തലയ്ക്കു മീതെ ശൂന്യാകാശം. താഴെ നീലക്കടൽ. ഒട്ടകലെയല്ലാതെ തീരം. തഴപ്പായ വിരിച്ച പോലെ പരന്നു കിടക്കുന്നു പച്ചയണിഞ്ഞ കേരളം. ഭൂമി ഉരുണ്ടതാണെന്ന് ഒറ്റനോട്ടത്തിൽ മനസ്സിലാക്കി. അക്ഷരാർഥത്തിൽ പറക്കുകയായിരുന്നു; ചിറകുകളില്ലാതെ.
കോവളത്ത് ഹവാ ബീച്ചിൽ നിന്നു നോക്കിയാൽ കാണുന്നിടത്തു കടലിനു നടുവിൽ വെള്ള നിറമുള്ളൊരു ബോട്ട് നിർത്തിയിട്ടുണ്ട്. അതിന്റെ ഡെക്കിൽ നിന്നാണ് പാരാസെയിലിങ്ങിന്റെ കുട പറന്നുയരുന്നത്. കാറ്റു പിളർത്തി കടലിന്റെ മുകളിലെത്തിയവരുടെ ആർപ്പു വിളിയും ആരവവും കേട്ടപ്പോൾ അതുപോലെ നാലു റൗണ്ട് മാനത്തു കറങ്ങാൻ പൂതി തോന്നി.
‘‘ഒരു കിലോമീറ്റർ അകലെയാണ് പാരാസെയിലിങ് ബോട്ട് നിൽക്കുന്നത്. തീരത്തു നിന്ന് സ്പീഡ് ബോട്ടിൽ യാത്ര ചെയ്ത് വലിയ ബോട്ടിലേക്ക് മാറിക്കയറണം’’ സുരക്ഷാ നിർദേശങ്ങൾ വിശദീകരിച്ചുകൊണ്ട് ദീപക് പറഞ്ഞു. കേരളത്തിൽ ആദ്യമായി പാരാസെയിലിങ് ആരംഭിച്ച ബോണ്ട് സഫാരിയുടെ ജനറൽ മാനേജരാണ് ദീപക്.
കടലിന്റെ പുത്രൻ ജോൺസൺ
പൊടുന്നനെ തോന്നിയ കൗതുകത്തിന്റെ പുറകെയുള്ള നടത്തത്തിനൊടുവിലാണ് പറക്കാൻ അവ സരമൊരുങ്ങിയത്. കോവളത്തേക്കുള്ള യാത്രാമധ്യേ പാരാസെയിലിങ്ങിനെക്കുറിച്ച് അന്വേഷിക്കാൻ ‘ബോണ്ട് സഫാരി’യുടെ ഓഫിസിൽ കയറി. പുതുവർഷം ആഘോഷിക്കാനെത്തിയ നിരവധി പേർ അവിടെ ഊഴം കാത്തു നിൽക്കുന്നുണ്ടായിരുന്നു.
‘‘രാവിലെ 11.00നു ശേഷമേ കടലിൽ വിനോദസഞ്ചാര പരിപാടികൾ നടത്താനാകൂ. തലേദിവസം രാത്രി മീൻപിടിത്തക്കാർ വിരിച്ച വല നീക്കിയതിനു ശേഷമാണ് ടൂറിസം ആക്ടിവിറ്റി ആരംഭിക്കാറുള്ളത്. ബ്രീഫിങ് കഴിയുമ്പോഴേക്കും പതിനൊന്നു മണിയാകും’’ ദീപക് തുടർന്നു.
പാരാ സെയിലിങ്ങിനു മുൻപ് സുരക്ഷാ നിർദേശങ്ങൾ നൽകാറുണ്ട്, അതാണ് ബ്രീഫിങ്.
ഇത്രയും പറഞ്ഞ ശേഷം ദീപക് രണ്ടുപേരെ പരിചയപ്പെടുത്തി – തെസ്നി, ആയിഷ. എറണാകുളം സ്വദേശിയാണു തെസ്നി, ആയിഷയുടെ വീട് തിരുവനന്തപുരത്ത്. പാരാസെയിലിങ്ങിന് ഇറങ്ങുന്ന മനോരമ ട്രാവലറിനു വഴികാട്ടികൾ ഇവരാണ്. ടൂറിസം മേഖലയിലെ പുതുകഥകൾ പറഞ്ഞ് അവർക്കൊപ്പം ‘ഹവാബീച്ചിലേക്കു’ നടന്നു. കോവിഡിന്റെ ക്ഷീണത്തിൽ നിന്നു മുക്തിനേടിയതിന്റെ ഉന്മേഷം ജനത്തിരമാലയായി തീരത്തു കണ്ടു. മണലിൽ കിടന്നുരുളാനും കടലിൽ നീന്തിത്തുടിക്കാനും വിദേശികളും എത്തിയിട്ടുണ്ട്.
ബീച്ചിന്റെ തേക്കേയറ്റത്ത് നടപ്പാത അവസാനിക്കുന്നിടത്താണ് പാരാസെയിലിങ്ങിന്റെ റജിസ്ട്രേഷൻ കൗണ്ടർ. മേൽവിലാസവും ഫോൺ നമ്പറും കുറിച്ചു. ഉടൻതന്നെ ലൈഫ് ജാക്കറ്റ് കിട്ടി. അതു ധരിച്ചപ്പോഴേക്കും ഫീഡർ ബോട്ട് ചീറിയെത്തി. അകലെ നിർത്തിയിട്ടുള്ള പാരാസെയിലിങ് ബോട്ടിലേക്ക് അതിഥികളെ കൊണ്ടു പോകുന്ന സ്പീഡ് ബോട്ടിന്റെ വിളിപ്പേരാണ് ഫീഡർ ബോട്ട്. വിഴിഞ്ഞം തുറമുഖത്തു ജനിച്ച്, കടലിൽ കളിച്ചു വളർന്ന ജോൺസനാണ് സ്പീഡ് ബോട്ടിന്റെ ക്യാപ്റ്റൻ. ഒരു തിരമാലയിൽ നിന്ന് അടുത്ത തിരമാലയിലേക്ക് ബോട്ടിനെ ‘ജംപ്’ ചെയ്യിച്ച് ജോൺസൺ തന്റെ വൈദഗ്ധ്യം തെളിയിച്ചു.
‘വെട്ടിലിറങ്ങിയാൽ ഇനിയും ഉയരത്തിൽ ചാടി മറിയാം’’ ജോൺസൺ ചിരിച്ചു. രണ്ടു തിരമാലകളുടെ ഇടയിലുള്ള വിടവാണ് ‘വെട്ട് ’. അതിനിടയിലൂടെ ബോട്ട് പായിക്കുന്നത് സാഹസിക വിനോദമാണ്. കണ്ണിമ ചിമ്മുന്നതിനിടെയുള്ള മരണപ്പാച്ചിലെന്നു പറയാം. ‘അതു വേണ്ട’ ജോൺസന്റെ ഓഫർ സ്നേഹത്തോടെ നിരസിച്ചു. ജോൺസൺ പുഞ്ചിരിച്ചു, കടലിന്റെ നിഷ്കളങ്കതയോടെ.
പറന്നിറങ്ങാം കടലിനു മീതെ
തീരത്തെ പുണരുമ്പോൾ തിരമാലയ്ക്ക് ശക്തി കൂടുതലാണ്. പാരാസെയിലിങ് ബോട്ട് ഒരു കിലോമീറ്റർ അകലെ നിർത്താൻ അതാണു കാരണം. ഒരേസമയം പതിനഞ്ചു പേർക്ക് യാത്ര ചെയ്യാവുന്ന വലിയ ബോട്ടാണിത്. ക്യാപ്റ്റനും ഷൂട്ട് ഓപ്പറേറ്റർമാരായ രണ്ടു പേരും ഉൾപ്പെടെ മൂന്നു ജോലിക്കാരാണുള്ളത്.
ഇരുപതു വർഷമായി പാരാസെയിലിങ് ബോട്ട് ഓടിക്കുന്ന ഗോവ സ്വദേശി അശോക് കാംബ്ലെയാണ് ക്യാപ്റ്റൻ. ജോൺസന്റെ ക്യാപ്റ്റൻസിയിൽ നിന്നു അശോകിന്റെ ബോട്ടിലേക്കുള്ള ‘ഇരുതോണിയിൽ കാൽ ചവിട്ടൽ’ അൽപം അഡ്വഞ്ചറസാണ്. സ്പീഡ് ബോട്ടിന്റെ കൈവരിയിൽ ചവിട്ടി സെയിലിങ് ബോട്ടിന്റെ ഡെക്കിൽ കയറി ഇരിപ്പുറപ്പിച്ചു.
കൗബോയ് തൊപ്പിയും സൺ ഗ്ലാസും ധരിച്ച് സിനിമാ സ്‌റ്റൈലിലാണ് ക്യാപ്റ്റൻ അശോക് കാംബ്ലെ ഇരിക്കുന്നത്. ചെന്നൈ എക്സ്പ്രസ് ഉൾപ്പെടെ ബോളിവുഡ് സിനിമകളിൽ മുഖം കാണിച്ചിട്ടുള്ള അശോകിന് കടൽ കളിത്തൊട്ടിലാണ്. ബോണ്ട് സഫാരിയുടെ ഉടമ ജാക്സന്റെ ക്ഷണം സ്വീകരിച്ച് മൂന്നു വർഷം മുൻപാണ് കോവളത്ത് എത്തിയതെന്ന് അശോക് പറഞ്ഞു.
ബോട്ടിന്റെ ഡെക്കിൽ കിടന്നിരുന്ന പാരഷൂട്ട് വായുവിലേക്ക് എറിഞ്ഞു. ഈ സമയത്ത് ക്യാപ്റ്റൻ അതിന്റെ റോപ് മുറുക്കി. പാരഷൂട്ട് അപ്പോൾ കുട പോലെ വിടർന്നു.
‘‘ആരാണ് ആദ്യം കയറുന്നത്?’’ ഹാർനസ് നൽകിയ ശേഷം ക്യാപ്റ്റൻ ചോദിച്ചു. പാരഷൂട്ടിന്റെ കയറുമായി യാത്രക്കാരെ ബന്ധിപ്പിക്കുന്ന സേഫ്റ്റി വയറാണ് ‘ഹാർനസ്’. തുടകളിലും അരയിലും ചുറ്റി മുറുക്കിയാൽ ഊഞ്ഞാലിന്റെ ഇരിപ്പിടം പോലെ സുരക്ഷയൊരുക്കുന്ന കയറാണിത്. നൈലോൺ ഉപയോഗിച്ചാണ് ഇതു നിർമിച്ചിട്ടുള്ളത്.
തെസ്നിയാണ് ആദ്യം പറക്കാനിറങ്ങിയത്. ഷൂട്ട് ഓപ്പറേറ്റർമാർ തെസ്നിയുടെ ഹാർനസിലെ ഇരുമ്പു കൊളുത്തുകൾ പാരഷൂട്ടുമായി ബന്ധിപ്പിച്ചു. അവർ ഓകെ പറഞ്ഞതോടെ റോപ്പ് അയഞ്ഞു. തെസ്നിയെ വഹിച്ചുകൊണ്ട് പാരഷൂട്ട് ഉയർന്നു. അതിനൊപ്പം ബോട്ടിനു വേഗം കൂടി. നിമിഷ നേരത്തിനുള്ളിൽ പാരഷൂട്ട് നൂറടി ഉയരത്തിലെത്തി. തെസ്നി അവിടെയിരുന്ന് കൈവീശിക്കാണിച്ചു, പറക്കലിന്റെ വിഡിയോ ‘ഗോ പ്രോ’ ക്യാമറയിൽ പകർത്തി.
അഞ്ചു മിനിറ്റ് പറക്കലിനിടെ രണ്ടു തവണ ക്യാപ്റ്റൻ ബോട്ടിന്റെ വേഗം കുറച്ചു. അപ്പോഴെല്ലാം തെസ്നിയുടെ പാദം കടൽവെള്ളത്തെ തലോടി. ‘ഡിപ്പിങ്’ എന്നാണ് ഈ വിനോദത്തിന്റെ പേര്. പാരാസെയിലിങ്ങിനിടെ കൂടുതൽ തവണ വെള്ളത്തിലേക്കു പറന്നിറങ്ങാനും ഡിപ്പ് ചെയ്യാനും എക്സ്ട്രാ ചാർജ് നൽകണം.
ഉരുണ്ട ഭൂമിയിൽ നീലക്കടൽ
കാറ്റിന്റെ ഗതിയും ബോട്ടിന്റെ വേഗതയുമാണ് പാരഷൂട്ടിനെ നിയന്ത്രിക്കുന്നത്. സമുദ്രത്തിൽ കാറ്റ് അനുകൂലമാണെങ്കിൽ മാത്രമേ പാരാസെയിലിങ് നടത്താറുള്ളൂ. 200 മീറ്റർ നീളമുള്ള റോപ് ഉപയോഗിച്ചാണ് പാരഷൂട്ടിനെ ബോട്ടുമായി ബന്ധിച്ചിട്ടുള്ളത്. പാരഷൂട്ടിൽ ഘടിപ്പിച്ച അറുപത്തഞ്ച് ‘സ്ട്രിങ്ങുകൾ’ കുടയിലെ കമ്പികൾ പോലെ റോപ്പുമായി ബന്ധിപ്പിച്ചിരിക്കുന്നു. നൈലോണിൽ നിർമിച്ചതാണു കയർ. പാരഷൂട്ടിന്റെ മെറ്റീരിയലും നൈലോൺ തന്നെ.
തെസ്നി ആകാശത്തു പറക്കുന്ന സമയത്ത് പാരഷൂട്ടിന്റെ സാങ്കേതിക വശങ്ങൾ അശോക് കാംബ്ലെ പറഞ്ഞു തന്നു.
‘‘ഇന്റർനാഷണൽ നിലവാരമുള്ള വിദേശ നിർമിത ലൈഫ് ജാക്കറ്റാണ് നിങ്ങൾ ധരിച്ചിട്ടുള്ളത്. ധൈര്യത്തോടെ പറന്നോളൂ’’ അശോക് കാംബ്ലെ ധൈര്യം പകർന്നു. പിന്നിടെല്ലാം ശഠപഠേന്നായിരുന്നു. വൺ ടു ത്രീ എണ്ണിയപ്പോഴേക്കും പറന്നുയർന്ന് മാനത്തെത്തി. ചുറ്റും നോക്കിയപ്പോൾ കൺമുന്നിൽ മറ്റൊരു പ്രപഞ്ചം. കടലും കരയും കെട്ടിടങ്ങളും കടുകുമണി പോലെ...തെല്ലു പരിഭ്രമത്തോടെ വെറുതെയൊന്നു താഴേയ്ക്കു നോക്കി. ജാഗ്രതയുടെ കണ്ണുമായി അതാ ജോൺസന്റെ സ്പീഡ് ബോട്ട് സുരക്ഷ വാദ്ഗാനം ചെയ്ത് ഒപ്പത്തിനൊപ്പം കുതിക്കുന്നു...