ADVERTISEMENT

‘തേനീച്ച ആദ്യം കുത്തുന്ന ആ കുത്തിന് മാത്രമേ വേദനയുള്ളെന്നേ, മുള്ളെടുത്തു കളഞ്ഞ് മഞ്ഞളോ തുളസിനീരോ പുരട്ടിയാൽ അതോടെ തീരും’ തേനീച്ച വളർത്തലിനെ ഹോബിയിൽ നിന്നും ബിസിനസാക്കി മാറ്റിയ കോട്ടയം പാലാ സ്വദേശി സെലിന്റെ വാക്കുകളാണ്. 35 വർഷമായി തേനീച്ച വളർത്തലിൽ വിദഗ്ധയാണ് സെലിൻ.  

‘‘തേനീച്ച കുത്തും എന്ന പേടി മാറ്റി വച്ചാൽ തന്നെ ഈ രംഗത്തേക്ക് ധൈര്യമായി ഇറങ്ങാം. വീട്ടിൽ അച്ഛനാണ് തേനീച്ച വളർത്തല്‍ തുടങ്ങിയത്. അന്നേ എന്നേയും പഠിപ്പിച്ചു. വിവാഹം കഴിഞ്ഞ് കോട്ടയം മരങ്ങാട്ടുപിള്ളിയിലെ വീട്ടിലെത്തിയപ്പോൾ തേൻ കൃഷിയിൽ ഒരു കൈ വച്ചു നോക്കി. തുടക്കത്തിൽ നാലു പെട്ടിയിൽ മാത്രമായിരുന്നു. പക്ഷേ, പതുക്കെ ആവശ്യക്കാരേറി വന്നു. ‘Pulickiyil bee garden’ ഫെയ്സ്ബുക്കിലും ഇൻസ്റ്റഗ്രാമിലും പേജ് തുടങ്ങി.

ADVERTISEMENT

സൗന്ദര്യ വർധകങ്ങളും

വൻതേൻ, ചെറുതേൻ എന്നിവയ്ക്ക് പുറമേ തേൻനെല്ലിക്ക, തേൻജാതിക്ക തുടങ്ങി നിരവധി മൂല്യവർധിത ഉൽപന്നങ്ങളും ഉണ്ട്. ബീ വാക്സും അതിൽ നിന്നുണ്ടാക്കുന്ന സൗന്ദര്യ വർധക വസ്തുക്കളുമാണ് ഏറ്റവും പുതിയ മേഖല. ലിപ്ബാം, ഫൂട്ട് ബാം, ഫെയ്സ് ബാം എന്നിവയെല്ലാം ബീ വാക്സ് ഉപയോഗിച്ച് നിർമിക്കുന്നുണ്ട്.

ADVERTISEMENT

തേനിന് കിലോയ്ക്ക് 350 രൂപയാണ് വില. ഇപ്പോൾ ഒരു വർഷം 1500 കിലോ തേൻ വരെ ലഭിക്കുന്നുണ്ട്. വർഷത്തില്‍ ഒരു തവണയാണ് വിളവെടുപ്പ്.

ശ്രദ്ധിച്ചു കൈകാര്യം ചേയ്യേണ്ടവരാണ് തേനീച്ചകൾ. അവർക്ക് അവരുടേതായ നിയമങ്ങളും ചിട്ടകളുമുണ്ട്. റാണി, തോഴിമാരായ ഈച്ചകൾ, ആൺ ഈച്ചകൾ എന്നിവയാണ് തേനീച്ചക്കൂട്ടത്തിലുണ്ടാകുക. റാണിയാണ്  ഭരണാധികാരി. മഴക്കാലത്ത് തെങ്ങിൽ നിന്നും പനയിൽ നിന്നുമൊക്കെയാണ് ഇവ ഭക്ഷണം ശേഖരിക്കുന്നത്. രണ്ട് കിലോമീറ്റർ ചുറ്റളവിൽ വരെ ഇവ സഞ്ചിരിക്കും.

ADVERTISEMENT

തേൻ കൃഷിയോടുള്ള എന്റെ ഇഷ്ടം കണ്ട് ഭർത്താവ് ജോഷിയും കൂടെകൂടി. ഇപ്പോൾ അദ്ദേഹവും വളരെ മികച്ച തേൻ കർഷകനാണ്. മക്കൾ ജോണികുട്ടി, നീതു ചാൾസ്, നവീന വിശാഖ്, മരുമകൾ അനു ഇവരാണ് എന്റെ ബിസിനസിലെ ഏറ്റവും വലിയ സപ്പോർട്ട്.

പറമ്പിലേക്ക് ഇറങ്ങിയാൽ ഓരോ തേനീച്ചകോളനിയും ആരോഗ്യത്തോടെയാണ് എന്ന് ഉറപ്പു വരുത്തിയിട്ടേ തിരികെ കയറാറുള്ളൂ. പരിചരണത്തിൽ കുറവുണ്ടായാൽ തേനീച്ചകൾ കൂടുവിട്ടു പോകും. അതാണ് ഈ ബിസിനസിലെ ഏറ്റവും വലിയ റിസ്കും സങ്കടവും.

MY OWN WAY

∙ ഒരിക്കൽ വിശ്വാസം നഷ്ടപ്പെട്ടാൽ തിരിച്ചു പിടിക്കാൻ കഴിയില്ല. അതുകൊണ്ടു തേനിൽ മായം കലർത്തിയുള്ള ബിസിനസ് ഒരിക്കലുമില്ല.

∙ തേനിലിടുന്ന ജാതിക്കാ, നെല്ലിക്ക തുടങ്ങിയ ഫലങ്ങളെല്ലാം വീട്ടിൽ തന്നെയാണ് കൃഷി. ഇത് ബിസിനസ് കൂടുതൽ ലാഭകരമാക്കി.

ADVERTISEMENT