Thursday 17 September 2020 02:33 PM IST

ഒരു രാജ്യം തന്നെ ഇല്ലാതായ കഥ; എന്നെ മോഹിപ്പിച്ച തിരക്കഥ; അണ്ടർഗ്രൗണ്ട് എപിക്!

Sreerekha

Senior Sub Editor

Anoop-Menon

എന്റെ പ്രിയസിനിമ–അനൂപ് മേനോൻ (തിരക്കഥാകൃത്ത്, നടൻ)

അണ്ടർഗ്രൗണ്ട് (1995)

ലോ കോളജിൽ പഠിക്കുന്ന സമയത്താണ് ഞാൻ എമിർ കുസ്റ്റുറിക്കയുടെ സിനിമ ‘അണ്ടർഗ്രൗണ്ട്’ കാണുന്നത്. ആദ്യ കാഴ്ചയിലേ എന്നെ വിസ്മയത്തിലാഴ്ത്തി, വിശാലമായ സെറ്റിങ്ങും അതിഗംഭീരമേക്കിങ്ങും ശ്രദ്ധേയമാക്കിയ ഈ ചലച്ചിത്രം. അതിനു മുൻപോ ശേഷമോ കണ്ട ഒരു പാട് പ്രിയ സിനിമകളുണ്ടെങ്കിലും, എന്റെ ഒാൾ ടൈം ഫേവറിറ്റ് എന്നു പറയാവുന്നത് ഈ യുഗോസ്ലാവിയൻ മൂവിയാണ്. 1995 ലെ കാൻ ഫിലിം െഫസ്റ്റിവലിൽ മികച്ച സിനിമയ്ക്കുള്ള പുരസ്കാരം നേടിയത് ‘അണ്ടർഗ്രൗണ്ട്’ ആയിരുന്നു.

യുഗോസ്ലാവിയയുടെ ചരിത്രമാണ് ഒരു എപ്പിക് എന്നു വിശേഷിപ്പിക്കാവുന്ന, അപാരമായ സെറ്റിങ്ങിൽ തീർത്തിരിക്കുന്ന ഈ സിനിമ വിവരിക്കുന്നത്. ഇതിലുടനീളം നിറയുന്ന ഡാർക്ഹ്യൂമറിെന്റ തലം സിനിമയെ വ്യത്യസ്തമാക്കുന്നു. സെർബിയൻ– ബോസ്നിയർ സംഘർഷങ്ങളിലൂടെയും, രണ്ടാം ലോക മഹായുദ്ധത്തിന്റെയും ശീതസമരത്തിന്റെയുമൊക്കെ പശ്ചാത്തലത്തിലും ആണ് യുഗോസ്ലാവിയ എന്ന രാജ്യത്തിന്റെ ചരിത്രം കുസ്റ്റുറിക്ക അവിസ്മരണീയമാക്കിയിരിക്കുന്നത്.

പ്രധാനമായും രണ്ട് കഥാപാത്രങ്ങളുടെ ജീവിതത്തിലൂടെ ഒരുരാജ്യത്തിന്റെ തന്നെ കഥ പറയുകയെന്ന അപൂർവത കാണാം സിനിമയിൽ. മാർക്കോ, ബ്ലാക്കി എന്നീ രണ്ട് കഥാപാത്രങ്ങളുടെ ജീവിതം ഡാർക് ഹ്യൂമറിലൂടെയാണ് പകർത്തിയിരിക്കുന്നത്. ഇവരെക്കൂടാതെ, സൂവിലെ അനിമൽ കീപ്പറായ ഇവാൻ, നടി നതാലിജ, ബ്ലാക്കിയുടെ മകൻ ജൊവാൻ തുടങ്ങിയ മറ്റു കഥാപാത്രങ്ങളും നമ്മുടെ മനസ്സിൽ തങ്ങും. വാർ, കോൾഡ് വാർ, വാർ എന്നിങ്ങനെ ചരിത്രത്തിന്റെ തന്നെ പല ഏടുകളായിട്ടാണ് കഥ പറ‍ഞ്ഞിരിക്കുന്നത്. ഫാസിസ്റ്റുകളുെട അധിനിവേശം, രണ്ടാം ലോക മഹായുദ്ധത്തിനു ശേഷം വന്ന ശീതസമരം ഇതെല്ലാം യുഗോസ്ലാവിയൻ ജനതയെ എങ്ങനെ ബാധിച്ചുവെന്നതിനു നാം സാക്ഷികളാകുന്നു.

എന്നെ മോഹിപ്പിച്ച തിരക്കഥ

മോഹിപ്പിക്കുന്ന തിരക്കഥയാണ് ഈ സിനിമയുടേത്. ഇന്നുവരെ ഉണ്ടായതിലെ രചിക്കാൻ ഏറ്റവും ആയാസകരമായ തിരക്കഥയാണ് ഇതെന്നും എനിക്കു തോന്നിയിട്ടുണ്ട്. കാരണം, കുറച്ചു മനുഷ്യരുടെ ജീവിതത്തിലൂടെ ലോകമഹായുദ്ധം, ഒരു രാജ്യത്തിന്റെ വിഭജനം, രാജ്യം തന്നെ ഇല്ലാതാകുന്നത്... ഇതെല്ലാം വരച്ചു കാട്ടുക ഒട്ടും എളുപ്പമല്ല. സിനിമ കാണുന്ന വേളയിൽ ഇത് ചലച്ചിത്രമാണെന്നു പോലും നാം മറന്നു പോകുന്നു. അത്ര മാത്രം ജീവിത യാഥാർഥ്യങ്ങൾ നമ്മെ അനുഭവിപ്പിക്കുകയാണ്. സിനിമ ഷൂട്ട്ചെയ്തിരിക്കുന്നതും അത്രയും വാസ്റ്റ് സ്െകയിലിലാണ്. ചുരുക്കം സിനിമകൾക്കേ ഇതു സാധിക്കൂ. ഒരു കഥ പറഞ്ഞുപോകും പോലെ എളുപ്പമല്ല, ഒരു രാജ്യത്തിന്റെ മഹാചരിത്രം, ജനതയുടെ ജീവിതം തുറന്നുകാട്ടുന്നത്. നമ്മൾ വികെഎന്നിലും എംപിനാരായണപിള്ളയിലും ഒക്കെ കണ്ട എഴുത്തിന്റെ ആ വിശാലത, സിനിമയിൽ കാണും പോലെയാണ് കുസ്റ്റുറിക്കയുടെ ഈ മൂവി എനിക്കനുഭവപ്പെട്ടത്.

തിരുവനന്തപുരം െഎ എഫ് എഫ് കെയിൽ വച്ച് ആദ്യം കണ്ട ശേഷം, പിന്നീട് വല വട്ടം ഡിവിഡി ഇട്ടും ഈ സിനിമ ഞാൻ ആവർത്തിച്ചു കണ്ടിട്ടുണ്ട്. ഒാരോ കാഴ്ചയിലും ഇതിന്റെ മേക്കിങ്ങും ഒപ്പം തിരക്കഥയും അതിശയിപ്പിച്ചു. സിനിമയെന്ന മാധ്യമത്തോട് എന്നെ വളരെയധികം അടുപ്പിച്ച സിനിമകളിൽ ഒ ന്നാണ് ‘അണ്ടർ ഗ്രൗണ്ട്.’

അണ്ടർ ഗ്രൗണ്ടിലെ മനുഷ്യർ

യുദ്ധം തുടരുകയാണെന്ന നുണ വിശ്വസിച്ചും, രാഷ്ട്രീയപരമായി വഞ്ചിക്കപ്പെട്ടും ഒരു കൂട്ടം ആളുകൾ പതിറ്റാണ്ടുകളോളം അണ്ടർ ഗ്രൗണ്ട് ബേസ്മെന്റിൽ കഴിയുകയും, ഒരു ദിനം പുറത്തു വരുമ്പോൾ തങ്ങളുെട ജന്മരാജ്യം ഇപ്പോൾ നിലനിൽക്കുന്നില്ലെന്നും നടുക്കത്തോടെ അറിയുന്നത് ഈ സിനിമയിൽ കാണാം. ഈ വിനാശകരമായ യാഥാർഥ്യമാണ് സിനിമ മുന്നോട്ടു വയ്ക്കുന്ന ഏറ്റവും ചിന്തിപ്പിക്കുന്ന അനുഭവം. തന്റെ ജന്മമാടിന്റെ ദുരന്തം നിറഞ്ഞ വിധി തന്നെയാണ് കുസ്റ്റുറിക്ക ഈ സിനിമയിലെ ഇരുണ്ട തമാശകളിലൂടെ വേദനയോടെ തുറന്നു കാട്ടുന്നത്.

മാർക്കോയുടെയും ബ്ലാക്കിയുടെയും ജീവിതം

Anoop

1941ലാണ് കഥ തുടങ്ങുന്നത്. ബ്ലാക്കിയും മാർക്കോയും കമ്യൂണിസ്റ്റ് പാർട്ടിയുടെ ആവേശം നിറ‍‍ഞ്ഞ പ്രവർത്തകരാണ്. ബ്ലാക്കിയും മാർക്കോയും അവരുടെ വീടുകളിലെത്തുന്ന സമയത്താണ് ജർമ്മൻ യുദ്ധവിമാനങ്ങളിൽ നിന്നുള്ള ബോംബ് വർഷം ബെൽഗ്രേഡ് നഗരത്തെ തകർക്കുന്നത്. മാർക്കോയുടെ സഹോദരനായ ഇവാൻ സൂവിലെ സൂക്ഷിപ്പുകാരനാണ്. മൃഗശാല ബോംബിങ്ങിൽ തകരുകയും നിസ്സഹായരായ മൃഗങ്ങൾ ദുരന്തത്തിനിരയാവുകയും ചെയ്യുന്നു. ഒരുപാട് മൃഗങ്ങൾ വെളിയിലേക്കെത്തുന്നു. ഈ സീനുകൾ ചിത്രീകരിച്ചിരിക്കുന്നതിന്റെ മികവ് അപാരമെന്നു പറയാം. സോണിയെന്ന ചിമ്പാൻസിക്കു‍ഞ്ഞിനെ രക്ഷിച്ച് പുറത്തു കടക്കുകയാണ് ഇവാൻ. ഇവാനും സോണിയും തമ്മിലുള്ള സ്നേഹബന്ധം സിനിമയിലെ മനസ്സു െതാടുന്ന ഏടാണ്.



യുദ്ധ സമയത്ത് ബേസ്മെന്റിൽ ബ്ലാക്കിയും ഇവാനും കുറച്ച് ആളുകളും ഒളിച്ചുതാമസിക്കുന്നു. പിന്നീട് രണ്ടാം ലോക മഹായുദ്ധശേഷം, മാർക്കോ, കമ്യൂണിസ്റ്റ് ടിറ്റോയുമായി സഖ്യമുണ്ടാക്കുകയും അണ്ടർഗ്രൗണ്ടിലുള്ളവരെ യുദ്ധം ഇപ്പോഴും തുടരുകയാണെന്നു വിശ്വസിപ്പിക്കുകയും ചെയ്യുകയാണ്. ബ്ലാക്കി പ്രണയിക്കുന്ന നതാലിജയെ മാർക്കോ സ്വന്തമാക്കുന്നു. യുദ്ധം അവസാനിച്ചെന്ന സത്യം, അണ്ടർഗ്രൗണ്ടിലുള്ളവരിൽ നിന്നും മറച്ചു വയ്ക്കുന്ന മാർക്കോ, അവരെ കൊണ്ട് യുദ്ധസാമഗ്രികളും ആയുധങ്ങളും ഉണ്ടാക്കിപ്പിക്കുകയും അതിലൂടെ ലാഭം ഉണ്ടാക്കുകയും ചെയ്യുന്നു. ഒരു ജനതയെ തന്നെ ഒന്നാകെ വഞ്ചിക്കുന്ന രാഷ്ട്രീയ കാപ‍‍ട്യം, ഉറ്റ സുഹൃത്തിനെ പോലും സ്വാർഥ ലാഭത്തിനായി ചതിക്കാൻ മടിക്കാത്ത അഴിമതി, ഇെതല്ലാം സിനിമയിൽ തുറന്നു കാട്ടുന്നത് ‍ഡാർക് ഹ്യൂമറിലൂടെയാണ്. ഇതിനിടയിലൂടെ രാജ്യത്തിന്റെ ചരിത്രവും രാഷ്ട്രീയവുമെല്ലാം ഇടകലരുന്നു. പതിറ്റാണ്ടുകളോളം യുദ്ധം തുടരുകയാണെന്ന വിശ്വാസത്തിലാണ് ബേസ്മെന്റിലെ ആളുകളുെട ജീവിതം പോകുന്നത്.

കോൾഡ് വാർ എന്ന രണ്ടാം ഭാഗത്ത് മാർക്കോയുടെ നുണ അതിന്റെ പാരമ്യതയിെലത്തുന്നു. ഇതിനിടയിലൂെട ദശകങ്ങ ൾ തന്നെ കടന്നു പോകുകയാണ്. ബ്ലാക്കിയുടെ ഭാര്യ വേര ബേസ്മെന്റിൽ ചെന്ന സമയത്തായിരുന്നു മകനു ജന്മം നൽകിയതും പ്രസവത്തോടെ മരിക്കുന്നതും. ഇപ്പോൾ അവരുടെ മകൻ ജൊവാൻ വളർന്ന് യുവാവായിരിക്കുന്നു. ജോവാന്റെ കല്യാണം ബേസ്മെന്റിൽ നടക്കുന്നു. ആ സമയത്ത് ചിമ്പാൻസി സോണി കാരണം ഒരു യുദ്ധ ടാങ്ക് സ്ഫോടനം നടക്കുകയും ആളുകൾ പുറം ലോകത്തെത്തുകയും ചെയ്യുന്നു.

ബ്ലാക്കിയും മകൻ ജൊവാനും പുറം ലോകത്തെത്തുന്നു. ജൊ വാൻ ഇതാദ്യമാണ് പുറത്തെ ലോകം കാണുന്നത്. ഒരു ഏറ്റുമുട്ടലിനിടെ ജൊവാൻ നദിയിൽ മുങ്ങി മരിക്കുകയും ബ്ലാക്കി രക്ഷപ്പെടുകയും ചെയ്യുന്നു.

ഇവാൻ അണ്ടർഗ്രൗണ്ടിലെ ടണലിൽ നിൽക്കെ, കടന്നു പോകുന്ന വാഹനത്തിന്റെ ഡ്രൈവറിനോടു പറയുന്നു, തനിക്കു പോകേണ്ടത് യുഗോസ്ലാവിയയിലേക്കാണെന്ന്, അപ്പോൾ ഡ്രൈവർ മറുപടി പറയുന്നു: ‘യൂഗോസ്ലാവിയ ഇപ്പോഴില്ല..’’ ഇത് സിനിമയിലെ ഏറ്റവും തകർത്തു കളയുന്ന ഒരു നിമിഷമാണ്.

ബോസ്നിയയും സെർബിയയും തമ്മിലുള്ള യുദ്ധമാണ് ബ്ലാക്കിയും മാർക്കോയും തമ്മിലുള്ള യുദ്ധത്തിലൂടെ പ്രതിനിധീകരിക്കുന്നത്. സിനിമയിലെ പല കാര്യങ്ങളും അങ്ങേയറ്റം പെയിൻഫുൾ ആണ്. ആ പെയിൻ നമ്മെ അനുഭവിപ്പിക്കുന്നതാവട്ടെ ഡാർക് ഹ്യൂമറിലൂടെയാണ്. അവസാനം തന്റെ സഹോദരൻ ഇവാന്റെ കൈ െകാണ്ട് തന്നെ മാർക്കോ കൊല്ലപ്പെടുന്നു.

സിനിമയുടെ അന്ത്യം ഒരു സ്വപ്നാത്മക ദൃശ്യമാണ്. മരണത്തിനുശേഷം ബ്ലാക്കിയും മാർക്കോയും ഒന്നിക്കുന്ന രംഗം. ബ്ലാക്കിയുടെ മകൻ ജൊവാന്റെ വിവാഹ വിരുന്നിൽ മാർക്കോയും നതാലിജയും എല്ലാവരും ഒന്നിച്ചു ചേരുന്നു. ‘‘ഒരു സഹോദരൻ മറ്റൊരുസഹോദരനെ കൊല്ലുന്നതുവരേക്കും യുദ്ധമുണ്ടാകില്ല’ എന്ന് ബ്ലാക്കി പറയുന്നു... അവരൊന്നിച്ചുകൂടിയ ഇടം മറ്റ് ലോകത്തിൽ നിന്നു തന്നെ വേർപെട്ടു പോകുന്നു...

‘ഒരിക്കൽ ഒരിടത്ത് ഒരു രാജ്യമുണ്ടായിരുന്നു...’ എന്നാണ് സിനിമ തീരുമ്പോഴുള്ള വാചകം. ‘ഞങ്ങളുടെ ദുഃഖങ്ങളിലൂടെ, വേദനകളിലൂടെ, സന്തോഷങ്ങളിലൂടെ ഞങ്ങൾ ഞങ്ങളുടെരാജ്യത്തെ ഓർക്കു’മെന്ന് അവസാനം പറയുന്ന നിമിഷം, യുഗോസ്ലാവിയ എന്ന രാജ്യം തന്നെ ഇല്ലാതായ െപാളിറ്റിക്കൽ ചരിത്രം നമ്മെ വേദനിപ്പിക്കുന്ന സത്യമായി മാറുന്നു. ‘ ഈ കഥ അവസാനിക്കുന്നില്ല’ എന്നു പറഞ്ഞാണ് സിനിമ തീരുന്നത്. ∙