും അതിന്റെ തെളിവായി മാറി.