ചൈനയിൽ ബെയ്ജിങ്ങിലുള്ള ബാഡലിങ്ങ് പട്ടണത്തിന്റെ വടക്കു വശത്തേക്ക് നീളുന്ന മതിലിൽ ജനത്തിരക്കാണ്. കേബിൾ കാറും, ട്രോളിയും എത്തിച്ചേരുന്നത് വടക്കു ഭാഗത്താണ്. തെക്കു ഭാഗത്തേക്ക് നീളുന്ന മതിലിലിനു മുകളിലെത്താൻ യന്ത്രങ്ങളുടെ സഹായം ലഭ്യമല്ല. നടക്കാൻ തീരുമാനിച്ചതിനാൽ ഞങ്ങൾ തെക്കു ഭാഗത്തേക്ക് നടന്നു. നീളമുള്ള പാമ്പിനെപ്പോലെ കിടക്കുകയാണ് വൻമതിൽ. കുന്നുകൾ കയറിയും ഇറങ്ങിയും കയറ്റം ശ്രമകരമാണ്. പടികളോരോന്നിനും ഉയരവും വീതിയും വ്യത്യാസമുണ്ട്. കുറച്ച് കിതച്ചിട്ടാണെങ്കിലും ഇരുപതു മിനുറ്റിൽ മുകളിലെത്തി. സന്ദർശകരുടെ തിരക്കില്ല.
വാച്ച് ടവറിന് താഴെ തണലത്ത് ഞങ്ങൾ ഇരുന്നു. വടക്കു ഭാഗങ്ങളിലേക്ക് നോക്കിയപ്പോൾ കണ്ടത് ജനക്കൂട്ടത്തെയാണ്. നടന്നു കയറാൻ തീരുമാനിച്ചതിനാൽ ചെലവ് കുറഞ്ഞു. മാത്രമല്ല, ഞെങ്ങി ഞെരുങ്ങാതെ മതിലിനു മുകളിലെത്തി.
ലോകാദ്ഭുതങ്ങളിലൊന്നായി ചൈനയിലെ വൻമതിൽ മാറിയതിൽ കൗതുകമില്ല. 8850 കിലോമീറ്ററാണു ദൈർഘ്യം. നമ്മുടെ നാടുമായി താരമ്യം ചെയ്താൽ കന്യാകുമാരി മുതൽ കാശ്മീർ വരെയുള്ള ദൂരത്തിന്റെ മൂന്നിരട്ടി. 2300 വർഷങ്ങൾക്കും മുൻപാണ് ഇത്രയും നീളത്തിൽ മതിൽ നിർമിക്കപ്പെട്ടത്.
ചിൻ രാജവംശം തുടങ്ങി വെച്ച മതിൽ നിർമാണം മിങ് രാജവംശത്തിന്റെ ഭരണകാലത്താണ് പൂർത്തിയാക്കിയത്. നിർമ്മാണത്തിനിടെ മരണപ്പെട്ട തൊഴിലാളികളുടെ എണ്ണം മാത്രം പത്ത് ലക്ഷത്തോളം വരുമെന്നാണ് കണക്കാക്കപ്പെടുന്നത്. ഇതുമായി ബന്ധപ്പെട്ട് കഥകൾ നിരവധിയുണ്ട്.
മതിൽ നിർമാണത്തിനിടെ കൊല്ലപ്പെട്ട ഭർത്താവിന്റെ മൃതദേഹം അവസാനമായി കാണാൻ കഴിയാതെ മെങ് ജിയാങ്നു എന്ന യുവതി ഹൃദയം നുറുങ്ങി വിലപിച്ചു. സ്ത്രീയുടെ വിലാപത്തിൽ വൻമതിലിന്റെ ഒരു ഭാഗം ഇടിഞ്ഞു വീണു. ഇടിഞ്ഞു വീണ മതിലിനുള്ളിൽ അസ്ഥികൂടം ഉണ്ടായിരുന്നത്രേ. മെങ് ജിയാങ്നുവിന്റെ പ്രതിമ സ്ഥാപിച്ച് ഇവിടെയൊരു സ്മാരകം നിർമിച്ചിട്ടുണ്ട്.
പിന്നീട് ചൈനയിൽ കമ്മ്യൂണിസ്റ്റ് ഭരണം വന്നപ്പോൾ വൻമതിൽ രാജാധികാരത്തിന്റെ ചിഹ്നമായി കരുതി പരിപാലനത്തിൽ കുറവുണ്ടായത്രേ. ഇക്കാലത്ത് സമീപവാസികളായ ജനം വീടുവയ്ക്കാനായി മതിലിൽ നിന്നു കല്ലുകൾ ഇളക്കിക്കൊണ്ടു പോയി. അതിൽത്തന്നെ മതിലിന്റെ പല ഭാഗങ്ങളും തകർന്നു. പിൽക്കാലത്ത് കമ്മ്യൂണിസ്റ്റ് ഭരണാധികാരികൾ വൻമതിലിനെ ചരിത്ര സ്മാരകമായി സംരക്ഷിക്കാൻ തീരുമാനിച്ചു. താജ് മഹൽ, കൊളോസിയം, ക്രൈസ്റ്റ് റെഡീമർ, മാചു പിചു, പെട്ര, ചിച്ചെൻ ഇത്സാ എന്നിവയിൽ ഏറ്റവും വലുത് വൻമതിലാണ്.
ബെയ്ജിങ്ങിന്റെ ഹൃദയ ഭാഗമാണ് ടിയാനൻമെൻ സ്ക്വയർ. ഈ ചത്വരത്തിന്റെ നാല് അതിരുകളിൽ ബെയ്ജിങ്ങിലെ പ്രധാനപ്പെട്ട നാല് കെട്ടിടങ്ങളാണ്. രാജകൊട്ടാരമായിരുന്ന ഫോർബിഡൻ സിറ്റിയാണു വടക്കു ഭാഗത്ത്. കിഴക്കു ഭാഗത്ത് ചൈനീസ് നാഷണൽ മ്യൂസിയം. തെക്കു ഭാഗത്ത് ചെയർമാൻ മാവോ സെദുങ്ങിന്റെ ശവകുടീരം. പടിഞ്ഞാറ് ഭാഗത്ത് ചൈനീസ് പാർലമെന്റ്. രാഷ്ട്രത്തിന്റെ പ്രധാനപ്പെട്ട സ്ഥലമെങ്കിലും ഇവിടം സന്ദർശനത്തിനു തടസ്സമില്ല. സുരക്ഷാ പരിശോധനയുമില്ല.