Friday 18 September 2020 01:07 PM IST

മരണ മുനമ്പിലും കോമാളിത്തരം കാട്ടി മകനെ ചിരിപ്പിക്കുന്ന ഗൈഡോ! ഭാവിയിൽ പ്രതീക്ഷയർപ്പിക്കുന്ന മനുഷ്യ ചേതനയുടെ കഥ ലൈഫ് ഈസ് ബ്യൂട്ടിഫുൾ

Sreerekha

Senior Sub Editor

Sibi

എന്റെ പ്രിയ സിനിമ-സിബി മലയിൽ (സംവിധായകൻ)

ലൈഫ് ഈസ് ബ്യൂട്ടിഫുൾ (1997)

കണ്ണീർക്കണത്തിനിടയിലൂടെ കാണുന്ന പുഞ്ചിരി പോെല ഒരു സിനിമ. അതാണ് ‘ലൈഫ് ഈസ് ബ്യൂട്ടിഫുൾ’. എക്കാലത്തെയും മികച്ച സിനിമകളിലൊന്നായി കരുതപ്പെടുന്ന, റോബർട്ടോ ബെനിഞ്ഞി സംവിധാനം െചയ്ത ഈ ഇറ്റാലിയൻ സിനിമയാണ് എന്റെ പ്രിയപ്പെട്ട ചലച്ചിത്രം.

രണ്ടാം ലോകമഹായുദ്ധകാലത്തെ നാസി കോൺസൻട്രേഷൻ ക്യാംപിന്റെ പശ്ചാത്തലത്തിലാണീ ചിത്രം. പക്ഷേ, കോൺസൻട്രേഷൻ ക്യാംപിന്റെ ജീവിതം പശ്ചാത്തലമായ മറ്റ് സിനിമകൾ പോലെ ദുരന്തങ്ങളും കൊടുംക്രൂരതകളും ഇതിൽ കാണിക്കുന്നില്ല. മറിച്ച്, സ്വപ്നങ്ങൾ തകർക്കപ്പെടുമ്പോഴും ഭാവിയെക്കുറിച്ച് പ്രതീക്ഷയർപ്പിക്കുന്ന മനുഷ്യ ചേതനയെ കുറിച്ചാണീ ചിത്രം. ആ തരത്തിൽ ‘ലൈഫ് ഈസ് ബ്യൂട്ടിഫുളി’ലെ നായകൻ ഗൈഡോ എക്കാലത്തെയും അനശ്വരമായ നായക കഥാപാത്രങ്ങളിൽ ഒരാളായിരിക്കും. ചിരിയോടെയും കണ്ണീരോടെയും നമ്മളോർക്കുന്ന ഒരു കഥാപാത്രം. സംവിധായകൻ റോബർട്ട് ബെനിഞ്ഞി തന്നെയാണ് തന്റെ നായകന് അസാമാന്യ ചാരുതയോടെ ജീവൻ പകർന്നിരിക്കുന്നത്.

സിനിമയുെട ആദ്യപകുതി തീർത്തുമൊരു റൊമാന്റിക് കോമഡിയാണെന്നു പറയാം. 1930 കളിലെ ഇറ്റലിയിലെ ജീവിതമാണ് നാം കാണുന്നത്. വലിയൊരു ആഡംബര ഹോട്ടലിലെ ജീവനക്കാരനായ ഇറ്റാലിയൻ ജൂതൻ ഗൈഡോ, സദാ പുഞ്ചിരിയും നർമവും ഉൗർജസ്വലതയും തൂവി ചുറ്റുമുള്ള എല്ലാവരെയും പൊട്ടിച്ചിരിയിലും പ്രസരിപ്പിലുമാഴ്ത്തുന്ന യുവാവാണ്. ഹാസ്യവും ചിരിയും അയാളുടെ നൈസർഗിക ഭാവമാണ്. ചിരിക്കാത്ത മുഖത്തോടെയും വാചാലനാകാെതയും അയാളെ സങ്കൽപിക്കാൻ വയ്യ ഒരു നിമിഷവും. ആദ്യത്തെ അവിചാരിതമായ കണ്ടുമുട്ടലിൽ തന്നെ സുന്ദരിയായ ഡോറയോട് അയാൾക്ക് അനുരാഗം തോന്നുന്നു. അയാളുടെ സ്വപ്നത്തിലെ രാജകുമാരി. ഡോറയ്ക്കും ഈ പ്രസാദാത്മകത നിറഞ്ഞ യുവാവിനെ ഇഷ്ടപ്പെടാതിരിക്കാനാവുന്നില്ല. അവളുടെ പ്രതിശ്രുത വരനെ പിൻ തള്ളി ഡോറ ഗൈഡോയുേടതാവുന്നു. ആദ്യ പകുതിയിൽ മിക്കവാറും ഒരു റൊമാന്റിക് കോമഡി സിനിമയിലെ സുന്ദരമായ യാദൃച്ഛികതകളും കാൽപനികതയും തുളുമ്പുന്ന നിമിഷങ്ങളാണ്.

sibi-3

മകൻ ലോകത്തിന്റെ ക്രൂരതയറിയാതിരിക്കാൻ

ഗൈഡോയും ഡോറയും അവരുെട അ‍ഞ്ചു വയസ്സുള്ള മകൻ ജോഷ്വായും ഒന്നിച്ചുള്ള സന്തോഷഭരിതമായ ജീവിതം പെട്ടെന്നാണ് വഴി മാറുന്നത്. രണ്ടാം ലോകമഹായുദ്ധത്തിന്റെ അവസാന കാലം. 1940 കളുടെ മധ്യം. ജൂതനായ ഗൈഡോയെയും മകനെയും ഫാസിസ്റ്റുകൾ കോൺസൻട്രേഷൻ ക്യാംപിലേക്കു പിടിച്ചു െകാണ്ടു പോകുന്നു. ഡോറയും അവരെ പിരിയാൻ വയ്യാതെ അവരെ ആ തീവണ്ടിയിൽ അനുഗമിക്കുകയാണ്. മഹാദുരന്തവും കൊടിയ പീഡനവും യാതനയുമാണ് കാത്തിരിക്കുന്നതെന്നറിയാമെങ്കിലും ലോകത്തിന്റെ ക്രൂരത തന്റെ മകന്റെ നിഷ്കളങ്കമായ മനസ്സിനെ അറിയിക്കാതിരിക്കാൻ ശ്രമിക്കുകയാണ് ഗൈഡോ. അയാൾക്ക് ആകെയുള്ള കഴിവായ ഹാസ്യവും നർമവും ഉപയോഗിച്ച്. ഉള്ളിലയാൾ തേങ്ങുകയാവാം. പക്ഷേ, പുറമേ അയാൾ പൊട്ടിച്ചിരിക്കുകയാണ്. ഒാരോരോ നുണകൾ മകന്റെ കുഞ്ഞുമനസ്സിനെ വിശ്വസിപ്പിക്കാൻ മെനഞ്ഞെടുക്കുകയാണ്. ഒരുപക്ഷേ,യാഥാർഥ്യത്തിന്റെ ക്രൂരലോകത്തെ അതിജീവിക്കാൻ ഒരു സാങ്കൽപിക ലോകം തീർക്കുകയാണയാൾ. ക്യാംപിലേക്കുള്ള തീവണ്ടിയിലെ യാതന നിറഞ്ഞ യാത്രയെ കുറിച്ചു പോലും വളരെ ആവേശകരമായ യാത്രയാണതെന്ന് മകനെ അയാൾ വിശ്വസിപ്പിക്കുന്നു. ക്യാംപിൽ ആളുകളെ അട്ടിയട്ടിയായി പാർപ്പിച്ചിരിക്കുന്ന മുറിയിൽ പട്ടിണി പോലും മറച്ച് പിടിക്കാൻ അയാളുട ഭാവന പല കഥകൾ കെട്ടിച്ചമയ്ക്കുന്നു മകന്റെ മുന്നിൽ. ഇത് ഒരു ഗെയിമാണെന്നും എല്ലാവരും കൂടുതൽ പോയന്റുകൾ കിട്ടാൻ മൽസരിക്കുകയാണെന്നും നമുക്ക് ആയിരം പോയിന്റ് കിട്ടിയാൽ യഥാർഥ യുദ്ധ ടാങ്ക് അവനു സമ്മാനമായി കിട്ടുമെന്നും..! അങ്ങനെ കുട്ടിയായ മകനെ വിശ്വസിപ്പിക്കുകയാണ് അയാൾ.

നാസി ക്യാംപിൽ തങ്ങളെ ഗ്യാസ് ചേംബറിൽ വച്ച് കൊല്ലുമെന്നും മനുഷ്യശരീരത്തിൽ നിന്ന് സോപ്പും മറ്റും ഉണ്ടാക്കുമെന്നുമുള്ള ഭീതിദമായ സത്യങ്ങൾ ആരോ പറഞ്ഞത് കുട്ടി വിശ്വസിക്കാൻ തുനിയുമ്പോഴും ഗൈഡോ സ്വതസിദ്ധമായ നർമത്തോടെ അതെല്ലാം എതിർക്കുന്നു. ജീവിതത്തിലും ഭാവിയിലും അവനുള്ള വിശ്വാസം തകരാതിരിക്കാനാണ് അയാളിങ്ങനെ നുണകളിൽ പൊതിഞ്ഞ് ഭീകര സത്യങ്ങളെ മറച്ച് പിടിക്കാൻ ശ്രമിക്കുന്നത്. കാരണം, ഇന്നത്തെ ലോകം ചീത്തയാണെങ്കിലും നാളെ തന്റെ കുട്ടികൾക്കായി കാത്തിരിക്കുന്ന ലോകം നല്ലതായിരിക്കുമെന്ന് ഏത് സ്നേഹവാനായ അച്ഛനെയും പോലെ അയാളും വിശ്വസിക്കുന്നു.

അവസാനം നിമിഷവും ചിരിക്കുന്ന ഗൈഡോ

ലൈഫ് ഈസ് ബ്യൂട്ടിഫുൾ ആ മനുഷ്യ വിശ്വാസത്തിന്റെ കഥയാണ്. ഹോളാകാസ്റ്റ് പോലുള്ള ദുരന്തപശ്ചാത്തലത്തിന്റെ ഭീകരത പറയാതെ നർമത്തിലൂടെ അതിനെ മറച്ചു പിടിച്ചെന്ന് സിനിമയെ വിമർശിക്കുന്നവരുണ്ട്. പക്ഷേ, ഹോളാകാസ്റ്റിനെ കുറിച്ചല്ല ഈ സിനിമയെന്നതാണ് സത്യം. അവസാനം ഫാസിസ്റ്റുകൾ തന്നെ കൊല്ലാനായി കൊണ്ടു പോകുമ്പോഴും മകൻ ഒളിച്ചിരിക്കുന്ന സ്ഥലത്തേക്ക് അവനെ നോക്കി ഒരു കോമാളിത്തരം കാട്ടി അവനെ ചിരിപ്പിച്ചാണ് അയാൾ മറയുന്നത്. ഒരിക്കലും മരിച്ചു കിടക്കുന്ന ഗൈഡോയുടെ ഒരു ഷോട്ട് പോലും കാട്ടുന്നില്ല. ഏതാനും വെടിയൊച്ചമുഴക്കങ്ങളിലൂടെ അയാളുെട ചിരി നിശബ്ദമായെന്ന് മനസ്സിലാക്കിപ്പിക്കുന്നതല്ലാതെ. അപ്പോഴേക്കും യുദ്ധം അവസാനിച്ചു കഴിഞ്ഞിരുന്നു. തന്റെ ചുറ്റും നടന്ന ക്രൂരതയറിയാതെയാണ് കുട്ടി പുറത്തു വരുന്നത്. അവന്റെ അച്ഛൻ ആശിച്ചതു പോലെ.

രക്ഷിക്കാനായി എത്തുന്ന പട്ടാളക്കാരൻ വന്നെത്തുന്നത് അവന്റെ അച്ഛൻ പറഞ്ഞതു പോലെ യഥാർഥ ടാങ്കുമായിട്ടാണ്. കു‍ഞ്ഞു ജോഷ്വായ്ക്ക് എന്തൊരു അത്ഭുതമാണ്! അച്ഛൻ പറഞ്ഞത് എത്ര ശരിയായിരുന്നു! പട്ടാളക്കാരനായ യുവാവ് അവനെ ടാങ്കിൽ പിടിച്ചു കയറ്റുന്നു. അമ്മയുമായി അവൻ കൂടിച്ചേരുന്നു. ജീവിതം മനോഹരമാണെന്നവൻ വിശ്വസിക്കുന്നു. ‘അതാണ് എന്റെ അച്ഛനെന്ന പഠിപ്പിച്ചതെ’ന്ന് മുതിർന്ന ജോഷ്വായുടെ സ്വരം സിനിമയുടെ അവസാനം കേൾക്കെ ൈഗഡോ എന്ന ധീരനായ അച്ഛനെ ഒാർത്ത് നമ്മുടെ കണ്ണ് നനയാതിരിക്കില്ല.

‘ലൈഫ് ഈസ് ബ്യൂട്ടിഫുൾ’ ഇറങ്ങിയ സമയത്ത് ലോകമെങ്ങും ശ്രദ്ധേയമായ സിനിമയായി മാറിയിരുന്നു. ചെന്നൈയിലെ തിയറ്ററിൽ വച്ചാണ് ഞാൻ ഭാര്യയ്ക്കൊപ്പം ഈ സിനിമ കാണുന്നത്. പിന്നീട് എന്റെ മക്കളുമൊന്നിച്ച് വീണ്ടും കണ്ടു. കാരണം, അച്ഛനും മകനും തമ്മിലുള്ള ആത്മബന്ധത്തിന്റെ കൂടി കഥയാണ് ഈ ചിത്രം. മാതാപിതാക്കളും മക്കളും ഒന്നിച്ച് കാണേണ്ട സിനിമയാണിത്. ‘ലൂസ്‌ലി ബേസ്‌ഡ് ഒാൺ റിയൽ ലൈഫ്’ എന്ന് സിനിമയുടെ കഥയെക്കുറിച്ച് പറയുന്നുണ്ടെങ്കിലും, യഥാർഥ കോൺസൻട്രേഷൻ ക്യാംപിൽ ഒരു ഗൈഡോയ്ക്ക് ഇടമുണ്ടാകുമായിരുന്നോ എന്നറിയില്ല. പക്ഷേ, ഏതു ക്രൂരമായ സാഹചര്യത്തിലും നമ്മുടെ മക്കൾ ലോകത്തിന്റെ കഠിനതയറിയരുതെന്നാശിക്കുന്ന മാതാപിതാക്കളുടെ പ്രതിനിധിയാണ് ഗൈ‍ഡോ എന്ന നായകൻ.

sibi-2

അങ്ങേയറ്റം പ്രതികൂലമായ ചുറ്റുപാടിലും പ്രത്യാശ വെടിയാതിരിക്കുന്ന മനുഷ്യന്റെ സ്പിരിറ്റ് ആണത്. കോവിഡ് മഹാമാരി ലോകത്തെ ഭീതിയിലാഴ്ത്തുന്ന ഇന്നത്തെ സാഹചര്യത്തിലും ഈ സിനിമ മുന്നോട്ടു വയ്ക്കുന്ന ഫിലോസഫിക്ക് പ്രസക്തിയുണ്ടെന്ന് ഞാൻ കരുതുന്നു. ഒരേ സമയം നമ്മളെ സന്തോഷിപ്പിക്കുകയും വേദനിപ്പിക്കുകയും ചെയ്യുന്ന സിനിമ, ഒരേ സമയം നമ്മെ ചിരിപ്പിക്കുകയും കരയിപ്പിക്കുകയും ചെയ്യുന്ന സിനിമ, ഒരേ സമയം നമ്മെ ഉത്തേജിപ്പിക്കുകയും ഹൃദയത്തെ തകർക്കുകയും ചെയ്യുന്ന സിനിമ.. . ഇതെല്ലാം ഒരുമിച്ച് ഒരു സിനിമയ്ക്ക് സാധ്യമാകുന്നത് അപൂർവമാണ്. ലൈഫ് ഈസ് ബ്യൂട്ടിഫുൾ ആ അപൂർവതയാണ്. അതേ, പുഞ്ചിരി തൂകുന്ന ഒരു നിറമിഴി പോലെ! ∙