എന്റെ പ്രിയ സിനിമ-ഗണേഷ് രാജ് (സംവിധായകൻ)
‘ഓൾമോസ്റ്റ് േഫമസ്’ ( 2000)
സ്കൂളിൽ പഠിക്കുന്ന സമയത്ത് സ്റ്റാർ മൂവീസിലാണ് ഞാൻ ‘ഒാൾ േമാസ്റ്റ് ഫേമസ്’ കാണുന്നത്. മുൻപ് ഇതേവരെ കണ്ടിട്ടില്ലാത്തൊരു ലൈഫ് സ്റ്റൈൽ, ഇതേ വരെ കേട്ടിട്ടില്ലാത്ത സംഗീതം... ആദ്യകാലത്ത് ഞാൻ കണ്ട സിനിമകളിൽ വച്ച്, മറ്റൊരു നാട്ടിലെ ജീവിതത്തിന്റെ അപരിചിതമായ ചിത്രങ്ങൾ എനിക്ക് ആദ്യം കാട്ടിത്തന്ന സിനിമയായിരുന്നു അത്. കാമറോൺ ക്രോവ് രചനയും സംവിധാനവും നിർവഹിച്ച ഈ ചലച്ചിത്രം റോക്ക് ബാൻഡുകളുെടയും പോപ്പ് സംഗീത സംസ്കാരത്തിന്റെയും കഥയാണ് വിവരിക്കുന്നത്. 1960 കളുടെ അവസാനം, 70 കളുടെ തുടക്കം... ഈ കാലത്തെ അമേരിക്കൻ റോക്ക് ബാൻഡ് സംസ്കാരത്തിന്റെ യഥാർഥ മുഖങ്ങൾ. ഒപ്പം തന്നെ, റോക്ക് സംഗീത ജേർണലിസ്റ്റാകാൻ ആഗ്രഹിക്കുന്ന വില്യം മില്ലർ എന്ന പതിനഞ്ചു വയസ്സുകാരൻ ലോകത്തെയും ജീവിതത്തെയും അടുത്തറിഞ്ഞു മനസ്സിലാക്കുന്ന ഒരു യാത്രയും കൂടിയാണിത്.
പല തരത്തിൽ ഈ സിനിമ എന്നെ സ്വാധീനിച്ചിട്ടുണ്ട്. ‘ഒാൾ മോസ്റ്റ് േഫമസ്’ കണ്ട ശേഷം ഞാൻ നമ്മുടെ നാട്ടിലെ പാട്ടുകൾ കേൾക്കുന്നതിന്റെ കൂടെത്തന്നെ ഇംഗ്ലീഷ് ഗാനങ്ങളും കേട്ടു തുടങ്ങി. അക്കാലത്തെ പാശ്ചാത്യ ജീവിത ശൈലിയെക്കുറിച്ച് വിശദമായറിയാൻ ഗവേഷണം നടത്തി.പല രീതികളിൽ എന്റെ ജീവിതത്തിലും കുറേ വ്യത്യാസങ്ങൾ കൊണ്ടു വന്നു ഈ സിനിമ. എന്റെ അടുക്കൽ ഇപ്പോഴും ഈ സിനിമയുടെ കോപ്പിയുണ്ട്. പലപ്പോഴും എന്റെ കൂട്ടുകാരെയൊക്കെ ഇരുത്തി ഈ മൂവി ഞാൻ കാണിക്കാറുണ്ട്.
10-12 വയസ്സുള്ളപ്പോഴാണ് ഞാൻ ഈ സിനിമ കാണുന്നത്. അന്ന് കണ്ടപ്പോൾ ഇതിലെ നായകനായ കൗമാരപ്രായക്കാരൻ വില്യമുമായി എനിക്ക് വളരെയേറെ റിലേറ്റ് ചെയ്യാൻ പറ്റുന്നുണ്ടായിരുന്നു. യാത്ര, സംഗീതം, സൗഹൃദം... തുടങ്ങിയ സിനിമയിെല ഈ ഘടകങ്ങളെല്ലാം എന്നെ വളരെ സ്പർശിച്ചു. ഞാൻ സംവിധാനം ചെയ്ത ‘ആനന്ദ’വും ഏകദേശം സൗഹൃദം, പ്രണയം, യാത്ര ഇതെല്ലാം വരുന്ന സിനിമയാണ്. ആ തരത്തിലും എക്കാലവും എന്റെയുള്ളിൽ പ്രചോദനമായി നിൽക്കുന്ന സിനിമയെന്ന സ്ഥാനമാണ് ‘ഒാൾമോസ്റ്റ് േഫമസി’ന്.
‘ഒാൾമോസ്റ്റ് േഫമസ്’ നാല് അക്കാദമി അവാർഡ് നോമിനേഷനുകൾ നേടിയിരുന്നു. ബെസ്റ്റ് ഒറിജിനൽ സ്ക്രീൻ പ്ലേയ്ക്കുള്ള ബഹുമതി കരസ്ഥമാക്കുകയും ചെയ്തു. മറ്റ് നിരവധി അംഗീകാരങ്ങളും നേടിയ ഈ സുന്ദരമായ ചലച്ചിത്രം, കഴിഞ്ഞ പതിറ്റാണ്ടിലെ ഏറ്റവും മികച്ച സിനിമകളിലൊന്നായി കരുതപ്പെടുന്നു. ഹോളിവുഡിലെ ഏക്കാലത്തെയും മികച്ച 100 ചലച്ചിത്രങ്ങളുടെ ചില പട്ടികകളിലും ഇടം നേടിയിട്ടുണ്ട് ഈ സിനിമ.
വില്യം മില്ലറിന്റെ യാത്ര
കാമറോൺ ക്രോവിന് ഒരുപാട് അംഗീകാരങ്ങളും അനുമോദനങ്ങളും നേടിക്കൊടുത്ത ഈ സിനിമയെ വലിയൊരു അളവു വരെ ആത്മകഥാപരമെന്ന് വിശേഷിപ്പിക്കാം. കാരണം, ഇതിലെ നായകൻ വില്യം മില്ലർ റോളിങ് സ്റ്റോൺ മാഗസിനിൽ എഴുതുന്ന ടീനേജ് ജേർണലിസ്റ്റ് ആണ്. ക്രോവ് അതുപോലെ റോളിങ് സ്റ്റോൺ മാഗസിനിൽ ടീനേജ് കാലത്ത് തന്നെ എഴുതിയിരുന്നു. അന്നത്തെ പ്രമുഖ മ്യൂസിക് ബാൻഡുകൾക്കൊപ്പം അദ്ദേഹം യാത്ര ചെയ്യുകയും ആ ജീവിതം അടുത്തറിയുകയും ചെയ്തിരുന്നു. പ്രണയം, സംഗീതം, സ്ത്രീ പുരുഷ ബന്ധങ്ങൾ, ൈലംഗികത.. ഇതെല്ലാം തന്റെ കൗമാര പ്രായത്തിലെ ആ യാത്രയിൽ അടുത്തറിഞ്ഞിരുന്നതായി പിന്നീട് ക്രോവ് വെളിപ്പെടുത്തിയിട്ടുണ്ട്. സിനിമയിൽ വില്യം മില്ലർ േനരിടുന്ന അനുഭവങ്ങൾക്ക് വലിയൊരു അളവു വരെ ആധാരം ക്രോവിന്റെ യഥാർഥ ജീവിതത്തിലെ അനുഭവങ്ങളാണ്.
റോക്ക് ബാൻഡുകളുെട ജീവിതം
‘ഒാൾമോസ്റ്റ് ഫേമസ്’, റോക്ക് മ്യൂസിക് ബാൻഡുകളുടെ ജീവിതം അടുത്തു കാട്ടുന്ന സംഗീതയാത്രയാണെങ്കിലും ഒപ്പം തന്നെ, വില്യം മില്ലർ എന്ന ആദർശവാനായ കുട്ടി ജീവിതത്തിന്റെ യാഥാർഥ്യങ്ങൾ അടുത്തു കാണുന്നതിന്റെ കഥ കൂടിയാണ്. 1970 കളുടെ തുടക്കക്കാലത്തെ അമേരിക്കയിലെ ‘സ്റ്റിൽവാട്ടർ’ എന്ന റോക്ക് ബാൻഡിന്റെ മ്യൂസിക് ടൂറിന്റെ പശ്ചാത്തലത്തിലാണ് കഥ.
കോളജ് അധ്യാപികയും വിധവയും ആയ അമ്മ ശക്തമായ ജീവിത മൂല്യങ്ങളോടെ വളർത്തിയ കുട്ടിയാണ് വില്യം. യഥാർഥത്തിലുള്ള വയസ്സിലും കൂട്ടി പറഞ്ഞാണ് വില്യമിനെ അമ്മ സ്കൂളിൽ ചേർത്തിരിക്കുന്നത്. 11 വയസ്സുള്ളപ്പോൾ അവൻ വിശ്വസിക്കുന്നത് താൻ പന്ത്രണ്ടുകാരനാണെന്നാണ്. പോപ് സംഗീത സംസ്കാരം ചീത്തയാണെന്നും അത് കുട്ടികളെ വഴി തെറ്റിക്കുമെന്നും അമ്മ ഉറച്ചു വിശ്വസിക്കുന്നു. അതിനാൽ തന്റെ മക്കളെ അതിന്റെ സ്വാധീനത്തിൽ നിന്ന് അകറ്റി നിർത്താനും കർക്കശമായി ശ്രമിക്കുന്നു.
അമ്മയുടെ കർശന നയങ്ങളിൽ മനസ്സ് മടുത്താണ് വില്യമിന്റെ ചേച്ചി അനിറ്റ 18 വയസ്സായതോടെ വീടു വിട്ട് ഫ്ളൈറ്റ് അറ്റൻഡാകാൻ പോകുന്നത്. പക്ഷേ, അനിറ്റയുടെ ശേഖരമായ പോപ് മ്യൂസിക് ആൽബങ്ങൾ വില്യമിന് കൈമാറിയിട്ടാണു പോകുന്നത്. ആ ആൽബങ്ങൾ തനിച്ചിരുന്നു കേൾക്കുന്നതോടെ വില്യം പോപ് സംഗീതത്തിന്റെ ആരാധകനായി മാറുന്നു.അങ്ങനെയാണ് റോക്ക് ജേർണലിസ്റ്റാകാനും സംഗീതത്തെ അടുത്തറിയാനും അവനിൽ ആഗ്രഹമുണ്ടാകുന്നത്.
പല മാഗസിനുകളിലും വില്യം ഫ്രീ ലാൻസ് ജേർണലിസ്റ്റായി എഴുതാറുണ്ട്. അവൻ 15 വയസ്സു മാത്രമുള്ള കുട്ടിയാണെന്ന് ആർക്കും അറിയില്ലെങ്കിലും. റോളിങ് സ്റ്റോൺ മാഗസിനു വേണ്ടി സ്റ്റിൽവാട്ടർ റോക്ക് മ്യൂസിക് ബാൻഡിനൊപ്പം മ്യൂസിക് ടൂർ പോയി അവരുടെ ജീവിതം അടുത്തു കണ്ട് എഴുതാൻ അവന് അവസരം കിട്ടുന്നു. വിഖ്യാത റോക്ക് സംഗീത നിരൂപകൻ ലെസ്റ്റെർ ബാംഗ്സിന്റെ ഉപദേശങ്ങളും അവൻ തേടുന്നു. ‘സത്യസന്ധനും നിർദ്ദയനും ആകുക...’ ആ യാത്രയ്ക്കു മുൻപ് എഴുത്തിൽ വലിയ സ്വപ്നങ്ങൾ കാണുന്ന വില്യമിനോട് ബാംഗ്സ് നൽകുന്ന വിലപ്പെട്ട ഉപദേശം അതാണ്. അവൻ 15 വയസ്സുമാത്രം ഉള്ള കുട്ടിയാണെങ്കിലും ബാംഗ്സ് കാണുന്നത് ജോലിയിലെ അവന്റെ പ്രതിഭയും ആത്മാർഥതയും ആവേശവും ആണ്. ഒരിക്കലും ഡ്രഗ് ഉപയോഗിക്കരുതെന്ന് കർശന ഉപദേശം നൽകിയാണ് അമ്മ അവനെ യാത്രയാക്കുന്നത്.
പ്രണയം, സംഗീതം, യാത്ര
സാൻഡിയാഗോയിൽ വച്ച് സംഗീത പരിപാടിയുടെ ബാക്ക് സ്റ്റേജിൽ കയറിപ്പറ്റാൻ വില്യമിനു സാധിക്കുന്നു. സ്റ്റിൽവാട്ടർ മ്യൂസിക് ട്രൂപ്പിലെ ഗിറ്റാറിസ്റ്റ് റസ്സൽ ഹാമണ്ട് അവനോട് അനുകമ്പയോടെ പെരുമാറുന്നു. തികച്ചും പുതിയൊരു ലോകത്താണ് അവൻ എത്തിപ്പെടുന്നത്. അവിെട വച്ച് അവൻ പെന്നി ലെയ്ൻ എന്ന ‘ഗ്രൂപ്പി’ ആയ പെൺകുട്ടിെയ കണ്ടമുട്ടുന്നു.
റസ്സലിന്റെ കടുത്ത ആരാധികയായ പെന്നി. തന്റെ യഥാർഥ പേരെന്തെന്ന് ഒരിക്കലും വെളിപ്പെടുത്താത്ത പെന്നി പലപ്പോഴും ഒരു നിഗൂഢതയാണ്. തുടക്കത്തിൽ ഏതാനും ദിവസത്തേക്ക് മാത്രം സ്കൂളിൽ നിന്ന് വിട്ടു നിൽക്കാമെന്ന് കരുതി പോകുന്ന വില്യമിന് പക്ഷേ, പെട്ടെന്ന് തിരിച്ചു വരാനാകുന്നില്ല. താൻ പ്രതീക്ഷിച്ചതിനപ്പുറം സ്റ്റിൽവാട്ടർ ബ്രാൻഡിന്റെ സൗഹൃദക്കൂട്ടത്തിന്റെ ഭാഗമാകുന്നു അവൻ. സംഗീത ട്രൂപ്പിന്റെ ബസിൽ അവർക്കൊപ്പം യാത്ര ചെയ്യുകയാണ് അവനും. ട്രൂപ്പിലെ അംഗങ്ങൾക്കിടയിലുള്ള ഈഗോ, അവർക്കിടയിലെ ഹൃദയബന്ധങ്ങൾ, അവരുടെ സ്വപ്നങ്ങൾ, മുറിവുകൾ, പ്രണയ തകർച്ചകൾ... അവരുടെ സ്ട്രഗിൾ എല്ലാമവൻ ഉൾക്കാഴ്ചയോടെ അടുത്തു കാണുകയാണ്. സദാ ജാഗരൂകമാണ് അവന്റെ മനസ്സ്. അമ്മ തന്ന ഉപദേശങ്ങൾ മറക്കാതിരിക്കാനും അവൻ ശ്രദ്ധിക്കുന്നു. അതിനിടെയെപ്പോഴോ പെന്നിയും റസ്സലും തമ്മിലുള്ള ബന്ധത്തിന്റെ സങ്കീർണതകളും അവനെ മുറിപ്പെടുത്തുന്നു.. പെന്നിക്ക് റസ്സലിനോടുള്ള അന്ധമായ പ്രണയം. മറ്റൊരു കാമുകിയുള്ള റസ്സലിന് പക്ഷേ, അവളോടുള്ളത് താൽക്കാലിക ബന്ധം മാത്രം.. അത് അവനെ അലട്ടുന്നുണ്ട്.
കൗമാരത്തിന്റെയും യൗവനത്തിന്റെയും കഥ
അമ്മയുടെ കർശനമായ ഒാർമപ്പെടുത്തലുകളോടെയുള്ള ഫോൺ കോളുകൾ, റോളിങ് സ്റ്റോൺ ഒാഫീസിൽ നിന്നുള്ള ഡെഡ് ലൈൻ സംബന്ധിച്ച സമ്മർദമുണ്ടാക്കുന്ന വിളികൾ.. ഇതിനിടയിലെല്ലാം വില്യം തനിക്കെഴുതാനുള്ള സംഭവങ്ങൾ അതീവ ശ്രദ്ധയോടെ ശേഖരിക്കുന്നുണ്ട്. റസ്സലിന്റെ ഹൃദയം തുറന്നുള്ള അഭിമുഖമെടുക്കാൻ തികഞ്ഞ പ്രഫഷനലിനെപ്പോലെ ശ്രമിക്കുന്നുണ്ട്. ജീവിതത്തിലും കരിയറിലും സ്വപ്നങ്ങളിലും പിടിച്ചു കയറാനുള്ള വില്യമിന്റെ സ്ട്രഗിൾ കൂടിയാണ് ആ യാത്ര.
റസ്സലുമായുള്ള ബന്ധത്തിന്റെ ഹൃദയത്തകർച്ചയിൽ, അമിതമായി മയക്കു മരുന്ന് കഴിച്ച് ആത്മഹത്യയ്ക്കു ശ്രമിക്കുന്ന പെന്നിയെ വില്യം രക്ഷിക്കുന്നു. അപ്പോഴവൻ തിരിച്ചറിയുന്നുണ്ട്, തനിക്ക് പെന്നിയോട് പ്രണയമുണ്ടെന്ന്.
1973 ലെ അമേരിക്കൻ യുവത്വത്തിന്റെ കഥയാണെങ്കിലും മനസ്സിൽ ചെറുപ്പമുള്ള ആർക്കും ഇന്നും ഈ സിനിമയിലെ നിമിഷങ്ങളുമായി സ്വയം റിലേറ്റ് ചെയ്യാൻ പറ്റും. പതിനഞ്ചു വയസ്സുകാരൻ വില്യമുമായി ഏെതാരു കൗമാരക്കാരനും സ്വയം താദാത്മ്യം പ്രാപിക്കാനാകും. അവന്റെ മനസ്സിെല ആശയക്കുഴപ്പങ്ങൾ, സ്വപ്നങ്ങൾ, സംഗീതത്തോടുള്ള പ്രണയം, ആദ്യാനുരാഗം, പ്രണയത്തിനും സൗഹൃദത്തിനുമിടയിലെ അതിരുകളെ കുറിച്ചുള്ള സന്ദേഹങ്ങൾ..., ജീവിതത്തെ പുണരാനുള്ള വെമ്പൽ... എല്ലാം...
ഒരു കാലഘട്ടത്തിലെ അമേരിക്കൻ റോക്ക് സംഗീത ട്രൂപ്പുകളുെട ജീവിതത്തെ കുറിച്ചാണ് പറയുന്നതെങ്കിലും, ‘ഒാൾമോസ്റ്റ് ഫേമസ്’ കൗമാരത്തിന്റെയും യൗവനത്തിന്റെയും കഥയാണ്. ജീവിതം അതിന്റെ സർവ സ്വാതന്ത്ര്യത്തോടും കൂടി മുന്നിലുള്ളപ്പോൾ, കെട്ടുപാടുകളില്ലാതെ എങ്ങോട്ടും പോകാവുന്നൊരു യാത്ര പോലെ ജീവിതത്തിന്റെ വഴി നീണ്ടു കിടക്കുമ്പോൾ,, പെന്നി, വില്യം, റസ്സൽ എല്ലാവരിലും തന്നെ യുവത്വത്തിന്റെ അദമ്യമായ ഉണർവും പ്രതീക്ഷയും ഉൗർജവും ആണ് നിറഞ്ഞു നിൽക്കുന്നത്.
സിനിമ തീരുന്നതും ഒരു യാത്രയുടെ വിഷ്വലിലാണ്. പെന്നി എല്ലാ കാലത്തെയും തന്റെ സ്വപ്നമായ മൊറോക്കോയിലേക്ക് പോകാൻ ടിക്കറ്റെടുക്കുന്നു. സ്റ്റിൽവാട്ടർ ടീം അവരുടെ മ്യൂസിക് ടൂർ ട്രിപ് തുടരുന്നു. മുറിവുകളെയും ഹൃദയത്തകർച്ചകളെയും തെറ്റിദ്ധാരണകളെയുമെല്ലാം മറന്ന് ജീവിതം പുതിയ പ്രതീക്ഷകളോെട പുതിയ തീരങ്ങൾ തേടി യാത്ര തുടരുകയാണ്....