വാമനൻ മഹാബലിയോടു മൂന്നടി മണ്ണു ദാനം ചോദിച്ചതുപോലെ ഓണത്തിനു പ്രമാണങ്ങളും മൂന്നാണ്.‘അത്തം തൊട്ടു പൂക്കളമിടുക, മൂലം തൊട്ടു പപ്പടം കാച്ചുക, കാണം വിറ്റും ഓണമുണ്ണുക.’ ഇങ്ങനെയിങ്ങനെ ഓണത്തെക്കുറിച്ചു മലയാളത്തിൽ വാർന്നു വീണിട്ടുള്ള പഴഞ്ചൊല്ലുകൾ ചില്ലറയൊന്നുമല്ല. അതിൽ ചിങ്ങത്തിന്റെ തെളിവും ഓണത്തിന്റെ സമൃദ്ധിയും ആഹ്ളാദവും പിന്നീടു ബാക്കിയാവുന്ന ദാരിദ്ര്യവും കണ്ണീരും സ്വപ്നങ്ങളും എല്ലാമുണ്ട്. അല്ലേലും മലയാളികൾ നിലയില്ലാക്കയത്തിൽ വീഴുന്ന നേരം കിട്ടുന്ന കച്ചിത്തുരുമ്പു പോലെ പതിരില്ലാ പഴഞ്ചൊല്ലുകളിലും പ്രതീക്ഷകൾ കനപ്പെടുത്തുന്നവരാണ്.
അത്തം കറുത്താൽ ഓണം വെളുക്കുമെന്നു കേൾക്കാത്ത മലയാളിയില്ല. എന്നാലും, ഓണത്തിന്റെ പുരാണോം കെട്ടുകഥകളുമൊക്കെയറിയാത്ത ന്യൂജെൻ കുട്ടി അമ്പരക്കും. ‘ഓണത്തിനു എന്തു കറുപ്പ്! എന്തു വെളുപ്പ്!പൂക്കളം നിറയെ കളറാണല്ലോ.’ അത്തത്തിനു മഴ പെയ്താൽ തിരുവോണം ചിങ്ങവെയിലിൽ മുങ്ങിക്കുളിക്കുമെന്നാണ് പഴമക്കാരുടെ നിഗമനം. കാലം പോയപോക്കിൽ ഈ പഴഞ്ചൊല്ലു അത്രയ്ക്കങ്ട് ശരിയാവാറില്ല. ചെലപ്പോ അത്തോം കറുക്കും ഓണോം കറുക്കും. ചെലപ്പോ രണ്ടും വെളുക്കും. ഈ തവണ അത്തം വെളുത്തിട്ടുണ്ട്, ഓണം കറുക്കുമോ? കാത്തിരുന്നു കാണാം.
‘അത്തം ചിത്തിര ചോതി അന്തിക്കിത്ര വറ്റ്,അതീക്കൂട്ടാൻ താള് അമ്മേടെ മൊകത്തൊരു കുത്ത്.’ വേറൊന്നുമല്ല ദാരിദ്ര്യം തന്നെ.അത്താഴത്തിനു കൂട്ടാൻ തോട്ടിൻകരയിൽ നിന്നു പറിച്ചെടുത്ത ചൊറിയണ ചേമ്പെങ്ങാനുമാണേൽ അമ്മയ്ക്ക് കിട്ടുന്ന സമ്മാനം കുത്തിലൊതുങ്ങിയത് ഭാഗ്യം.(അഷ്ടിക്കുള്ള വക കണ്ടുപിടിക്കേണ്ടത് വീട്ടിലെ അമ്മമാരാണോ എന്ന പുരോഗമന ചോദ്യത്തിനു ഇവിടെ പ്രസക്തിയില്ല)
‘ഉത്രാടം ഉച്ചയാകുമ്പോൾ അച്ചിമാർക്കൊരു വെപ്രാള’മാണ്.വെയിലാറുമ്പോൾ തൊട്ട് അടുക്കളയിൽ വട്ടംചുറ്റി തിരിഞ്ഞാലേ ‘തിരുവോണം തിരുതകൃതി’യാവുള്ളൂ. ഉപ്പേരി വറുക്കലും ശർക്കരവരട്ടിയും അച്ചാറും പുളിയിഞ്ചിയുണ്ടാക്കലുമെല്ലാമായി പെണ്ണുങ്ങൾ ഒരു കൈകൊട്ടിക്കളി തന്നെ നടത്തും.പുരുഷന്മാർക്കാണേൽ ‘ഉത്രാടപ്പാച്ചിലാ’ണ്. പിറ്റേന്നു പുലരുന്ന തിരുവോണത്തിനു എല്ലാം അടുപ്പിക്കാനുള്ള ഓട്ടം. ഓണക്കോടിയും തൃക്കാരയപ്പനും പൂക്കളത്തിലേക്കുള്ള പൂവും സദ്യയ്ക്കുള്ള കോപ്പുകളും എല്ലാം ഉത്രാടപ്പാച്ചിൽ ലിസ്റ്റിൽ പെടും.
പഴഞ്ചൊല്ലു എന്നു കേട്ടിട്ടുള്ള മലയാളിയാണേൽ ‘ഓണത്തിനിടയ്ക്കാണോ പൂട്ടു കച്ചോടം’ എന്നു ഒരിക്കലെങ്കിലും ചോദിച്ചിട്ടുണ്ടാവും. ഓണത്തിന്നിടയ്ക്ക് ക്രിസ്മസിനെക്കുറിച്ചു പറഞ്ഞാൽ എന്താ കഥ.അതുതന്നെ, ‘ ഓണത്തേക്കാൾ വലിയ മകമുണ്ടോ?’ അല്ല,‘ഓണം വരാനൊരു മൂലം വേണ’മെന്നാണല്ലോ.ശരിയാണ്, കാര്യമുണ്ടാകാനൊരു കാരണം വേണ്ടേ!അതുപോലെത്തന്നെയാണ് മൂലം നാൾ കഴിഞ്ഞ് തിരുവോണം വരുന്നത്.
‘ഓണോട്ടൻ വിതച്ചാൽ ഓണത്തിനു പുത്തരി’ചോറുണ്ണാം. പണ്ടുകാലത്തു ഓണത്തിനു മുൻപ് കൊയ്യുന്ന ഒരു നെല്ലിനമാണ് ഓണോട്ടൻ.ഇന്നു ഓണത്തിനുണ്ണുന്ന ചോറ് ആരു വിതച്ചതാണെന്നോ കൊയ്തതാണെന്നോ അറിയില്ല. കടയിൽ നിന്നു വാങ്ങുന്നു, വെയ്ക്കുന്നു, കഴിക്കുന്നു.
‘ഓണം ഉണ്ടറിയണമെന്നാണ്.’പൂക്കളമിട്ടാലും ഓണക്കോടിയുടുത്താലും ഓണം തിരുവോണമാവില്ല. സദ്യയുണ്ടാലേ ഓണം ഓണമാവൂ.അതിനു വേണ്ടി ‘കാണം വിറ്റും ഓണമുണ്ണണ’മെന്നാണ്. സ്വത്തോ താലിയോ വിറ്റു കിട്ടുന്ന കാശുകൊണ്ട് ഓണം പൊടിപാറിക്കണം എന്ന് വിവക്ഷ. ചില ഫലിതപ്രിയർ കാണത്തിനെ കോണകമാക്കി കാണാറുണ്ട്. കാണം എന്നു പറഞ്ഞാൽ എല്ലുമുറിയെ പണിയെടുത്തുണ്ടാക്കുന്ന സ്വത്തിനെയാണ് സൂചിപ്പിക്കുന്നത്.‘ചിങ്ങമാസത്തിൽ തിരുവോണത്തിൻനാൾ പൂച്ചയ്ക്കു വയറ്റുവേദന’ വന്നപോലെയാണേൽ തീർന്നു.സദ്യ ഒന്നു നാവേൽ വയ്ക്കാൻ പറ്റില്ല.അല്ലേലും‘ഓണം വന്നാലും ഉണ്ണി പിറന്നാലും കോരനു കുമ്പിളിൽ തന്നെയാണ് കഞ്ഞി’.‘പഞ്ഞത്ത് ഓണം വന്നാൽ ഒള്ളതുകൊണ്ട് ഓണ’മാക്കുകയേ നിവൃത്തിയുള്ളൂ. ‘ഓണ നക്ഷത്രം മുഴക്കോലു പോലെ’യാണ്. ‘കന്നൽമിഴിയേ തിരുവോണം മൂന്നുണ്ടു, പെന്നിൻ നിറമാം മുഴക്കോൽ പോലെ’’ എന്നു നക്ഷത്രപ്പാന.
‘രണ്ടോണം കണ്ടോണ’മാണ്.ബാക്കി വന്നതു കൂട്ടിയൊരൂണ്. ‘മൂന്നാം ഓണം മുക്കീം മൂളിയും നാലോണം നക്കീം തുടച്ചും അഞ്ചോണം പിഞ്ചോണം.’അഞ്ചാം ഓണമാവുമ്പോഴേയ്ക്കും ‘കഞ്ഞി അടുപ്പത്തും പിള്ളേരുടെ അച്ഛൻ പാടത്തുമാവും’.കാലമെത്ര ഉരുണ്ടു പോയിട്ടും ആ വ്യവസ്ഥയ്ക്കു മാത്രം മാറ്റമൊന്നുമില്ല.‘ഓണം കഴിഞ്ഞാൽ ഓലപ്പുര ഓട്ടപ്പുര’യാണ്.‘വാവു വന്നു വാതിലു തുറന്ന്,നിറ വന്നു തിറം കൂട്ടി, പുത്തരി വന്നു പത്തരി വച്ചു ഓണം വന്നു ക്ഷീണം കൂട്ടി.’ വയറിനു മേൽ ഒരടിയടിച്ചിട്ടു ‘ഓണമുണ്ട വയറേ ചൂളം പാടിക്കിട’ എന്നും പറഞ്ഞു ഓണസദ്യയുണ്ടത് ഓർത്തോർത്തു കഴിയാം. അത്രതന്നെ.