എന്റെ പ്രിയ സിനിമ-കമല്‍ ( സംവിധായകന്‍)
ബൈസൈക്കിള്‍ തീവ്‌സ് (1948)
മഴയില്‍ നനഞ്ഞു കുതിര്‍ന്ന ഇറ്റാലിയന്‍ നഗരത്തിലെ തെരുവിലൂടെ തന്റെ നഷ് ടപ്പെട്ട സൈക്കിളും തേടിയലയുന്ന അന്റോണിയോയും അയാളുടെ മകന്‍ ബ്രൂണോയും... 'ബൈസൈക്കിള്‍ തീവ്‌സ് ' ആദ്യമായി കണ്ട സമയത്തേ ആ ദൃശ്യം എന്റെ മനസ്സില്‍ ആഴത്തില്‍ പതിഞ്ഞിരുന്നു. ഇന്നും ആ സിനിമയുണ്ടാക്കിയ നൊമ്പരവും ഹൃദയ വ്യഥയും തെല്ലും മങ്ങാതെ അതു പോലെ തന്നെ മനസ്സിന്റെ ആഴത്തില്‍ പതിഞ്ഞു കിടക്കുന്നു.
കോളജില്‍ പഠിക്കുന്ന കാലത്ത് കൊടുങ്ങല്ലൂരില്‍ സജീവമായിരുന്ന ഫിലിം സൊസൈറ്റി വഴി ശ്രീകാളീശ്വരി തിയേറ്ററില്‍ പ്രദര്‍ശിപ്പിച്ച സമയത്താണ് ഞാന്‍ ആദ്യമായി ഈ ചലച്ചിത്രം കണ്ടത്. ലോകമെങ്ങുമുള്ള മഹാരഥന്മാരായ ചലച്ചിത്രകാരന്മാരുടെ ക്ലാസിക് സിനിമകള്‍ ആവേശത്തോടെ തിരഞ്ഞു പിടിച്ച് ഞാന്‍ കാണുന്ന കാലം. അന്ന് പല മാസ്‌റ്റേഴ്‌സിന്റെയും ലോക പ്രശസ്തമായ സിനിമകള്‍ കണ്ടിട്ടുണ്ട്. അതില്‍ ഒരുപാടെണ്ണം എനിക്ക് പ്രിയപ്പെട്ടവയായുണ്ട്. എങ്കിലും ഏറ്റവും പ്രിയപ്പെട്ട സിനിമയേതെന്ന് ആലോചിക്കുമ്പോള്‍ ആദ്യം തെളിയുന്നത് 'ബൈസൈക്കിള്‍ തീവ്‌സ് ' എന്ന പേരാണ്.
ല്യൂഗി ബര്‍തൊലിനിയുടെ നോവലിനെ ആസ്പദമാക്കി വിറ്റോറിയോ ഡെ സിക്ക സംവിധാനം ചെയ്ത ഈ ചലച്ചിത്രത്തിന്റെ തിരക്കഥ സിസെയര്‍ സവാറ്റിനിയാണ് രചിച്ചിരിക്കുന്നത്. 1948 ല്‍ ഇറങ്ങിയ ഈ സിനിമ, നിയോ റിയലിസ്റ്റിക് സിനിമയുടെ തുടക്കക്കാലത്തെ ഏറ്റവും ശക്തമായ സിനിമയായി കരുതപ്പെടുന്നു. അന്നത്തെ യുദ്ധാനന്തര യൂറോപ്പിന്റെ, ഇറ്റലിയുടെ സാമൂഹ്യ ജീവിതവും അതിന്റെ പൊളിറ്റിക്‌സും ഇതില്‍ നേരോടെ തുറന്നു കാട്ടുകയാണ്. നിയോ റിയലിസ്റ്റിക് മൂവ്‌മെന്റിന്റെ മുഖമുദ്രയായി കരുതപ്പെടുന്ന ഈ സിനിമ, ലോകമെങ്ങുമുള്ള സിനിമാ പ്രവര്‍ത്തകരുടെ മുന്നില്‍ ഒരു പാഠപുസ്തകമാണ് എക്കാലവും.
ആ സൈക്കിളിന്റെ മണിനാദം തേടിയലയുന്ന അച്ഛനും മകനും
എന്നും എവിടെയും പ്രസക്തമായ സിനിമ എന്ന രീതിയിലാണ് 'ബൈസൈക്കിള്‍ തീവ്‌സ് ' എന്റെ പ്രിയങ്കരമായ ചലച്ചിത്രമാകുന്നത്. രണ്ടാം ലോക മഹായുദ്ധത്തിനു ശേഷമുള്ള ഇറ്റലിയിലെ പട്ടിണിയും ദുരിതവും തൊഴില്‍ രാഹിത്യവും നിറഞ്ഞ രൂക്ഷമായ ജീവിത ചുറ്റുപാടിലാണ് ഇതിന്റെ കഥ വിവരിക്കപ്പെടുന്നത്.
യുദ്ധാനന്തര ഇറ്റലിയിലെ ദാരിദ്ര്യവും കഷ്ടപ്പാടും നിറഞ്ഞ സാഹചര്യത്തില്‍ ജീവിക്കാനൊരു വഴിയില്ലാതെ ബുദ്ധിമുട്ടുന്ന തൊഴില്‍ രഹിതനായ യുവാവാണ് ഇതിലെ നായകന്‍ അന്റോണിയോ റിക്‌സി. ഭാര്യയും കൊച്ചുകുട്ടിയായ മകനും അടങ്ങുന്ന കുടുംബത്തോട് അയാള്‍ക്ക് അളവറ്റ സ്‌നേഹമുണ്ട്. പക്ഷേ, പട്ടിണിയും ദുരിതവും നീട്ടി ഒരു വെല്ലുവിളിയായി ജീവിതം മുന്നില്‍ നില്‍ക്കുകയാണ്. ഒരു ദിവസം അയാള്‍ക്ക് കരാര്‍ അടിസ്ഥാനത്തിലുള്ള ജോലി കിട്ടുന്നു. നഗരത്തിന്റെ തെരുവുകളില്‍ സിനിമാ പോസ്റ്റര്‍ ഒട്ടിക്കുന്ന ജോലി. പക്ഷേ, സ്വന്തമായി സൈക്കിള്‍ ഉണ്ടെങ്കിലേ ആ ജോലി അയാള്‍ക്ക് കിട്ടൂ. ആ ജോലി ലഭിച്ചാല്‍ തങ്ങളുടെ കഷ്ടപ്പാടൊക്കെ തീരും എന്ന് അയാള്‍ ഭാര്യയോട് പറയുന്നു. പണത്തിനു ബുദ്ധിമുട്ടാണെങ്കിലും പുതപ്പുകള്‍ പണയം വച്ച് അവരൊരു സൈക്കിള്‍ സ്വന്തമാക്കുന്നു. ആ സൈക്കിളില്‍ തന്റെ മകനെയും കൂട്ടി തെരുവിലൂടെ പോയി സിനിമാ പോസ്റ്ററുകള്‍ ഒട്ടിക്കുന്നു അന്റോണിയോ. അയാളിപ്പോള്‍ ഏറ്റവും സന്തോഷവാനാണ്. പക്ഷേ, ആ സന്തോഷത്തിന് ഒട്ടും ആയുസ്സില്ലായിരുന്നു. ഏണിയില്‍ കയറി നിന്ന് തെരുവിലെ ചുവരില്‍ പോസ്റ്റര്‍ ഒട്ടിക്കുന്നിതിനിടെ അപ്പുറത്ത് ചാരി വച്ചിരുന്ന അയാളുടെ സൈക്കിളുമെടുത്ത് ഒരു മോഷ്ടാവ് കടന്നു കളയുന്നു. അയാളുടെ പിന്നാലെ ആര്‍ത്തു വിളിച്ച് അന്റോണിയോ പായുന്നെങ്കിലും കള്ളനെ പിടി കിട്ടുന്നില്ല. ആ സൈക്കിളുമായി അതി വിദഗ്ധമായി ആ കള്ളന്‍ രക്ഷപ്പെട്ടു കഴിഞ്ഞു.

ആകെ തകര്‍ന്നു പോയ അന്റോണിയോയും മകനും നഷ്ടപ്പെട്ട സൈക്കിള്‍ തേടി തെരുവിലൂടെ അലയുന്നതാണ് പിന്നീടുള്ള സിനിമയുടെ യാത്ര. ആ അലച്ചിലില്‍ അവ!ര്‍ നേരിടുന്ന നൊമ്പരവും നിസ്സഹായതയും പ്രതീക്ഷയും പ്രതീക്ഷയില്ലായ്മയുമൊക്കെ പ്രേക്ഷകരുടെ ഹൃദയത്തെ പിടിച്ചുലയ്ക്കുന്നതാണ്. ജീവിതം ഒന്ന് കരുപ്പിടിപ്പിക്കാന്‍, പട്ടിണിയില്ലാതെ ജീവിക്കാന്‍ ആ സൈക്കിള്‍ തിരിച്ചു കിട്ടുക മാത്രമാണ് അന്റോണിയോയുടെ മുന്നിലെ ഏക വഴി. അതിനു വേണ്ടി അയാള്‍ തന്നെ കൊണ്ടാവുന്ന എല്ലാ ശ്രമങ്ങളും നടത്തുന്നു. കൊച്ചു കുട്ടിയായ മകന്‍ ബ്രൂണോയും അച്ഛനെ സഹായിക്കാന്‍ പരമാവധി ശ്രമിക്കുന്നു. പക്ഷേ, ജീവിതവും തിരക്കു പിടിച്ച ആ നഗരത്തെരുവും അതിന്റെ കരുണയറ്റ മുഖവുമായി അവര്‍ക്കു മുന്നില്‍ നില്‍ക്കുകയാണ്. പൊലീസിനെ സമീപിക്കുമ്പോള്‍ ഒരു സൈക്കിള്‍ മോഷണം പോയെന്ന അയാളുടെ പരാതി അവരെ സംബന്ധിച്ച് തീരെ നിസ്സാരമാണ്. പക്ഷേ, അതു തന്റെ ജീവിതമാണെന്ന് അന്റോണിയോ എങ്ങനെ അവരെ ബോധ്യപ്പെടുത്തും! മുന്‍പ് വിശ്വാസമില്ലാതിരുന്ന ഭാവിഫലപ്രവചനക്കാരിയുടെ അടുത്തു പോലും അയാള്‍ പോകുന്നു. പക്ഷേ, അവിടെയും വഴിയൊന്നും മുന്നില്‍ തെളിയുന്നില്ല.
സൈക്കിള്‍ അതിന്റെ പാര്‍ട്‌സുകളാക്കി മോഷ്ടാവ് വിറ്റോയെന്നറിയാന്‍ അന്റോണിയോയും മകനും തെരുവില്‍ സൈക്കിള്‍ പാര്‍ട്‌സ് വില്‍ക്കുന്നിടത്തെല്ലാം തേടി നടക്കുന്നു. മഴയിലും ജനത്തിരക്കിലും വിശന്നു പൊരിഞ്ഞും തളര്‍ന്നും അവര്‍ അലയുകയാണ്... ഒരു തവണ മോഷ്ടാവെന്ന് കരുതുന്ന യുവാവിനെ അന്റോണിയോ പിന്‍ തുടര്‍ന്ന് ഒരു വേശ്യാലയത്തില്‍ വച്ച് പിടി കൂടുന്നു. അയാളാണ് തന്റെ സൈക്കിള്‍ കട്ടെടുത്തതെന്ന് അന്റോണിയോയ്ക്ക് ഉറപ്പാണ്. പക്ഷേ, തെളിവൊന്നുമില്ല. പൊലീസിന്റെ സഹായം തേടിയെങ്കിലും അന്റോണിയോയ്ക്ക് ആ യുവാവാണ് അതു മോഷ്ടിച്ചതെന്നതിനു തെളിവ് കൊടുക്കാനാവുന്നില്ല. ആ തെരുവിലെ ആളുകള്‍ മുഴവനും ആ യുവാവിനൊപ്പമാണ്. നിസ്സഹായനായി, തോറ്റവനായി അന്റോണിയോ അവിടെ നിന്നും പിന്‍വാങ്ങുന്നു. മകനും അയാളെ പിന്‍ തുടര്‍ന്ന് കൂടെയുണ്ട്.
ഒടുവില്‍ അന്റോണിയോ തീരുമാനിക്കുന്നു. തന്റെ ജോലി പോകാതിരിക്കാന്‍, ഒരു സൈക്കിള്‍ സ്വന്തമാക്കാന്‍ ഇനി ഒറ്റ വഴിയേയുള്ളൂ. ഒരു സൈക്കിള്‍ മോഷ്ടിക്കുക. അങ്ങനെ തെരുവില്‍ ആളൊഴിഞ്ഞ കെട്ടിടത്തിന്റെ പരിസരത്തു കണ്ട ഒരു സൈക്കിളുമെടുത്ത് അന്റോണിയോ പെട്ടെന്ന് കടന്നു കളയാന്‍ ശ്രമിക്കുന്നു. പക്ഷേ, അവിടെയും അയാള്‍ ഭാഗ്യഹീനനാണ്. ആ സൈക്കിളിന്റെ ഉടമ അന്റോണിയോയെ ആളെ കൂട്ടി പിന്‍തുടര്‍ന്ന് പിടി കൂടുന്നു... ആള്‍ക്കൂട്ടത്തിന്റെ നടുവില്‍ തന്റെ മകന്റെ മുന്നില്‍ അയാള്‍ മോഷ്ടാവായി അപമാനിതനായി തല കുനിച്ച് നില്‍ക്കുകയാണ്. സത്യസന്ധനായി ജീവിക്കാനാശിച്ച അയാള്‍ ഇതാ കള്ളനായി ആള്‍ക്കൂട്ടത്തിന്റെ ശകാരവും അടിയും ഏറ്റുവാങ്ങി നില്‍ക്കുന്നു. മകന്‍ അച്ഛനെ വിളിച്ച് കരയുകയാണ്. ആളുകളെല്ലാം കൂടി അന്റോണിയോയെ പൊലീസില്‍ ഏല്‍പിക്കാനായി കൊണ്ടു പോകുന്നെങ്കിലും ആ സൈക്കിളിന്റെ ഉടമയ്ക്ക് മനസ്സലിവു തോന്നി എന്തു കൊണ്ടോ അയാളെ മാപ്പ് കൊടുത്തു വിട്ടയയ്ക്കുന്നു. കാരണം തന്റെ മകന്റെ മുന്നില്‍ വച്ച് കുറ്റവാളിയായി പിടിക്കപ്പെട്ട അയാള്‍ക്ക് ഇപ്പോള്‍ തന്നെ വേണ്ടതിലധികം ശിക്ഷ ലഭിച്ചു കഴിഞ്ഞു..

നിസ്സഹായരായി, മുറിവേറ്റവരായി, ആള്‍ക്കൂട്ടത്തിലലിഞ്ഞ് ആ അച്ഛനും മകനും നടക്കുകയാണ്. ജീവിതം തിക്കിത്തിരക്കുന്ന, ജീവിക്കാനായി തത്രപ്പെട്ട് ഓരോരുത്തരും ബദ്ധപ്പെടുന്ന ആ തെരുവിലൂടെ.. അച്ഛന്റെ കണ്ണുകള്‍ കരച്ചില്‍ പിടിച്ചു നിര്‍ത്താനാവാതെ നനയുന്നുണ്ട്. അയാള്‍ കരയുകയാണ്. കുട്ടിയായ ബ്രൂണോ ആ കണ്ണീര്‍ കാണുന്നു. അവനും ഒരു വിങ്ങിപ്പൊട്ടലിന്റെ വക്കിലാണ്... കൈ ചേര്‍ത്തു പിടിച്ച് അവര്‍ നടത്തം തുടരുന്നു. ആള്‍ക്കൂട്ടത്തില്‍ രണ്ടു നിഴലുകള്‍ പോലെ അലിഞ്ഞു ചേരുകയാണ് അവര്‍...
ജീവിതം അതിന്റെ കഠിനമായ മുഖത്തോടെ
അന്റോണിയോയുടെ കഠിനമായ ജീവിതവും രൂക്ഷമായ പ്രശ്‌നങ്ങളും റിയലിസ്റ്റിക്കായി തുറന്നു കാട്ടുന്ന സിനിമ ആ പ്രശ്‌നങ്ങള്‍ക്കൊരു പരിഹാരമൊന്നും നിര്‍ദേശിക്കുന്നില്ല, ജീവിതം, അതേപടി പ്രതിഫലിപ്പിക്കുന്നേയുള്ളൂ. ജീവിതത്തിന്റെ ദൈന്യത, അധികാരികളുടെ കപടമായ വാഗ്ദാനങ്ങള്‍, നിയമ വ്യവസ്ഥയുടെ കാരുണ്യമില്ലായ്മ.. എല്ലാം അന്റോണിയോയും മകനും തങ്ങളുടെ വിഫലമായ അലച്ചിലില്‍ നേരിട്ടറിയുന്നു. അന്റോണിയോയുടെയും മകന്റെയും അലച്ചിലുകള്‍ നമ്മുടെയും അലച്ചിലുകളായി മാറുന്നു. ഏറ്റവും ലളിതമാണീ സിനിമയുടെ പ്രമേയമെങ്കിലും ഏറ്റവും ഹൃദയത്തില്‍ തൊടുന്നതും ആണ്. ലോകത്തിന്റെ ഏതു കോണിലും ഇന്നും ഈ സിനിമ തുറന്നു കാട്ടിയ പ്രശ്‌നങ്ങള്‍ പ്രസക്തമാണ്. ജീവിക്കാനായി ബദ്ധപ്പെടുന്ന നിസ്സഹായനായ മനുഷ്യന്റെ വ്യഥയ്ക്കും അലച്ചിലിനും അവസാനമില്ലാത്ത കാലത്തോളം ഈ സിനിമയുടെ പ്രസക്തിയും മങ്ങുന്നില്ല.
ഏറ്റവും മികച്ച വിദേശ ഭാഷാ ചലച്ചിത്രത്തിനുള്ള ഓസ്‌കര്‍ പുരസ്‌കാരം ബൈസൈക്കിള്‍ തീവ്‌സ് നേടിയിരുന്നു. മികച്ച തിരക്കഥയ്ക്കും ഈ സിനിമയ്ക്ക് ബഹുമതി ലഭിച്ചു. കൂടാതെ മറ്റ് അനേകം അംഗീകാരങ്ങളും എക്കാലത്തെയും മികച്ച സിനിമകളുടെ കൂട്ടത്തില്‍ പരിഗണിക്കപ്പെടുന്ന ഈ ചലച്ചിത്രം കരസ്ഥമാക്കിയിട്ടുണ്ട്.

നിയോ റിയലിസ്റ്റിക് സിനിമകള്‍ ജീവിതത്തെ അതിന്റെ പച്ചയായ ചുറ്റുപാടില്‍ തന്നെ ചിത്രീകരിക്കാനാണ് ശ്രമിച്ചത്. അതുപോലെ, അഭിനേതാക്കളായി താരങ്ങളെ ഒഴിവാക്കി, അഭിനയ പരിചയമില്ലാത്ത സാധാരണ മനുഷ്യരെ കഥാപാത്രങ്ങളാക്കി അഭിനയിപ്പിക്കാനും. ഈ സിനിമയില്‍ ദാരിദ്ര്യവും തൊഴിലില്ലായ്മയും അലട്ടുന്ന നായകന്‍ അന്റോണിയോ റിക്‌സി ആയി വേഷമിട്ടത് ലാംബെര്‍ട്ടോ മാജിയോറാനി എന്ന ഫാക്ടറി ജോലിക്കാരനായിരുന്നു. കുട്ടിയായ ബ്രൂണോ ആയി അഭിനയിക്കാനും വിറ്റോറിയോ ഡെസിക്ക ആള്‍ക്കൂട്ടത്തിനിടയില്‍ നിന്നാണ് എന്‍സോ സ്റ്റായിയോള എന്ന ബാലനെ കണ്ടെത്തിയത്. രണ്ടു പേരും മികച്ച പ്രകടനത്തിലൂടെ ലോകത്തിലെ എല്ലാ കാലത്തെയും അവിസ്മരണീയമായ രണ്ട് കഥാപാത്രങ്ങള്‍ക്കു ജന്മമേകി.
എന്റെ ഏറ്റവും പ്രിയ സിനിമയാണെങ്കിലും, നേരിട്ട് ഇതിന്റെ പ്രചോദനമൊന്നും എന്റെ സിനിമകളില്‍ വന്നിട്ടില്ല. കാരണം, ഞാന്‍ അങ്ങനെയുള്ള വളരെ പൊളിറ്റിക്കലായ സിനിമകള്‍ ചെയ്തിട്ടില്ല. കമേഴ്‌സ്യല്‍ ആയിട്ടാണ് ഞാന്‍ കൂടുതല്‍ സിനിമകളും ചെയ്തിട്ടുള്ളത്. അതുകൊണ്ട് തന്നെ എന്നെ അത്ര സ്വാധീനിച്ചുവെന്ന് പറയാന്‍ പറ്റില്ല. പക്ഷേ, ഞാന്‍ ആദ്യമായി സിനിമകള്‍ ചെയ്ത സമയത്ത് ആകര്‍ഷിച്ചിട്ടുള്ള ചില ഘടകങ്ങളുടെ കാര്യത്തില്‍ ഈ സിനിമയില്‍ നിന്നും പകര്‍ന്നു കിട്ടിയ അംശങ്ങളുണ്ടാകാം. സിനിമ നമ്മുടെ ഹൃദയത്തെ തൊടുന്നതാവണം എന്നാണ് എന്നും എന്റെ വിശ്വാസം.
ഞാന്‍ കണ്ട ചലച്ചിത്രങ്ങളില്‍ ഹൃദയത്തില്‍ അത്ര മാത്രം ആഴത്തില്‍ പതിഞ്ഞ സിനിമകളുടെ കൂട്ടത്തില്‍ ആദ്യമേ കടന്നു വരുന്ന ഒന്നാണ് 'ബൈസൈക്കിള്‍ തീവ്‌സ് '. ഇന്നും കാണാനിഷ്ടപ്പെടുന്ന സിനിമയാണത്. എപ്പോള്‍ കണ്ടാലും അതുണ്ടാക്കുന്ന ഫീലിന്റെ തീവ്രത മങ്ങുന്നില്ല.

ഞാന്‍ അക്കാദമിയില്‍ വന്ന ശേഷം ഇവിടെ 'ടൂറിങ് ടാക്കീസ് ' എന്ന പ്രൊജക്ട് നമ്മള്‍ ചെയ്യുന്നുണ്ട്. അതുമായി ബന്ധപ്പെട്ട് കേരളത്തില്‍ പലയിടത്തും അങ്ങോളമിങ്ങോളം നമ്മള്‍ സിനിമകള്‍ കൊണ്ടു പോയി കാണിക്കാറുണ്ട്. മാസ് റ്റേഴ്‌സിന്റെ സിനിമകള്‍, ക്ലാസിക്കുകള്‍ തുടങ്ങിയവയാണ് അങ്ങനെ പ്രദര്‍ശിപ്പിക്കാറ്. അങ്ങനെ കാണിക്കുന്ന ചലച്ചിത്രങ്ങളുടെ കൂട്ടത്തില്‍ പ്രധാനപ്പെട്ടതാണ് 'ബൈസൈക്കിള്‍ തീവ്‌സ് '. എപ്പോള്‍ എവിടെ വച്ച് കാണിക്കുമ്പോഴും പ്രേക്ഷകരുടെ ഹൃദയത്തെ ഏറ്റവും സ്പര്‍ശിക്കുന്ന സിനിമയായി തന്നെ ഈ ചലച്ചിത്രം നില കൊള്ളുന്നു. കാരണം, ഒരിക്കലും നമുക്ക് മറക്കാന്‍ പറ്റില്ല, തിരക്കാര്‍ന്ന നഗരത്തെരുവിലൂടെ മഴയില്‍ നനഞ്ഞ് തന്റെ നഷ്ടപ്പെട്ട സൈക്കിള്‍ തേടി അലയുന്ന ആ അച്ഛനെയും മകനെയും. ജീവിതത്തെ നഷ്ടപ്പെടാതെ തിരികെ പിടിക്കാന്‍ ശ്രമിക്കുന്ന രണ്ട് പാവം മനുഷ്യരെ...
