Wednesday 23 September 2020 02:19 PM IST

‘നമ്മൾ ചുരണ്ടി കൊടുത്ത തേങ്ങയിൽ ടീച്ചർമാർ ഉണ്ടാക്കുന്ന പിങ്ക് നിറമുള്ള ബർഫി; ഇപ്പൊ ഓർക്കുമ്പോഴും വായിൽ വെള്ളം വരും’

Lakshmi Premkumar

Sub Editor

samvritha-sunil22134455ggf

സ്കൂളുകള്‍ തുറന്നിട്ടില്ലെങ്കിലും സ്കൂളോർമകള്‍ എല്ലാവരുടേയും മനസ്സിലുണ്ട്. അവ പങ്കിടുന്നു സംവൃത സുനിൽ...

എനിക്ക് സ്കൂളെന്ന് പറയുമ്പോൾ ആദ്യം ഓർമ വരുന്നത് പഠിത്തവും ക്ലാസ് മുറിയുമൊന്നുമല്ല. ഞങ്ങളുടെ സ്കൂളിൽ മാത്രം ഉള്ള ഒരു ആഘോഷത്തെ കുറിച്ചാണ്. ‘ഫാൻസി ഫെറ്റ്’ എന്നാണ് അത് അറിയപ്പെടുന്നത്. നല്ല തേങ്ങാ ബർഫിയുടെ മണം വരുമ്പോൾ മനസ്സ് കണ്ണൂരിലേക്ക് വണ്ടി കയറും. നേരെ സ്കൂൾ മുറ്റത്തെ തോരണങ്ങൾക്കിടയിലൂടെ നടക്കുന്ന കൊച്ചുകുട്ടിയായി ഞാൻ മാറും.

കണ്ണൂർ സെന്റ് തെരേസാസ് ആംഗ്ലോ ഇന്ത്യൻ ഗേൾസ് ഹൈസ്കൂളിലാണ് എൽകെജി മുതൽ പ്ലസ്ടുവരെയുള്ള എന്റെ പഠനം. ശരിക്കും ഞങ്ങൾ തലമുറകളായി ആ സ്കൂളിൽ പഠിക്കുന്നവരാണ്. അമ്മയും ആ സ്കൂളിൽ തന്നെയാണ് പഠിച്ചത്. എനിക്ക് പിന്നാലെ അനിയത്തി സഞ്ജുക്തയും അതേ സ്കൂളിൽ തന്നെ. പണ്ട് തൊട്ട് ആ സ്കൂളിലുള്ള പരിപാടിയാണ് ഫാൻസി ഫെറ്റ്. അതായത് ആ ദിവസം സ്കൂളിലെ എല്ലാ ക്ലാസ് മുറികളും വിവിധ സ്റ്റാളുകൾ ആയിരിക്കും. പല വിധ ഭക്ഷണ സാധനങ്ങൾ, ആക്സസറീസ്, പിന്നെ ചോക്‌ലറ്റ് വീൽ, ഫിഷ് ഇൻ എ പോണ്ട്, അങ്ങനെ പല വിധ ഗെയിമുകൾ. എല്ലാ ഗെയിമിനും സമ്മാനങ്ങളുമുണ്ട്. ചുരുക്കത്തിൽ ഒരു ഫൺ റൈസർ പോലെ.

ഇതിനെക്കാൾ എല്ലാം സന്തോഷമുണ്ടാകുന്ന കാര്യം ആ ദിവസം സ്കൂളിലെ കർക്കശക്കാരികളായ ടീച്ചർമാർ പോലും വളരെ ജോളിയായിരിക്കും. ഒരാഴ്ച  മുൻപേ ഫാൻസി ഫെറ്റിന്റെ ഡേ ഫിക്സ് ചെയ്ത് അറിയിക്കും.

ഫാൻസി ഫെറ്റ് ഡേ ഒരാഴ്ച മുൻപേ അനൗൺസ് ചെയ്യും. ഓരോ കുട്ടികളും വീട്ടിൽ നിന്നും ഓരോ സാധനങ്ങൾ കൊണ്ടുവന്ന് കൊടുക്കണം. ചിലർ തേങ്ങയാകും കൊടുക്കുക, ചിലർ പഞ്ചസാര അങ്ങനെ എന്തും. ഈ സാധനങ്ങൾ ഉപയോഗിച്ചാണ് ടീച്ചർമാർ ഓരോ സ്നാക്സും ഉണ്ടാക്കുക. സഹായത്തിനു കുട്ടികളും കൂടും.

ഞങ്ങൾ കാത്തിരിക്കുന്ന ദിവസം

അങ്ങനെ കാത്തുകാത്തിരുന്ന ആ ദിവസം എത്തും. ഞാൻ രാവിലെ തന്നെ അണിഞ്ഞൊരുങ്ങി സ്കൂളിൽ എത്തും. വേറെ ഒരു രഹസ്യം കൂടിയുണ്ട്. അന്ന് വേറെ പല സ്കൂളിലേയും കുട്ടികൾക്ക് ക്ഷണം ഉണ്ട്. അവരൊക്കെ നമ്മുടെ സ്കൂളിൽ വരുമ്പോൾ നമ്മൾ ഭയങ്കര ഗമയിൽ അവരെ സ്വീകരിക്കും. ഒരു സ്റ്റാളിൽ പാട്ടുകൾ ഡെഡിക്കേറ്റ് ചെയ്യുന്ന തീമുണ്ട്. അവിടെയാണ് ഏറ്റവും രസം. ചിലരൊക്കെ നമ്മുടെ സ്കൂളിലെ കുട്ടികൾക്ക് പ്രണയഗാനമൊക്കെ ഡെഡിക്കേറ്റ് ചെയ്യും. പല ക്രഷും അവിടെയാണ് പ്രഖ്യാപിക്കപ്പെടുന്നത്.

പൊതുവേ പിശുക്കിയായ ഞാൻ പോക്കറ്റ് മണിയെല്ലാം പെറുക്കിയെടുത്താണ് ഫാൻസി ഫെറ്റ് ഡേയ്ക്ക് സ്കൂളിൽ  പോകുക. വീട്ടിൽ ആര് ചോദിച്ചാലും കൊടുക്കാതെ ഒളിപ്പിക്കുന്ന വിഷു കൈനീട്ട പൈസ മുഴുവൻ ഫാൻസി ഫെറ്റിൽ പൊടിക്കും. എനിക്ക് ഏറ്റവും ഇഷ്ടമുള്ള ഏരിയ മധുര പലഹാരങ്ങളുടെയാണ്.

നമ്മൾ ചുരണ്ടി കൊടുത്ത തേങ്ങയിൽ ടീച്ചർമാർ ഉണ്ടാക്കുന്ന പിങ്ക് നിറമുള്ള ബർഫി, എന്റെ പൊന്നു സാറെ, ഇപ്പൊ ഓർക്കുമ്പോഴും വായിൽ വെള്ളം വരും.

ഇത്രയും കാലം ഞാൻ കഴിച്ച ഒരു ബർഫി പോലും ആ രുചിയുടെ അടുത്ത് എത്തിയിട്ടില്ല. ഈ ഒരൊറ്റ കാരണം കൊണ്ടുതന്നെ എനിക്കെന്റെ സ്കൂൾ ഏറ്റവും ഫേവറിറ്റാണ്.

Tags:
  • Movies