Friday 31 December 2021 11:21 AM IST

‘എടോ, താൻ വലുതാകാനെടുക്കുന്ന 10 കൊല്ലമൊന്നും ഞാൻ നിൽക്കുമെന്നു തോന്നുന്നില്ല’: ബ്രിട്ടോ അന്നു പറഞ്ഞു: നീറും ഓർമകൾ

Tency Jacob

Sub Editor

simon-b ചിത്രം: ശ്യാം ബാബു

‘വിപ്ലവവീഥിയിലെ രക്തതാരകം’ സൈമൺ ബ്രിട്ടോയെന്ന വിപ്ലവനായകന്റെ ഓർമ്മകളെ ഒറ്റവാക്കിൽ അങ്ങനെ സ്വരുക്കൂട്ടാം. വേദനയുടെ കടലാഴങ്ങൾക്കു നടുവിൽ നിന്നപ്പോഴും നിറഞ്ഞു പുഞ്ചിരിച്ച മനുഷ്യൻ, തന്റെ ആശയത്തേയും പ്രസ്ഥാനത്തേയും ജീവന്റെ തുടിപ്പിനൊപ്പം ചേർത്തു നിർത്തിയ മനുഷ്യൻ...നമുക്കറിയുന്ന സൈമൺ ബ്രിട്ടോ അങ്ങനെയൊക്കെയാണ്. ചരമവാർഷിക ദിനത്തിൽ സൈമൺ ബ്രിട്ടോയെന്ന വിപ്ലവനക്ഷത്രത്തെ ഓർക്കാൻ ഇപ്പറഞ്ഞതൊക്കെ തന്നെ ധാരാളം.

സൈമൺ ബ്രിട്ടോയുടെ ഓർമകളെ കനൽപോലെ നെഞ്ചിലേറ്റി ജീവിക്കുന്ന ഒരാൾകൂടിയുണ്ട്, നല്ലപാതി സീന ഭാസ്കർ. രാഷ്ട്രീയം ശ്വസിച്ച് വളർന്നവരാണ് സൈമൺ ബ്രിട്ടോയും സീന ഭാസ്കറും. അതേ വിപ്ലവമനസ്സാണ് അവരെ ഒരുമിപ്പിച്ചത്. ഇപ്പോൾ ഒരേയുടലിലെ ഒരു ചിറക് പൊഴിഞ്ഞു പോയിരിക്കുന്നു... ആ ഓർമകളെ ഹൃദയത്തോടു ചേർത്തു നിർത്തി സീന വനിതയോട് സംസാരിച്ചിരുന്നു. തന്റെ പ്രിയപ്പെട്ടനെക്കുറിച്ച് സ്മിത പറഞ്ഞ വാക്കുകൾ ഈ ഓർമദിനത്തിൽ ഒരിക്കൽ കൂടി. 2019ൽ പ്രസിദ്ധീകരിച്ച അഭിമുഖത്തിന്റെ പൂർണരൂപം ചുവടെ....

‘‘ഈ ചങ്കു പൂച്ചയുണ്ടല്ലോ അബ്ബയ്ക്ക് പ്രിയപ്പെട്ടതാണ്. ഞാന്‍ അബ്ബയുടെ ദേഹത്ത് കയറിക്കിടക്കുന്നതൊന്നും ഇവൾക്ക് ഇഷ്ടമല്ല. ഉടനെ വന്ന് ബഹളമുണ്ടാക്കി എന്നെ അടിക്കാൻ തുടങ്ങും. എന്നിട്ട് അബ്ബയുടെ നെഞ്ചിൽ കയറിക്കിടക്കും. അന്നത്തെ ദിവസം അബ്ബ വന്നപ്പോൾ മൊബൈൽ മോർച്ചറിയുടെ അടിയിൽ നിന്ന് മാറിയതേയില്ല. മൂന്നാമത്തെ ദിവസം ഞങ്ങൾ നിർബന്ധിച്ചാണ് ഭക്ഷണം കൊടുത്തത്. ഈ പൂച്ചയെ കാണുമ്പോഴാണ് എനിക്കേറ്റവും കൂടുതൽ അബ്ബയെ മിസ്സ് ചെയ്യുന്നത്.

അതുപോലെ അബ്ബ വാങ്ങിത്തന്ന ബോൾ കാണുമ്പോഴും. അമ്മയേക്കാളും എനിക്കേറ്റവും കൂട്ട് അബ്ബയായിരുന്നു. ഞാൻ ഓരോ എടാകൂടത്തിൽ പെടുമ്പോൾ അബ്ബയാണ് എന്നെ രക്ഷിക്കുന്നത്. ഞങ്ങൾ തമ്മിൽ എടോ, പോടോ എന്നൊക്കെയായിരുന്നു വിളി. എന്നെ ഓമനിച്ച് ‘ഡുക്ക’ എന്നും വിളിക്കും.

അബ്ബ വീട്ടിലെത്തിയശേഷമാണ് ഞാനും അമ്മയുമെത്തിയത്. അബ്ബ കിടക്കുന്നതു കണ്ട് എനിക്കു സങ്കടം വന്നു കുറെക്കരഞ്ഞു. പെട്ടെന്നാണ് കുറച്ചു ദിവസം മുൻപ് അബ്ബ പറഞ്ഞ കാര്യമോർത്തത്.

ഞങ്ങൾ രണ്ടുംകൂടി കളിച്ചുകൊണ്ടിരിക്കുകയായിരുന്നേ. അപ്പോ പെട്ടെന്ന് അബ്ബ പറഞ്ഞു: ‘എടോ, താൻ വലുതാകാനെടുക്കുന്ന പത്തു കൊല്ലമൊന്നും ഞാൻ നിൽക്കുമെന്നു തോന്നുന്നില്ല. ആരോഗ്യസ്ഥിതിയൊക്കെ കഷ്ടാടോ.’

എനിക്കതു കേട്ട് ദേഷ്യം വന്നു. ‘എടോ, താനെന്നെ വിട്ട് പോവ്വോ.’ ഞാൻ ഇരുന്നിടത്തു നിന്ന് എഴുന്നേറ്റു.

‘അയ്യോ, എന്നെ ആക്രമിക്കല്ലേ. ഞാൻ തന്നെ വിട്ട് പോകില്ല. ഇനി എങ്ങാനും മരിച്ചാലും ഞാൻ തന്റെ കൂടെ തന്നെ കാണും.’ അതു കേട്ടതും ഞാൻ അബ്ബയെ കെട്ടിപ്പിടിച്ചു. അബ്ബ എന്നെ വിട്ടുപോകില്ലെന്ന് ഉറപ്പു തന്നിട്ടില്ലേ. പിന്നെ, ഞാൻ കരഞ്ഞില്ല.

പറഞ്ഞു തീർന്നതും നിലാവ് പന്തുമെടുത്ത് പൂച്ചയേയും കൂട്ടി കളിക്കാൻ പോയി. കൺചിമ്മാതെ അതു നോക്കിയിരുന്ന നിലാവിന്റെ അമ്മ പറഞ്ഞു.‘അവൾ അബ്ബയോടൊപ്പമാകണം കളിക്കുന്നത്.’

അറിയാതെ നിലവിളിച്ചുപോയ ആ നിമിഷം

‘‘നളന്ദയിലേക്കുള്ള യാത്രയിലായിരുന്നു ഞങ്ങൾ. ബ്രിട്ടോ പഠിച്ച സ്ഥലങ്ങള്‍ നിലാവിനെ കാണിച്ചു കൊടുക്കണം. അതിലും പ്രധാനം മറ്റൊന്നായിരുന്നു. 2020ൽ പൂർത്തിയാക്കാനിരിക്കുന്ന വലിയൊരു സ്വപ്നമുണ്ട് ബ്രിട്ടോയ്ക്ക്. ഹുയാൻ സാങ്ങിന്റെ പുസ്തകമായ ‘ഇന്ത്യൻ യാത്ര’യിൽ വിവരിച്ച അതേ വഴികളിലൂടെ യാത്ര ചെയ്യുക. അതിനു ആവശ്യമുള്ള കുറച്ചു പുസ്തകങ്ങൾ സംഘടിപ്പിക്കണം. അച്ഛൻ മരിച്ചതറിഞ്ഞ് വീട്ടിലേക്ക് പോയ ബ്രിട്ടോയുടെ സഹായി ബീഹാറുകാരൻ അർജുൻ ദാസിനെ കൂട്ടിക്കൊണ്ടുവരികയും വേണമായിരുന്നു. ഇതിനൊക്കെവേണ്ടി പറഞ്ഞയച്ചതാണ് ഞങ്ങളെ.

ആദ്യം വിളിച്ചത് ബന്ധുവായ ബാലു ആർ. നായരാണ്. ‘ബ്രിട്ടോയ്ക്ക് നല്ല ശ്വാസ തടസ്സമുണ്ട്, ഐസിയുവിലാണ്. നിങ്ങൾ വേഗം തിരിച്ചു പോരൂ.’ ആവർത്തിച്ച് ചോദിച്ചിട്ടും, ബ്രിട്ടോയ്ക്ക് വേറെ കുഴപ്പമൊന്നുമില്ലെന്നായിരുന്നു മറുപടി. പിന്നെ, ഫോണിൽ തുരുതുരാ വിളികളായിരുന്നു. കുറെനാളായി വിളിക്കാത്ത ആളുകൾ. ഇതിനിടെയാണ് എന്റെ അനിയത്തി സലീന വിളി ക്കുന്നത്. ബ്രിട്ടോയ്ക്കെന്തു പറ്റിയെന്ന് അ വളും ചോദിച്ചു. അവളുടെ സ്വരത്തിൽ കരച്ചിൽ കലരുന്നതു കേട്ടാണ് ഞാൻ തിരിച്ചു ചോദിക്കുന്നത്. ‘എടീ, നീയെങ്കിലും സത്യം പറ. ബ്രിട്ടോയ്ക്കെന്തു പറ്റി?’

‘എനിക്കറിയില്ല, സൈമൺ ബ്രിട്ടോ അന്തരിച്ചുവെന്ന് ടി വി ചാനലുകളിൽ എഴുതിക്കാണിക്കുന്നുണ്ട്.’ ഞാൻ പെട്ടെന്ന് നിലവിളിച്ചു പോയി. അതുകേട്ട് നിലാവും കരച്ചിൽ തുടങ്ങി.

അന്ന് രാവിലെ ഞങ്ങൾ ബ്രിട്ടോയുടെ സുഹൃത്ത് രബീന്ദർ സിൻഹയെ കണ്ടിരുന്നു. അപ്പോൾ ബ്രിട്ടോയുടെ നമ്പറിൽ വിളിച്ച് രബീന്ദറിന് കൊടുത്തതാണ്. ‘എനിക്ക് വയറിന് നല്ല സുഖമില്ല, പിന്നെ, സംസാരിക്കാം’ എന്നു പറഞ്ഞ് ബ്രിട്ടോ ഫോൺ വച്ചു. എന്തുപറ്റിയെന്ന് അറിയാൻ ഞാൻ നിരന്തരം വിളിച്ചെങ്കിലും ഒരു വാക്ക് പറയാൻ പോലും ബ്രിട്ടോ ഫോൺ എടുത്തില്ല. പുസ്തകമെഴുതാൻ തൃശൂരിലായിരുന്നതുകൊണ്ട് എസ്എഫ്ഐ പിള്ളേരായിരുന്നു കൂടെയുണ്ടായിരുന്ന ത്. അവർ ചേച്ചിയെ വിളിക്കട്ടെ എന്ന് ചോദിച്ചെങ്കിലും ‘സീനയെയും മോളെയും അറിയിക്കേണ്ട’ എന്ന നിലപാടിലായിരുന്നു ബ്രിട്ടോ.

തലേന്ന് ഗസൽ കേൾക്കാൻ അഞ്ചു മണിക്കൂറാണ് ഏസി ഹാളിലിരുന്നത്. റൂമിലെത്തി കുറച്ചു കഴിഞ്ഞപ്പോഴേക്കും കഫക്കെട്ടു കൂടി ഡോക്ടറെ വരുത്തി. കാലത്തെഴുന്നേറ്റപ്പോൾ തീരെ വയ്യാതായി. ഹോസ്പിറ്റലിൽ എത്തി സ്ട്രക്ചറിലേക്ക് മാറ്റുന്നതു വരെ കുട്ടികൾക്ക് ഓരോ നിർദേശങ്ങൾ നൽകിയി രുന്നുവെന്ന് പറയുന്നു. പിന്നീട് ഏതോ ഒരു നിമിഷം...

Simon-Britto

എന്റെ മറുചിറക് നിന്റെ ഉടലിലാണ്

വടുതലയിലെ വീട്ടിൽ വച്ചാണ് ബ്രിട്ടോയെ ആദ്യം കാണുന്നത്. പിന്നീട് ഞങ്ങൾ കത്തിടപാടുകൾ തുടങ്ങി. വീണ്ടും മ ഹാരാജാസിൽ വച്ചു കണ്ടു. ഞങ്ങളുടെ പ്രണയലേഖനങ്ങൾ നിറയെ ഇന്ത്യയെയും കമ്യൂണിസത്തെയും കുറിച്ചുള്ള ചർച്ച കളും എസ്എഫ്ഐ വിശേഷങ്ങളുമായിരുന്നു. അന്നെനിക്ക് ഒറ്റ ചിന്തയേയുള്ളൂ. ‘സ്വാതന്ത്ര്യം, ജനാധിപത്യം, സോഷ്യലിസം’. എസ്എഫ്ഐയിലായിരുന്നതു കൊണ്ടു മാത്രമാണ് ബ്രിട്ടോയെ ഞാൻ വിവാഹം കഴിച്ചത്. ഞങ്ങൾ തമ്മിൽ പതിനെട്ടു വയസ്സിന്റെ വ്യത്യാസമുണ്ട്.

എനിക്കന്ന് നല്ല മുടിയുണ്ടായിരുന്നു. വീട്ടിൽ അമ്മൂമ്മ കാച്ചുന്ന എണ്ണയാണ് മുടിയിൽ തേക്കുന്നത്. വീട്ടിൽ നിന്ന് സമ്മതം കിട്ടില്ലെന്നറിഞ്ഞപ്പോൾ ഇറങ്ങാൻ തന്നെ തീരുമാ നിച്ചു. ആദ്യം ഒരു കുപ്പി കാച്ചിയ എണ്ണയാണ് ഞാൻ ബ്രിട്ടോ യെ ഏൽപിച്ചത്. ‘ബ്രിട്ടോ, ഈ എണ്ണ തേച്ചില്ലെങ്കിൽ എനിക്കു തലവേദന വരും.’ എന്നുപറഞ്ഞ്.

അപ്പോഴാണ് കൂട്ടുകാരായ സി.പി. ജോൺ, സുരേഷ് കു റുപ്പ്, തോമസ് ഐസക്, എം എ. ബേബി, എൻ.കെ. വാസു ദേവൻ, പി. കെ. ഹരികുമാർ എന്നിവരോടെെല്ലാം വിവാഹ ത്തെക്കുറിച്ച് ആദ്യമായി പറയുന്നത്. ആരാണ് പെൺകുട്ടിയെ ന്ന് അവർ ചോദിച്ചു. ‘പിരപ്പൻകോട് മുരളിയുടെ അനന്തരവൾ.’ പിന്നീടാണ് സർട്ടിഫിക്കറ്റുകളും അത്യാവശ്യം ഡ്രസ്സുമൊക്കെ ബ്രിട്ടോയുടെ കയ്യിൽ ഞാൻ കൊണ്ടു കൊടുക്കുന്നത്.

അന്ന് രണ്ടുപേർക്കും ജോലിയില്ല. ഞാൻ ഡിഗ്രി അവസാന വർഷമായതേയുള്ളൂ. ‘നമ്മളെങ്ങനെ ജീവിക്കും?’ എന്നു ചോദിച്ചപ്പോൾ ‘എന്റെ കയ്യിൽ മൂവായിരം രൂപയുണ്ട് സീനേ.’ എ ന്നായിരുന്നു മറുപടി. അത് ഒന്നിനും തികയില്ലെന്ന് എനിക്കറി യാമായിരുന്നു. അക്കാലത്ത് ആരെങ്കിലും പ്രസംഗിക്കാൻ വിളിച്ചാൽ സന്തോഷമാണ്. ബ്രിട്ടോ എഴുതിയ ബുക്കുകൾ കൂടെ കൊണ്ടുപോകും. കേൾക്കാൻ വരുന്നവരുടെയിടയിൽ അതു വിൽക്കും. ആ പൈസ കൊണ്ടാണ് ജീവിച്ചത്. പിന്നെ, മറ്റുള്ളവരുടെ സഹായംകൊണ്ടും.

അതിമനോഹരമായി കത്തുകളെഴുതുമായിരുന്നു ബ്രി ട്ടോ. അതിലൊരു വാചകം ഓർമയിൽ കൊത്തിവച്ചിട്ടുണ്ട്. ‘‘നിന്നെയോർത്തോർത്താണ് ഞാനിവിടെ കഴിയുന്നത്. ഒ റ്റചിറകുള്ള പതംഗത്തെ പോലെ. എന്റെ മറുചിറക് നിന്റെ ഉടലിലാണ്.’’

britto.indd

മൂത്രത്തിൽ കുതിർന്ന ആദ്യരാത്രി

20 ശതമാനം ജീവനുള്ള ഒരാളുടെ കൂടെയാണ് ജീവിക്കുന്ന തെന്ന് നല്ല ബോധ്യമുണ്ടായിരുന്നു. ‘സീന, എപ്പോൾ വേണമെങ്കിലും എന്തും സംഭവിക്കാമെന്നതാണ് എന്റെ അവസ്ഥ, ചിലപ്പോൾ കല്യാണം കഴിഞ്ഞ് അധികം വൈകും മുൻപേ...’

അരയ്ക്ക് താഴേക്ക് തളർന്നതുകൊണ്ട് മൂത്രം പോകുന്നതൊന്നും ബ്രിട്ടോ അറിയില്ല. അനാരോഗ്യകരമായതുകൊണ്ട് യൂറിൻ ട്യൂബ് ഇട്ടിരുന്നില്ല. വിവാഹം കഴിഞ്ഞ് ആദ്യത്തെ രാത്രി. ഉറക്കത്തിൽ ഉടുപ്പു നനയുന്നതറിഞ്ഞ് എഴുന്നേറ്റു. നോക്കുമ്പോൾ ഉടുപ്പു മാത്രമല്ല, മുടിയും മൂത്രത്തിൽ കുളിച്ചിരിക്കുന്നു. പിന്നെ, അതൊരു പതിവായി. അർധരാത്രിയിൽ എല്ലാവരും മൂടിപ്പുതച്ചുറങ്ങുമ്പോൾ ഞാൻ കുളിക്കുന്ന തിരക്കിലാകും. അല്ലെങ്കിൽ ബ്രിട്ടോയെ ടോയ്‌ലറ്റിലേക്ക് കൊണ്ടുപോകാനുള്ള ശ്രമത്തിലാകും. ഒരു ദിവസം ഇരുപതു തവണയെങ്കിലും മുണ്ടും കിടക്കവിരിയും മാറ്റേണ്ടി വരും.

ഒരു ബാഗും അതിൽ കുറച്ചു മുണ്ടുകളുമില്ലാതെ ബ്രിട്ടോ പുറത്തിറങ്ങില്ല. മുണ്ടുടുത്ത് മുകളിൽ വേറൊരു മുണ്ട് നാലായി മടക്കി കട്ടിയിൽ വിരിച്ചിടും. അതിനു മുകളിൽ ഒരു പ്ലാസ്റ്റിക് ഷീറ്റിട്ട് അതു കാണാതിരിക്കാനായി ഒരു ടവ്വൽ നിവർത്തിയിടും. മൂത്രം പോയി മുണ്ട് നനഞ്ഞാലും പെട്ടെന്ന് ആളുകൾ അറിയാതിരിക്കാനുള്ള പെടാപ്പാടുകളായിരുന്നു അതെല്ലാം. തളർന്നിരിക്കാൻ ഒരുപാട് കാരണങ്ങളുണ്ടായിട്ടും ചുറ്റുമുള്ളവരുടെ സഹതാപവും കളിയാക്കലുകളുമേറ്റിട്ടും രാഷ്ട്രീയത്തിനു വേണ്ടി ജീവിച്ചൊരാൾ.

നിലാവ് തൊട്ട നേരം

വിവാഹം കഴിഞ്ഞ് പതിനഞ്ചു വർഷത്തിനു ശേഷം 2008 ലാണ് നിലാവ് ജനിച്ചത്. ഒരു കുഞ്ഞിനെക്കുറിച്ചൊന്നും ചിന്തിച്ചിരുന്നില്ല ഞങ്ങൾ. വീടു വച്ച് മാറിയതിനുശേഷം ഞാൻ ജോലിയും രാഷ്ട്രീയ പ്രവർത്തനങ്ങളുമായി തിരക്കിലായിരുന്നു. കുറേ നാൾ കഴിഞ്ഞപ്പോൾ ബ്രിട്ടോയ്ക്ക് മടുപ്പായി. ‘സീന, ഈ ഏകാന്തത എന്നെ ഭ്രാന്തു പിടിപ്പിക്കുന്നു. ചുമരുകളോടു സംസാരിച്ച് എനിക്കു മതിയായി.’ അടുത്ത നാളുകളിലൊന്നിൽ ഞാൻ യാദൃച്ഛികമായി ഗൗരിയമ്മയെ കണ്ടു. അവരുടെ തനിച്ചുള്ള ജീവിതം എന്നെ പേടിപ്പെടുത്തി. പക്ഷേ, മോഹം തോന്നിയിട്ട് കാര്യമില്ലല്ലോ. ഞാൻ കുഞ്ഞിനു വേണ്ടിയുള്ള ആഗ്രഹം മനസ്സിനുള്ളിൽ മടക്കി വച്ചു.

എനിക്ക് വയറിന് ചില അസ്വസ്ഥതകൾ കണ്ട് സ്കാൻ ചെയ്തപ്പോൾ ഗർഭപാത്രത്തിൽ ആറു കിലോയുള്ള ഒരു ഫൈബ്രോയ്ഡ്. യൂട്രസടക്കം നീക്കം ചെയ്യണം എന്നു പറഞ്ഞു. കുട്ടികളില്ല എന്നറിഞ്ഞപ്പോൾ, എന്നാൽ മരുന്ന് കഴിച്ചു ഫൈബ്രോയിഡിനെ ഒതുക്കാമെന്നായി. അന്നാണ് ഒരു കുഞ്ഞിനെക്കുറിച്ച് ഞങ്ങൾ സംസാരിക്കുന്നത്. പിന്നീട് ഐവിഎഫ് ചെയ്താണ് മകളുണ്ടാകുന്നത്. എന്തെല്ലാം ആരോപണങ്ങളും അപവാദങ്ങളും പരിഹാസവും വേദനകളും തന്നു ആ തീരുമാനം. ഒരിക്കൽ വളരെ അടുത്തൊരു വ്യക്തി പറഞ്ഞ കമന്റ് എന്നെ വല്ലാതെ വേദനിപ്പിച്ചു. ‘ശാസ്ത്രം വളർന്നില്ലേ, ഇന്ന് ആർക്കും ഗർഭിണിയാകാം. ഭർത്താവ് ഉണ്ടെങ്കിലും, ഇല്ലെങ്കിലും.’

nilavu-britto

വീടിന് ‘കയം’ എന്നായിരുന്നു പേരു കൊടുത്തത്. കയത്തിലെ നിലാവ് എന്ന അർഥത്തിൽ ‘കയീനിലാ’ എന്ന് മോൾക്ക് പേരുമിട്ടു. ജനിച്ചനാൾ മുതൽ അവൾ അബ്ബയുടെ അടുത്തായിരുന്നു. പിച്ചവച്ച് നടക്കുമ്പോൾ തുടങ്ങി അബ്ബയ്ക്ക് യൂറിൻ ബാഗ് എടുത്തു കൊടുക്കും. ബ്രിട്ടോയുടെ കൺവെട്ടമായിരുന്നു അവൾക്ക് കളിക്കാനുള്ള അതിർത്തി. മൂന്നു വയസ്സുള്ളപ്പോൾ ചോറും കൈകഴുകാനുള്ള വെള്ളവുമൊക്കെ എടുത്തു കൊടുത്തിരുന്നത് ആരും അവളോട് പറഞ്ഞിട്ടല്ല. ബ്രിട്ടോയുടെ ഉള്ളില്‍ പാലൊളി വിതറുന്ന നിലാവു തന്നെ യായിരുന്നു അവൾ.

കഴിക്കാതെ പോയ മധുരം

ക്രിസ്മസ് ആയാൽ കൂട്ടുകാരന്‍ സി.പി. ജോണിന്റെ കേക്ക് വരും. ബ്രിട്ടോ തളർന്നു പോയി ഇത്രയും വർഷമായിട്ടും അതിനൊരു മുടക്കം വന്നിട്ടില്ല. ഇപ്രാവശ്യം ഇരുപത്തി മൂന്നാം തീയതി കേക്കെത്തി. ബ്രിട്ടോ അപ്പോൾ തിരുവനന്തപുരത്താണ്. നിലാവ് അതിൽ ആരും കാണാതെ ഒന്നു മാന്തിയിരുന്നു.

എന്നോടു പറഞ്ഞു,‘ആ കേക്ക് നിങ്ങൾ പോകുമ്പോൾ കൊ ണ്ടു പോയ്ക്കോ. നിലാവിന് കഴിക്കാലോ. അഞ്ചാം തീയതി നിങ്ങൾ വരുമ്പോഴേക്കും ഞാൻ വേറൊരു കേക്കും കൊണ്ടുവരാം. നമുക്കത് ഒരുമിച്ച് മുറിക്കാം.’ ഇത്തവണ ആദ്യമായി ജോണിന്റെ കേക്ക് ബ്രിട്ടോയ്ക്ക് കഴിക്കാൻ പറ്റാതെ പോയി.

കൂട്ടുകാരായിരുന്നു ബ്രിട്ടോയുടെ ശക്തി. ഇത്തവണ തി രുവനന്തപുരത്തു പോയപ്പോൾ ബ്രിട്ടോയുടെ കാറിന് ഒരേ ദിവസം മൂന്ന് അപകടമുണ്ടായി. പണിതു വന്നപ്പോൾ കുറച്ച് രൂപയായി. ബ്രിട്ടോയുടെ കയ്യിൽ കാശില്ലാതെ ആകെ വിഷ മിച്ചു. തോമസ് ഐസക് സഖാവ് എങ്ങനെയോ കാര്യമറിഞ്ഞ് മുഴുവൻ പൈസയും കൊടുത്തു. കുറച്ച് പൈസ കയ്യിലും കൊടുത്തു. ബ്രിട്ടോയുടെ അഭിമാനത്തെ ഒരു തരത്തിലും മുറിവേൽപിക്കാതെയാണ് കൂട്ടുകാർ സഹായിച്ചിരുന്നത്. എ ന്തൊരു ഗമയാണെന്നോ കൂട്ടുകാരെ കുറിച്ച് പറയുമ്പോൾ. ബ്രിട്ടോയ്ക്കും കാറിനും മൂത്രത്തിന്റെ മണമാണെന്ന് പരാതി പറഞ്ഞ സുഹൃത്തുക്കളുമുണ്ട്. അവരൊക്കെ ഇന്ന് ഗാഢ സൗഹൃദത്തിന്റെ കഥകൾ മെനയുന്ന തിരക്കിലാണ്.

വരാനിരിക്കുന്നത് പൊള്ളും വേനലാണ്

ബ്രിട്ടോയെക്കുറിച്ച് ഒരു ഡോക്യുമെന്ററി എടുത്തിരുന്നു. അതിന്റെ ആവശ്യത്തിലേക്കായി ബ്രിട്ടോ പഠിച്ച പച്ചാളം സെന്റ് ജോസഫ് സ്കൂളിലേക്കു ചെന്നപ്പോൾ കമ്യൂണിസ്റ്റായതുകൊണ്ട് കയറ്റിയില്ല. ‘ജീവിച്ചിരിക്കുമ്പോൾ എന്നെ വേണ്ടാ ത്തവർക്ക് മരിച്ചാലും എന്നെ കൊടുക്കണ്ട.’ എന്നാണ് അന്നു പറഞ്ഞത്. മരിച്ചാൽ ശരീരം മെഡിക്കൽ കോളജിന് കൊടുക്കണമെന്ന് തീരുമാനമെടുത്തതും അന്നാണ്.

ബ്രിട്ടോയുള്ളപ്പോൾ എനിക്കൊന്നും പേടിക്കേണ്ട. എ ന്തു വന്നാലും നമുക്ക് ഒരുമിച്ചു നേരിടാമെന്നു പറയും. വീ ണ്ടും ഗർഭാശയമുഴ വന്നത് ഓപറേറ്റ് ചെയ്യാനായി ജോലി ഉപേക്ഷിക്കേണ്ടി വന്നു. ഇനിയൊരു ജോലി കണ്ടെത്തണം. മരണമറിഞ്ഞു വന്ന ഒരു വയോധികൻ പറഞ്ഞു.‘ഇനിയൊ രു വിവാഹം കഴിച്ച് ജീവിക്കാൻ നോക്ക്.’ ഇനി അങ്ങനെ യൊന്നുണ്ടാകില്ല. വേറൊരാൾ വന്ന് ‘ഇനി നിങ്ങൾ എങ്ങനെ ജീവിച്ചാലും ഞങ്ങൾക്ക് കുഴപ്പമില്ലെന്നു’പറഞ്ഞു സൗഹൃ ദത്തിന്റെ വാതിൽ വലിച്ചടച്ചു പോയി.

ഒരേ സമയം ഭർത്താവിന്റെ മരണത്തിൽ സങ്കടപ്പെടുകയും അപവാദങ്ങളെ പ്രതിരോധിക്കുകയും ചെയ്യേണ്ടി വരുന്ന അവസ്ഥ. എന്റെ കൂടെ പാർട്ടിയുണ്ടെന്നതു മാത്രമാണ് ആശ്വാസം. അതെ, പൊള്ളുന്ന വേനലുകൾ വരാനിരിക്കുന്നതേയുള്ളൂ. തീയിൽ പിടയാതിരിക്കാനാണല്ലോ ബ്രിട്ടോ പഠിപ്പിച്ചിരിക്കുന്നത്. കാലുറച്ച് നിൽക്കുക തന്നെ ചെയ്യും.’’

എന്നാൽ അധികമാർക്കുമറിയാത്തൊരു സൈമൺ ബ്രിട്ടോയുണ്ട്. യാത്രകളെ പ്രണയിച്ച, പ്രകൃതിയുടെ വിസ്മയങ്ങളെ അടുത്തറിയാൻ കൊതിച്ച സഞ്ചാര പ്രിയനായ സൈമൺ ബ്രിട്ടോ. 2016 ഫെബ്രുവരിയിൽ വനിതയോടു മനസു തുറക്കുമ്പോൾ, അദ്ദേഹം വാചാലനായതും ഒരു സ്വപ്നയാത്രയെക്കുറിച്ചായിരുന്നു. കുത്തേറ്റ് വീണ് വീൽ ചെയറിൽ ജീവിതം തള്ളിനീക്കുന്ന നാളുകൾക്കും എത്രയോ മുമ്പ് സൈമൺ ബ്രിട്ടോ കൊതിച്ചൊരു യാത്ര. സൈമൺ ബ്രിട്ടോ മനസിൽ താലോലിച്ച ഇന്ത്യാ പര്യടനത്തിലേക്ക്.