എന്റെ പ്രിയ സിനിമ- അനിൽ രാധാകൃഷ്ണമേനോൻ (സംവിധായകൻ)
സെവൻ സമുരായ് (1954 )
ഏഴോ എട്ടോ വയസ്സുള്ളപ്പോഴാണ് ഞാൻ അക്കിരാ കുറസോവയുടെ ‘സെവൻ സമുരായ്’ ആദ്യം കാണുന്നത്. ഹൈദ രാബാദിൽ വച്ച് ഒരു വെക്കേഷൻ കാലത്താണ്. അച്ഛൻ ഞങ്ങൾ കുട്ടികളെ ആ സിനിമ കാണിക്കാനായി കൊണ്ടു പോയത്. ആദ്യ കാഴ്ചയിൽ ജാപ്പനീസ് ഭാഷയിലുള്ള സബ്ടൈറ്റിലും ഇല്ലാത്ത ഈ സിനിമയെക്കുറിച്ച് ഒന്നും മനസ്സിലായിരുന്നില്ലെന്നതാണ് സത്യം. സാധാരണ കങ്ഫു സിനിമകൾ പോലെ യുള്ള അടിയൊന്നുമല്ല. നിറയെ പോരാട്ടവും ബഹളവും നിലവിളികളും കുതിരയോട്ടവും ഒക്കെ നിറഞ്ഞ ശബ്ദമുഖരിതമായ മൂന്നര മണിക്കൂർ നീണ്ട ബ്ലാക്ക് ആൻഡ് വൈറ്റ് സിനിമ. സാധാരണ സിനിമയിൽ നിന്നൊക്കെ വ്യത്യസ്തം.
പിന്നീട് ‘സെവൻ സമുരായ്’ വീണ്ടും കണ്ടു. 86 – 87 കാലത്താണ്. വീഡിയോ കസെറ്റ് യുഗത്തിന്റെ സമയത്ത്. അക്കാലത്ത് പ്രശസ്തമായ ക്ലാസിക് സിനിമകളെല്ലാം ഞാൻ തേടിപ്പിടിച്ച് കാണുന്ന സമയമായിരുന്നു. അങ്ങനെയാണ് കുട്ടികാലത്ത് കണ്ടതിന്റെ ഓർമയിൽ ഈ സിനിമ വീണ്ടും കാണുന്നത്. അപ്പോഴാണ് ഈ സിനിമയുടെ ആഴവും പരപ്പും വിശാലതയും മനസ്സിലാകുന്നത്. എത്ര വലിയൊരു ക്യാൻവാസിലാണ് കഥ പറഞ്ഞിരിക്കുന്നതെന്ന് വിസ്മയത്തോടെ തിരിച്ചറിയുന്നത്. ഒരു എപ്പിക് സിനിമയെന്ന് തന്നെ പറയാം. അക്കിരാ കുറസോവയുടെ മാസ്റ്റർപീസ് ചിത്രവും ഇതു തന്നെ.
‘സെവൻ സമുരായ്’ അന്നു കണ്ട് എന്റെ പ്രിയ സിനിമയായി മാറിയ ശേഷം ഏകദേശം മുപ്പതു തവണയെങ്കിലും ഞാനതു വീണ്ടും കണ്ടിട്ടുണ്ട്. ഒാരോ കാഴ്ചയിലും ആ സിനിമ പുതിയ അനുഭവമാണ് സമ്മാനിച്ചിട്ടുള്ളത്. ഒാരോ സീനും ഡയലോഗും പോലും എനിക്കു കാണാപ്പാഠം പോലെ അറിയാം. ഗ്രാമത്തെ സംരക്ഷിക്കാൻ വന്ന ഏഴു സമുരായ്‌മാരും ഗ്രാമം കൊള്ളയടിക്കാനായെത്തുന്ന ഡാക്കോയിറ്റുകളും തമ്മിലുള്ള ഏറ്റമുട്ടലിന്റെ കഥയാണ് സിനിമ പറയുന്നതെങ്കിലും ഒരുപാട് നർമം കലർന്ന നിമിഷങ്ങളും തമാശകളും ഇതിലുണ്ട്. കുറസോവ സിനിമകളിൽ എനിക്ക് ഏറ്റവും ഇഷ്ടം ഇതാണ്. സിനിമയുടെ ബിഗ് ക്യാൻവാസ്, എങ്ങനെയിതു ഷൂട്ട് ചെയ്തുവെന്നു പോലും നമ്മളെ അതിശയിപ്പിക്കും. ഒരു ചാർക്കോളിൽ വരച്ച ചിത്രം പോലെ, അത്ര വ്യക്തമായും സൂക്ഷ്മമായും ഡിെഫെൻഡ് ആണ് ഒാരോ കാരക്റ്ററും.
ഏഴു പോരാളികളുെട കഥ
16 ാം നൂറ്റാണ്ടിലെ ഫ്യൂഡൽ ജപ്പാനിലെ ഗ്രാമീണ ജീവിതത്തിന്റെ പശ്ചാത്തലത്തിലാണ് ‘സെവൻ സമുരായ്’യുെട കഥ. ബ്ലാക്ക് ആൻഡ് ൈവറ്റിലാണ് സിനിമയെങ്കിലും ഗ്രാമവും ഗ്രാമീണരും അവിടുത്തെ ജീവിതവും അത്ര ഒറിജിനാലിറ്റിയോടെയാണ് പകർത്തിയിരിക്കുന്നത്. തുടക്കത്തിൽ മലയടിവാരത്തിലെ ആ ഗ്രാമം െകാള്ളയടിക്കാമെന്ന് കൊള്ളക്കാരുടെ സംഘം തീരുമാനിക്കുകയും അവരുെട സംഭാഷണം ഒളിഞ്ഞു നിന്നു കേൾക്കുന്ന ഗ്രാമീണകർഷകൻ ഗ്രാമത്തിലുള്ളവർക്കു മുന്നറിയിപ്പു കൊടുക്കുകയും ചെയ്യുന്നതാണ്. ഗ്രാമത്തിലെ പ്രായം ചെന്നയാളിന്റെ ഉപദേശപ്രകാരമാണ് ഗ്രാമത്തെ സംരക്ഷിക്കാൻ സമുരായ്‌മാരെ വാടകയ്ക്കെടുക്കുന്നത്. അവർക്ക് പ്രതിഫലമായി കൊടുക്കാൻ പണമില്ല. ഭക്ഷണം മാത്രമേയുള്ളു. അങ്ങനെ ഭക്ഷണത്തിനു വകയില്ലാതെ ‘വിശന്നിരിക്കുന്ന’ സമുരായ്‌മാരെ വാടകയ്െക്കടുക്കാമെന്ന തീരുമാനത്തിലെത്തുന്നു. സമുരായ് വരുന്നതിനെ ഗ്രാമീണർ ആദ്യം അത്ര സ്വാഗതം ചെയ്യുന്നില്ല. പക്ഷേ, പിന്നീടവർ സമുരായ്‌മാരോട് രമ്യതയിലും വിശ്വാസത്തിലും ആകുന്നു.
കാംബി ആണ് സമുരായ്മാരുടെ നേതാവ്. കൂടാെട ആറു പേർ കൂടിയുണ്ട്. ഏഴു സമുരായ്മാരുടെയും കഥാപാത്രങ്ങളുടെ വ്യക്തിത്വം അതീവ സൂക്ഷ്മമായിട്ടാണ് നിർവചിച്ചിരിക്കുന്നത്. നേതാവായ കാംബി ഒരു സെൻ സന്ന്യാസിയുടേതു പോലുള്ള സംയമനവും ആത്മനിയന്ത്രണവും പ്രകടിപ്പിക്കുന്ന കഥാപാത്രമാണ്. മറ്റ് ഒാരോ സമുരായ്മാർക്കും അവരുടേതായ പ്രത്യേകതകളുണ്ട്. ഏഴാമത്തെ സമുരായ് കിക്കുച്ചിയോയെ മറ്റുള്ളവർ ആദ്യം കൂടെ കൂട്ടുന്നില്ലെങ്കിലും അയാളവരെ പിൻതുടുന്നു. അവരിൽ ഒരാളായി കൂടെ ചേരുന്നു. കിക്കുച്ചിയോ ജന്മം കൊണ്ട് സമുരായ് അല്ല. കർഷകന്റെ മകനായി ജനിച്ച അയാൾ പിന്നീട് സമുരായ് ആറി മാറിയതാണ്. വന്യമായ സ്വഭാവവും പ്രവചനാതീതമായ പെരുമാറ്റവും ഉള്ള കിക്കുച്ചിയോ ആണ് കൂട്ടത്തിേലറ്റവും ആേവശക്കാരനും ധൈര്യശാലിയും എടുത്തുചാട്ടക്കാരനും. ഗ്രാമത്തിലെ കുട്ടികളുടെ ഇഷ്ടം വേഗം കവരുന്നു അയാൾ. പക്ഷേ, ഗ്രാത്തിലെ കുതിരയെ ഒാടിക്കാൻ കിക്കുച്ചിയോ പരാജയപ്പെടുന്ന രംഗം ചിരിയുണർത്തുന്നു.
സമുരായ്‌യുടെ രഹസ്യ പ്രണയം
കറ്റ്സുഷിരോ എന്ന യുവാവും സുന്ദരനുമായ സമുരായ് ഗ്രാമത്തിലെ കർഷകന്റെ മകളായ ഷിനോയുമായി രഹസ്യപ്രണയത്തിലാകുന്നു. ഒരു കർഷകന്റെ മകൾക്ക് ഒരിക്കലും ഒരു സമുരായിയെ കല്യാണം കഴിക്കാനാകില്ല. എങ്കിലും അവർ രഹസ്യമായി കണ്ടുമുട്ടുന്നു. പക്ഷേ, കൊള്ളക്കാരുമായുള്ള വലിയ ഏറ്റുമുട്ടലിന്റെ തലേരാത്രിയിൽ അവരുടെ പ്രണയം പരസ്യമാവുകയും ഷിനോയുടെ അച്ഛൻ അതിന്റെ പേരിൽ മകളെ മർദിക്കുകയും െചയ്യുന്നു.
പോരാടാൻ വിധിക്കപ്പെട്ട സമുരായിയുടെ ജീവിതത്തിൽ പ്രണയത്തിനോ മരണത്തിനോ അധികം പ്രസക്തിയില്ല. കുറച്ച് ഭക്ഷണം മാത്രം പ്രതിഫലമായി കിട്ടുന്ന ഈ ജീവന്മരണപ്പോരാട്ടത്തിന് എന്തിനാണ് സമുരായ് തയ്യാറാവുന്നതെന്ന് നമുക്കു തോന്നാം. കാരണം, അതവരുെട സമൂഹത്തിലെ ഉത്തരവാദിത്തമാണെന്നതാണ്. മൂന്നര മണിക്കൂർ നീണ്ട സിനിമയിലുടനീളം ആക്ഷൻ സീനുകളും പോരാട്ടത്തിന്റെ കാഹളങ്ങളും നിലവിളിയൊച്ചകളും കൊലയും പോർവിളിയും ആയുധങ്ങളുടെ കലമ്പലുമെല്ലാം നിറഞ്ഞ് ശബ്ദമുഖരിതമാണ്. മഴയിൽ കുതിർന്ന ഗ്രാമത്തിലെ ചെളി നിറഞ്ഞ മണ്ണിൽ അമ്പും വില്ലും വാളുമെല്ലാമുപയോഗിച്ച് പോരാളികളേറ്റു മുട്ടുന്ന രംഗങ്ങൾ അങ്ങേയറ്റം ഒറിജിനാലിറ്റിയോടെയാണ് ചിത്രികരിച്ചിരിക്കുന്നത്.
അവസാനത്തെ വൻ ഏറ്റുമുട്ടലിനു മുൻപായി, കുതിരപ്പുറത്തു വരുന്ന കൊള്ളക്കാരെ കാത്തിരിക്കുന്ന രാത്രി കാംബി പറയുന്നുണ്ട് ‘ഇതാണ് അവസാനയുദ്ധം’ എന്ന്. ഗ്രാമീണരും സമുരായ്‌മാരും ഒന്നു ചേർന്ന് പോരാടി നാൽപതു കൊള്ളക്കാരെയും അവസാനം പോരാട്ടത്തിൽ വക വരുത്തുന്നു. പക്ഷേ, സമുരായ്‌മാരിൽ ഏഴു പേരിൽ മൂന്ന് പേർ മാത്രമാണ് അവശേഷിക്കുന്നത്. കിക്കുച്ചിയോയും മരണപ്പെടുന്നു. യുദ്ധത്തിലെ മുറിവേൽക്കലും മരണവും സിനിമയിൽ ആവർത്തിച്ചു സംഭവിക്കുന്നെങ്കിലും അത് ഒരു സാധാരണ സംഭവം മാത്രമാണ്. ഒരു സമുരായ്‌യെ സംബന്ധിച്ച് സമൂഹം തന്നെയേൽപിക്കുന്ന ചുമതല, തന്റെ കടമ മാത്രമാണ് ഏറ്റവും പ്രധാനം.
കൊള്ളക്കാരുടെ ഭീഷണി വിട്ടൊഴിഞ്ഞു പോയ ഗ്രാമത്തിൽ ഗ്രാമീണർ വീണ്ടും സാധാരണ ജീവിതത്തിലേക്കും വിളവെടുപ്പിന്റെ ആഹ്ളാദങ്ങളിലേക്കും തിരികെ വരുന്നു. അവരെ നോക്കി നിൽക്കെ കാംബി പറയുന്നു. ‘ഈ യുദ്ധവും നമ്മെ സംബന്ധിച്ച് തോൽവിയാണ്. വിജയം ആ കർഷകരുടെ സ്വന്തമാണ്... ’
എക്കാലത്തെയും ഇൻസ്പിരേഷൻ
1954 ൽ ഇറങ്ങിയ ഈ കുറസോവ മൂവി പിന്നീട് ഈ ജോനറിൽ പെട്ട ഒരുപാട് ഹോളിവുഡ് ചിത്രങ്ങൾക്കു പ്രചോദനമായി. ഒരുപക്ഷേ, ഏറ്റവുമധികം സിനിമയകൾക്ക് ഇൻസ്പിരേഷൻ നൽകിയ സിനിമയും ഏറ്റവും റീമേക്കുകൾ വന്ന സിനിമയും അക്കിരാ കുറസേവയുടെ ഈ മാസ്റ്റർ പീസ് ആകാം.ഒരു കൂട്ടം പോരാളികളുെട ടീം ഒന്നിച്ച് ഒരു മിഷൻ കൈവരിക്കാൻ ഇറങ്ങിപ്പുറപ്പെടുന്ന സിനിമകൾ പിന്നീട് വന്ന പതിറ്റാണ്ടുകളോളം ഹോളിവുഡിലെ വിജയ ഫോർമുലയായി മാറി. ‘മാഗ്നിഫിസന്റ് സെവൻ’ സെവൻ സമുരായ്‌യുടെ ഹോളിവുഡ് റീമേക്ക് ആയി ഇറങ്ങിയതാണെങ്കിലും സെവൻ സമുരായ് പോലെ ആകർഷകമായി തോന്നിയില്ല.
ഡാക്കോയ്റ്റ്സിന്റെ കഥ പറയുന്ന, ഇതിൽ നിന്ന് പ്രചോദനമുൾക്കൊണ്ട ഒരുപാട് സിനിമകളുണ്ട്. ഈ സിനിമകളെല്ലാം ഞാൻ കണ്ടിട്ടുണ്ടെന്ന് തോന്നുന്നു. എന്റെ സിനിമ ‘സപ്തമശ്രീതസ്കര’യിൽ ‘സെവൻ സമുരായ്’യുടെ ഇൻസ്പിരേഷനുണ്ട്. തസ്കരന്മാരായ ഏഴു പേർ. ചിലർ തമ്മിലറിയാം; ചിലർ അപരിചിതരാണ്. ഈ പ്രചോദനത്തെ കുറിച്ച് ഞാൻ മുൻപ് ഒരിടത്തും പറഞ്ഞിട്ടില്ല. പക്ഷേ, എക്കാലത്തെയും എന്റെ പ്രിയ സിനിമ, ‘സപ്തമശ്രീ തസ്കര’ ഒരുക്കുമ്പോൾ എന്നെ പ്രചോദിപ്പിച്ചിരുന്നുവെന്നതാണ് സത്യം. പേരിൽ പോലും ഉണ്ട് ആ ഇൻസ്പിരേഷൻ.