Thursday 17 September 2020 02:31 PM IST

25 വട്ടമെങ്കിലും കണ്ടിട്ടുണ്ടാകും, ഇനി കണ്ടാലും മടുക്കില്ല; ആത്മശുദ്ധീകരണങ്ങളുടെ ബെൻഹർ!

Sreerekha

Senior Sub Editor

sanjay

ഫ്രൈഡേ ടാക്കീസ്-മൈ മോസ്റ്റ് ഫേവറിറ്റ് മൂവി സിനിമാ കോളം

സഞ്ജയ് (തിരക്കഥാകൃത്ത്)

ബെൻഹർ (1959)

ഇരുട്ടും കരിയിലകളും മൂടി അനാഥമായിക്കിടക്കുന്ന തന്റെ പ ഴയ കൊട്ടാരക്കെട്ടിലേക്ക് ആ രാത്രി, ഒളിച്ചു കടക്കുന്ന ഒരാളെ പോലെ ബെൻഹർ വന്നെത്തി... അഞ്ചു വർഷങ്ങൾക്കു ശേ ഷം. അയാളെ കണ്ട് എസ്തേർ ആദ്യം നടുങ്ങി. പിന്നെ അവളുെട മുഖം സന്തോഷത്താൽ വിടർന്നു.. തടവുകപ്പലിൽ കിടന്ന് അയാൾ മരിച്ചെന്ന് എല്ലാവരും കരുതിയപ്പോഴും അത്ഭുതങ്ങളിൽ വിശ്വസിച്ചിരുന്ന അവളുെട മനസ്സ് പ്രതീക്ഷ കൈവെടിഞ്ഞിരുന്നില്ല.

അഞ്ചു വർഷം മുൻപത്തെ ആ രാവ് അവരുടെ മനസിൽ ഇന്നലെയെന്ന പോലെ തെളിഞ്ഞു. അടിമപ്പെൺകൊടിയായ അവളുെട വിവാഹം നിശ്ചയിക്കാൻ പോകുന്ന കാര്യം അച്ഛമ്മമാരോടൊപ്പം പറയാൻ വന്ന ദിവസം. അന്ന് അവളുെട കാതരമായ കണ്ണുകളിലേക്കു നോക്കി ബെൻഹർ പറഞ്ഞു: ‘നീ ഒരു വധുവല്ലായിരുന്നെങ്കിൽ നിനക്ക് ഞാൻ വിടപറയൽചുംബനം തന്നേേന..’ അതു കേൾക്കെ എസ്തേർ മറുപടിയേകി: ‘ഞാനൊരു വധുവല്ലായിരുന്നെങ്കിൽ ഒരിക്കലും വിടപറയില്ലായിരുന്നു...’

ആ പഴയ രാത്രിയിലെ വാക്കുകൾ രണ്ടുപേരും ഒാർത്തെടുക്കെ, അച്ഛനെ ശുശ്രൂഷിക്കാനായി ആ കല്യാണം വേണ്ടെന്നു വച്ച വിവരം പറഞ്ഞ് അവൾ മന്ത്രിച്ചു: ‌‘ഇന്ന് ഞാനൊരു വധുവല്ല...’ അവളോടുള്ള അടക്കി വച്ച പ്രണയം മുഴുവനും ആ നിമിഷം ബെൻഹറിന്റെ മിഴികളിൽ തെളിഞ്ഞു. അയാൾ അവളെ അമർത്തി ചുംബിച്ചു. പക്ഷേ, ആ നിമിഷത്തിലും അയാളുടെ മനസ് ഉരുകുകയായിരുന്നു. ജയിലിലടയ്ക്കപ്പെട്ട് വേർപിരിഞ്ഞു പോയ തന്റെ അമ്മയും സഹോദരിയും എവിടെയെന്നറിയാതെയുള്ള വേദനയിൽ, അതിനു കാരണക്കാരനായ മെസ്സാലയോടുള്ള പ്രതികാരാഗ്നിയിൽ ...!

‘െബൻഹറി’ലെ ഏറ്റവും വികാര തീവ്രമായൊരു നിമിഷമാണിത്. പല തരത്തിലും എന്നെ വിസ്മയിപ്പിച്ചതും പ്രിയങ്കരമായി ക രുതുന്നതുമായ സിനിമകൾ നിരവധിയുണ്ടെങ്കിലും, ഏറ്റവും പ്രിയപ്പെട്ടതായി ഞാൻ തിരഞ്ഞെടുക്കുന്നത് വില്യം വൈലർ സംവിധാനം ചെയ്ത ‘ബെൻഹർ’ ആണ് (1959). ല്യൂവാലസിന്റെ ‘ബെൻÐഹർ എ ടെയ്‌ൽ ഒാഫ് ദി ക്രൈസ്റ്റ്’ (1880) എന്ന നോവലാണ് സിനിമയ്ക്ക് ആധാരം. ചാൾട്ടൻ ഹസ്റ്റൺ ആണ് ബെൻഹർ എന്ന നായകനെ അനശ്വരമാക്കുന്നത്.

ആദ്യം കണ്ടപ്പോഴേ ആ ഫീൽ എന്നെ കീഴടക്കി

അച്ഛൻ (പ്രേംപ്രകാശ്) പലപ്പോഴും ‘ബെൻഹർ’ വളരെ മികച്ച സിനിമയാണെന്നു പറയാറുണ്ടായിരുന്നു. അച്ഛൻ പറഞ്ഞിട്ടാണ് ഞാനും ചേട്ടൻ ബോബിയും വീട്ടിലെ വീ‍ഡിയോ കസെറ്റിട്ട് ഈ സിനിമ കാണുന്നത്. 10Ð 12 വയസ്സുള്ളപ്പോഴാണ് ആദ്യം കാണുന്നത്. ആദ്യ കാഴ്ചയിൽ തന്നെ അത്രത്തോളം വലിയ ഫീൽ ആയിരുന്നു. ഇന്നും അതേ ഫീൽ ആണ് ബെൻഹർ കാണുമ്പോൾ. ഏറ്റവും കൂടുതൽ തവണ ഞാൻ കണ്ടിട്ടുള്ള സിനിമയും ബെൻഹർ തന്നെ. ഏകദേശം 25 തവണയെങ്കിലും ഞാൻ ബെൻഹർ കണ്ടിട്ടുണ്ടാവും. അതിലെ ഏത് സീൻ ചോദിച്ചാലും ഏത് ഡയലോഗ് ചോദിച്ചാലും പറയാവുന്നതു പോലെ ഹൃദിസ്ഥമാണ്. മൂന്നേ മുക്കാൽ മണിക്കൂർ ആണ് സിനിമയുടെ നീളം. ഇത്രയും നീണ്ട സിനിമ ഇപ്പോൾ കാണുമ്പോഴും ഒരു മിനിറ്റ് പോലും എനിക്കു ബോറടിക്കുന്നില്ല. അതിന്റെ കാരണം, ഈ സിനിമ സംസാരിക്കുന്നത് വളരെ സത്യസന്ധമായ മനുഷ്യാവസ്ഥയെക്കുറിച്ചും മനുഷ്യവികാരത്തെക്കുറിച്ചും ആണെന്നതാണ്.

san

ഞാൻ ബെൻഹർ ഇഷ്ടപ്പെടാനുള്ള മൂന്നു കാരണങ്ങൾ

പൂർണത: ഒരു സിനിമ പൂർണതയുള്ളതാകുന്നത് അതിന്റെ എല്ലാ ഡിപ്പാർട്ട്മെന്റും മികച്ചതാകുമ്പോഴാണ്. കഥ, തിരക്കഥ, സംവിധാനം, സിനിമാട്ടോഗ്രഫി, അഭിനയം, മ്യൂസിക്, ആർട് ഡയറക്‌ഷൻ, എഡിറ്റ്ങ് ഇതിലെല്ലാം ബെൻഹർ എക്സലൻസിൽ നിൽക്കുന്നു. താരങ്ങളുെട പെർഫോമൻസ്, സീനുകളുെട ഉന്നതനിലവാരം, സംവിധാനമികവ്, സിനിമാട്ടോഗ്രഫിയുടെ അപാരത.... ഇതെല്ലാം ഉൾച്ചേരുന്നൊരു ‘ഗ്രാൻഡിയർ’ ആണ് ബെൻഹർ നമ്മെ അനുഭവിപ്പിക്കുന്നത്. ഒരു വർഷമെടുത്തിരുന്നു സിനിമയുടെ സെറ്റുകൾ തയ്യാറാക്കാൻ. 18,000 ഏ ക്കറിൽ സെറ്റിട്ട് പതിനായിരത്തോളം ജൂനിയർ ആർടിസ്റ്റുക ൾ, രണ്ടായിരത്തോളം കുതിരകൾ ഇതെല്ലാം വച്ച് അരനൂറ്റാണ്ടു മുൻപുള്ള കാലത്ത് സിനിമ ഷൂട്ട് ചെയ്യുക എന്നത് ഇന്നു പോലും വിസ്മയാവഹമാണ്.

ലോകത്തിലെ തന്നെ ഏറ്റവും പ്രശസ്തമായ ആക്‌‌ഷൻ സീക്വൻസുകളിലൊന്നാണ് ‘ബെൻഹറി’ലെ ചാരിയറ്റ് റെയ്സ് സീൻ. ഒൻപതു മിനിറ്റ് നീളുന്ന ഈ സീൻ അതിഗംഭീരമാണ്. ഒരു വർഷമെടുത്തു, അതിന്റെ തയ്യാറെടുപ്പുകളും ഷൂട്ടിങ്ങിനും വേണ്ടി. ഇപ്പോൾ കാണുമ്പോൾ പോലും എങ്ങനെ ഈ സീൻ എടുത്തു എന്ന് അത്ഭുതപ്പെടാതിരിക്കാനാവില്ല. മികച്ച ചിത്രം, സംവിധാനം, ബെസ്റ്റ് ആക്ടർ, ബെസ്റ്റ് സപ്പോർട്ടിങ് ആക്ടർ എന്നിവയുൾപ്പെടെ 11 ഒാസ്കർ അവാർഡുകൾ നേടിയ ചിത്രമാണ് ‘െബൻഹർ’.

കഥ: ബെൻഹർ ഏറ്റവും പ്രിയപ്പെട്ടതാകാൻ മറ്റൊരു കാരണം അതിന്റെ കഥയാണ്. ഒരു മനുഷ്യായുസ്സിൽ ഒരാൾ കടന്നു പോകുന്ന എല്ലാ വികാരങ്ങളും ഈ സിനിമയിലുണ്ട്്. സ്നേഹം, സൗഹൃദം, പ്രണയം, ചതി, പക, സാഹസികത, ബന്ധങ്ങൾ, ക്ഷമ, മാപ്പുകൊടുക്കൽÐ എല്ലാ വികാരങ്ങളെയും ഇത്ര മനോഹരമായി സമന്വയിപ്പിച്ച് ഒരു സിനിമയിൽ കൊണ്ടു വരുന്നത് അപൂർവമാണ്. നാടകീയ മുഹൂർത്തങ്ങളെ ഒട്ടും മുഴച്ചു നിൽക്കാതെയാണ് പകർത്തിയിരിക്കുന്നത്. ഈ വികാരങ്ങളിലൂടെ നമ്മെ കൊണ്ടെത്തിക്കുന്നത് ശുദ്ധീകരിക്കപ്പെട്ട മാനസികാവസ്ഥയിലേക്കാണ്. സിനിമയിൽ ഞാനെപ്പോഴും ആഗ്രഹിക്കുന്നത് ഒരു ‘കഥാർസിസ്’ ആണ്. സിനിമ കണ്ട ശേഷം ഒരു ശുദ്ധീകരിക്കപ്പെട്ട വികാരം കൈവരണം. മനുഷ്യജന്മത്തിലെ എല്ലാ വികാരങ്ങളിലൂടെയും ബെൻഹർ നമ്മെ കടത്തി െകാണ്ടു പോകുന്നു. സിനിമ അവസാനിക്കുന്ന സമയത്ത് അതു നമ്മിൽ ബാക്കി വയ്ക്കുന്നത് ഈ ആത്മശുദ്ധീകരണം ആണ്. അത് ഒരു കമേഴ്സ്യൽ സിനിമയിൽ കിട്ടുന്നത് വളരെ അപൂർവമാണ്. കലാപരമായും കമേഴ്സ്യൽ ആയും പരിപൂർണമായും സമന്വയിപ്പിച്ച് എടുത്തിരിക്കുന്ന സിനിമയാണ് ബെൻഹർ.

ben

സംവിധാന മികവ്: ജീസസ് ക്രൈസ്റ്റിന്റെ കാലത്ത് നടക്കുന്ന കഥയായിട്ടാണ് സിനിമ കാണിക്കുന്നത്. ഇതിൽ നാലിടത്ത് ജീസസ് ക്രൈസ്റ്റ് വരുന്നു. സിനിമ തുടങ്ങുന്നത് ജീസസിന്റെ ജനനത്തോടെയാണ്. ഒരിടത്തു പോലും ക്രൈസ്റ്റിന്റെ മുഖം കാണിക്കുന്നില്ലെന്നതു ശ്രദ്ധേയമാണ്. എന്നാൽ പോലും സിനിമ കണ്ടു കഴിയുമ്പോൾ ആ കഥാപാത്രം നമ്മുടെ മനസ്സിൽ ആഴമേറിയ ഇംപാക്ട് സൃഷ്ടിക്കും. ലോകസിനിമയിലെ തന്നെ ഏറ്റവും പ്രശസ്തമായൊരു സീനുണ്ട്. ബെൻഹറിനെ അടിമയായി മരുഭൂമിയിലൂടെ െകാണ്ടു പോകുമ്പോൾ അയാൾക്കു ദാഹിച്ചു വലയുന്നു. ബെൻഹറിനു മാത്രം വെള്ളം െകാടുക്കുന്നില്ല. അയാളെ ഒരു രാജ്യദ്രോഹിയായി കരുതിയിരിക്കുന്നു. അയാൾ വെള്ളം കിട്ടാതെ തളർന്നു വീഴുമ്പോൾ ഒ രാൾ വന്ന് കാരുണ്യപൂർവം ദാഹജലം നീട്ടുന്നു. മുഖം കാണാതെ തന്നെ നമുക്കറിയാം അത് ജീസസ് ആണെന്ന്. സംവിധാനത്തിന്റെ അതുല്യമായ മികവാണത്.

കാലത്തെ വെല്ലുന്ന എപ്പിക് സിനിമ:

സിനിമാചരിത്രത്തിൽ പലവട്ടം ബെൻഹറിന്റെ കഥ പ്രമേയമായി സിനിമകൾ ഇറങ്ങിയിട്ടുണ്ടെങ്കിലും അതിൽ എപ്പിക് സിനിമയായി കാലത്തെ വെല്ലുന്നത് വില്യം വൈലറിന്റെ ‘ബെൻ ഹർ’ തന്നെയാണ്. ബൈബിളിനോടു ബന്ധപ്പെട്ട് പറയുന്ന ഉപകഥകളിലൊന്നായ ജൂദിയായിലെ ജൂദാ ബെൻഹറിന്റെ ദുരന്തകഥയാണ് സിനിമയുടെ പ്രമേയം. ക്രിസ്തുവിന്റെ കാല ഘട്ടത്തിലെ ജറുസലേമിെല ധർമിഷ്ഠനായ ജൂത രാജകുമാരനാണ് ബെൻഹർ. ബെൻഹറിന്റെ ബാല്യകാല സുഹൃത്തും റോമാ സാമ്രാജ്യത്തിന്റെ ഗവർണറും ആയ മെസ്സാല ബെൻഹറിനെ രാജ്യദ്രോഹിയായി ചിത്രീകരിച്ച് അടിമയാക്കി ജയിലിൽ അടയ്ക്കുന്നതും ബെൻഹറിന്റെ തിരിച്ചുവരവും പ്രതികാരവും ആണ് കഥാഗതിയെ മുന്നോട്ടു കൊണ്ടു പോകുന്നത്. പ്രതികാരത്തിലേക്കുള്ള ഒരു യാത്രയാണ് ‘ബെൻഹറി’ന്റെ പ്രമേയമെങ്കിലും, മെസ്സാലയുടെ മരണക്കിടക്കയ്ക്കരികെ നിൽക്കെ ബെൻഹറിന്റെ മനസ്സ് പ്രതികാരത്തിന്റെ നിഷ്ഫലതയറിയുന്നുണ്ട്. ക്രിസ്തുവിന്റെ ക്രൂശുവിചാരണയ്ക്കും ബെൻഹർ സാക്ഷിയാകുന്നു. അവസാനം, ക്ഷമയും മാപ്പു കൊടുക്കലുമാണ് ജീവിതത്തിൽ ഏറ്റവും വലുതെന്ന ക്രിസ്തുവചനങ്ങൾ ബെൻഹറിന്റെ മനസ്സിലെ പ്രതികാര ജ്വാലകളെ അണയ്ക്കുന്നു...

ഒരിക്കൽ ‘അത്ഭുതങ്ങളിൽ താൻ വിശ്വസിക്കുന്നില്ലെ’ന്നു പറഞ്ഞ ബെൻഹർ തിരിച്ചറിയുന്നു; അത്ഭുതങ്ങൾ സംഭവിക്കാമെന്ന്. കുഷ്ഠരോഗികളുെട താഴ്‍വരയിൽ നിന്ന് അയാളുെട അമ്മയും സഹോദരിയും സുഖം പ്രാപിക്കുന്നു. എസ്തേർ തിരിച്ചറിയുന്നു, ഒരിക്കൽ തനിക്ക് എന്നേക്കുമായി നഷ്ടപ്പെട്ടെന്ന് കരുതിയ പഴയ ബെൻഹറിനെ തിരിച്ചു കിട്ടിയെന്ന്...!

121

ക്രിസ്തുവിന്റെ ക്രൂശുമരണനേരത്ത് അന്ധകാരവും കൊടുങ്കാറ്റും മൂടുന്ന ആ ദേശമാകെ പിന്നീട് ആകാശത്തു നിന്നു പൊ ഴിയുന്ന കണ്ണീരു പോലുള്ള മഴയിൽ തെളിയുന്നു. ഭൂമിയിലെ ചോരപ്പാടുകളെ മായ്ക്കുന്ന തണുത്ത മഴ... ആ മഴ പ്രേക്ഷകരുടെ മനസ്സിനെ കൂടി ആത്മവിശുദ്ധിയിൽ നനയ്ക്കുകയാണ്!