Thursday 17 September 2020 03:26 PM IST

'ആ കാഴ്ച കണ്ടിറങ്ങുമ്പോള്‍ പ്രിയതമയുടെ കണ്ണില്‍ പരല്‍മീന്‍ പിടയ്ക്കും, അവള്‍ മണ്ടിപ്പെണ്ണാകും'; ഓര്‍മയുണ്ടോ എസി കുളിരില്ലാത്ത കൊട്ടകക്കാലം

Vijeesh Gopinath

Senior Sub Editor

ck1_1 (1) ചിത്രങ്ങള്‍; ശ്രീകാന്ത് കളരിക്കല്‍

മാര്‍ച്ച് പത്താം തീയതി മാറ്റിനി കളിച്ച് കേരളത്തിലെ തീയറ്ററുകളില്‍ നിന്ന് സിനിമ തല്‍ക്കാലത്തേക്ക് ഇറങ്ങി പോയതാണ്. ഓഗസ്റ്റ് 7 ന് 150 ദിവസം. 

 ഇനി എന്നാണ് ഒരു സിനിമയ്ക്കു വേണ്ടി വരി നില്‍ക്കാനാവുക? ഏറ്റവും ഇഷ്ടമുള്ള ആളുടെ നനുത്ത വിരലുകള്‍ കോര്‍ത്തുപിടിച്ച് സിനിമ കണ്ട് പ്രണയിക്കാനാവുക? ഫസ്റ്റ് ഡേ, ഫസ്റ്റ് ഷോയ്ക്കായി ഇടി കൂടുന്നത്, ഇന്റര്‍വെല്ലിന് പോപ്‌കോണ്‍ ഗന്ധം ആസ്വദിക്കുന്നത്, ഇപ്പോള്‍ ഓര്‍മകള്‍ മാത്രം ഹൗസ് ഫുള്‍.  

പക്ഷേ, കോവിഡും മള്‍ട്ടി പ്ലസുമൊക്കെ പിറക്കും മുന്നേ മണ്ണടിഞ്ഞു പോയ കാഴ്ചയുടെ കൊട്ടാരങ്ങളുണ്ട്, പഴയ ഓലക്കൊട്ടകകള്‍. പെട്ടെന്നൊരു ദിവസം ലാസ്റ്റ് ഷോകളിച്ച് പിന്നെ എന്നെന്നേയ്ക്കുമായി അകത്തളത്തില്‍ ഇരുട്ടു നിറഞ്ഞു പോയവ.. 

സത്യനും നസീറും ഷീലയും ജയഭാരതിയുമൊക്കെ ഇറങ്ങി വന്ന സ്‌ക്രീനില്‍ പിന്നീടൊരിക്കലും വെളിച്ചം വീണിട്ടുണ്ടാവില്ല. അണഞ്ഞു പോയ ആ ഓലക്കൊട്ടകയുടെ മനസ്സിലെ നീറല്‍ എന്തായിരിക്കും അല്ലേ?...

അങ്ങനെയൊരു ഓര്‍മ്മക്കൊട്ടകയുടെ ആത്മഗതമാണ് ഈ ലക്കം റീഡ് ഓണ്‍ലി മെമ്മറിയില്‍... 

''പൂമുഖത്തു നിന്ന് കിടപ്പുമുറിയിലേക്ക്സ്ഥാനമാറ്റം കിട്ടിയ കാരണവരെ പോലെയാണ് ഇന്ന് ഞാന്‍. പേര് ഓലക്കൊട്ടക, ഗമയുടെ മൈദപ്പശ തേച്ചു േവണമെങ്കില്‍ ടാക്കീസ് എന്നും പറയാം. 

ഒരു കാലത്ത് നാട്ടിലെ പ്രേംനസീറായിരുന്നു ഞാന്‍. എത്ര കണ്ടാലും മതി വരാത്ത ആരാധന. കൊതിയോടെ കുട്ടികള്‍ എന്നെ നോക്കി നില്‍ക്കും. അടുത്തു വരാന്‍ കൊതിക്കും എന്റെ ഹൃദയത്തില്‍ നിന്നു വരുന്ന ശബ്ദം കേള്‍ക്കാന്‍ കാതോര്‍ത്തു നില്‍ക്കും. പക്ഷേ, പ്രായത്തെ പടിക്കു പുറത്തു നിര്‍ത്താന്‍ താരങ്ങളെ പോലെ എനിക്കു കഴിഞ്ഞില്ല.

ഞാന്‍ പറയുന്നത് കുറച്ചു പഴയ കാലമാണ്. എസി കുളിരും പളപളാ സീറ്റും ഒന്നും ഇല്ലാത്ത പഴയ കൊട്ടകക്കാലം. ചിതല്‍ തിന്നുതീര്‍ന്ന സ്‌ക്രീനില്‍ ഓര്‍മകളുടെ പടയോട്ടം കാണാന്‍ താല്‍പര്യമുള്ളവര്‍ക്ക് മാത്രം ടിക്കറ്റെടുക്കാം. 

ശേഷം സ്‌ക്രീനില്‍ 

വൈകുന്നേരത്തെ മഞ്ഞവെയില്‍ മുറ്റത്തേയ്ക്ക് വീഴുമ്പോഴേയ്ക്കും തെങ്ങിന്റെ മുകളിലെ കോളാമ്പിക്ക് അനക്കം വയ്ക്കും. ആദ്യം ഒരു പൊട്ടലാണ് പിന്നെ കറകറ ശബ്ദം. പ്രായമായില്ലേ, ശബ്ദം പുറത്തുവരാനൊക്കെ കുറച്ചു പ്രയാസമുണ്ട്. 

പക്ഷേ പാട്ട് ഇടമുഴക്കം പോലെയാണ്.   'പഴനിയപ്പാ... അതിലാണ് തുടക്കം. 'തൊട്ടടുത്ത പാട്ട് : 'ബാവായ്ക്കുംപുത്രനും പരിശുദ്ധ റൂഹായ്ക്കും സ്തുതിയായിരിക്കട്ടെ' അതു കഴിഞ്ഞ് റസൂലെ നിന്‍ കനവാലേ... മത മൈത്രിയങ്ങനെ പൊടി പാറും. 

 കോളാമ്പിയുണര്‍ന്നാല്‍ സിനിമ കാണാന്‍ തീരുമാനിച്ച വീടിനുള്ളില്‍ ബഹളത്തിന്റെ കമ്പക്കെട്ടിന് തീ വീഴും. വീട്ടുകാരന്‍ വിളിച്ചുചോദിക്കും: 'എടീയേ ദേ പാട്ടുവച്ചു... നീ സാരിയുടുത്തില്ലേ''

പിന്നെയൊരുബഹളമാണ്. 'പൊട്ടെവിടെ, വളയെവിടെ, മാലയെവിടെ, മിനിറ്റുകള്‍ക്കുള്ളില്‍ വീടിനാകെ കുട്ടിക്കൂറാപൗഡറിന്റെവാസനയാവും. കല്യാണത്തിനു പോവുംപോലെയാണ് എന്റെ അരികിലേക്കുള്ള ഒരുക്കം. നാലാള്‍കൂടുന്നസ്ഥലമല്ലേ, പോരെങ്കില്‍നസീറുംസത്യനുമൊക്കെകാണേണ്ടതാണ്! 

കാറില്‍ എന്റെ മുറ്റത്തുവന്നിറങ്ങുന്നവര്‍ ആരുമില്ലായിരുന്നു. സൈക്കിളില്‍വരുന്നവര്‍ പോലും വിരലിലെണ്ണാവുന്നവര്‍. ബാക്കിയുള്ളവരുടെ കക്ഷത്തില്‍ ചൂട്ടുകറ്റകളുണ്ടാവും. ഏതാനും പേരുടെകയ്യില്‍ മാത്രം നാലോആറോ ബാറ്ററിയിടാവുന്ന എവറഡിയുടെ വലിയതലയുള്ള വെള്ളി ടോര്‍ച്ചുണ്ടാവും. 

ck2_1

അകത്തേയ്ക്ക്...

എനിക്കുള്ളില്‍ എത്രതവണകയറിയ ആളായാലും ആദ്യംകയറുമ്പോള്‍ ഒരുപകപ്പുണ്ടാവും. തിയറ്റര്‍ ആദ്യമായി കാണുംപോലെ. കടല്‍ത്തീരത്തെ ഓരോതിരയും പുതിയതിരയാവുംപോലെ ഓരോതവണയും അവര്‍ക്ക് ഞാന്‍ പുതിയ ആളാണ്. അതായിരുന്നു എന്റെ മാന്ത്രികവിദ്യ. 

എത്ര പേര്‍ക്കു വേണമെങ്കിലും അന്നു ഞാന്‍ ഇടം കൊടുക്കം. നാട്ടിലെ പ്രമാണിമാര്‍ക്ക് കസേര, പിന്നെ ബഞ്ച്. അതു കഴിഞ്ഞ് വെറും തറ. ചിലപ്പോള്‍ മണ്ണായിരിക്കും. തറടിക്കറ്റില്‍ നിന്നാവുംനീ തറയാണെടാ' എന്നപരിഹാസം പിറന്നത്. പില്‍ക്കാലത്തുവന്ന ഏതോ' കു' ബുദ്ധി അത്' കൂ'തറയുമാക്കി. 

'അടുത്തബെല്ലോടുകൂടി നാടകം തുടങ്ങുന്നു' എന്നശീലത്തില്‍ നിന്നാവാം ടിക്കറ്റു കൊടുക്കുമ്പോള്‍ മുതല്‍ പടംതീരുംവരെ അലര്‍ച്ചയോടെ മുഴങ്ങുന്ന ഈബെല്ലിന്റെ പിറവി. ആ കര്‍!!! ശബ്ദും മുഴങ്ങിയാല്‍ അതാ വെളിച്ചം അണയുന്നു...

കൈ കൂപ്പി നില്‍ക്കുന്ന മുതലാളിയുടെ അച്ഛന്റെ ഫോട്ടോ സ്‌ക്രീനില്‍ തെളിയുന്നു. അതു കണ്ടാല്‍ അപ്പോ തുടങ്ങും നാട്ടുകാരുടെ കൂവല്‍. കൂവാത്ത ഒരു തൊണ്ടയും സ്‌ക്രീനുലുണ്ടാവില്ല. അതൊടു ചടങ്ങു പോലെയാണ്. എന്തിനാണ്‌സ്വന്തം അച്ഛന്റെപടം കാണിച്ച്ഇങ്ങനെകൂവല്‍വാങ്ങിക്കൂട്ടുന്നതെന്ന്എനിക്കിതുവരെ മനസ്സിലായിട്ടില്ല.

 പ്രൊജക്ടറിന്റെ മുരള്‍ച്ച തുടങ്ങിക്കഴിഞ്ഞു. പക്ഷേ, സിനിമ കാത്തിരിക്കുന്നവരുടെ മുന്നിലേക്ക് സിനിമയല്ല ന്യൂസ് റീലാണ് ആദ്യമെത്തിയത്. നായകനെ കാണിക്കും മുന്നേ നായകന്റെ കൂട്ടുകാരനെ കാണിക്കുന്ന പോലെ. 

സിനിമ തുടങ്ങിയോ എന്നു വിചാരിച്ച ് തലയുയര്‍ത്തിയവര്‍ വീണ്ടു കൊച്ചുവര്‍ത്തമാനത്തിലേക്ക് കടക്കും.ഒന്നുകില്‍ ഒറീസയിലെ വെള്ളപ്പൊക്കം. കരകവിഞ്ഞൊഴുകുന്ന ബ്രഹ്മപുത്രാനദി. ഉള്ളതെല്ലാം പെറുക്കി നാടുപേക്ഷിക്കുന്ന ഒരുകൂട്ടംമനുഷ്യര്‍. അറിയാത്ത ഭാഷകേട്ട്കാണികള്‍അന്തംവിട്ടിരിക്കും. പൊട്ടിയുംചീറ്റിയും ന്യൂസ്‌റീല്‍ കഴിഞ്ഞു. 

ck1_1

റീല്‍ എന്‍ഡ്, ഇടവേളയ്ക്കു മുമ്പുള്ള ഇടവേള

ആകാംക്ഷ നിറഞ്ഞ ഈ കണ്ണുകള്‍ എന്റെ സ്‌ക്രീനിലേക്ക്... അവരുടെ പിന്നില്‍ നിന്ന് താരനക്ഷത്രങ്ങളെ ഗര്‍ഭക്കിലൊതുക്കി പ്രകാശത്തിന്റെ കൈ നീണ്ടുവരും. എല്ലാവരും സ്‌ക്രീനിലേക്കു നോക്കുമ്പോള്‍ കുട്ടികളുണ്ടല്ലോ, അവര്‍ മാത്രം പിന്നിലേക്കു നോക്കും. എന്താണവിടെ നടക്കുന്നതെന്ന മട്ടില്‍ എത്തിവലിഞ്ഞു തിരിഞ്ഞു നോക്കും. അപ്പോള്‍ കിട്ടും  നുള്ള്... പക്ഷേ അടുത്ത സിനിമ കാണാനെത്തിയാലും കുട്ടി തിരിഞ്ഞു നോക്കും. നുള്ളും കിട്ടും. 

വെളുത്ത സീനിലേക്ക് ഓരോരുത്തരായി ഇറങ്ങി വന്നു തുടങ്ങി. രണ്ടരമണിക്കൂറുള്ള ജീവിതം തുടങ്ങുകയാണ്. ബെല്‍ബോട്ടമിട്ടനായകന്‍, കയ്യില്‍റോസാപൂവുമുണ്ട്. നായികയുടെ കണ്ണുകള്‍ പിടപിടയ്ക്കുന്നുണ്ട്. സാരിയിലും നെറ്റിയിലും വട്ടപൊട്ടുകള്‍. അതാവരുന്നുവില്ലന്‍പൈപ്പുംകടിച്ചുപിടിച്ച്... എന്തുംസംഭവിക്കും. പെട്ടെന്ന്‌സ്‌ക്രീനില്‍എഴുതിക്കാണിച്ചു. റീല്‍ എന്‍ഡ്.

വെളിച്ചം തെളിഞ്ഞു. അടുത്തറീല്‍ ഇടുംവരെ അല്‍പസമയം. ഇടവേളയ്ക്കുമുമ്പിലുള്ള കുഞ്ഞിടവേളകള്‍ അന്ന്സ്ഥിരമായിരുന്നു. ഈ സമയത്ത് കപ്പലണ്ടികച്ചവടക്കാര്‍ക്കും പാട്ടുപുസ്തകവില്‍പ്പനക്കാര്‍ക്കും ജീവന്‍ വയ്ക്കും. അതുവരെകേട്ട പ്രേംനസീറിന്റെ ശബ്ദത്തിനു പകരം കപ്പലണ്ടി ഇഞ്ചിമിട്ടായീ... എന്ന തവളക്കരച്ചില്‍ ഉയരും. മറ്റൊരു മൂലയില്‍ നിന്ന് നാട്ടിലേ 'ജയചന്ദ്രന്‍' പാട്ടു തുടങ്ങും: 'കരിമുകില്‍കാട്ടിലെരജനിതന്‍വീട്ടിലെകനകാമ്പരങ്ങള്‍വാടി.'' അക്കാലത്തിറങ്ങിയ സിനിമകളിലെ പാട്ടുനിറച്ച പുസ്തകംവില്‍ക്കുന്നയാളാണ്. പാട്ടിനെ പ്രണയിക്കുന്നവര്‍ നിധിപോലെ കാത്തുസൂക്ഷിക്കുന്ന പുസ്തകം. 

പാതിയില്‍ നിര്‍ത്തിയ ഡയലോഗ് വീണ്ടും തുടങ്ങുമ്പോള്‍ കച്ചവടക്കാര്‍ നിശ്ശബ്ദരാവും. വീണ്ടുംപടംതുടങ്ങി. ചൂടുകപ്പലണ്ടിയുടെ മണം, ഇഞ്ചിമിട്ടായിയുടെ എരിവ്. സ്‌ക്രീനിലെ പ്രണയം സ്റ്റണ്ട്...

പെട്ടെന്ന് സിനിമ നിന്നു പോവും. പിന്നെ കാവിലെ കൂവല്‍ മത്സരം. മുതലാളിയുടെ അച്ഛനും അപ്പൂപ്പനും വരെ ചീത്ത വിളി. അമ്മമാര്‍ കൂട്ടികളുടെ കാതു പൊത്തും. 

പ്രൊജക്ടറിന്റെ കടിപിടിയില്‍ പ്രായാധിക്യം മൂലം ഫിലിം പൊട്ടിപ്പോയതാണ് കാരണം. പ്രൊജക്ടര്‍ ചേട്ടന്‍ പതിയെ എഴുന്നേറ്റുചെന്ന് ശരിയാക്കി വരുമ്പോഴേക്കും പത്തുമിനിറ്റ്കഴിഞ്ഞിരിക്കും. അത്രയും നേരം കസേര ചവിട്ടി ഒടിക്കല്‍ മുതല്‍ പല വിധ കലാപരിപാടികള്‍ അരങ്ങേറിയിട്ടുണ്ടാവും. 

ck3_1

ചില സമയത്ത് മറ്റൊരു അബദ്ധം പറ്റും. ചില ദിവസംപ്രൊജക്ടര്‍ ചേട്ടന്‍ ഷോയ്ക്ക് മുമ്പ് രണ്ടു കുപ്പി വിഴുങ്ങിയിട്ടുണ്ടാവും. കണ്ണിന് കാലുറയ്ക്കാതാവുമ്പോള്‍ ചേട്ടന്‍ രണ്ടാമത്തെ റീലിനു പകരം നാലാമത്തെ റീല്‍ കയറ്റും.  കഥയ്ക്കു പകുതിക്കുവച്ച് വില്ലന്‍ മരിക്കും. കാര്യം മനസ്സിലായി തെറ്റു തിരുത്തുമ്പോഴേക്കും കുറേ കസേരകളുടെ നട്ടെല്ലൊടിഞ്ഞിട്ടുണ്ടാവും. 

ഒടുവില്‍ ഇന്റര്‍വെല്ലും കഴിഞ്ഞ് കഥ മുന്നോട്ട്. ചിരിയുടെ അമിട്ടുകള്‍ പൊട്ടിത്തെറിക്കും. ചിലപ്പോള്‍ സാരിത്തുമ്പില്‍ ചേച്ചിമാര്‍ കണ്ണീരൊപ്പം. വില്ലനെ കൈയില്‍ കിട്ടിയാല്‍ കണ്ണുകുത്തി പൊട്ടിക്കാന്‍ കുട്ടികള്‍ തയാറായിരിക്കും. രണ്ടരമണിക്കൂര്‍ ജീവിതം തീരുമ്പോള്‍ വിറയ്ക്കുന്ന സ്‌ക്രീനില്‍ എഴുതി വരും–ശുഭം, അതോടെ തീയറ്ററിനുള്ളില്‍ വെളിച്ചം നിറയും. 

തിരിച്ച് വീട്ടിലെത്തിയാലും മനസ്സില്‍ സിനിമ നിറഞ്ഞ് ഓടുന്നുണ്ടാവും. ഭാര്യയുടെ ചെവിയില്‍ ആരും േകള്‍ക്കാതെ മണ്ടിപ്പെണ്ണേ എന്ന് ഭര്‍ത്താക്കന്മാര്‍ വിളിക്കുന്നുണ്ടാവും. അപ്പോള്‍ ഭാര്യയുടെ കണ്ണില്‍ ഷീലയുടെ കണ്ണുകളില്‍ കണ്ട അതേ പരല്‍ മീനുകള്‍ പിടയ്ക്കുന്നുണ്ടാവും. 

നാട്ടിലെ കവലച്ചട്ടമ്പിമാര്‍' ഒരുമുതലക്കുഞ്ഞിനെ കിട്ടിയിരുന്നെങ്കില്‍ല്‍ല്‍ല്‍ല്‍' എന്നുപറഞ്ഞ്‌ ൈക നിവര്‍ത്തും. പാവം കുട്ടികള്‍... അച്ഛന്‍ പെട്ടിയില്‍ കൊണ്ടുവരുന്നമിഠായികള്‍ സ്വപ്നം കണ്ട് ഉറങ്ങിയിട്ടുണ്ടാവും. അങ്ങനെ ഒരു നാടിനെ മുഴവന്‍ പ്രണയിക്കാന്‍ ചിരിപ്പിക്കാന്‍ കരയിക്കാന്‍ പഠിച്ച സ്‌കൂളായിരുന്നു ഞാന്‍...

ck4_1

അവസാന ഷോ 

ഒടുവില്‍ എന്നാണ് അകത്തളത്തില്‍ നിന്ന് നസീര്‍ സാറും ഷീലാമ്മയും ഇറങ്ങിപ്പോയത്...  ഉത്സവപ്പറമ്പായിരുന്ന എന്റെ മുറ്റുത്ത് പതിയെ ആള്‍തിരക്കു കുറ!ഞ്ഞു. വീട്ടില്‍ കളര്‍ ടിവിയും അതില്‍ എപ്പോഴും സിനിമയും വന്നു പോലും. ടൗണില്‍ ഓലമേയാത്ത കോണ്‍ക്രീറ്റ് തിയറ്റര്‍ വന്നു എന്നും കേട്ടു. ഇരിക്കാന്‍ ബഞ്ചല്ല സ്‌പോഞ്ച് കസേരകളാണ് പോലും. 

പിന്നെ പിന്നെ എന്റെയടുത്തേക്ക് കുട്ടികളും സ്ത്രീകളും വരാതായി. വരുന്ന പുരുഷന്മാരില്‍ പലരുടെയും കാലുറയ്ക്കുന്നുണ്ടായിരുന്നില്ല. അകത്ത് മദ്യത്തിന്റെയും പുകയുടെയും മുഷിഞ്ഞ മണം നിറഞ്ഞു. 

സ്‌ക്രീനില്‍ നിന്നും കുടുംബമിറങ്ങി പോയി. പിന്നെ കുറച്ചു കാലം ശീല്‍ക്കാരം നിറഞ്ഞു. കഥയില്ല, തുടക്കവും ഒടുക്കവും ഇല്ല... അതൊക്കെ കണ്ട് അശ്‌ളീലച്ചിരിയും കൂവലും നിറഞ്ഞു. പിന്നെ അതും നിന്നു...

കൂടെയുള്ള കൊട്ടകകള്‍ 'എന്നെ ഇനി ഓര്‍മിച്ചേക്കരുതെന്ന്' പറഞ്ഞ് ഇറങ്ങി പോയി കഴിഞ്ഞിരുന്നു. ഷീലയും നസീറും വിവാഹംകഴിച്ച സ്ഥലത്ത് സുനീഷും റോഷ്‌നിയും ജീവിതം കൈമാറി. മഞ്ഞില്‍വിരിഞ്ഞപൂക്കള്‍ കൊഴിയാതെ നിന്നസ്ഥലങ്ങള്‍ സിമന്റുപൊടിനിറഞ്ഞ ഗോഡൗണായി. 

ഇനി ഒരു സെക്കന്റ് ഷോ ഉണ്ടാവില്ല.  ശുഭം എന്നെഴുതി കാണിച്ച ആ അവസാന ഷോ എന്നേ തീര്‍ന്നു പോയി. 

എങ്കിലും കരി ഓയിലിന്റെ മണമുള്ള എന്റെ അകത്തളത്തിലിരുന്ന് സിനിമ കണ്ട തലമുറയുടെ മനസ്സില്‍ ഒടുന്നുണ്ടാലും ഒരു ബ്ലാക്ക് ആന്റ് വൈറ്റ് കുടുംബചിത്രം.

സിനിമ തുടരും...

ck5_1