Tuesday 08 March 2022 02:24 PM IST

സർവകലാശാല വിദ്യാഭ്യാസം തുടങ്ങും മുമ്പ്; അറിയണം സർവകലാശാലകളെ

Babu Pallippattu

know-the-universities-career-column

പ്ലസ് ടു വിദ്യാഭ്യാസം കഴിഞ്ഞ് ഏത് കോഴ്സിനു ചേരണം എന്നതാവും മിക്കവരും ആദ്യം ചിന്തിക്കുന്ന കാര്യം. എന്നാൽ, കോഴ്സ് തിരഞ്ഞെടുക്കുന്നതിനേക്കാൾ പ്രാധാന്യം നൽകേണ്ട ഓന്നാണ് ഏതു സർവകലാശാല നടത്തുന്ന കോഴ്സിന് ചേരണം എന്നത്. നമ്മുടെ രാജ്യത്തും പുറംരാജ്യങ്ങളിലും അംഗീകാരമുള്ള കോഴ്സുകൾ ഏതാണ്, സർവകലാശാല ഏതാണ് ഇതെല്ലാം അറിഞ്ഞു വേണം കോഴ്സുകൾ തിരഞ്ഞെടുക്കാൻ...

നാലു തരം സർവകലാശലകൾ

നമ്മുടെ രാജ്യത്തു നാലു തരത്തിലുള്ള സർവകലാശാലകളാണു നിലവിൽ ഉള്ളത്. സെൻട്രൽ യൂണിവേഴ്സിറ്റികൾ അഥവ കേന്ദ്ര സർവകശാലകൾ, സംസ്ഥാന സർവകലാശാലകൾ അഥവ സ്റ്റേറ്റ് യൂണിവേഴ്സിറ്റികൾ, പ്രൈവറ്റ് യൂണിവേഴ്സിറ്റികള്‍, അഥവ സ്വകാര്യ സർവകലാശാലകൾ, ഡിമാൻഡ് റ്റു ബി യൂണിവേഴ്സിറ്റി അഥവ കൽപിത സർവകലാശാലകൾ എന്നിവയാണ് ഈ നാലു തരം സർവകലാശാലകൾ.

ഇതിൽ സൂചിപ്പിച്ച സെൻട്രൽ യൂണിവേഴ്സിറ്റികളും സ്റ്റേറ്റ് യൂണിവേഴ്സിറ്റികളും കേന്ദ്ര/സംസ്ഥാന സർക്കാരു കളുടെ ഉടമസ്ഥതയിലുള്ളതും പൂർണമായും സർക്കാർ മുതൽമുടക്കു നടത്തിയിട്ടുള്ളതുമായ പൊതുമേഖല സർവകലാശാലകളാണ്. ഇവയും പ്രൈവറ്റ് യൂണിവേഴ്സിറ്റികളും ഡിമാൻഡ് റ്റു ബി യൂണിവേഴ്സിറ്റികളും തമ്മിൽ എടുത്തു പറയേണ്ട ചില വ്യത്യാസങ്ങൾ ഉണ്ട്.

കൽപിത സർവകലാശാല

രാജ്യത്തെ ഉന്നതവിദ്യാഭ്യാസത്തെ മേഖലയെ നിയന്ത്രിക്കുന്ന പരമാധികാര സമതിയായ യൂണിവേഴ്സിറ്റി ഗ്രാൻഡ്സ് കമ്മീഷൻ (യുജിസി) ചില നിയമങ്ങളുടെ പിൻബലത്തിൽ സർവകലാശാലകളായി പ്രവർത്തിക്കാൻ അനുവാദം നൽകുന്നവയാണ് Deemed To Be ‘യൂണിവേഴ്സിറ്റികൾ’ അഥവ കൽപിത സർകലാശാലകൾ. കൽപിത സർകലാശാലകൾ യുജിസി ആക്ട് 1956, സെക്ഷൻ 3 പ്രകാരം സ്ഥാപിക്കപെടുന്നവയാണ്. രാജ്യത്ത് ആദ്യം നിലവിൽ വന്നത് Deemed To Be University അഥവാ കൽപിത സർവകലാശാലകളാണ്. പലപ്പോഴും ഈ സർവകലാശാലകളെ നമ്മൾ യൂണിവേഴ്സിറ്റികൾ എന്നാണ് വിളിക്കുക. എന്നാൽ യൂണിവേഴ്സിറ്റി ഗ്രാൻഡ്സ് കമ്മീഷൻ വളരെ വ്യക്തമായി പറഞ്ഞിട്ടുണ്ട് ഇവയെ വിളിക്കേണ്ടത് Deemed To Be University അഥവാ കൽപിത സർവകലാശാല എന്നു മാത്രമാണ്.

സ്വകാര്യ സർവലാശാല

എന്നാൽ സ്വകാര്യ സർവകലാശാലകൾ ഇതിൽ നിന്നു വ്യത്യസ്തമാണ്. ഉന്നത വിദ്യാഭ്യാസം കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിക്കുന്നതിനു വേണ്ടി കേന്ദ്രമാനവശേഷി വകുപ്പിന്റെ അനുവാദത്തോടെ സ്ഥാപിതമായവയാണ് പ്രൈവറ്റ് അഥവാ സ്വകാര്യ സർവകലാശാലകൾ. ഇവ താരതമ്യേന അടുത്ത കാലത്തു മാത്രം രൂപംകൊണ്ട സർവകലാശാല സംവിധാനമാണ്. ഇത്തരം സ്വകാര്യ സർവകലാശാലകൾ സ്ഥാപിക്കപ്പടുന്ന സംസ്ഥാനങ്ങളിലെ നിയമസഭയിൽ ആ സർവകലാശാലയ്ക്കു വേണ്ടി ബിൽ അവതരിപ്പിച്ച് പാസാക്കി മാത്രമേ തുടങ്ങാൻ സാധിക്കൂ.

പ്രോഗ്രാമിനു ചേരും മുമ്പ്

സ്വകാര്യ–കൽപിത സർവകലാശാലകൾക്കു പ്രവർത്തിക്കാൻ യുജിസി അനുവാദം നൽകിയ ക്യാംപസുസുകളിൽ മാത്രമേ സർവകലാശാലകൾക്ക് അവരുടെ പ്രോഗ്രാമുകൾ നടത്തുന്നതിനും അനുബന്ധ പ്രവർത്തനങ്ങൾ ചെയ്യുന്നതിനും അനുവാദം നൽകിയിട്ടുള്ളൂ. എന്നാൽ ഈ നിബന്ധനകൾ പാലിക്കപ്പെടാതെ പല സ്വകാര്യ–കൽപിത സർവകലാശാലകളും അവർക്ക് യുജിസി നിയമപ്രകാരം നിശ്ചയിക്കപ്പെട്ടിട്ടുള്ള ക്യാംപസിനു പുറത്ത് പ്രാദേശിക സെന്ററുകളും ഓഫ് ക്യാംപസ് സെന്ററുകളും നടത്താറുണ്ട്. ഇത്തരം ക്യാംപസുകളിൽ കുട്ടികൾ പഠിച്ചാൽ പലപ്പോഴും മറ്റു സംസ്ഥാനങ്ങളിൽ അവർ ചെയ്യുന്ന പ്രോഗ്രാമുകൾക്ക് അംഗീകാരം ലഭിക്കാൻ പ്രയാസം ആയിരിക്കും. പ്രത്യേകിച്ചും കേരളത്തിലെ സർവകലാശാലകളിൽ.

അതുകൊണ്ട് സ്വകാര്യ–കൽപിത സർവകലാശാലകളുടെ യുജിസി അനുവാദമുള്ള ക്യാംസിനു വെളിയിലാണ് പ്രോഗ്രാം നടക്കുന്നതെങ്കിൽ വളരെ ശ്രദ്ധയോടു കൂടി മാത്രമേ കുട്ടികൾ അവിടെ പ്രവേശനം എടുക്കാവൂ.

എന്നാൽ, യുജിസി പല സ്വകാര്യ–കൽപിത സർവകലാശാലകൾക്കും ഓഫ് ക്യാംപസ് സെന്ററുകൾ പ്രവർത്തിക്കാൻ അനുവാദം നൽകിയിട്ടുണ്ട്. ഇതിന്റെ വിവരങ്ങൾ യുജിസിയുടെ വെബ്സൈറ്റിൽ വ്യക്തമാക്കിയിട്ടുണ്ട്. അങ്ങനെ യുജുസി അനുവദിച്ചിട്ടുള്ള ഓഫ് ക്യാംപസ് സെൻസറുകളിൽ പഠിക്കുന്നത് അവരുടെ മെയിൻ ക്യാംപസിൽ പഠിക്കുന്നതിനു തുല്യമായിരിക്കും. കോഴ്സിനു ചേരുന്നതിനു മുമ്പ് ചേരുന്ന കോഴ്സ് നടത്തുന്ന സ്ഥാപനത്തിന് യുജിസി അംഗീകാരവമുണ്ടോ എന്ന് ഉറപ്പാക്കി വേണം ഉന്നതവിദ്യാഭ്യാസത്തിലേക്ക് ചുവടു വയ്ക്കാൻ.

*കരിയർ വിദഗ്ധനും കോട്ടയം മഹാത്മാ ഗാന്ധി സർവകലാശാല ഉദ്യോഗസ്ഥനുമാണ് ബാബു പള്ളിപ്പാട്ട്.

babu.mgu@gmail.com