Thursday 17 September 2020 03:39 PM IST

അന്നേരം ഞാൻ ചോദിക്കും, ഈ ലോകത്തിലെ ഏറ്റവും മഹാനായ മനുഷ്യനാരാ? ഫാസിൽ വിറച്ചു കൊണ്ട് പറയും ‘‘വേണുഗോപാൽ’

Vijeesh Gopinath

Senior Sub Editor

NV FZL1 ചിത്രങ്ങൾ; ശ്രീകാന്ത് കളരിക്കൽ

നെടുമുടിയിലെ വഴുക്കലുള്ള ഒറ്റ വരമ്പിൽ നിന്നു  വേണു കയറിയത് ആലപ്പുഴ പട്ടണത്തിലെ വലിയ റോഡുകളിലേക്കായിരുന്നു.  അവിടെ, നെടുമുടി വേണുവിന്റെ  മുന്നിലേക്ക് കയറി വന്ന ആ ചങ്ങാതിയുടെ പേരാണ് ഫാസിൽ.  പിന്നീട്  കായൽ കടലിൽ ചേരുംപോലെ  നെടുമുടി  സിനിമയിൽ  ലയിച്ചു ചേരുകയായിരുന്നു.  ബാക്കി ചരിത്രം.  
  വരൂ... ഒാർമകളോടുന്ന ആ ടാക്കീസിലേയ്ക്ക് കയറിയിരിക്കാം. മനസ്സിന്റെ തിരശീലയിൽ  തെളിയുന്നത്  ഫാസിലിന്റെയും കാവാലത്തിന്റെയും  മുഖങ്ങൾ...

ഫാസിൽ, ഒാർമയുണ്ടോ ആ സിനിമ

‘‘ഞാനാദ്യം പരിചയപ്പെടുന്ന ‘പട്ടണവാസി’. അതാണ് ഫാസിൽ. ചിലർ  ജീവിതത്തിലേക്കു കടന്നു വന്ന് നമ്മുടെ പ്രിയപ്പെട്ടവരാവാൻ ഒരുപാടു വർഷത്തിന്റെ ആവശ്യമൊന്നുമില്ല. പരിചയപ്പെട്ടു കഴിയുമ്പോൾ തന്നെ തോന്നും ഇതെനിക്ക് എത്ര വേണ്ടപ്പെട്ട ആളാണെന്ന്. ആ കൂട്ടത്തിലാണ് ഫാസിൽ ആലപ്പുഴ എസ്ഡി കോളജിലായിരുന്നു ഞങ്ങൾ. ഞാൻ ബി എ മലയാളം. ഫാസിൽ ഇക്കണോമിക്സ്. നാടകവും മിമിക്രിയുമൊക്കെയായി നടന്ന നാളുകൾ.  ആ സമയത്ത് ഫാസിലിന്റെ വീട്ടിലെ  ഒരംഗം തന്നെയായിരുന്നു ഞാൻ.  ഇടയ്ക്ക് ഫാസിലിന്റെ ഉപ്പയെ കാണാൻ ആളുകളെത്തും. ഉമ്മറത്തിരിക്കുന്ന എന്നോടു ചോദിക്കും, ‘മോനേ വാപ്പ ണ്ടാ അകത്ത്?’ ആ വീട്ടിൽ നിന്നാണ് ഞാനാദ്യമായി ബിരിയാണി കഴിക്കുന്നത്. ഇന്നാലോചിക്കുമ്പോൾ ഗ്രാമത്തിൽ ജനിച്ചു കൗമാരം വരെ ജീവിച്ച എനിക്ക് പട്ടണത്തിൽ കഴിയാനുള്ള ധൈര്യം തന്നത് ഫാസിലും ആ വീടുമാണ്.
 സൈക്കിള്‍ ഒാടിക്കാൻ എന്നെ പഠിപ്പിച്ചത് ഫാസിലാണ്. ആലപ്പുഴ ‍നഗരത്തിന്റെ ഊടുവഴികളിലൂടെ  വലിയ കാലും വച്ച് ഫാസിൽ വേഗത്തിലോടിക്കും. പെട്ടെന്ന് ഏതെങ്കിലും തിരിവിൽ വച്ച് അപ്രത്യക്ഷനാവും. അതോടെ ഞാൻ അന്തം വിട്ടു നിൽക്കും. ഒറ്റയ്ക്ക് തിരിച്ചു പോരാൻ പേടിച്ച് ആരോടൊക്കെയോ ചോദിച്ച് ഒരുവിധം മടങ്ങിയെത്തുമ്പോൾ ഉമ്മറത്ത് ചിരിച്ചു കൊണ്ട് കക്ഷി ഇരിക്കുന്നുണ്ടാവും.

ഇതിനു ഞാൻ പകരം വീട്ടുന്നത് ഫാസിൽ എന്റെ വീട്ടിൽ വരുമ്പോഴാണ്. വള്ളത്തില്‍ കയറ്റി കായലിലേക്കു കൊണ്ടുപോവും. ഫാസിലിന് വള്ളവും വെള്ളവും പേടിയാണ്. നടുക്കായലിലെത്തുമ്പോൾ ‍ഞാൻ വള്ളം മറിക്കാൻ നോക്കും. അതോടെ ‘തമാശ കളിക്കല്ലേ വള്ളം മറിഞ്ഞാൽ മുങ്ങിപ്പോവുമെന്നു’ പറഞ്ഞു  പേടി തുടങ്ങും.  അപ്പോൾ ഞാൻ ചോദിക്കും, ഈ ലോകത്തിലെ ഏറ്റവും മഹാനായ മനുഷ്യന്റെ പേരെന്താ? ഫാസിൽ വിറച്ചു കൊണ്ട് ഉത്തരം പറയും. ‘‘വേണുഗോപാൽ’’.
തമ്പിൽ ആണല്ലോ   ഞാൻ ആദ്യമായി അഭിനിയിക്കുന്നത്. എന്നാൽ അതിനുമുമ്പ് ഒരു സിനിമയിൽ മുഖം കാണിച്ചിട്ടുണ്ട്, തോപ്പിൽ ഭാസി സംവിധാനം ചെയ്ത ഒരു സുന്ദരിയുടെ കഥയിൽ. അന്ന് സിനിമ എനിക്ക് അപ്രാപ്യ ലോകമായിട്ടാണു തോന്നിയത്. ഒരിക്കൽ പോലും എത്തുമെന്ന് കരുതിയിട്ടുമില്ല. ഫാസിലിന്റെ മനസ്സിൽ പക്ഷേ അന്നേ സിനിമയുണ്ട്. പോസ്റ്ററുകളിലെ പുതുമകൾ പോലും കണ്ടെത്തി പറഞ്ഞു തരും.

NV FZL2

അന്ന് ഉദയ നിർമിക്കുന്ന ചിത്രങ്ങളുടെ പ്രതാപ കാലം. കു‍ഞ്ചാക്കോ ബോബന്റെ അച്ഛനും ഫാസിലുമൊക്കെ അടുത്ത ചങ്ങാതിമാർ. ഒരിക്കൽ ഞങ്ങളെല്ലാവരും സംസാരിച്ചിരിക്കുമ്പോൾ അദ്ദേഹത്തോട് ആരോ പറഞ്ഞു,‘‘നീ ഞങ്ങളുടെ കൂട്ടുകാരനായിട്ട്  ഫാസിലിനെയും വേണുവിനെയും  സിനിമയിൽ അഭിനയിപ്പിച്ചു കൂടെ?‌
അങ്ങനെയാണ് ഉദയാസ്റ്റുഡിയോയിലേക്ക് ഞങ്ങളെത്തുന്നത്. അവിടെ ഒരു സുന്ദരിയുടെ കഥ ഷൂട്ടിങ് നടക്കുന്നു.   ജയഭാരതിയുടെ വീട്. കാമുകൻ ‘മാടൻ’ പ്രേംനസീറാണ്. ഹോസ്റ്റലിലെ കുറച്ചു പിള്ളേർ ജയഭാരതിയെ കമന്റടിക്കുന്നു. മാടൻ വന്ന് അടിച്ചോടിക്കുന്നു. അതാണ് ഷൂട്ട് ചെയ്യുന്നത്. വേറെയും ചെറുപ്പക്കാരുണ്ടായിരുന്നെങ്കിലും   ഞങ്ങൾക്ക് സ്പെഷൽ ട്രീറ്റ് കിട്ടി. ‘അടികൊള്ളാനൊന്നും  വയ്യ’ എന്നു പറ‍ഞ്ഞപ്പോൾ അസിസ്റ്റൻറ് ഡയറക്ടർ രഘുനാഥ് പറഞ്ഞു, ഒാടിയാൽ മതി. പക്ഷേ ഒാടുമ്പോൾ ഇടയ്ക്കൊന്നു നിൽക്കണം എന്നിട്ട് ഒന്നു തിരിഞ്ഞു നോക്കി ചാടി ഒാടണം.

ഒരു ഒാട്ടത്തിന്റെ സീൻ മാത്രം   എന്നാലും ‘ആദ്യ സിനിമ ’ റിലീസ് ചെയ്തപ്പോൾ ‘ടെൻഷൻ.’ വീട്ടിലെ കുട്ടികൾ അഭിനയിച്ച പടമല്ലേ, ആദ്യ ദിവസം മാറ്റിനി തന്നെ ഫാസിലിന്റെ ഉപ്പ കാണാൻ തീരുമാനിച്ചു. അദ്ദേഹം മടങ്ങിവരും വരെ ഞങ്ങൾക്ക് ഇരിക്കപ്പൊറുതിയില്ല  ഇടയ്ക്കിടെ ഫാസിൽ ഗെയിറ്റിൽ പോയി നോക്കും. ‘ഉപ്പാനെ കാണണില്ലല്ലോ’ എന്നു പറയും.
ഒടുവിൽ അദ്ദേഹം എത്തി. ആരോ ചോദിച്ചു, എങ്ങനുണ്ട് പിള്ളേരുടെ അഭിനയം?  ‘ഇതിപ്പോ ഈ പ്രായത്തിൽ ഞാൻ പോയാലും മതിയായിരുന്നു. ഒരു മിന്നായം പോലെ കാണണുണ്ട്...’ അതായിരുന്നു ഉത്തരം. കഴിഞ്ഞ ദിവസം ഈ സിനിമ ചാനലിൽ വന്നപ്പോൾ ഞാൻ ഫാസിലിനോടു പറ‍ഞ്ഞു– ‘നമ്മുടെ ആദ്യ സിനിമ വന്നിട്ടുണ്ട്  ഒന്നു കണ്ടോളൂ...’
അപ്പോഴേക്കും നാടകവും മിമിക്രിയുമൊക്കെയായി ഞ ങ്ങൾ സജീവമായിരുന്നു. ഒരുമത്സരത്തിൽ മികച്ച നാടകത്തിനുള്ള അവാർഡ്  ഫാസിലിനും  മികച്ച നടനുള്ള അവാർഡ് എനിക്കും കിട്ടി. അത് ജഡ്ജ് ചെയ്യാനെത്തിയത് കാവാലം നാരായണപ്പണിക്കരായിരുന്നു. കാവാലം എന്ന നാടകാചാര്യനിലേക്കുള്ള  വലിയ വഴി അവിടെ തുടങ്ങുന്നു.

NV FZL3

കാവാലം എന്ന നാടകഹൃദയം‌

രണ്ടുപേരും കുട്ടനാട്ടുകാരാണെന്ന ആത്മബന്ധമായിരുന്നോ  അതോ രണ്ടുപേരുടെയും ഉള്ളിലുണ്ടായിരുന്ന താളമായിരുന്നോ എന്നേയും അദ്ദേഹത്തെയും അടുപ്പിച്ചത്?  സാർ എന്തുപറഞ്ഞാലും എനിക്ക് മനസ്സിലാകുമായിരുന്നു.  താളമാ യിരുന്നു അദ്ദേഹത്തിന്റെ ശക്തി. അരങ്ങിന്റെ ആത്മാവ് എ ന്താണെന്ന് അദ്ദേഹം ചൂണ്ടിക്കാണിച്ചു തന്നു.   മണിക്കൂറുകൾ സംസാരിക്കുമ്പോഴും അത്  കലയെക്കുറിച്ചു മാത്രമാവും.

‘കാവാലത്തിന്റെ ശിഷ്യനാണ് നെടുമുടി’–  പലരും പറഞ്ഞുകേട്ടിട്ടുണ്ട്. എനിക്കങ്ങനെ പറയാനാവില്ല.  ഉൾക്കൊള്ളാവുന്നതിനുമപ്പുറം ആഴവും പരപ്പുമുള്ള സമുദ്രമാണത്. കുറച്ചു വെള്ളം കോരിയിട്ടുണ്ടെന്നല്ലാതെ അതിനപ്പുറം എനിക്ക് പോ വാനായിട്ടില്ല.

അന്നത്തെ നാടകമത്സരം കഴിഞ്ഞപ്പോൾ എന്നെയും ഫാസിലിനെയും  നാടക സംഘത്തിലേക്ക് കാവാലം സാർ തിരഞ്ഞെടുത്തു.   അതായിരുന്നു ‘എനിക്കു ശേഷം’ എന്ന എന്റെ ആദ്യ നാടകം.മോട്ടിവേറ്റഡ് മൂവ്മെന്റ്സ് ഒക്കെയുള്ള ആ നാടകം കാണാൻ അടൂരും ഭരത്ഗോപിയും എല്ലാം വന്നിരുന്നു,   വരാഹമിഹിരൻ എന്ന സൂത്രധാരന്റെ റോളായിരുന്നു എനിക്ക്.   നാടകം കഴിഞ്ഞ് ഗോപിച്ചേട്ടൻ(ഭരത്ഗോപി) വന്നു പറഞ്ഞു‘‘ വേണു നന്നായിട്ടുണ്ട്, തുടരണം’’

അതുകഴിഞ്ഞ്  ‘ദൈവത്താറി’ലെ കാലൻ കണിയാൻ. വായ്ത്താരിയും താളാത്മകമായ സംഭാഷണവും ചുവടുകളും...‘കാലൻ കണയാനെ’ എല്ലാവരും ശ്രദ്ധിച്ചു. നാടകലോകത്തെ പ്രതിഭകളായ സി എൻ ശ്രീകണ്ഠൻ നായരും ശങ്കരപ്പിള്ളയും കവികളായ കടമ്മനിട്ടയും അയ്യപ്പപ്പണിക്കരുമെല്ലാം ദൈവത്താർ കാണാൻ സദസ്സിലുണ്ടായിരുന്നു. അക്ഷരങ്ങൾ കൊണ്ട് അത്ഭുതങ്ങൾ കാണിച്ചവർ  മുന്നിലിരുന്നു ഞാനഭിനയിക്കുന്ന നാടകം കാണുന്നു, കുട്ടനാട്ടുകാരനു കിട്ടുന്ന ഏറ്റവും വലിയ സന്തോഷമായിരുന്നു അത്. 

ആ കാലത്താണ്  ജവഹർ ബാലഭവനിൽ  നാടകാദ്ധ്യാപകന്റെ ജോലി കാവാലം സാർ എനിക്ക് വാങ്ങി തരുന്നത്. 150 രൂപ ശമ്പളം. അങ്ങനെ അദ്ധ്യാപകന്റെ റോളും ഈ ജീവിതത്തിൽ ഉണ്ടായിരുന്നു. ‘സാർ പണ്ടെന്നെ നാടകം പഠിപ്പിച്ചിട്ടുണ്ടെന്നു’ പറഞ്ഞ് ഇപ്പോഴും ചിലർ എനിക്കു മുന്നിൽ വന്നു നിൽക്കാറുണ്ട്.

NV FZL4

അവനവൻ കടമ്പ തുടങ്ങിയപ്പോൾ അദ്ദേഹം എന്നെ തിരുവനന്തപുരത്തേക്കു കൊണ്ടുപോയി. ഒന്നാം പാട്ടു പരിഷയുടെ വേഷമായിരുന്നു അതിൽ.  ഒരുത്സവമായിരുന്നു ആ നാടകം. വിപ്ലവാത്മകമായ ചുവടുവയ്പ്. വേദിയിലല്ല, മരങ്ങൾക്കു നടുവിലാണ് അവതരിപ്പിച്ചത്. പാട്ട്, പന്തം,   കോലങ്ങൾ, കവിയരങ്ങ്...  ഒരനുഭവമായിരുന്നു അത്.
അങ്ങനെ നാടകത്തിനു പിറകേ യാത്രചെയ്ത നാളുകൾ. മാസങ്ങളോളം വീട്ടിലേക്കു പോവാതിരുന്നിട്ടുണ്ട്. ഒരിക്കൽ കുട്ടനാട്ടിലെത്തിയപ്പോൾ സാർ പറഞ്ഞു. ‘ഇവിടല്ലേ വേണുവിന്റെ വീട്, വാ നമുക്ക് അങ്ങോട്ടു പോവാം.’ അച്ഛൻ സുഖമില്ലാതെ ഇരിക്കുന്ന സമയം. നാടകവാർത്തകളും എന്റെ അഭിനയത്തെക്കുറിച്ചുമെല്ലാം പത്രങ്ങളിൽ നിന്ന് അച്ഛനറിഞ്ഞിട്ടുണ്ട്. അവർ ഏറെ നേരം സംസാരിച്ചു.

മടക്കയാത്രയിൽ സാർ പറഞ്ഞു,‘‘   അച്ഛൻ സംസാരിച്ചതു മുഴുവൻ വേണുവിനെക്കുറിച്ചായിരുന്നു. അവനെ ഞാൻ ഒന്നും പഠിപ്പിച്ചിട്ടില്ല. പക്ഷേ അവനാണ് കലാരംഗത്തേക്കു വന്നത്.  എത്തിപ്പെട്ടത് താങ്കളുടെ കൈയിലും.  എന്റെ ഏറ്റവും വലിയ സന്തോഷം അതാണ്.  നോക്കിക്കോളണം .’’ അൽപ്പനേരം ഞങ്ങൾക്കിടയിൽ മൗനം നിറഞ്ഞു.
ചിലരൊക്കെ ചിരഞ്ജീവികളായിരിക്കും എന്നു നാം കരുതും. മരണം അവർക്കരികിലേക്ക് വരില്ല എന്നും വിശ്വസിക്കും. കാവാലം സാറിനെക്കുറിച്ച് ഞാനങ്ങനെയാണ് കരുതിയത്. പക്ഷേ, വിട്ടുപോയപ്പോഴാണ് ഇനി എന്താ ചെയ്യുക, പോയല്ലോ എന്ന തോന്നലുണ്ടായത്. അച്ഛനും അമ്മയും മരിച്ചപ്പോൾ തോന്നാത്ത അനാഥത്വം...

NV FZL5

ചിത്രങ്ങൾ; ശ്രീകാന്ത് കളരിക്കൽ