Thursday 17 September 2020 03:47 PM IST

‘ബ്രഡും ബട്ടറും കഴിക്കുമ്പോ ‘ആഹാ...’ അതേ മൈദ കൊണ്ടുണ്ടാക്കിയ പൊറോട്ട ഏഹ്ഹേ’; പൊറോട്ട ഒരു ജനതയുടെ വികാരം

Vijeesh Gopinath

Senior Sub Editor

prt 01 ഫൊട്ടോ; ശ്രീകാന്ത് കളരിക്കൽ

തട്ടിന്റെ വക്കിലിരുന്ന് ഒരു ചൂടു പൊറോട്ടയെ ഒന്നു തലോടിയിട്ട് എത്ര നാളായി. വന്നു വന്ന് പൊറോട്ട പോലും ഒരു നൊസ്റ്റാൾജിയ ആയി... റീഡ് ഒാൺലി മെമ്മറിയുടെ ഈ ലക്കം പൊറോട്ടയെ സ്നേഹിക്കുന്നവർക്ക് ഡെഡിക്കേറ്റ് ചെയ്യുന്നു...

പലഹാരക്കൂട്ടത്തിലെ ആടുതോമയാണ് പൊറോട്ട. അസ്സൽ തല്ലു കൊള്ളി. ‘പഠനത്തിൽ’ വട്ടപൂജ്യമാണെങ്കിലും ‘ചാക്കോ മാഷുമാരുടെ’ കണ്ണിലെ കരടാണെങ്കിലും രുചിയുടെ ഹൃദയമിടിപ്പ്. അതുകൊണ്ടാണ് ക്ലാസ്സിലെ പിൻബെഞ്ചുകാരനെ പോലെ നാട്ടുകാരെല്ലാം പൊറോട്ടയെ ‘എതിർത്തുകൊണ്ട്’ നെഞ്ചിലേറ്റുന്നത്.

ഒാർത്തു നോക്കൂ, മുൻബെഞ്ചിലൊരുപാടു താരങ്ങളുണ്ട്. എണ്ണമയം തൊട്ടു നോക്കാതെ വെളുത്തു തുടുത്ത കവിളുള്ള ഇഡ്ഡലി, ചുളിവു വീഴാത്ത യൂണിഫോമിട്ടതുപോലെ അറ്റൻഷനായി നിൽക്കുന്ന പുട്ട്, ഏതു ചോദ്യത്തിനും ഉടവു തട്ടാത്ത മുഖഭാവത്തോടെ ‘പട പടാ’ന്ന് ഉത്തരം പറയുന്ന നെയ്റോസ്റ്റുമാർ, ഖൽബിനുള്ളിൽ നീയാണെന്ന മട്ടിൽ കണ്ണിറുക്കി എത്തുന്ന മദാലസകളായ മസാലദോശകൾ... ഇവർക്കൊക്കെയും ആരോഗ്യ പരീക്ഷയിൽ എയും എ പ്ലസും.

പക്ഷേ ലാസ്റ്റ് ബഞ്ചിൽ ചുമരിനോടു ചേർന്നിരിക്കുന്ന ആ പൊറോട്ടയുണ്ടല്ലോ, ഉപകാരത്തിന് അവനേയുണ്ടാവൂ എന്നു വിശ്വസിക്കുന്നവരാണ് മലയാളികൾ. കുഴപ്പക്കാരനാണെന്നും ഗുണം ഒാട്ടക്കാലണപോലെ വട്ടപൂജ്യമാണെന്നുമൊക്കെ പറയുന്നവരുണ്ടാകാം. എങ്കിലും വിശന്നിരിക്കുന്നവന് ഇരുപ ത്തിനാലു മണിക്കൂറും

ആശ്രയിക്കാൻ കഴിയുന്ന മറ്റേതു പലഹാരമുണ്ട് ആ അലമാരയിൽ?

ഒരു വികാരവുമില്ലാത്ത ആ ഇഢലി ഉച്ചയ്ക്ക് അത്ര സ്വാ ദോടെ കഴിക്കാനാവുമോ? മദാലസയായ മസാലദോശയെ രാത്രിയിൽ ഒന്നു പ്രണയിച്ചാലോ, അപ്പോൾ ഹർത്താൽ പ്രഖ്യാപിച്ചുകളയും വയര്‍. എന്നാൽ ഒരു ചൂടു പൊറോട്ടയും മറ്റൊന്നുമില്ലെങ്കിലും ഒരിത്തിരി പഞ്ചസാര... അത്രയുംമതി ഏതു പാതിരായ്ക്കും കെട്ടിപ്പിടിച്ചിരിക്കാൻ.

prt 02

അതല്ലേ ഹീറോയിസം...

ഇത്രയും തല്ലുകൊള്ളിയായ പലഹാരം മലയാളിക്ക് വേറെയില്ല. മാവു കുഴയ്ക്കുമ്പോൾ മുതൽ ഇടി, ചുരുട്ടിവയ്ക്കൽ, അമർത്തിപ്പരത്തൽ, ആടുതോമയുടെ മുണ്ടുപറിച്ചടി പോലെ വീശിയടി, വരഞ്ഞു കീറൽ, ഒക്കെ കഴിഞ്ഞ് ചു‍‍ട്ടെടുത്ത ശേഷം ഇരു കൈകളും കൊണ്ട് കൂട്ടയിടി. ഇത്രയും പീഢനമേറ്റാൽ പരിപ്പിളകി പോവാത്ത ഏതെങ്കിലും പലഹാരമുണ്ടോ? പക്ഷേ പൊറോട്ട പ്ലേറ്റിൽ ചങ്കും വിരിച്ചു കിടക്കും, അദ്ദാണ് ഹീറോയിസം.

പാചകത്തിന് ഒരു നൊബേൽ സമ്മാനം ഉണ്ടായിരുന്നെങ്കിൽ അത് ആദ്യമായി പൊറോട്ടയുണ്ടാക്കിയ ആ കൈകളിലുണ്ടായേനെ. അത്ര ‘കുഴഞ്ഞുമറിഞ്ഞ’ നിർമ്മാണ രീതിയിലേ യ്ക്ക് അയാൾ എങ്ങിനെയാവും എത്തിയിട്ടുണ്ടാവുക? മുതലാളിയോടുള്ള കലിതീർക്കാൻ പരത്തിവച്ച മാവ് തലയ്ക്ക് മുകളി ലൂടെ വീശിയെറിഞ്ഞ്

പിന്നെ ചുറ്റിവച്ചപ്പോഴായിരിക്കുമോ െഎഡിയ ബൾബ് ആദ്യം മിന്നിയിട്ടുണ്ടാവുക?

പൊറോട്ട പിറക്കുന്ന മുറിയിലേക്കൊന്നു പോയി നോക്കിയാൽ യുദ്ധം തന്നെയാണ് നടക്കുന്നതെന്നു മനസ്സിലാകും. എണ്ണയും ഉപ്പും മൈദയും ബാക്കി കൂട്ടുകാരും ഒക്കെ ഒരു വശത്ത്. കുക്ക് ‘കട്ടപ്പ’ മാത്രം മറുവശത്ത്. കുട്ടകം മാറ്റിവച്ച് കട്ടപ്പ വലിയ പാത്രമെടുത്തു. മൈദയെയും കൂട്ടുകാരെയുമിട്ട് വെള്ളം കുറച്ച് ഒഴിച്ച്. പിന്നെയും മൈദയിട്ട് വെള്ളമൊഴിച്ച്...

എന്നെ മാവാക്കാൻ നോക്കണ്ടെന്ന് മൈദ, ഇപ്പൊ ശരിയാക്കി തരാമെന്ന് കട്ടപ്പ. മൈദയെ വാരിയിട്ടലക്കി പൊരിഞ്ഞ പോരാട്ടം. അടി, ഇടി, കുത്ത്. ഒടുവിൽ പറപറാന്ന് പാറിക്കളിച്ച പൊടി ദാ ഒരു മലപോലെ മാവായി. അതിനെയെടുത്ത് ടേബിളിലേയ്ക്ക് ഒരൊറ്റയേറ്. എന്നിട്ടും കലി തീരാതെ കഴുത്തിനു കുത്തിപ്പിടിച്ച് ഇടിയോടിടി... ഈ പരാക്രമമൊക്കെ മാവിനെ മയപ്പെടുത്താനാണ്. ഇനി കുറച്ചൊന്നാശ്വസിക്കാം.തോർത്ത് നനച്ച് ആ മാവിനെ പുതപ്പിച്ച് കട്ടപ്പ ഒരു കട്ടൻ കുടിക്കാൻ പോയി. ഇനി എന്തൊക്കെ ചെയ്താലാ ഒരു പൊറോട്ട പ്ലേറ്റിലേക്ക് എത്തുക...

പൊറോട്ടയുണ്ടാക്കുന്നതിനെക്കുറിച്ചു കേള്‍ക്കുമ്പോൾ കമലദളത്തിൽ ലാലേട്ടൻ നൃത്തത്തെക്കുറിച്ചു പറഞ്ഞതാണ് ഒാര്‍മ വന്നത്. ‘യഥോഹസ്ത സ്ഥതോ ദൃഷ്ടി, യഥോ ദൃഷ്ടി സ്ഥതോ മന...’ കൈയെത്തുന്നിടത്തു കണ്ണും കണ്ണെത്തുന്നിടത്ത് മനസ്സും ഉണ്ടായാലേ നല്ല പൊറോട്ട പിറക്കൂ. അല്ലെങ്കിൽ ‘ട്ട’ പോലെ വട്ടംചുറ്റിച്ചു കളയും.

prt 03 copy

പൊറോട്ടയുടെ ചങ്ങായിമാ

ഒന്നാലോചിച്ചു നോക്കിക്കേ... നമ്മളിങ്ങനെ ഒരു യാത്ര പോവുമ്പോൾ നല്ല ചൂടു പൊറോട്ട കിട്ടുന്ന കിടുക്കൻ ഹോട്ടൽ. വിശപ്പാണെങ്കിൽ വയറ്റിൽ കിടന്ന് രണ്ടുവയസ്സുള്ള കൊച്ചിനെ പോലെ വാശിക്കരച്ചിൽ...

‘ചേട്ടാ ഒരു പ്ലേറ്റ് പൊറോട്ട...’ വട്ട പ്ലേറ്റിൽ, അടിച്ചെടുത്ത ഉടൻ ആവി പാറുന്ന പൊറോട്ട മുന്നിലെത്തി. പിരിയില്ല ഞങ്ങളെന്നു പറഞ്ഞ് രുചിയുടെ നേർത്ത അടരുകൾ ചേർന്നിരിക്കുന്നു. മുകളിൽ സ്വർണ്ണനിറം വന്ന് മൊരിഞ്ഞിട്ടുണ്ട്. നമ്മളൊന്നു പൊറോട്ടയെ തൊട്ടുനോക്കും. ആദ്യ രാത്രിയിലെ ആദ്യ സ്പർശനം പോലെ ഒരു കുളിര്.

‘‘പൊറോട്ടയ്ക്കെന്താ കറി?’’അതൊരു ചോദ്യമാണ്. കൊളസ്ട്രോളു മുതൽ പ്രമേഹം വരെയുള്ളവർ ആ ചോദ്യത്തിലൊന്നു കിടുങ്ങും...അധികം ആലോചിച്ചാൽ ശരിയാവില്ല. ‘മുത്തശ്ശ്യേ കാത്തോളീ എ ന്നോർത്ത് കണ്ണും പൂട്ടി ഒറ്റ പറച്ചിൽ–‘ബീഫ് മതി...’ അതാണ് പൊറോട്ടയുടെ നിത്യ നായിക. വേറെ നായികമാർ ഏറെയുണ്ടെങ്കിലും എരിവുള്ള ബീഫ് കറി പൊറോട്ടയുടെ കൈയും പിടിച്ച് മുന്നില്‍ വന്നാൽ പിന്നൊന്നും കാണൂല സാറെ...

നമ്മളിങ്ങനെ പോറോട്ടയെ വേദനിപ്പിക്കാതെ മൂന്നു വിരലുകൊണ്ട് അരികിൽ നിന്ന് പതുക്കെ ഒരു കഷണം മുറിച്ചെടുക്കും പിന്നെ ബീഫ് കറിയിലൊന്നു മുക്കും. വായിലേക്കെത്തും മുമ്പുള്ള ആ നിമിഷം കണ്ണടച്ച് ഒരുമ്മ കിട്ടാൻ കാത്തിരിക്കുന്ന പോലെ ആ ഒരിത്... എന്നിട്ട് പതുക്കെ വായിലേക്ക്. പിന്നെ കാര്യങ്ങൾ കൈവിട്ടു പോവും.

prt 05 copy

ബീഫാണ് കറിയെങ്കിലും മലബാറിലെത്തിയാൽ കളി മാറി. അവിടെ പൊറോട്ടയുടെ ചങ്ക് അയല മുളകിട്ടതാണ്. തക്കാളിയുടെ പുളിയും ഉപ്പും എരിവും... അതിലങ്ങനെ പൊറോട്ട നീരാടിക്കളയും.

ഏതു കറിക്കൊപ്പവും കൈയടി കിട്ടുന്ന താരമാണ് പൊറോട്ട. ചിക്കനോ മട്ടനോ ബീഫോ ഏതു രൂപത്തിലെത്തിയാലും പൊറോട്ട കെട്ടിപ്പിടിക്കും. മുട്ടറോസ്റ്റാണെങ്കിലും സന്തോഷം. ‘പച്ചക്കറിയിലുമുണ്ട്’ കൂട്ടുകാർ. ചെറുപയറുകറി മുതൽ കടലക്കറി വരെ. പാലും പഞ്ചസാരയും ചേർത്ത് കഴിക്കുന്നവരുണ്ട്. പക്ഷേ അവരോടു ‘പൊറോട്ട പൊറുക്കട്ടെ’ എന്നേ പറയാൻ പറ്റൂ. എരിവിനൊപ്പം കഴിക്കുമ്പോൾ രുചി കൂടുന്ന പൊറോട്ടയെ ഇത്ര മോശമായി കഴിക്കണോ?

പിന്നെ കറിയൊന്നും വാങ്ങാൻ കൈയിൽ പണമില്ലെങ്കിലും കുഴപ്പമില്ല. പൊറോട്ടയ്ക്കൊന്നു െപയ്ന്റടിച്ചു തന്നേയെന്ന് മലപ്പുറത്തു പറയുന്നതു കേട്ടിട്ടുണ്ട്. അതു കേൾക്കുമ്പോഴേ സപ്ളൈയർ പൊറോട്ടയ്ക്ക് മുകളിലേയ്ക്ക് കടുംചുവപ്പു നിറത്തിലുള്ള മീൻചാർ നീട്ടിയങ്ങൊഴിക്കും. പത്തനംതിട്ട ഭാഗത്തെ ചില തട്ടുകടകളിൽ ഒരു പ്ലേറ്റ് പി.സി പോരട്ടെ എന്നു പറഞ്ഞാൽ അതിനർഥം, പൊറോട്ടയും എന്തെങ്കിലുമൊരു ചാറും.

നാടു മാറുംതോറും പൊറോട്ടയുടെ പേരും രൂപവും മാറിക്കളയും. കാസർകോട് നിന്നു പൊറോട്ട തുടങ്ങുന്ന യാത്ര തൃശൂർ പിന്നിടുമ്പോഴേക്കും വലുപ്പം കുറഞ്ഞു. രൂപത്തിലും മാറ്റം വന്നു. മലബാറിലുള്ളത്ര വിശാലമല്ല കോട്ടയത്തു നിന്ന് തിരുവനന്തപുരം വരെയുള്ള പൊറോട്ടകൾ. ബറോട്ട, പെറോട്ട...അങ്ങനെ വിളിപ്പേരിലുമുണ്ട് അറ്റകുറ്റപ്പണികൾ. പക്ഷേ കൊല്ലത്തെ ചില ഹോട്ടലുകളിൽ പൊറോട്ട അടിമുടി പേരുമാറി. ഇവിടെ പൊറോട്ടയുടെ പേര് പത്തിരിയെന്നാണ്. അപ്പോ പത്തിരിയുടെ പേര്? ഒറോട്ടി...

കലക്ടർ ബ്രോ പറഞ്ഞത്...

‘കടക്കു പുറത്ത്’ എന്നു പറഞ്ഞ് പൊറോട്ടയ്ക്കെതിരേ ‘കേസു കൊടുത്ത’ ഒരുപാടു പേരുണ്ട്. കുറ്റപത്രത്തിലെ പ്രധാന പോയന്റിലൊന്ന് പോസ്റ്ററൊട്ടിക്കാനുപയോഗിക്കുന്ന മൈദ കൊണ്ടാണ് ഉണ്ടാക്കുന്നതെന്നാണ്. പശയല്ലേ മൈദ, അത് കുടലിലൊട്ടിപ്പോയാൽ തീര‍്‍ന്നില്ലേ കഥ. ഇരട്ടച്ചങ്കനാണ്, വയറ്റിൽ കിടന്ന് ‘അലിയാൻ’ പ്രയാസമാണെന്ന് മറ്റു ചിലർ.

‘‘മുന്നിലിരിക്കുന്ന ഈ പോറോട്ടയുണ്ടല്ലോ അത് തിന്നാൻ മാത്രമല്ല, അന്തസ്സായി മടക്കിയെടുത്ത് അടിക്കാനുമറിയാം ’’ എന്ന് മുണ്ടും മടക്കി കുത്തി പറയുന്ന ഈ ഡയലോഗ് പഴയ കോഴിക്കോട് കലക്ടർ ബ്രോയുടേതാണ്, പ്രശാന്ത് നായർ െഎഎഎസ്.

‘‘കഴിച്ചാൽ മാത്രം പോര ഇതൊന്ന് ഉണ്ടാക്കാനും അറിയണമെന്നു തോന്നി. അങ്ങനെയാണ് കലക്ടറായിരിക്കുമ്പോൾ കോഴിക്കോട്ടെ റഹ്മത്ത് ഹോട്ടലിന്റെ അടുക്കളയിലേക്ക് കയറി ചെന്നത്. ഒരുപാടു ചീത്തപ്പേരു കേട്ടിട്ടുള്ള എന്നാൽ അത്ര പഴികേൾക്കാൻ അർഹതയില്ലാത്ത ഒരു വിഭവമാണു പൊറോട്ട എന്നാണെന്റെ വിശ്വാസം. ബ്രഡും ബട്ടറും കഴിക്കുമ്പോ ‘ഒാഹ്ഹോ’ അതേ മൈദകൊണ്ടുണ്ടാക്കിയ പോറോട്ട ‘ഏഹ് ഹേ...’ അതു ശരിയല്ലല്ലോ. ഏതു സാധനവും അമിതമായാൽ കുഴപ്പമാണ്. അത്രയേയുള്ളൂ. അതിനെ വില്ലൻ വൽക്കരിക്കണ്ട ആവശ്യമില്ല. അതു കൊണ്ടു തന്നെയാണ് ഇതൊന്നുണ്ടാക്കി നോക്കണമെന്നു തോന്നിയത്.

ഒരു ലാസ്യഭാവത്തിൽ വേണം പൊറോട്ടയടിക്കാൻ. ആ ക്രാന്തം കാണിച്ചാൽ കീറിപ്പോവും. അതാണ് സ്കൂൾ ഒാഫ് പൊറോട്ട മേക്കിങ്ങിന്റെ ആദ്യ പാഠം. ആ ഭാവം അത്ര പിടി യില്ലാത്തതു കൊണ്ടാവാം ആദ്യമടിച്ച പൊറോട്ട എല്ലാം കീറിപ്പോയി. മൂന്നുനാലെണ്ണത്തിനു ശേഷം ശരിയായി.

കോഴിക്കോട് കലക്ടർ സ്ഥാനത്തു നിന്ന് മാറുന്ന സമയത്താണ് ഇതു പഠിച്ചത്. ‘കലക്ടർ പണി പോയി ഇനി പൊറോട്ടയടിച്ച് സധൈര്യം മുന്നോട്ട്’ എന്നൊക്കെ വാർത്ത വന്നാലോ എന്നു വിചാരിച്ച് പഠനം അവിടെ നിർത്തി. ’’ പൊറോട്ടയുണ്ടാക്കലിന്റെ നഴ്സറി ക്ലാസ്സ് അനുഭവത്തെക്കുറിച്ച് കലക്ടർ ബ്രോ ഇങ്ങനെയാണ് ഒാർത്തത്.

ഉണ്ടാക്കുന്നതിൽ മാത്രമല്ല പൊറോട്ട കഴിക്കുന്നതും കലയാണ്. മെല്ലെ മെല്ലെ മുഖപടം തെല്ലൊതുക്കുന്നതു പോ ലെ വ‍ൃത്തിയായി പതുക്കെ കഴിക്കുന്നവരുണ്ട്. കറിയൊഴിച്ചു കുളമാക്കാതെ ഒരു കഷണം പൊട്ടിച്ചെടുത്ത് കറിയിൽ തൊട്ട് സ്ലോമോഷനിൽ കഴിക്കുന്നവർ. ചിലർ പക്ഷേ വികൃതിപ്പയ്യൻസ് ചറുപറാ പേപ്പർ കീറിപ്പറത്തും പോലെ പോറോട്ടയെ കുനുകുനാ കീറിയിട്ട് അതിനു മുകളിലേയ്ക്ക് കറിയൊഴിച്ച് ഒരു പിടിയങ്ങു പിടിക്കും. മറ്റു ചിലർ നേരെ കറിപാത്രം ഒറ്റ മറിക്കലാണ്. അപ്പോഴാണ് പൊറോട്ട പ്ലേറ്റിൽ കള്ളനും പോലീസും കളിക്കുന്നത്– ഇങ്ങോട്ടു വാ എന്നു വിരലുകള്‍, ഞാനില്ലേയെന്നു പറഞ്ഞ് പൊറോട്ട.....

ഇനി എന്നാണ് കല്ലിൽ അടിച്ച പൊറോട്ടയുടെ കൊതിപ്പിക്കുന്ന ഗന്ധമറിഞ്ഞ് കൊതിപിടിച്ച് ഇരിക്കാനാവുക? ഇനി എന്നാണ് ഇങ്ങനെയൊന്ന് കഴിക്കാനാവുക. കാത്തിരിക്കാം. കൊറോണ ഒാടിപ്പോയി തട്ടിലെ പൊറോട്ടക്കല്ല് ചൂടാകും വരെ...

ചിത്രങ്ങൾ; ശ്രീകാന്ത് കളരിക്കൽ