Thursday 17 September 2020 03:47 PM IST

കേരളത്തിലെ ആദ്യ മാരുതി 800 ഇന്നെവിടെയായിരിക്കും?; റിവേഴ്സ് ഗിയറിട്ട് ഇന്ത്യക്കാരന്റെ കാർ

Vijeesh Gopinath

Senior Sub Editor

ROM2-new

െഎശ്വര്യാറായുടേയും അമിതാബ് ബച്ചന്റെയും മുന്നിലേക്ക് മുടിയിൽ തുളസി ചൂടി നമ്മുടെ മഞ്ജുവാര്യർ കയറി വന്നതുപോലെ ആയിരുന്നു അന്നത്തെ ആ വരവ് . മുപ്പത്തി ഏഴു വർഷം മുമ്പുള്ള ഒരു ഡിസംബർ പതിന്നാല്. ഫിയറ്റും അംബാസഡറും ഒക്കെ തലയുയർത്തി നിൽക്കുന്ന റോഡിലേക്ക് " കോലോത്തെ തമ്പുരാട്ടിയാടോ മാഷേ ... ' എന്നു പറഞ്ഞ് ഒരു കാർ ഹോൺ അടിച്ചു കയറിവന്നു - നമ്മുടെ മാരുതിപ്പെണ്ണ്.

ഇന്ത്യ ആദ്യമായി ലോകകപ്പടിച്ച അതേ 1983 ൽ , ക്രിക്കറ്റ് പോലെ മാരുതി 800 ഭ്രമം നമ്മുടെ മനസ്സിൽ സിക്സറടിച്ചു . അങ്ങ് ലോർഡ്സിൽ കപിൽദേവ് കപ്പുയർത്തിയ അതേ ആവേശത്തിൽ ഹർപാൽ സിങ്ങും ഗോവിന്ദൻ നായരും മൊയ്തീനും തോമസുകുട്ടിയുമൊക്കെ സ്വന്തം മാരുതി കാറിന്റെ താക്കോൽ ഉയർത്തിപ്പിടിച്ചു .

കണ്ണും മൂക്കുമില്ലാതെ ഓടുന്ന കളിപ്പാട്ടക്കാർ മാത്രം കണ്ടിരുന്ന ഒരുപാടു പേരുടെ സ്വപ്നത്തിൻ വളവു തിരിഞ്ഞ് മാരുതി വന്നു പതിയെ ബ്രേക്കിട്ടു നിന്നു. എന്നിട്ട് വാതിൽ തുറന്നു പറഞ്ഞു : " കയറിക്കോളു '. പിന്നെയങ്ങോട്ട് മൂന്നു പതിറ്റാണ്ട് പല നിറത്തിൽ പലരൂപത്തിൽ മലയാളിയുടെ മനസ്സിലൂടെ ആ സ്വപ്ന സുന്ദരി ഇൻഡിക്കേറ്റർ കണ്ണുകളിറുക്കി പാഞ്ഞു നടന്നു.

ഒടുവിൽ ആറു വർഷം മുമ്പ് ഒരു ജനുവരി പതിനെട്ടിന് ഗുഡ്ഗാവിലെ ഷോറുമിൽ നിന്ന് അവസാന മാരുതി 800 ഉം സ്റ്റാർട്ട് ചെയ്തു . മറവിയുടെ മഞ്ഞിലേക്ക് അങ്ങനെ ഇന്ത്യക്കാരന്റെ സ്വപ്ന വാഹനമായിരുന്ന ആ കാർ ഒരു ശലഭത്തെപോലെ പറന്നു പോയി . എങ്കിലും ആദ്യ കാറിനോടുള്ള അപാരമായ സ്നേഹത്തോടെ മനസ്സിന്റെ പോർച്ചിൽ എന്നും മാരുതി 800 പാർക്ക് ചെയ്തു കിടക്കുന്നുണ്ടാവും. ഒപ്പം ഒരുപിടി ഓർമകളും.

പ്രധാനമന്ത്രിയുടെ സ്വപ്നം

‘പ്രധാനമന്ത്രിയുടെ സ്വപ്നമായിരുന്ന ഒരു കാർ . ' അങ്ങ നെയൊരു ജാതകം മറ്റൊരു കാറിന് അവകാശപ്പെടാനുണ്ടോ യെന്ന് സംശയമാണ് . മാരുതിയുടെ ജനനം അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധിയുടെ സ്വപ്നമായിരുന്നു.

1981 ൽ സജയ്ഗാന്ധിയുടെ ആഗ്രഹത്തിന്റെ അടിത്തറയിൽ ഇന്ദിരാ ഗാന്ധി പുതിയൊരു സ്വപ്നം നട്ടു . മാരുതി ഉദ്യോഗ് ലിമിറ്റഡ് എന്ന കമ്പനിയുണ്ടായി . " ഇന്ത്യക്കാരന്റെ കാർ ' എന്ന സ്വപ്നത്തിനായി ഇന്ദിരാഗാന്ധിയുടെ നിർദേശപ്രകാരം ബിഎച്ച്ഇഎൽ ചെയർമാൻ വി . കൃഷ്ണമൂർത്തി മാരുതിയുടെ എംഡിയും പിന്നീടു ചെയർമാനുമായി ...

ഡിസൈനും എൻജിനും കിട്ടാൻ വിദേശ പങ്കാളിയെ കണ്ടു പിടിക്കണമായിരുന്നു. ആരും ഇന്ത്യയിൽ കാറിറക്കാൻ ധൈര്യം കാണിച്ചില്ല . ഒടുവിൽ ജപ്പാനിലെ സുസുക്കിക്കാരന് ഇന്ത്യയിലുടെ കാറോടിക്കാൻ ഒരു മോഹം തോന്നി . അങ്ങനെ യാണ് ഹരിയാനയിലെ ഗുഡ്ഗാവ് എന്ന കുഗ്രാമത്തിലേക്ക് സുസുക്കി എത്തുന്നത് . അവിടെ വച്ച് സുസുക്കിക്കാരൻ ജപ്പാൻ രാഗത്തിൽ ഒരുപെട പെടച്ചു . ആ രാഗമായിരുന്നു മാരുതി 800 .

maruthi-1

പുതിയ കാറിറക്കുമ്പോൾ സുന്ദരിപെൺകുട്ടികൾ തൊട്ടും തലോടിയും കെട്ടിപ്പിടിച്ചും നിൽക്കുന്ന ' ഷോകൾ ' അന്നുണ്ടാ യിരുന്നില്ല . എങ്കിലും ആവേശം അണപൊട്ടിയിരുന്നു . കാറി ന്റെ ബുക്കിങിന് ബ്രേക്കില്ലാതായി . അങ്ങനെ ആ ഡിസംബർ പതിന്നാലിന് താക്കോൽ കൈ മാറ്റം . ആദ്യ വണ്ടിയുടെ താക്കോൽ കൈമാറുന്നത് ഇന്ദിരാ ഗാന്ധി . പക്ഷേ , ആർക്ക് കൊടുക്കും? ഒടുവിൽ ഉത്തരം കണ്ടു പിടിച്ചത് കംപ്യൂട്ടർജി ആയിരുന്നു. കംപ്യൂട്ടർ തിരഞ്ഞെടുത്തത് ഡൽഹിക്കാരനായ ഹർപാൽസിങ്ങിനെ ആയിരുന്നു . ആയിരങ്ങളെ സാക്ഷിനിർത്തി അദ്ദേഹത്തിന് ഇന്ത്യൻ പ്രധാനമന്ത്രി അന്ന് താക്കോൽ കെ മാറി . ഒരു പാടുപേരുടെ സ്വപ്നങ്ങളി ലേക്ക് അങ്ങനെ ആദ്യ മാരുതി ഫസ്റ്റ് ഗിയറിട്ടു . പിന്നെ റോഡിനെ ഉമ്മകൾ കൊണ്ടു പൊതിഞ്ഞ് കുളിരണിയിച്ച് പറന്നുപോയി . പിന്നെ നാട്ടിലെങ്ങും ഓട്ടമായി.

കാലം സൈക്കിളിൽ നിന്ന് സ്കൂട്ടറിലേക്കും അവിടുന്ന് മാരുതിയിലേക്കും ഗിയറു മാറ്റി . വീടിനു മുന്നിൽ മാരുതി 800 കിടക്കുന്നത് ഗമയായി മാറി. പെണ്ണിന്റെ വീട്ടിൽ മാരുതിയുണ്ടെന്നു പറയുന്നത് ‘ന്റുപ്പാപ്പയ്ക്ക് ഒരാനേണ്ടാർന്നു’ എന്നു പറയുന്ന പോലെയായി . ലോട്ടറിച്ചേട്ടന്റെ കറകറ ശബ്ദമുള്ള കോളാമ്പികൾ അങ്ങാടികളിൽ ഓടി നടന്നു പറഞ്ഞു : " നാ ളത്തെ ഭാഗ്യവാൻ ഒരു പക്ഷേ നിങ്ങളാവാം . ഒന്നാം സമ്മാനം ഒരു ലക്ഷം രൂപയും ഒരു മാരുതി കാറും . മടിച്ചു നിൽക്കാതെകടന്നു വരു കടന്നു വരു കടന്നു വരൂ ... '

പക്ഷേ, അമ്പലമുറ്റത്തും ബസ് സ്റ്റോപ്പിലും കാമുകിമാരെ കാത്തു നിന്ന കാമുക മനസ്സുകൾ ഒറ്റയടിക്ക് പഞ്ചറായിപ്പോയി , മാരുതി വന്നതോടെ പണമുള്ള വീട്ടിലെ പെൺകുട്ടികളുടെ യാത്ര കാറിലായി . ചിരിയുടെ , നോട്ടത്തിന്റെ കുഞ്ഞു കഷണങ്ങൾ മാതം ഹോണടിച്ച് പായുന്ന കാറിന്റെ ജനലിലൂടെ വഴിയോരത്തു പറന്നു വീണു .

എൽ ബോർഡ്

മാരുതിയെത്തും വരെ ഡ്രൈവിങ് പഠനം ആനപ്പുറത്തു കയറുന്നതുപോലെയായിരുന്നു. ‘വലിയ വണ്ടികളുടെ’ ക്ലച്ചിലും ബ്രേക്കിലും ഗിയറിലും കൂട്ടിമുട്ടി പലരുടേയും ഡ്രൈവിങ് സ്വപ്നത്തിന്റെ ‘ എല്ലൊ'ടിഞ്ഞു. പക്ഷേ , മാരുതിയെത്തിയപ്പോൾ കഥ മാറി . റോഡിൽ പെൺസ്വരത്തിലുള്ള ഹോണടി മുഴങ്ങിത്തുടങ്ങി . ഒരുപക്ഷേ , ഇത്രയേറെ വനിതകൾക്കു വഴിതെളിക്കാൻ ആത്മവിശ്വാസത്തിന്റെ പെട്രോളടിച്ചുകൊടുത്തത് മാരുതി 800 തന്നെയാണെന്നു പറയാം .

പിന്നെ മാരുതിയെ സിനിമയിലുമെടുത്തു . ആന പോലുള്ള വലിയ കാറുകളിൽ ഡോർ ചവിട്ടിപ്പൊളിച്ച് ഇന്നത്തെ നായകന്മാർ ഇറങ്ങുമ്പോൾ കാമറയ്ക്കു മുന്നിലേക്ക് ‘അടക്കവും ഒതുക്കവുമുള്ള പെൺപിള്ളേരെ’ പോലെ പതിയെ മാരുതി വന്നു . അതിൽ നിന്ന് സ്നേഹമുള്ള നായകന്മാർ ഇറങ്ങി ചെന്നു. അധിപനിലും നാടുവാഴികളിലും ലാലേട്ടൻ കുട വിരിച്ചു നിൽക്കുന്ന മരങ്ങൾക്കു താഴെക്കൂടി മാരുതിയിൽ െചരിഞ്ഞു പ്രണയിച്ചു . മാരുതിയുടേയും മമ്മൂട്ടിയുടേയും സൗന്ദര്യം കുട്ടേട്ടനിൽ സ്റ്റിയറിങ് തിരിച്ചു . മാടമ്പള്ളിമനയുടെ മുറ്റത്തേക്ക് സുരേഷ്ഗോപിയും ശോഭനയും വെള്ള മാരുതി 800 ൽ ഒരു രാതിയിൽ വന്നു കയറി.

maruthi-800

മമ്മൂട്ടിയുടെ മാരുതി, സത്യനന്തിക്കാടിന്റെയും.

മലയാളിക്ക് മമ്മൂട്ടിയോടുള്ള ഇഷ്ടം പോലെയാണ് മമ്മൂട്ടിക്ക് സ്പീഡിനോടും ഗാഡ്ജറ്റുകളോടും ഉള്ളത് . കാലമെത്ര കഴിഞ്ഞാലും അതു കുടിക്കൊണ്ടേയിരിക്കും . പോർച്ചിൽ രാജാക്കന്മാർ ഉണ്ടായിട്ടും മമ്മൂട്ടിയും വാങ്ങിയിരുന്നു ഒരു മാരുതി 800 .

“ മറ്റൊരുകാറാണ് ആദ്യം വാങ്ങിയതെങ്കിലും മാരുതി 800 ലേക്ക് ഞാനും എത്തിപ്പെട്ടു . അന്നത്തെ കാലത്ത് മാരുതിയുടെ വരവ് വല്ലാത്ത ഒരു മാറ്റമാണുണ്ടാക്കിയത്. ഫിയറ്റും അംബാസഡറും കിടന്ന എന്റെ മുറ്റത്തേക്ക് അങ്ങനെ മാരുതിയും വന്നു കയറി. കൈയിലൊതുങ്ങുന്ന കാർ അതാണ് ആദ്യം തോന്നിയത് . ആ മാരുതി 800 ന് സിൽവർ ഗ്രേ നിറമായിരുന്നു . ഇപ്പോഴും മാരുതി 800 കാണുമ്പോൾ ആദ്യം ഡ്രൈവിങ് സീറ്റിലിരുന്നു വണ്ടിയോടിച്ച അതേ കൗതുകം തോന്നും. മമ്മുട്ടി ഓർമകളിൽ ഡ്രൈവ് ചെയ്തു.

സത്യനന്തിക്കാടിനുമുണ്ടായിരുന്നു ഒരു മാരുതി. മലയാളി പ്രേക്ഷകർ തലകുത്തി നിന്നു ചിരിച്ച പല തമാശകളും ആദ്യം കേൾക്കാൻ ഭാഗ്യമുണ്ടായ വണ്ടിയാണിത് . കുടുംബത്തേക്കാളും ഈ വണ്ടിയിൽ സത്യനൊപ്പം യാത്ര ചെയ്തത് മറ്റാരുമല്ല , സാക്ഷാൽ ശ്രീനിവാസൻ ആയിരുന്നു .

തലയണമന്ത്രത്തിന്റേയും സന്ദേശത്തിന്റേയുമൊക്കെ ഡിസ്കഷൻ റുമായിരുന്നു ഈ കുഞ്ഞിക്കാർ . അതുകൊണ്ടാ ണോ എന്നറിയില്ല , ഇപ്പോൾ വണ്ടി സ്റ്റാർട് ചെയ്യുമ്പോൾ ശ്രീ നിവാസൻ ചിരിക്കുന്നതുപോലൊരു ശബ്ദം കേൾക്കുമെന്ന് ചിലർ അടക്കം പറയാറുമുണ്ട് .

maruthi-2

“ തലയണമന്ത്രത്തിനു മുമ്പു വരെ എനിക്ക് കാറുണ്ടായിരുന്നില്ല . വരവേൽപ്പിന്റേയും പൊന്മുട്ടയിടുന്ന താറാവിൻ യുമൊക്കെ സമയത്ത് ഞാൻ ബസ്സിൽ യാത്ര ചെയ്യുന്ന സംവിധായകനായിരുന്നു . തലയണമന്ത്രത്തിന്റെ ആലോചനകൾ നടക്കുന്ന സമയത്താണ് ആദ്യമായി കാർ വാങ്ങുന്നത് . ഞ ങ്ങളുടെ ചെറിയ കുടുംബത്തിനു യാത്ര ചെയ്യാൻ പറ്റുന്ന ചെ ലവു കുറഞ്ഞ കാർ . അതാണ് മാരുതി 800 ലേക്കുള്ള വഴി തുറന്നത്.

കാർ വാങ്ങി . പക്ഷേ , ഡ്രൈവിങ് അറിയില്ല . ഞാനും ശ്രീനി യും കൂടി ഡ്രൈവിങ് പഠിക്കാൻ തീരുമാനിച്ചു . ശ്രീനിവാസനെ കണ്ടാൽ നാട്ടിൽ ആളുപൊതിയും . അതുകൊണ്ട് നേരെ മദ്രാസിലേക്കു പോയി . അവിടെ ‘വിജയ ഡ്രൈവിങ് സ്കൂളിൽ’ ചേർന്നു. ഡ്രൈവർ ജോലി സ്വപ്നം കണ്ടു വന്ന രണ്ടു ചെറുപ്പക്കാർ എന്നാണ് ഡ്രൈവിങ് പഠിപ്പിക്കുന്ന മാഷിനോട് അന്ന് പറഞ്ഞത് . പക്ഷേ , ശ്രീനിക്ക് എത്ര ശ്രമിച്ചിട്ടും വളയം പിടിക്കാൻ പറ്റുന്നില്ല .

ഒടുവിൽ പഠനം തുടങ്ങി ആറാം ദിവസം ശ്രീനി യോടിച്ച കാർ ഒരു പോസ്റ്റിനിട്ട് ഇടിച്ചു. മുൻവശം തകർന്ന കാറിൽ നിന്ന് ചാടിയിറങ്ങി ഡ്രൈവിങ് മാഷ് ശ്രീനിയോടു ചൂടായി , “ അറിവുകെട്ട മുണ്ടം , എതാവത് വിവരമിരിക്കാ നിനക്ക് ?’’ അന്നത്തോടെ ശ്രീനിവാസൻ പഠനം നിർത്തി. ഈ സംഭവം അപ്പോൾ തന്നെ തലയണമന്ത്രത്തിന്റെ സിക്രിപ്റ്റിൽ ചേർക്കുകയും ചെയ്തു . ' . ” അന്തിക്കാട്ടെ പച്ചപ്പാടം പോലെ സത്യൻ അന്തിക്കാടിന്റെ മനസ്സിൽ മാരുതിയോർമകൾ തല യാട്ടിച്ചിരിച്ചു .

കാത്തിരിക്കുന്നു മാരുതീ...

ബാന്റുമേളത്തിന്റെ അകമ്പടിയോടെ മുപ്പതുവർഷം മുൻപ് തിരുവനന്തപുരത്തു നിന്ന് പുറപ്പെട്ട കേരളത്തിലെ ആദ്യ മാരുതി 800 ഇന്നെവിടെയായിരിക്കും ? തലശേരിക്കാരനായ അഹമ്മദ്കുട്ടിയുടെ വീട്ടിലേക്ക് കയറിച്ചെന്ന് ഉത്സവപൂക്കാലം തീർത്ത അവളുടെ എൻജിനിൽ ഇന്നുമുണ്ടാകുമോ ഒഴിയാതെ ഒാടുന്ന ഒായിലിന്റെ നനവ്. കണ്ണുകളിൽ ഇന്നുമുണ്ടാകുമോ കൊതിപ്പിക്കുന്ന െവൺതിളക്കം....

ഓർമ ദൂരങ്ങൾ ഓർത്തെടുത്തുകൊണ്ട് ആ കാർ ഇന്നും ഓടുന്നുണ്ടാവാം- ഒരുപക്ഷേ, മനസ്സിലെങ്കിലും. കാരണം മാരുതി 800 പഴയ പ്രണയം പോലെയാണ്. കാലമെത്ര കഴിഞ്ഞാലും ഓരോ കാഴ്ചയിലും അവൾ നമ്മളെ ഓർമിപ്പിച്ചുകൊണ്ടേയിരിക്കും. കൊഴിഞ്ഞുപോവില്ല ഞാൻ എന്നു പറഞ്ഞുകൊണ്ടേയിരിക്കും.