Friday 29 October 2021 04:57 PM IST

‘അധികദിവസം സന്തോഷത്തോടെ അവിടെ കഴിയാൻ വിധി അനുവദിച്ചില്ല’: എണ്ണപ്പെട്ട ദിനങ്ങൾ: ശരണ്യ അനുഭവിച്ചത്

Roopa Thayabji

Sub Editor

saranya-3

ചെമ്പഴന്തിയിലെ ‘സ്നേഹസീമ’യിലിരുന്നാൽ അകലെ നിന്ന് ഒഴുകിയെത്തുന്ന ബാങ്കുവിളിയും പള്ളിമണിയും കേൾക്കാം. ശ്വസിക്കുന്ന കാറ്റിൽ മുറ്റത്തെ അമ്പലത്തിൽ നിന്നുള്ള കർപ്പൂരത്തിന്റെയും ചന്ദനത്തിന്റെയും ഗന്ധം. പക്ഷേ, ദൈവങ്ങളൊന്നും ഇവരുടെ പ്രാർഥന കേട്ടില്ല.

തലച്ചോറിലെ അർബുദം നീക്കാൻ ഒൻപതു തവണ ബ്രെയിൻ സർജറിയും, തൈറോയിഡ് ഗ്രന്ഥി നീക്കം ചെയ്യാനുള്ള രണ്ടു ശസ്ത്രക്രിയകളും പിന്നിടേണ്ടി വന്നിട്ടും സ്വന്തം വീട്ടിൽ ഒരു ഓണം പോലും ആഘോഷിക്കാനാകാതെ വിടപറഞ്ഞ അഭിനേത്രി ശരണ്യയുടെ വീടാണിത്. മകളുടെ ചിരി മാഞ്ഞുപോയതോടെ മനസ്സു തകർന്ന അമ്മ ഗീത മുറിയിൽ നിന്നു പുറത്തിറങ്ങിയിട്ടില്ല. കൗൺസലിങ്ങും മരുന്നുകളുമായി അമ്മയെ ജീവിതത്തിലേക്കു തിരിച്ചുകൊണ്ടുവരാനുള്ള ശ്രമത്തിലാണ് ശരണ്യയുടെ അനിയൻ ശരൺജിത്തും അനിയത്തി ശോണിമയും. കണ്ണീരിന്റെ നനവുണങ്ങാത്ത ആ വീടിനു കാവലായി സ്നേഹത്തണൽ വിരിച്ച് സീമ ജി. നായരുമുണ്ട്.

അഭിനയമായിരുന്നു ജീവൻ

സ്കൂളിൽ പഠിക്കുമ്പോഴേ ശരണ്യയ്ക്ക് ഡാൻസും പാട്ടുമൊക്കെ ഇഷ്ടമായിരുന്നു. ചാനലുകളിൽ പരിപാടികൾ ആങ്കറിങ് ചെയ്യുന്ന സമയത്തെ ഫോട്ടോ മനോരമ ആഴ്ചപ്പതിപ്പിന്റെ മുഖചിത്രമായി വന്നതാണ് ടേണിങ് പോയിന്റെന്ന് ശോണിമ പറയുന്നു. ‘‘ഭയങ്കര എക്സൈറ്റഡായിരുന്നു എല്ലാവരും. ഞങ്ങളുടെ നാടായ പഴയങ്ങാടി ഒരു നാട്ടിൻപുറമാണ്. ചേച്ചിയുടെ ഫോട്ടോ മാഗസിന്റെ കവറായ ഗമയിലാണ് ഞാനന്ന് സ്കൂളിലൊക്കെ പോയത്.

ആ കവർ ഫോട്ടോ കണ്ടിട്ടാണ് ബാലചന്ദ്രമേനോൻ സീരിയലിലേക്ക് വിളിച്ചത്. ദൂരദർശനു വേണ്ടിയുള്ള ‘സൂര്യോദയ’ത്തിൽ മേനോൻ സാറിന്റെ മകളായാണ് ചേച്ചി അഭിനയിച്ചത്. അതിനു ശേഷമായിരുന്നു ‘മന്ത്രകോടി’. അതു ഹിറ്റായി. കരിയർ ബ്രേക്കായത് ‘രഹസ്യ’മാണ്. അ തിനു വേണ്ടി നീളൻ മുടിയൊക്കെ വെട്ടി മോഡേൺ ലുക് ആയി മാറിയിരുന്നു. ചാക്കോ രണ്ടാമൻ, തലപ്പാവ് തുടങ്ങിയ സിനിമകളിലും വേഷം കിട്ടി. ‘ഛോട്ടാ മുംബൈ’യിൽ ലാലേട്ടന്റെ അനിയത്തിയുടെ റോളായിരുന്നു.’’

അന്നൊരു ഓണക്കാലത്ത്

വർഷം 2012. തമിഴിലും തെലുങ്കിലും സീരിയലിൽ കത്തിനിൽക്കുന്ന സമയം. ബ്രേക് കിട്ടിയപ്പോൾ വീട്ടിൽ എല്ലാവർക്കും ഓണക്കോടിയെടുക്കാൻ കടയിൽ നിൽക്കുമ്പോഴാണ് തലചുറ്റി വീണത്. പിന്നെ, നടന്നതൊക്കെ ഓർക്കുമ്പോൾ ശോണിമയ്ക്ക് ഇപ്പോഴും കരച്ചിൽ വരും. ‘‘നേരത്തേ ഇടയ്ക്കിടെ തലവേദന വരുമായിരുന്നു. പക്ഷേ, തലകറങ്ങി വീണ് ആശുപത്രിയിൽ ചെന്നപ്പോഴാണ് രോഗം തിരിച്ചറിഞ്ഞത്. അന്നു ‍ഞാൻ എൻജിനീയറിങ്ങിനു പഠിക്കുന്നു. ഒരു ദിവസം ക്ലാസ് കഴിഞ്ഞു വന്നപ്പോൾ വീട്ടിൽ ആരുമില്ല. സന്ധ്യയോടെ ആശുപത്രിയിൽ നിന്ന് അമ്മയും ചേച്ചിയും ചേട്ടനും വന്നു. ആരും ഒന്നും മിണ്ടുന്നില്ല. നിർബന്ധിച്ചു ചോദിച്ചപ്പോഴാണ് ചേച്ചിക്ക് കാ ൻസറാണ് എന്നു പറഞ്ഞത്. ഞാൻ ചേച്ചിയെ കെട്ടിപ്പിടിച്ചു കരഞ്ഞു. പക്ഷേ, ശാന്തമായിരുന്നു ആ മുഖം. ഒരിക്കലും രോഗകാര്യം പറഞ്ഞു വിഷമിക്കുന്നതു കണ്ടിട്ടേയില്ല.

ശ്രീചിത്രയിലേക്കു ശസ്ത്രക്രിയയ്ക്കായി കൊണ്ടുപോയത് കെ.ബി. ഗണേഷ് കുമാർ സാറിന്റെ ഇടപെടലിനെ തുടർന്നാണ്. ഡോ. ജോർജ് വിളനിലത്തെ കണ്ടപ്പോൾ ‘ബ്രെയിൻ ട്യൂമറാണ്, ശസ്ത്രക്രിയ അല്ലാതെ മാർഗമില്ല’ എന്നു പറഞ്ഞു. ആ വർഷം തിരുവോണത്തിന്റെ പിറ്റേന്ന് ശസ്ത്രക്രിയ നടത്തി. ഒരു മാസത്തെ വിശ്രമത്തിനു ശേഷം വീണ്ടും അഭിനയത്തിൽ സജീവമായി.’’

saranya 1

രോഗം വീണ്ടുമെത്തുന്നു

മംമ്ത മോഹൻദാസും യുവരാജ് സിങുമായിരുന്നു ശരണ്യയുടെ ഹീറോസ്. അവരെപ്പോലെ ജീവിതത്തിലേക്ക് വളരെ പോസിറ്റീവായി തിരിച്ചു വരുമെന്ന് അവൾ മോഹിച്ചിരുന്നു. ആദ്യ ശസ്ത്രക്രിയയുടെ സമയത്ത് ഒരു നിയോഗം പോലെയാണ് ശരണ്യയ്ക്ക് ഒരു ചേച്ചിയെ കിട്ടിയത്, സീമ ജി. നായരെ. ഒന്നിച്ച് അഭിനയിച്ചിട്ടില്ലാഞ്ഞിട്ടും മുജ്ജന്മബന്ധം പോലെയാണ് ശരണ്യയുടെ ചേച്ചിയായതെന്ന് സീമ ജി. നായർ പറയുന്നു. ‘‘ആ സമയത്ത് ‘ആത്മ’യുടെ സജീവ പ്രവർത്തക ആയ ഞാൻ വലിയൊരു ടെഡി ബെയറുമായി ശരണ്യയെ കാണാൻ പോയി. കാര്യങ്ങൾ അറിഞ്ഞപ്പോൾ അവളാണ് ആ വീടിന്റെ നാഥയെന്നു മനസ്സിലായി. പിന്നെ, അവളെ എന്നും ചേർത്തുപിടിച്ചു.

സർജറിക്കു ശേഷം ആറുമാസം കൂടുമ്പോൾ ഫോളോ അപ് സ്കാൻ ഉണ്ട്. ആദ്യത്തെ സ്കാനിൽ എല്ലാം ഓക്കെ. രണ്ടാമത്തെ സ്കാനിലാണ് ട്യൂമർ കണ്ടത്. അങ്ങനെ 2013ൽ വീണ്ടും സർജറി. പിറ്റേ വർഷം ഏതാണ്ട് അതേ സമയമായപ്പോൾ ഫിറ്റ്സ് വന്നു. പരിശോധിച്ചപ്പോഴാണ് വീണ്ടും കാൻസർ സാന്നിധ്യം കണ്ടെത്തിയത്. ഡോ. മാത്യു എബ്രഹാം ആണ് പിന്നീടുള്ള സർജറികൾ ചെയ്തത്. നടിയായതു കൊണ്ടു തന്നെ മുടി മുഴുവൻ കളയാതെയാണ് അദ്ദേഹം സർജറി ചെയ്തത്.

രോഗം വരുന്നതു പതിവായതോടെ വിദഗ്ധഅഭിപ്രായം തേടി. അങ്ങനെയാണ് 2015ൽ മെറ്റാസ്റ്റാറ്റിക് കാർസിനോമ ആണ് അസുഖമെന്നു സ്ഥിരീകരിച്ചത്. ശരീരത്തിന്റെ ഏതെങ്കിലും ഭാഗത്തു വരുന്ന കാൻസർ ആ ഭാഗത്തു വളരാതെ തലച്ചോറിൽ വളരുന്ന അവസ്ഥയാണിത്. ഫുൾ ബോഡി പെറ്റ് സ്കാനിൽ പ്രശ്നം തൈറോയ്ഡ് ഗ്രന്ഥിയിലാണെന്നു കണ്ടെത്തി. രണ്ടു ശസ്ത്രക്രിയകളിലൂടെ ഗ്രന്ഥി നീക്കം ചെയ്തു. ഇനി രോഗം വരില്ല എന്ന ആശ്വാസത്തിലായിരുന്നു ഞങ്ങളെല്ലാം. പക്ഷേ, അടുത്ത വർഷം വീണ്ടും കാൻസർ സാന്നിധ്യം കണ്ടു.

വേദനയുടെ കാലം

എല്ലാ തവണയും ഒരേ ഭാഗത്തു തന്നെ ശസ്ത്രക്രിയ നടത്തിയതോടെ തലയോട്ടിയിലെ മുറിവ് കൂട്ടിച്ചേർക്കാനായി മെഷ് പിടിപ്പിക്കേണ്ടി വന്നു. പതിനേഴും പതിനെട്ടും മാസത്തെ ഇടവേളയിലാണ് ആദ്യം രോഗം വന്നിരുന്നത്. എന്നാൽ 2018ലെ ശസ്ത്രക്രിയ കഴിഞ്ഞ് എട്ടു മാസത്തിനുള്ളിൽ വീണ്ടും രോഗം വന്നു. അപ്പോഴേക്കും സമ്പാദ്യമെല്ലാം തീർന്ന് കടവും കടത്തിനുമേൽ കടവുമായി ചികിത്സ വഴിമുട്ടി. അങ്ങനെയാണ് സഹായമഭ്യർഥിച്ച് സോഷ്യൽ മീഡിയയിൽ വിഡിയോ പോസ്റ്റ് ചെയ്തത്. സുമനസ്സുകളുടെ സഹായം പലയിടത്തു നിന്നും ഒഴുകിയെത്തി. അങ്ങനെ എട്ടാമത്തെ ശസ്ത്രക്രിയ നടന്നു.

ശസ്ത്രക്രിയയ്ക്കു ശേഷം റേഡിയേഷൻ കൊടുക്കാമെന്ന നിർദേശം ഡോക്ടർമാർ വച്ചു. അങ്ങനെ ബെംഗളൂരുവിലെ ആശുപത്രിയിൽ നിന്ന് റേഡിയേഷൻ നടത്തി. കോഴ്സ് പൂർത്തിയാക്കി കീമോ തെറപിയും ആരംഭിച്ചതിനു പിന്നാലെ വീണ്ടും ട്യൂമർ സാന്നിധ്യം കണ്ടെത്തി.

ഓരോ തവണ ശസ്ത്രക്രിയ കഴിയുമ്പോഴും വീണ്ടും രോഗം വരുമ്പോഴും ചിരിയോടെയാണ് ശരണ്യ നേരിട്ടത്. സന്തോഷവും സങ്കടവും പേടിയുമൊന്നും പുറത്ത് അധികം പ്രകടിപ്പിക്കില്ല. വാടകവീടുകൾ കയറിയിറങ്ങി ചികിത്സ തേടുന്നതു കണ്ടാണ് സ്വന്തമായി വീടെന്ന മോഹം അവൾക്കു കൊടുത്തത്. അങ്ങനെ ചെമ്പഴന്തിയിലെ ഈ സ്ഥലം വാങ്ങി വീടു പണി തുടങ്ങി.

saranya-2

പുതിയ വീട്ടിലേക്ക്

എട്ടാമത്തെ സർജറിക്കു ശേഷം ശരണ്യ നടക്കാൻ പോലുമാകാതെ കിടപ്പിലായി. ഈ അന്തരീക്ഷത്തിൽ നിന്നു മാറിയാൽ നില മെച്ചപ്പെടുമെന്നു തോന്നിയപ്പോഴാണ് തൃപ്പൂണിത്തുറയിലെ എന്റെ വീട്ടിലേക്കു കൂട്ടിക്കൊണ്ടു പോയത്. പിന്നെ, കോതമംഗലം പീസ് വാലിയിൽ ഫിസിയോതെറപി തുടങ്ങി. ദിവസം ആറുമണിക്കൂർ നീണ്ട തെറപിയുടെ ഫലമായി ശരണ്യ നടന്നുതുടങ്ങി. മടങ്ങിവരുന്നത് പുതിയ വീട്ടിലേക്കാകണമെന്ന് എനിക്കും വാശിയായിരുന്നു. 2020 ഒക്ടോബർ 24ന് പുതിയ വീട്ടിലേക്കു ശരണ്യ വലതുകാൽ വച്ചു കയറി. സ്നേഹത്തോടെ കൂടെ നിന്ന എന്നോടുള്ള ഇഷ്ടം ചേർത്ത് അവൾ വീടിന് പേരിട്ടു. ‘സ്നേഹസീമ’. അതിനു ‘വനിത’യോടും നന്ദിയുണ്ട്. ശരണ്യയെ കുറിച്ച് ഞാൻ സംസാരിച്ച ‘വനിത’യിലെ അഭിമുഖത്തിന്റെ തലക്കെട്ടായിരുന്നു അത്.’’

പുതിയ വീട്ടിൽ ശരണ്യയ്ക്കു വേണ്ടി ഒരുക്കിയ സൗകര്യങ്ങൾ നിരവധി. പിടിച്ചു നടക്കാനും വ്യായാമം ചെയ്യാനും ഹാൻഡ് റെയിൽസ് പിടിപ്പിച്ചു. അടിയന്തര ഘട്ടം വന്നാൽ വീൽചെയറിൽ കടക്കാവുന്ന തരത്തിൽ ബാത്റൂമിന്റെ വാതിലിനു വീതി കൂട്ടി. എന്നാൽ അധികദിവസം സന്തോഷത്തോടെ അവിടെ കഴിയാൻ വിധി അനുവദിച്ചില്ല.

ദിനങ്ങൾ എണ്ണപ്പെടുന്നു

എട്ടാമത്തെ സർജറിക്കു ശേഷം വീട്ടിലെത്തിയ ശരണ്യ വളരെ അവശയായെന്ന് ശരൺജിത് പറയുന്നു. ‘‘വീട്ടിൽ ഫിസിയോ തെറപി ചെയ്യുന്നതിനിടെ ഒരു ദിവസം കടുത്ത ന ടുവേദന തോന്നുന്നെന്നു പറഞ്ഞു. പിറ്റേന്ന് ഉറങ്ങാൻ പോലുമാകാത്ത വിധം വേദന കഠിനമായി. അടുത്ത സ്കാനിങ് റിപ്പോർട് ഞെട്ടിക്കുന്നതായിരുന്നു. തലച്ചോറിൽ രണ്ടു ഭാഗത്തേക്കും കഴുത്തിനു പിന്നിലേക്കും സുഷുമ്നാ നാഡിയിലേക്കും ട്യൂമർ വ്യാപിച്ചിരിക്കുന്നു.

വീണ്ടും ആർസിസിയിലേക്ക്. ഭക്ഷണം പോലും ഇറക്കാൻ പറ്റാതെ കിടപ്പിലായ ചേച്ചിയെ നാലഞ്ചാളുകൾ ചേർന്ന് സ്ട്രച്ചറിൽ കിടത്തിയാണ് ആംബുലൻസിലേക്ക് കയറ്റിയത്. റേഡിയേഷൻ കഴിഞ്ഞ് വീട്ടിൽ മടങ്ങിയെത്തി കീമോ ആരംഭിക്കാനിരിക്കെയാണ് എല്ലാവർക്കും കോവിഡ് ബാധിച്ചത്. ചേച്ചിയെ വീണ്ടും ആശുപത്രിയിലേക്കു മാറ്റിയപ്പോൾ കൂടെ നിന്നത് ഷിബുവെന്ന ഡ്രൈവറാണ്. 12 ദിവസത്തിനകം ചേച്ചി നെഗറ്റീവായി. ഇടയ്ക്ക് ന്യുമോണിയ വന്നെങ്കിലും വെന്റിലേറ്ററിന്റെ സഹായം തേടിയെങ്കിലും എല്ലാം അദ്ഭുതകരമായി അതിജീവിച്ചു. വീട്ടിലെത്തി രണ്ടുദിവസം കഴിഞ്ഞപ്പോൾ സോഡിയം നില താഴ്ന്ന് കണ്ണു പോലും തുറക്കാതെയായി. ഇതിനിടെ ട്യൂമർ സർജറി ചെയ്ത ഭാഗത്തെ നീർക്കെട്ടു മാറ്റാനുള്ള ട്യൂബിട്ടിരുന്നു.

അടുത്ത സ്കാനിങ്ങിൽ തലച്ചോറു മുതൽ സുഷുമ്നാ നാഡിയുടെ താഴ്ഭാഗം വരെ ട്യൂമർ വ്യാപിച്ചു എന്നു കണ്ടു. അപ്പോഴേക്കും ബിപി താഴ്ന്ന് മുപ്പതിലെത്തിയിരുന്നു. രാവിലെ അമ്മയെ നിർബന്ധിച്ച് ആശുപത്രിയിൽ കൊണ്ടുവന്നെങ്കിലും ചേച്ചിയെ കാണാൻ കൂട്ടാക്കിയില്ല. ഞാനും സീമചേച്ചിയും പാപ്പനും (അച്ഛന്റെ അനിയൻ) കാത്തുനിൽക്കുമ്പോൾ ഐസിയുവിൽ നിന്ന് എമർജൻസി കോളെത്തി. ചെല്ലുമ്പോഴേക്കും ചേച്ചി പോയി.’’

അപ്പോഴും തന്നോടും അമ്മയോടും ആരും ഒന്നും പറഞ്ഞില്ലെന്ന് ശോണിമ. ‘‘ഞാനും അമ്മയും ചേച്ചിക്കു വേണ്ടി പ്രാർഥിക്കുകയാണ്. അപ്പോൾ അമ്മയുടെ ഫോണിൽ ഒരു മെസേജ് വന്നു. ചേച്ചിയുടെ മരണവിവരം ആരോ ഷെയർ ചെയ്തതാണ്. ഒരു ഓണക്കാലത്താണ് ഞങ്ങളുടെ സന്തോഷം കെടാൻ തുടങ്ങിയത്. ഈ ഓണക്കാലത്ത് ആ സന്തോഷത്തിരി മാഞ്ഞുപോയി.’’

രൂപാ ദയാബ്ജി

ഫോട്ടോ: ശ്രീകാന്ത് കളരിക്കൽ