Thursday 23 February 2023 11:28 AM IST

അവർ വീണ്ടും ഒത്തു ചേർന്നു: സിനിമയിലേതു പോലെ കലാമണ്ഡലത്തിന്റെ മുറ്റത്ത് ഒരു പകൽ

Baiju Govind

Sub Editor Manorama Traveller

1 kalamandalam Photo: Sreekanth Kalarickal

പല നാടുകളെ തഴുകിയൊടുവിൽ കടലിലലിയുന്ന പുഴകളെപ്പോലെ കലാമണ്ഡലത്തിന്റെ സോപാനത്തിൽ ഒരു സംഘം നർത്തകികൾ. ആട്ടം മതിയാക്കി കുട്ടികൾ പിരിഞ്ഞു പോയ കൂത്തമ്പലം അവർക്കു വേണ്ടി ഒരിക്കൽക്കൂടി തുറന്നു. അന്തിമേഘത്തിന്റെ കീറെടുത്തു പിന്നിയ ചുവന്നസാരി തെറുത്ത് പത്മശ്രീ കലാമണ്ഡലം ക്ഷേമാവതി നൃത്തമണ്ഡപത്തെ തൊട്ടു വണങ്ങി. വൃശ്ചികനിലാവിന്റെ പുടവ ചുറ്റി ചിലങ്കകെട്ടിയ യുവതികൾ ഗുരുപാദം പിൻതുടർന്നു മേടയിൽ കയറി. തിത്താരിയിൽ കീർത്തനം, കൈത്താളം പുണർന്നു മുദ്രകൾ... മോഹിനികളുടെ നാട്യത്തിൽ ലയിച്ച കൂത്തരങ്ങ് അംഗോപാംഗം പുളകമണിഞ്ഞു. മനോരമ ട്രാവലറിന്റെ വർഷാന്ത്യ ലക്കം കവർ ചിത്രം സോണി ആൽഫ വൺ ക്യാമറയിൽ പതിഞ്ഞു.

‘ഞാൻ നൃത്തം പരിശീലിക്കുന്ന കാലത്ത് കൂത്തമ്പലമില്ല. കൊളാടി ഗോവിന്ദമേനോന്റെ തറവാട്ടിലെ ഒരു മുറിയായിരുന്നു കളരി. ഗുരുകുല പഠനമെന്നു പറയാം. തോട്ടശ്ശേരി ചിന്നമ്മു അമ്മ, സത്യഭാമ ടീച്ചർ എന്നിവരാണ് എന്റെ ആദ്യകാല ഗുരുക്കന്മാർ. എ.ആർ. ഭാക്സർ റാവുവാണ് ഭരതനാട്യം പരിശീലിപ്പിച്ചത്. വള്ളത്തോൾ നാരായണ മേനോൻ എന്ന മഹാവൃക്ഷത്തിന്റെ തണലിൽ കലാമണ്ഡലം രൂപപ്പെട്ടപ്പോൾ ഞങ്ങളുടെ തലമുറയാണ് ഏറെ സന്തോഷിച്ചത്. ഇന്ന് ലോകത്തിന്റെ വിവിധ ഭാഗത്തു നിന്ന് കലാപരിശീലനത്തിനായി ആളുകൾ കലാമണ്ഡലത്തിൽ വരുന്നു’’ വള്ളത്തോൾ നാരായണ മേനോൻ അനുഗ്രഹിച്ചതിന്റെ സന്തോഷം പങ്കുവച്ച് കലാമണ്ഡലം ക്ഷേമാവതി ഓർമ പങ്കുവച്ചു.

2 kalamandalam

പതിനൊന്നാം വയസ്സിൽ നൃത്തത്തിന്റെ യൗവ്വന മുദ്രകൾ ശീലിച്ചതിനു ക്ഷേമാവതിക്കു കിട്ടിയ സമ്മാനമായിരുന്നു ശിരസ്സിൽ കൈവച്ച് വള്ളത്തോൾ നൽകിയ അനുഗ്രഹം. അരങ്ങേറ്റം കഴിഞ്ഞ് അറുപതാണ്ടുകൾ പിന്നിടുമ്പോഴും ചുവടുകളുടെ ഊർജം ഗുരുക്കന്മാരിൽ നിന്നു കിട്ടിയ പുണ്യമാണെന്ന് ക്ഷേമാവതി പറഞ്ഞപ്പോൾ ശിഷ്യരുടെ കണ്ണുകളിൽ തിളക്കം. ഗുരുകുല സമ്പ്രദായത്തിന്റെ ചിട്ടകൾ കേട്ടു പരിചയിച്ചാണ് പുതുതലമുറയിലെ പ്രതിഭകൾ കലാമണ്ഡലത്തിൽ‌ നൃത്തം പരിശീലിക്കുന്നത്. അവരിൽ പ്രമുഖരായ അഞ്ചു പേരാണ് ക്ഷേമാവതിക്കൊപ്പം മനോരമ ട്രാവലറിനു വേണ്ടി ക്യാമറയ്ക്കു മുന്നിലെത്തിയത്. കണ്ണൂരിൽ നിന്നു ഡോ. സുമിത നായർ, എറണാകുളത്തു താമസിക്കുന്ന മഹാലക്ഷ്മി, ചെറുതുരുത്തി സ്വദേശി വേണി, തലശേരിയിൽ ജനിച്ചു വളർന്ന ദൃശ്യ, തൃശൂർക്കാരി സിംപിൾ...

ഓർമകളുടെ കിലുക്കം

ക്ഷേമാവതി ടീച്ചറും ശിഷ്യരും കൂത്തമ്പലത്തിൽ ഒത്തു ചേർന്നപ്പോൾ ഓർമകളുടെ ചിലമ്പു കിലുങ്ങി. ഒറ്റമുറി കളരിയിൽ നിന്ന് സർവകലാശാലയുടെ മേൽവിലാസത്തിലേക്ക് കുതിച്ച കലാമണ്ഡലത്തിന്റെ നാൾവഴികൾ ക്ഷേമാവതി പങ്കുവച്ചു. നൃത്ത പരിശീലനത്തിനും നൃത്തം ചെയ്യുന്നവരെ പരിചയപ്പെടാനും കലാമണ്ഡലത്തിലേക്ക് ധാരാളം വിദേശികൾ വരുന്നു. അവരിലൂടെ അനേകായിരം കുട്ടികളുടെ കലാസപര്യയ്ക്ക് കടലിനക്കരയും പ്രചാരം ലഭിക്കുന്നു. ‘‘തിരിഞ്ഞു നോക്കുമ്പോൾ കൺമുന്നിൽ നിൽക്കുന്നത് വള്ളത്തോളിന്റെ ദീർഘവീക്ഷണമാണ്’’ കലാമണ്ഡലത്തിന്റെ സ്ഥാപകനെ നന്ദിയോടെ ഓർത്തുകൊണ്ട് ക്ഷേമാവതി പറഞ്ഞു.

അമ്മയുടെ സ്നേഹം പകരുന്ന ഗുരു – ക്ഷേമാവതിയെക്കുറിച്ച് ശിഷ്യരുടെ അഭിപ്രായം ഇതാണ്. നൃത്തശാഖയിൽ സംശയങ്ങൾ തീർക്കാനുള്ള എൻസൈക്ലോപീഡിയയാണ് ഞങ്ങൾക്ക് പത്മശ്രീ ക്ഷേമാവതി. എഴുപതിന്റെ നിറവിലും വേദികളിൽ നൃത്തം അവതരിപ്പിക്കുന്നു. ഈ ഗുരുവിനു മുന്നിൽ മുദ്രകളുടെ വിനയം കാണാം – ടീച്ചറുടെ പ്രതിഭയെക്കുറിച്ച് പ്രിയശിഷ്യ മഹാലക്ഷ്മി. നൃത്തത്തിൽ ഗവേഷണം നടത്താൻ വഴിനടത്തിയതു ക്ഷേമാവതി ടീച്ചറാണെന്ന് ഡോ. സുമിതാ നായർ. ശിഷ്യരുടെ നല്ലവാക്കുകളാണ് അധ്യാപകർക്കു ലഭിക്കുന്ന വലിയ അംഗീകാരമെന്ന് പത്മശ്രീ ക്ഷേമാവതിയുടെ പ്രതികരണം.

‘‘നൃത്തം പരിശീലിക്കുന്നവർ ചരിത്ര കേന്ദ്രങ്ങളിലൂടെ യാത്ര ചെയ്യണം. നൃത്തവും പാട്ടുമില്ലാതെ ചരിത്രമില്ല. ചരിത്രം അറിയുന്നവർക്ക് നൃത്ത പരിശീലനം എളുപ്പമാണ്.

3 kalamandalam

കഴിഞ്ഞു പോയ കാലഘട്ടങ്ങൾ കണ്ടറിയാനുള്ള സഞ്ചാരം നർത്തകരുടെ മുദ്രകൾക്കും ഭാവത്തിനും ഭംഗി വർധിപ്പിക്കും. പുരാണകഥകളാണ് നൃത്തത്തിൽ അവതരിപ്പിക്കുന്നത്. കഥാപാത്രങ്ങൾ ജീവിച്ചിരുന്ന സ്ഥലങ്ങൾ സന്ദർശിക്കുമ്പോൾ കഥയുടെ പശ്ചാത്തലം ഹൃദയത്തെ സ്പർശിക്കും. നർത്തകർക്ക് അത്തരം അനുഭവം സമ്മാനിക്കുന്ന സ്ഥലമാണു തമിഴ്നാട്ടിലെ ചിദംബരം. അവിടെയുള്ള ക്ഷേത്രങ്ങളിലെ കൊത്തുപണികളും ശിൽപങ്ങളും നർത്തകർക്കു നൽകുന്ന ഊർജം അനുഭവിച്ചറിയണം’’ എഴുപതാണ്ടു പിന്നിടുന്ന ജീവിതത്തിലെ തിരിച്ചറിവുകൾ ക്ഷേമാവതി പ്രിയപ്പെട്ട ശിഷ്യരുമായി പങ്കുവച്ചു.

ഇവിടെ എന്നും കലോത്സവം

കലാമണ്ഡലത്തിലെ ആട്ടക്കളരി പുലർച്ചയ്ക്ക് ഉണരും. കഥകളി, മോഹിനിയാട്ടം, കൂടിയാട്ടം തുടങ്ങിയ കലാരൂപങ്ങളുടെ പരിശീലനം ആരംഭിക്കും. കൂത്തമ്പലത്തിനു സമീപത്തുള്ള കളരികൾ അതോടെ വേദികളായി മാറും. കലോപാസകരുടെ കൈലാസമാണു കൂത്തമ്പലം. ആട്ടവിളക്കും തൂക്കു വിളക്കും അലങ്കാര ദീപങ്ങളും തടിയിൽ തീർത്ത ശിൽപ്പങ്ങളുമാണ് കൂത്തമ്പലത്തിന്റെ ഭംഗി. പ്രശസ്തരുടെ കാൽപ്പാടു പതിഞ്ഞ മണ്ഡപം ക്ഷേത്രവിശുദ്ധിയോടെ പരിപാലിക്കപ്പെടുന്നു. വിദേശികൾ പോലും തൊട്ടു വണങ്ങിയ ശേഷമേ നൃത്ത മണ്ഡപത്തിൽ പ്രവേശിക്കാറുള്ളൂ. ക്ഷേത്ര സമാനമായ ദൃശ്യം പശ്ചാത്തലമാക്കി സെൽഫിയെടുത്തവർ സമൂഹമാധ്യമങ്ങളിലൂടെ കൂത്തമ്പലത്തെ പ്രശസ്തമാക്കി.

മഹാന്മാരുടെ പാദസ്പർശംകൊണ്ടു പവിത്രമായ കൂത്തമ്പലത്തിന്റെ വാസ്തുശാസ്ത്രം വിസ്മയമുണർത്തുന്നു. കലാപ്രതിഭകൾ അണിഞ്ഞ കഥകളിക്കോപ്പുകൾ സൂക്ഷിച്ച ‘കോപ്പറ’യും കലാമണ്ഡലത്തിലെ കാഴ്ചയാണ്. പുരാണ കഥാപാത്രങ്ങൾക്കു മിഴിവു പകർന്ന കഥകളി വേഷങ്ങൾ സൂക്ഷിച്ചിട്ടുള്ള ‘കോപ്പറ’യിലാണ് കലാമണ്ഡലത്തിലെ അമൂല്യ ശേഖരം. മാലകളും തോടയും കേശഭാരവും ഉൾപ്പെടെ കഥകളിക്ക് ഉപയോഗിക്കുന്ന ‘കോപ്പു’കൾ ഇവിടെ സൂക്ഷിച്ചിരിക്കുന്നു. ആടയാഭരണങ്ങളും അരപ്പട്ടകളും ഇക്കൂട്ടത്തിലുണ്ട്. കഥകളി കലാകാരന്മാർ വേദിയിലെത്തുമ്പോൾ ചുമക്കുന്ന ഭാരം എത്രയെന്ന് തിരിച്ചറിയണമെങ്കിൽ കോപ്പറ സന്ദർശിക്കണം.

കലാമണ്ഡലത്തിന്റെ പ്രധാന ഗെയിറ്റിനു സമീപത്തുള്ള ടൂറിസം ഓഫിസിന്റെ ഹാളിൽ കഥകളി രൂപങ്ങളുടെ ശിൽപ്പങ്ങളുണ്ട്. അലങ്കാരച്ചാർത്തോടെയാണ് ശിൽപങ്ങൾ പ്രദർശിപ്പിച്ചിട്ടുള്ളത്. പച്ച, കത്തി, മിനുക്ക്, താടി എന്നീ ശിൽപങ്ങൾക്കു ജീവൻ തുടിക്കുന്ന ഭംഗിയുണ്ട്. ഓട്ടൻതുള്ളൽ, മോഹിനിയാട്ടം, കൂടിയാട്ടം രൂപങ്ങളാണ് മറ്റു പ്രതിമകൾ. ചുട്ടിയും അലങ്കാരച്ചാർത്തുകളും ചിട്ടയോടെ അണിയിച്ചാണ് ശിൽപ്പങ്ങളൊരുക്കിയിട്ടുള്ളത്. നാരദൻ, ബാലി, സുദേവൻ, ബലഭദ്രൻ, രൗദ്രഭീമൻ, സിംഹിക, നരസിംഹം, പരശുരാമൻ എന്നിവരുടെ പ്രതിമകളുമുണ്ട്.

4 kalamandalam

കലയുടെ കോവിലിൽ കുറച്ചു നേരം

മോഹിനിയാട്ടം, ഭരതനാട്യം, കഥകളി, കൂടിയാട്ടം, ഓട്ടൻതുള്ളൽ, ചെണ്ടമേളം, കർണാടിക് സംഗീതം... ഭാരതപ്പുഴയുടെ തീരത്ത്, ചെറുതുരുത്തിയിലെ വള്ളത്തോൾ നഗറിൽ കലാരൂപങ്ങൾ നിത്യം സ്വർഗീയവിരുന്നൊരുക്കുന്നു.

കലയുടെ കേദാരം കാണാനെത്തുന്നവരെ വരവേൽക്കാൻ കലാമണ്ഡലത്തിന്റെ മുറ്റത്ത് വള്ളത്തോൾ നാരായണ മേനോന്റെ ശിൽപമുണ്ട്. ചിലങ്കയും ചിലമ്പും മിഴാവും മറ്റു വാദ്യോപകരണങ്ങളും ചേർന്ന് ഇവിടെ എന്നും കലയുടെ പൂരമാണ്. സാധകവും കളരിയും പഠനവുമായി സർഗവസന്തം നേരിൽ ആസ്വദിക്കാൻ എത്തുന്നവരിൽ വിദേശികളും ഏറെയുണ്ട്.

വിനോദ സഞ്ചാരികൾക്കായി കലാമണ്ഡലത്തിന്റെ വാതിൽ തുറന്നിട്ട് പത്തു വർഷത്തോളമായി. കലയുടെ ശ്രീകോവിലെന്നു പ്രശസ്തിയുള്ള കലാമണ്ഡലത്തെ ലോകത്തിനു പരിചയപ്പെടുത്തലാണ് ടൂറിസത്തിലൂടെ ഉദ്ദേശിക്കുന്നത്. മലയാള നാടിന്റെ തനതു കലാപാരമ്പര്യം കണ്ടറിഞ്ഞ്, പ്രതിഭകളോടൊപ്പം വിശേഷങ്ങൾ പങ്കിട്ട്, കൂത്തമ്പലത്തിന്റെ ഭംഗിയാസ്വദിച്ച് കലാമണ്ഡലത്തിലൂടെ സവാരിയാണ് ഒരുക്കിയിട്ടുള്ളത്. Day with The masters എന്നാണ് ക്യാംപസ് ടൂറിന്റെ വിശേഷണം. കേരളത്തിന്റെ പെരുമ ലോകത്തിനു മുന്നിൽ നിലവിളക്കായി തെളിയുന്ന കലാമണ്ഡലത്തിന്റെ പവിത്രമായ മണ്ണിനെ തൊട്ടറിയാൻ സഞ്ചാരികൾ വള്ളത്തോൾ നഗറിലെത്തുന്നു. സ്കൂൾ കുട്ടികളുമായി അധ്യാപകരും കലാമണ്ഡലം കാണാൻ എത്തുന്നുണ്ട്.

കലാമണ്ഡലം സന്ദർശിക്കുന്നവർക്ക് കേരളീയ കലകൾ പരിചയപ്പെടുത്താനാണ് ‘ഡെ വിത്ത് മാേസ്റ്റഴ്സ് ’ ടൂർ ആരംഭിച്ചത്. രാവിലെ പത്തു മുതൽ ക്ലാസ്സുകൾ കഴിയുന്നതുവരെ ക്യാംപസ് സന്ദർശനമാണ് ടൂർ. സന്ദർശകർ ടൂറിസം വിഭാഗത്തിൽ പേരു രജിസ്റ്റർ ചെയ്യണം. ചരിത്രം വിവരിച്ച് കാഴ്ചകളിലേക്ക് കലാമണ്ഡലത്തിലെ പഠിതാക്കളിലൊരാൾ വഴികാട്ടിയായി എത്തും.

5 kalamandalam

കാണാം കലാമണ്ഡലം: തൃശൂരിൽ ചെറുതുരുത്തിയിലാണു കേരള കലാമണ്ഡലം. ഗ്രൂപ്പ് സന്ദർശനത്തിന് കലാമണ്ഡലത്തിലെ ടൂറിസം വിഭാഗത്തിൽ നിന്ന് അനുമതി ലഭിക്കണം. പ്രധാന കവാടത്തിനു സമീപത്താണ് ടൂറിസം ഓഫിസ്. കലാമണ്ഡലം ലൈബ്രറിയിൽ കലാരൂപങ്ങളെക്കുറിച്ചു പ്രതിപാദിക്കുന്ന പുസ്തകങ്ങളുണ്ട്. ഇതിൽ എണ്ണായിരത്തോളം ഗ്രന്ഥങ്ങൾ ഇന്ത്യൻ കലാരൂപങ്ങളെക്കുറിച്ചുള്ളതാണ്. കവി വള്ളത്തോൾ നാരായണ മേനോൻ മ്യൂസിയം ക്യാംപസിനോടു ചേർന്നാണു നിർമിച്ചിട്ടുള്ളത്. കൂത്തമ്പലം, മ്യൂസിയം എന്നിവിടങ്ങൾ ആരാധനാലയങ്ങളുടേതിനു തുല്യമായി പരിപാലിക്കുക. ക്യാംപസിന്റെ ചിട്ടവട്ടങ്ങൾ അനുസരിക്കുക, പ്ലാസ്റ്റിക് മാലിന്യങ്ങൾ വലിച്ചെറിയരുത്.