Thursday 07 April 2022 12:58 PM IST

ഉല്ലാസയാത്രയല്ല വിദേശ രാജ്യങ്ങളിലെ ഉപരിപഠനം; ഈ കാര്യങ്ങൾ ശ്രദ്ധിക്കുക...

Babu Pallippattu

foreign-education-universities-education-column-cover

യുക്രെയ്നിലെ റഷ്യൻ ആക്രമണം പ്രത്യക്ഷമായി ഏറ്റവും ബാധിച്ച ഇന്ത്യക്കാർ അവിടെ പഠനത്തിയാ പോയ വിദ്യാർഥികളാണ്. കേരളത്തിൽ നിന്നും ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിൽ നിന്നും നൂറുകണക്കിന് വിദ്യാർഥികളാണ് മെഡിക്കൽ പഠനം പൂർത്തിയാക്കാതെ പ്രതിസന്ധിയിലായത്. ഈ സാഹചര്യത്തിൽ വിദേശ സർവകലാശാലകളിലെ പ്രോഗ്രാമുകളിൽ ചേരുമ്പോൾ വിദ്യാർഥികളും രക്ഷിതാക്കളും എന്തെല്ലാം കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടത്?

ഇന്ത്യ പോലുള്ള വികസ്വരരാജ്യങ്ങളിൽ നിന്നു തൊഴിൽതേടിയും ഉപരിപഠന സാധ്യതകൾ തേടിയും ചെറുപ്പക്കാർ വിദേശരാജ്യങ്ങളിലേക്ക് ഉറ്റുനോക്കുന്ന കാലമാണിത്. എന്നാൽ, യുദ്ധവും അനുബന്ധ പ്രക്ഷോഭങ്ങളും അവരുടെ ജീവിതത്തെയും സ്വപ്നത്തിലും ആകെ തകർത്തുകളയുന്ന ഒരു സാഹചര്യമാണ് ഇപ്പോഴുള്ളത്. നമ്മുടെ കേരളത്തിൽ നിന്നു വർഷങ്ങളായി വിവിധ വിദേശരാജ്യങ്ങളിലേക്ക് ഉപരിപഠനവും തൊഴിലുമായി നൂറുകണക്കിന് ചെറുപ്പക്കാർ യാത്ര പോകുന്നുണ്ട്. കഴിഞ്ഞ പത്തു വർഷത്തിന് ഇടയിൽ വിദേശ സർവകലാശാലകളിലേക്ക് പഠനത്തിനായി പുറപ്പെടുന്ന മലയാളി വിദ്യാർഥികളുടെ എണ്ണത്തിൽ വലിയ വർധനയുണ്ട്. എന്നാൽ, വിദേശ പഠനത്തിനു തയാറെടുക്കുമ്പോൾ, ആവശ്യമായ ജാഗ്രതയോ, മുൻകരുതലുകളോ പഠിതാക്കളുടെയും രക്ഷിതാക്കളും ഭാഗത്തു നിന്ന് ഉണ്ടാവുന്നില്ല എന്നത് ഇവരുടെ ഭാവിയെ പ്രശ്നങ്ങളിലേക്കു നയിക്കാൻ കാരണമാകുന്നു. അതുകൊണ്ട് വിദേശ പഠനത്തിന് ശ്രമിക്കുന്നവർ തീർച്ചയായും ഓർത്തിരിക്കേണ്ട ചില കാര്യങ്ങളെക്കുറിച്ച് നമുക്കൊന്ന് ചിന്തിക്കാം...

foreign-education-universities-students-3

എന്തിനാണു വിദേശ പഠനം?

സാധാരണഗതിയിൽ വിദേശ പഠനം ലക്ഷ്യം വയ്ക്കുന്നത് രണ്ടു തരത്തിലുള്ള വിദ്യാർഥികളാണ്. ഒന്നാമത്തെ വിഭാഗത്തിൽ പെടുന്നവർ ലോകത്തിലെ ഏറ്റവും നല്ല ഉപരിപഠന സാധ്യത നൽകുന്ന സർവകലാശാലകളിൽ നിന്ന് വിദ്യാഭ്യാസം നേടി വികസിത രാജ്യങ്ങളിൽ ഉന്നതമായ ജീവിതസാഹചര്യവും കെട്ടിപ്പടുക്കുക എന്ന ലക്ഷ്യത്തോടെ പഠനത്തിനായി ഇറങ്ങുന്നവർ. ഇത്തരം വിദ്യാർഥികൾ പലപ്പോഴും ബിരുദാനന്തര ബിരുദമോ, ഗവേഷണമോ അടക്കമുള്ള ഉന്നത പഠന സാഹചര്യളാണ് ലക്ഷ്യമിടുക.

ഈ ലക്ഷ്യത്തോടു കൂടിയാണ് വിദേശ പഠനം നടത്താനാഗ്രഹിക്കുന്നവർ പഠിക്കേണ്ടത് ഇംഗ്ലണ്ടിലേയോ അമേരിക്കയിലേയോ സർവകലാശാലകളിലാവണം. കാരണം, ലോകത്തിലെ ഏറ്റവും മികവുറ്റ സർവകലാശാലകളുടെ ശ്രംഖല നിലനിൽക്കുന്നത് ഈ രണ്ടു രാജ്യങ്ങളിലാണ്. ഇവിടെ പഠനം പൂർത്തിയാക്കുന്ന വിദ്യാർഥിക്ക് ലോകത്തിന്റെ ഏതു ഭാഗത്തും ചിലപ്പോൾ ആ രാജ്യത്ത് തന്നെയും മികവുള്ള തൊഴിൽ കണ്ടെത്തുന്നതിനും ജീവിതം കരുപ്പിടിപ്പിക്കുന്നതിനും സഹായകമായി കാണാറുണ്ട്. അതുകൊണ്ടു തന്നെ ഈ രാജ്യങ്ങളിലേക്കുള്ള ഉപരിപഠന യാത്ര എന്നത് വളരെ ചെലവേറിയതും സങ്കീർണവുമാണ്.

foreign-education-universities-students

രണ്ടാമത്തെ വിഭാഗത്തിൽ പെടുന്ന പഠിതാക്കൾ ഏതെങ്കിലും ഒരു വിദേശ രാജ്യത്തു ഉപരിപഠനം നടത്തുകയും ശേഷം ആ രാജ്യത്ത് തന്നെ താമസിച്ചു കൊണ്ട് തന്നെ ജീവിതം മെച്ചപ്പെടുത്തണമെന്ന് ആഗ്രഹിക്കുന്നവരുമായ ആളുകളാണ്. ഇവരെ സംബന്ധിച്ച് ഇവർ പഠിക്കുന്ന സർവകലാശാലയുടെ ലോകോത്തര നിലവാരം എന്നതിനപ്പുറം പഠനത്തിനു ശേഷം അവർ പഠനം നടത്തുന്ന രാജ്യത്തു തുടർന്നു ജീവിക്കാനുള്ള അവസരം ലഭിക്കുമോ എന്നതിനാവും കൂടുതൽ ഊന്നൽ നൽകുക.

ഇതിനു അനുകൂലമായ സാഹചര്യങ്ങൾ നൽകുന്ന രാജ്യങ്ങളാണ് കാനഡ, ഓസ്ട്രേലിയ, ന്യൂസിലാൻഡ് പോലുള്ളവ. ഇവിടങ്ങളിലെ പല സർവകലാശാലകളും യുഎസ്സിലേയും യുകെയിലേയും പോലെ ലോകോത്തരം എന്നു പറയാൻ കഴിയില്ല. എന്നാൽ, അവിടെ നൽകുന്ന കോഴ്സുകൾ പൂർത്തീകരിക്കുന്നവർക്ക് ഈ രാജ്യങ്ങളിൽ പഠനശേഷം തൊഴിൽ കണ്ടെത്തി, പൗരത്വം നേടി ജീവിതം മെച്ചപ്പെടുത്താൻ സഹായിക്കും.

രണ്ടു പ്രധാന കാര്യങ്ങളാണ് കുട്ടികളും രക്ഷിതാക്കളും ശ്രദ്ധിക്കേണ്ടത്. ഒന്ന് ഈ രാജ്യങ്ങളിലെ സർവകലാശാലകൾ ലോകോത്തരമല്ല. രണ്ട്, അമേരിക്കകയും ബ്രിട്ടൺ ആയി തട്ടിച്ചുനോക്കുമ്പോൾ ഇവിടേക്കുള്ള യാത്ര പൊതുവേ ലളിതമാണ്. ഈ രാജ്യങ്ങളിലെ സമൃദ്ധമായ പ്രകൃതിവിഭവങ്ങളുടെ സാന്നിധ്യവും അവ വേണ്ടവിധം ഉപയോഗിക്കുന്നതിന് ആവശ്യമായ മനുഷ്യവിഭവശേഷിയുടെ കുറവുമാണ് ഈ രാജ്യങ്ങളിലേക്ക് വിദേശ പൗരന്മാരെ ആകർഷിക്കാനും പൗരത്വം നൽകുന്നതിനും പിന്നിലെ പ്രധാന കാരണം. ഈ രാജ്യങ്ങളിലേക്കുള്ള പഠനം പൊതുവേ ചെലവു കുറഞ്ഞതാണ്. പന്ത്രണ്ടാം ക്ലാസിനുശേഷം ബിരുദതലത്തിൽ തന്നെ പഠനം നടത്താൻ കഴിയുന്ന തരത്തിലുള്ള ധാരാളം അക്കാദമിക് പ്രോഗ്രാമുകളാണ് ഈ രാജ്യങ്ങളിലെ സർവകലാശാലകൾ വിദ്യാർഥികൾക്കായി ഓഫർ ചെയ്യുന്നത്.

എങ്ങനെയാണ് ഈ രാജ്യങ്ങളിലേക്ക് പോകുന്നത്?

വിദേശരാജ്യങ്ങളിലേക്ക് വിഉപരിപഠനത്തിനു പോകുമ്പോൾ പഠിക്കാനാഗ്രഹിക്കുന്ന സർവകലാശാലയിലെ പ്രോഗ്രാമിനെ സംബന്ധിച്ചു കൃത്യമായി അന്വേഷിക്കണം. പ്രസ്തുത സർവകലാശാലകൾ ഈ പ്രോഗ്രാം വിദേശപഠനത്തിനു വിദ്യാർഥികൾക്ക് സ്കോളർഷിപ്പുകൾ നൽകുന്നുണ്ടോ എന്നെല്ലാം അന്വേഷിച്ച്, ഉണ്ടെങ്കിൽ അവ കിട്ടാനുള്ള മാർഗം സ്വീകരിച്ചു വേണം ഉപരിപഠനത്തിനു പോവാൻ. ഇത്തരത്തിൽ ഉപരിപഠനത്തിനായി പോകുമ്പോൾ സർവകലാശാല അല്ലെങ്കിൽ പഠിതാവിന് ഉപരിപഠനത്തിനായി സ്കോളർഷിപ്പ് നൽകുന്ന രാജ്യം ഇവരുടെ വിദേശ പഠനകാലത്തെ ഉത്തരവാദിത്തവും ചെലവും ഏറ്റെടുക്കണമെന്നതിനാൽ സാമ്പത്തികമായി സുരക്ഷിതമാവും ഉപരിപഠനം. പക്ഷേ സ്കോളർഷിപ്പോടെയുള്ള ഉപരിപഠനത്തിന് തിരഞ്ഞെടുക്കപ്പെടുന്നവരുടെ എണ്ണത്തിന് പരിധിയുണ്ട്. ഏറ്റവും സമർഥരായ വിദ്യാർഥികൾക്കേ ഇങ്ങനെ അവസരം ലഭിക്കൂ. കൂടാതെ, ബിരുദാനന്തര പഠനത്തിനോ, ഗവേഷണ പഠനങ്ങൾക്കോ ആണ് ഇത്തരം അവസരം ലഭിക്കുന്നത്.

foreign-education-universities-students-2

വിദേശത്തെ ബിരുദപഠനം

ബിരുദ പഠനങ്ങൾക്ക് പൊതുവേ വിദ്യാർഥികൾക്ക് സാമ്പത്തിക സഹായം ലഭിക്കാറില്ല. എന്നാൽ, ഇന്ന് പരക്കെ കാണുന്ന വിദേശ സർവകലാശാല പഠനം പലപ്പോഴും പന്ത്രണ്ടാം ക്ലാസിനുശേഷം ഏതെങ്കിലും പ്രോഗ്രാമുകൾ പഠിക്കാൻ വിദേശ രാജ്യത്തേക്ക് സഞ്ചരിക്കുന്നവരെയാണ്. ഇങ്ങനെ പന്ത്രണ്ടാം ക്ലാസിനുശേഷം വിദേശരാജ്യത്തു പഠിക്കാൻ ആഗ്രഹിക്കുന്ന കുട്ടികൾക്ക് നേരിട്ട് അവർ പഠിക്കുന്നതിന് ആഗ്രഹിക്കുന്ന പ്രോഗ്രാമിനു സർവകലാശാലയിൽ അപേക്ഷ നൽകി ഓഫർ ലെറ്റർ സമ്പാദിക്കാം. അല്ലെങ്കിൽ ഏതെങ്കിലും ഒരു വിദേശ വിദ്യാഭ്യാസ ഏജൻസിയിലൂടെ അപേക്ഷ നൽകി പഠിക്കാനുള്ള അവസരം നേടാം. ഏതു രൂപത്തിലാണെങ്കിലും അപേക്ഷ നൽകുന്ന കുട്ടികൾക്ക് സർവകലാശാല ഓഫർ ലെറ്റർ നൽകും. ഈ ഓഫർ ലെറ്ററിന്റെ അടിസ്ഥാനത്തിൽ നിശ്ചിത ഫീസ് സർവകലാശാലയിൽ അടച്ചാൽ പഠിതാവിന് വീസയ്ക്ക് അപേക്ഷ സമർപ്പിക്കാം. വീസ ലഭിച്ചാൽ സർവകലാശാലയിൽ പഠനം നടത്തുന്നതിനായി ആ രാജ്യത്തേയ്ക്കു പോകാം.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വിദേശരാജ്യങ്ങളിൽ പഠനത്തിൽ പോകുമ്പോൾ പ്രത്യേകമായി ശ്രദ്ധിക്കേണ്ട രണ്ടു മൂന്നു കാര്യങ്ങൾ ഉണ്ട്. അതിൽ ഏറ്റവും പ്രധാനപ്പെട്ടത് ചേരാൻ പോകുന്ന സർവകലാശാല ലോകോത്തര സർവകലാശാലയാണോ എന്നു നിർബന്ധമായും അറിഞ്ഞിരിക്കണം. കാലാകാലങ്ങളിൽ ലോകത്തെ എല്ലാ സർവകലാശാലകളുടെയും അക്കാദമിക്, നോൺ അക്കാഡമിക് പ്രവർത്തനങ്ങളെ വിലയിരുത്തി ലോക സർവകലാശാലയുടെ പട്ടികയിൽ അവയുടെ റാങ്ക് എത്രയെന്ന് പ്രസിദ്ധീകരിക്കാറുണ്ട്. ഈവിധം ഉയർന്ന റാങ്കിലുള്ള സർവകലാശാലയിൽ ചേരുക. ടൈം മാഗസിന്റെ സർവകലാശാല റാങ്കിങ് ഇതിനു ആശ്രയിക്കാവുന്ന ഒന്നാണ്.

വിദേശപഠനത്തിനു പോകുന്ന രാജ്യത്ത് ഏതു മേഖലയിലുള്ള ആളുകളെയാണ് കൂടുതൽ ആവശ്യം എന്നു തിരിച്ചറിഞ്ഞ അതിന് അനുയോജ്യമായ കോഴ്സുകൾ പഠിക്കാൻ തിരഞ്ഞെടുക്കണം. അതോടൊപ്പം ആ രാജ്യത്ത് പഠനത്തിനു ശേഷം നൽകുന്ന സേവ് പീരിയഡ് അനുബന്ധ നിയമങ്ങളും അറിഞ്ഞിരിക്കുന്നതു നല്ലതാണ്.

വിദേശ രാജ്യത്താണ് നമ്മൾ കോഴ്സുകൾ പഠിക്കുന്നത് എങ്കിലും പലപ്പോഴും തിരിച്ച് സ്വന്തം രാജ്യത്തേക്ക് വരുകയാണെങ്കിൽ ഇവിടെ തുടർപഠനത്തിനും ജോലിക്കും വിദേശത്ത് വിദേശത്തു പഠിച്ച പ്രോഗ്രാമുകൾക്ക് അംഗീകാരം ഉണ്ടാകുമോ എന്ന് അറിയുന്നതും ഏറെ നല്ലതാണ്.

നമ്മുടെ രാജ്യത്തെക്കാൾ ചെലവുകുറഞ്ഞ രീതിയിൽ വൈദ്യശാസ്ത്രം പഠിക്കുന്നതിന് സൗകര്യം ലഭിക്കും ചൈന, യുക്രെയ്ൻ, ജോർജിയ, റഷ്യ, നേപ്പാൾ, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളിലെ സർവകലാശാലകൾ. ഇംഗ്ലീഷ് സംസാരിക്കാത്ത രാജ്യങ്ങളിൽ പോയി ബിരുദതലത്തിൽ മെഡിക്കൽ ബിരുദം കഴിഞ്ഞാൽ നമ്മുടെ രാജ്യത്ത് രാജ്യത്ത് മെഡിക്കൽ പ്രാക്ടീസ് ചെയ്യണമെങ്കിൽ നാഷനൽ മെഡിക്കൽ കമ്മീഷൻ എന്ന സ്റ്റാറ്റ്യൂട്ടറി ബോഡി നടത്തുന്ന ഫോറിൻ മെഡിക്കൽ ഗ്രാജുവേറ്റ് എക്സാമിനേഷൻ ജയിച്ചാൽ മാത്രമേ സാധിക്കൂ.

ഈ പരീക്ഷ പൊതുവേ ബുദ്ധിമുട്ടുള്ളതിനാൽ പലപ്പോഴും വിദേശരാജ്യങ്ങളിൽ നിന്ന് മെഡിക്കൽ പഠനം പൂർത്തീകരിച്ചു വരുന്ന വിദ്യാർഥികൾക്ക് രാജ്യത്ത് നടക്കുന്ന ഈ പ്രവേശന പരീക്ഷ പാസാകാൻ കഴിയാത്ത സാഹചര്യം നിലനിൽക്കുന്നുണ്ട്. ഇത്തരം പ്രശ്നങ്ങളും ജോലി ലഭിക്കാനുള്ള സാധ്യതകളും വ്യക്തവും കൃത്യവുമായി മനസ്സിലാക്കി മാത്രമേ വിദേശരാജ്യങ്ങളിൽ ഉപരിപഠനത്തിനായി വിദ്യാർഥികൾ പോകാവൂ. അവരെ അതിനു തയാറാക്കുന്ന രക്ഷിതാക്കളും ഇക്കാര്യത്തിൽ പ്രത്യേകമായ ശ്രദ്ധ നൽകണം.

*കരിയർ വിദഗ്ധനും കോട്ടയം മഹാത്മാ ഗാന്ധി സർവകലാശാല ഉദ്യോഗസ്ഥനുമാണ് ബാബു പള്ളിപ്പാട്ട്.

babu.mgu@gmail.com