പ്രശസ്തിയുടെയും അംഗീകാരത്തിന്റെയും കൊടുമുടിയിൽ നിൽക്കവേയാണ് ഹൃദയാഘാതം സച്ചിയെ കാണാമറയത്തേക്കു കൊണ്ടുപോയത്. 48 വയസ്സായിരുന്നു. സച്ചി ഓര്‍മയായിട്ട് നാല് വര്‍ഷം പൂർത്തിയാകുകയാണ്.
വനിത ഫിലിം അവാർഡ് 2024, ആഘോഷരാവിലെ അപൂർവ നിമിഷങ്ങൾ സച്ചിയുടെ ഓർമകൾ കൊണ്ടുകൂടി സമ്പന്നമായിരുന്നു. തിരക്കഥാകൃത്തും സംവിധായകനുമായ സച്ചിയുടെ വേർപാടിന്റെ നോവ് വനിത ഫിലിം അവാർഡ് വേദിയെ പല തവണ കണ്ണു നനയിച്ചിരുന്നു. 2020ലെ മികച്ച സിനിമയ്ക്കുള്ള പുരസ്കാരം അയ്യപ്പനും കോശിയും നേടിയപ്പോൾ അവാർഡ് സ്വീകരിക്കാനെത്തിയതു സച്ചിയുടെ നല്ല പാതി സിജിയാണ്.
വേദിയിലേക്കു നിറകണ്ണുകളോടെ നടന്നെത്തിയ സിജിയെ അവതാരകൻ മിഥുൻ രമേഷ് സ്നേഹാദരവോടെ ചേർത്തു പിടിച്ചു. സച്ചിയുമായുള്ള സ്നേഹബന്ധത്തിന്റെ ആഴം മിഥുന്റെ വാക്കുകളിൽ. ‘‘ബിജു മേനോനാണു സച്ചിയേട്ടെനെ എനിക്കു പരിചയപ്പെടുത്തുന്നത്. ദുബായിൽ വച്ചുള്ള ആ കണ്ടുമുട്ടൽ സൗഹൃദമായി മാറി. പിന്നെ, ദുബായിൽ സച്ചിയേട്ടൻ വന്നാൽ അദ്ദേഹത്തിന്റെ സാരഥി ഞാനായിരിക്കും.

അവർ പ്രണയത്തിലായിരുന്ന കാലം മുതൽ സിജിചേച്ചിയെ എനിക്കറിയാം. ഞാൻ നാട്ടിൽ വരുമ്പോൾ സച്ചിയേട്ടന്റെ ഫ്ലാറ്റില്‍ ഒത്തുചേരുന്നത് പതിവായിരുന്നു. സച്ചിയേട്ടന്റെ കുടുംബത്തോടുള്ള സ്നേഹത്തിനു വർഷങ്ങളുടെ ഇഴടുപ്പമുണ്ട്. സച്ചിയേട്ടൻ പോയി എന്നത് ഇപ്പോഴും വിശ്വ സിക്കാൻ കഴിഞ്ഞിട്ടില്ല എന്നതാണു സത്യം.
പുരസ്കാരം ഏറ്റുവാങ്ങി സിജി പങ്കുവച്ച വാക്കുകളും ഹൃദയഭേദകമായി. ഏറെ സങ്കടത്തോടെ പുരസ്കാരം ഏറ്റുവാങ്ങുന്നു. സച്ചിയുടെ പേരിലുള്ള പുരസ്കാരം ഓരോ തവണ ഏറ്റുവാങ്ങുമ്പോഴും കരയാതിരിക്കാന്‍ ശ്രമിക്കാറുണ്ട്. പക്ഷേ പുരസ്കാരം ഏറ്റുവാങ്ങുന്ന ഓരോ നിമിഷവും ഉള്ളുകൊണ്ട് വിതുമ്പി പോകുകയാണ്. ഇത് സച്ചിയേട്ടനുള്ള അവാർഡാണ്.– സിജിയുടെ വാക്കുകൾ.