ക്യാമറയിൽ പതിഞ്ഞ അനേകം ചിത്രങ്ങളുണ്ടാവും. പക്ഷേ ചിലത് പതിയുന്നത് മനസ്സിലാണ്. മനസ്സിലെ ഒാർമച്ചുമരിൽ അത് തൂങ്ങിക്കിടക്കുന്നുണ്ടാവും. ഒറ്റ നോട്ടം മതി, ആ കാലം കെട്ടഴിഞ്ഞു വീഴാൻ...
മൊബൈൽ ഗാലറിയിലൂടെ ഒന്നു വിരലോടിച്ചു നോക്കൂ. ചില ചിത്രങ്ങൾ രണ്ടു വയസ്സുകാരന്റെ കൈയിലെ കളിപ്പാട്ടം പോലെ കൈയിൽ തടഞ്ഞു നിൽക്കാറില്ലേ.. നിലത്തു വച്ച് , നീക്കി വച്ച് പിന്നെയും കൈയിലെടുക്കുന്നതു പോലെ വീണ്ടും വീണ്ടും ആ ചിത്രത്തിലേക്ക് മടങ്ങി പോവാൻ തോന്നാറില്ലേ... അതൊക്കെ ഒാർമകളിലേക്കുള്ള മടക്കത്തീവണ്ടികളല്ലേ...
സംവിധായകൻ ലാൽജോസിന്റെ കൊച്ചിയിലെ ഫ്ളാറ്റിലെ ചുമരിലുമുണ്ടായിരുന്നു ഇതു പോലെ ഒരു ചുമര്. Wall Of Memories.... താമരനൂലിന്റെ ബലമുള്ള സ്വപ്നങ്ങളുമായി സിനിമയിലേക്കെത്തിയ ‘ലാലു’വിലേയ്ക്കുള്ള മടക്കയാത്രകളായിരുന്നു ആ ചുമരിലെ ഒാരോ ചിത്രവും.
ഒാർമകളുടെ ഏതോ സ്റ്റോപ്പിൽ വച്ച് ലാൽജോസ് പറഞ്ഞു...‘‘ഇന്നലെകളിലേക്കു നോക്കിയിരിക്കുമ്പോൾ കിട്ടുന്ന ആത്മവിശ്വാസം വലുതാണ്. ഏതു രീതിയിലായിരുന്നു തുടക്കം എന്നു തിരിച്ചറിയാം. പിന്നെ അഹങ്കാരമൊക്കെ വരുമ്പോൾ ഈ ചിത്രങ്ങളിലേക്കു നോക്കിയാൽ മതി. എല്ലാം തീരും...’
സോഷ്യൽ മീഡിയയിൽ ഒരുപാടു പ്രാവശ്യം പോസ്റ്റു ചെയ്യപ്പെട്ട ഈ ചിത്രവും ആ ചുമരിൽ ഭദ്രമായി തൂങ്ങി നിൽക്കുന്നുണ്ട്. ആ കഥ ലാൽജോസ് പറയുന്നു.
‘‘ഈ ചിത്രത്തിൽ ദീലീപും ഞാനും അക്കു അക്ബറുമാണുള്ളത്. കമൽ സാറിന്റെ സംവിധാനസഹായികളായി പ്രവർത്തിക്കുന്ന കാലത്താണ് ഈ ഫോട്ടോ എടുക്കുന്നത്.
ഞാനെത്തിക്കഴിഞ്ഞ് അഞ്ചാമത്തെ സിനിമയിലാണ് അക്കു അസിസ്റ്റന്റായി വരുന്നത്. പൂക്കാലം വരവായി എന്ന ചിത്രത്തിൽ. അതേ സിനിമയുടെ ഷൂട്ടിനിടയിലാണ് ദിലീപിനെ ആദ്യമായി കാണുന്നത്. ജയറാമാണ് ദിലീപിനെ കമൽ സാറിനു പരിചയപ്പെടുത്തുന്നത്. ഒരു സന്ധ്യയ്ക്ക്, മെലിഞ്ഞ് പെൻസിൽ പോലുള്ള രൂപം. തടി തോന്നിക്കാൻ വലിയ ഷർട്ട് ഇട്ടിട്ടുണ്ട്.
അന്നേ അഭിനമോഹമായിരുന്നു ദിലീപിന്റെ മനസ്സിൽ. ആ ആഗ്രഹം തുറന്നു പറയാനുള്ള രൂപമായിരുന്നില്ല, അന്ന് അവന്റേത്. അതുകൊണ്ടാവും ‘തൽക്കാലം നീ അസിസ്റ്റാന്റായി നിൽക്ക്. എന്നിട്ട് ചെറിയ വേഷങ്ങളിൽ മുഖം കാണിക്കാൻ ശ്രമിക്ക്’ എന്നു ജയറാം പറഞ്ഞത്. അടുത്ത സിനിമ തുടങ്ങുമ്പോ വന്നു നോക്കാൻ കമൽസാർ പറഞ്ഞു.
അതോടെ ഇടയ്ക്കിടെ ഷൂട്ട് കാണാനൊക്കെ ദിലീപ് ആലുവയിലെ ലൊക്കേഷനിലേക്ക് വന്നു തുടങ്ങി. സാറിനോട് നമസ്കാരം പറയും പിന്നെ ഇടവേളകളിൽ മിമിക്രിയൊക്കെ കാണിച്ച് സെറ്റിലുള്ളവരെ കൈയിലെടുക്കും. ഞാനായിരുന്നു അവിടെ അവന്റെ പിടിവള്ളി.
വിഷ്ണുലോകത്തിന്റെ ഷൂട്ട് തുടങ്ങിയ ഉടൻ പെട്ടിയും കിടക്കയുമെടുത്ത് കക്ഷി ലൊക്കേഷനിൽ ഹാജര്‍. ആറ് അസിസ്റ്റന്റുമാർ ഉള്ളതു കൊണ്ട് പ്രൊഡ്യൂസറിനോട് ഇനിയുമൊരാളെ കൂടി വയ്ക്കാൻ പറയാൻ സാറിന് മടി. ‘തൽക്കാലം നീ അവനെ പറഞ്ഞു വിട്. ഇതിലാെരങ്കിലും പോവുമ്പോൾ വിളിക്കാമെന്നു പറയ്...’ കമൽ സാർ ഇങ്ങനെ പറഞ്ഞതോടെ ദിലീപിനെ പറഞ്ഞുവിടാനുള്ള ഉത്തരവാദിത്തം എന്റെ തലയിലായി.
സംഭവമറിഞ്ഞ് ദീലീപ് ആകെ തകർന്നു. ഒടുവിൽ ഞങ്ങള്‍ പ്ലാൻ ചെയ്തു. സെന്റിമെൻസ് ഇറക്കിയാലേ കാര്യം നടക്കൂ. കമൽസാറും സിനിമയുടെ നിർമാതാക്കളും നിൽക്കുമ്പോൾ യാത്രപറയാനായി ദിലീപ് എത്തുന്നു, സങ്കടത്തോടെ കാര്യങ്ങൾ പറഞ്ഞ് ഒരേ സമയും സാറിനെയും നിർമാതാക്കളെയും വീഴ്ത്തുന്നു. ആ സീനിൽ വച്ച് എന്തും സംഭവിക്കാം.
നിർമാതാക്കളായ ജീ സുരേഷ്കുമാറും രാധാകൃഷ്ണനും നിൽക്കുമ്പോൾ അവൻ കാര്യം അവതരിപ്പിച്ചു. ഒടുവിൽ നിർമാതാക്കൾ സിനിമയില്‍ ദീലീപിനെയും ഉൾപ്പെടുത്തൻ സമ്മതിച്ചു. ആറു അസിസ്റ്റന്റുമാർ മൂന്നു മുറിയിലാണ് താമസിച്ചിരുന്നത്, ദിലീപ് വന്നാൽ പുതിയൊരു മുറിയെടുക്കേണ്ടി വരും. അത് പക്ഷേ കൂടുതൽ ചെലവു വരുത്തുമെന്ന ചർച്ച വന്നപ്പോൾ ഞാൻ പറഞ്ഞു, ‘കുഴപ്പമില്ല. അവനെ എന്റെ മുറിയിൽ നിർത്തിക്കോളാം...’ അങ്ങനെ ദീലിപ് എന്റെ സഹമുറിയനായി മാറി.
കൂട്ടത്തിൽ ഞങ്ങളെക്കാളുമൊക്കെ മിടുമിടുക്കനായിരുന്നു അക്കു അക്ബർ. അക്കുആണ് ഞങ്ങൾക്കിടയിൽ ആദ്യമായി ടെലി ഫിലിം ചെയ്യുന്നത്. പെയ്തൊഴിയാതെ എന്നായിരുന്നു പേര്. രണ്ടു സിനിമ കഴിഞ്ഞപ്പോൾ തന്നെ അവൻ ആ സ്ക്രിപ്റ്റ് എഴുതി. അഞ്ചു സിനിമ കഴിഞ്ഞിട്ടും എന്റെ ഭാവിക്കുവേണ്ടി ഒരു വരി പോലും എഴുതിയിട്ടില്ല എന്ന സത്യം അന്നെന്നെ ഞെട്ടിച്ചു.
അങ്ങനെ ഷോട്ട്ഫിലിമിന്റെ പൂജ ദിവസം. ശിഷ്യന്മാരുടെ സംരംഭമായതു കൊണ്ട് കമൽസാർ നേരത്തെയുണ്ട്. അദ്ദേഹമാണ് സ്വിച്ച് ഒാൺചെയ്യുന്നത്. തേങ്ങയില‍്‍ കർപ്പൂരം കത്തിച്ച് ക്യാമറ ഉഴിയുന്ന ചടങ്ങ് നടക്കാൻ പോവുകയാണ്. സാധാരണ ആർട് അസിസ്റ്റന്റ് വന്നാണ് അതു ചെയ്യേണ്ടത്. പക്ഷേ അക്കു അക്ബർ വെപ്രാളം കൊണ്ട് കമൽ സാറിന്റെ കൈയിലേക്കാണ് തേങ്ങയും കർപ്പൂരവുമെടുത്ത് കൊടുത്തത്. അദ്ദേഹം പുഞ്ചിരിയോടെ അതു വാങ്ങി ക്യാമറ ഉഴിഞ്ഞു. ഇനി അതുടയ്ക്കണം. ഞാനതു വാങ്ങാൻ കൈ നീട്ടുമ്പോഴേക്കും സാറിനെ പ്രീതിപ്പെടുത്താൻ ദിലീപ് ചാടി വീണു തേങ്ങ വാങ്ങി. വാങ്ങിക്കഴിഞ്ഞാണ് അവൻ ഞെട്ടിയത്. അതൊരു മണൽ പ്രദേശമായിരുന്നു.
തേങ്ങയുടയ്ക്കാൻ ഒരു കഷണം കല്ലുപോലും ഇല്ല. അവനെന്നെ ദയനീയമായി നോക്കുന്നുണ്ട്. ഒടുവിൽ ഒരു ചെറിയ കഷണം കല്ലു കിട്ടി. ഉള്ള ശക്തി മുഴുവനുമെടുത്ത് ഒറ്റയേറ്. തേങ്ങയിലെ കൂർത്തുനിൽക്കുന്ന ചകിരി ഉള്ള ഭാഗമാണ് കല്ലില്‍ കുത്തി വീണത്. ചക്രം പോല കറങ്ങിയതല്ലാതെ തേങ്ങ പൊട്ടിയില്ല. നിമിത്തങ്ങളിൽ വിശ്വസിക്കുന്നവരാണല്ലോ സിനിമാക്കാർ. അക്കു നെഞ്ചത്തു കൈവച്ചു കൊണ്ടു പറഞ്ഞു, ‘പതിനാറു പ്രവശ്യമാടാ അതു കറങ്ങിയത്. അത്രയും മാസം കഴിയും ഇതൊന്നു പൂർത്തിയാവാൻ.’ പറഞ്ഞതു പോലെ ഒന്നര വർഷം കഴിഞ്ഞാണ് ആ സിനിമ പുറത്തിറങ്ങിയത്.