ഈ പനീർ കറി ചോറ്, ചപ്പാത്തി, പൊറോട്ട, അപ്പം, ഇടിയപ്പം... ഏതിനൊപ്പവും സൂപ്പർ കോംബിനേഷൻ
നീറിന്റെ പാൽവെളുപ്പും പതുപതുത്ത മൃദുലതയും രുചിപ്രേമികളെ വല്ലാതെ കൊതിപ്പിക്കും. മൂത്തമകൻ ജഗനാണ് എന്നെ പനീർ പ്രേമിയാക്കിയത്. റസ്റ്ററന്റിൽ പോയാൽ അവിടത്തെ പനീർ സ്പെഷൽ റെസിപ്പികളെല്ലാം ജഗൻ പരീക്ഷിക്കും. അങ്ങനെ പനീർ രുചികൾ എനിക്കും പ്രിയപ്പെട്ടതായി. പിന്നെ, പാചകപരീക്ഷണങ്ങൾ തുടങ്ങിയപ്പോൾ പനീറിൽ പുതു സ്വാദുകൾ കണ്ടെത്താൻ തുടങ്ങി. മെല്ലെ മെല്ലെ പനീർ ഞങ്ങളുടെ വീട്ടിൽ ഇടയ്ക്കിടെ വിരുന്നിനെത്തി, പിന്നീട് വീട്ടുകാരിയായി മാറി.

ശബരിമലയ്ക്കു പോകാൻ 41 ദിവസത്തെ വ്രതമെടുക്കുമ്പോൾ നോൺ വെജ് ഒന്നും വീട്ടിൽ വാങ്ങാറേയില്ല. മക്കൾക്കാണെങ്കിൽ പച്ചക്കറി മാത്രം കൂട്ടി ഭക്ഷണം കഴിക്കാനും മടിയാണ്. ആ സമയത്ത് പനീറാണ് ഞങ്ങളുടെ വീട്ടിലെ താരം. പനീർ ടിക്ക, പനീർ റൈസ്, കടായി പനീർ, പനീർ മഞ്ചൂരിയൻ എന്നു വേണ്ട എല്ലാത്തരം പനീർ വിഭവങ്ങളും ഞങ്ങളുടെ അടുക്കളയിൽ പാകം ചെയ്യും. പതിവ് റെസിപ്പികളൊക്കെ മടുക്കുമ്പോൾ പുതിയവ കണ്ടുപിടിക്കും. 41 ദിവസത്തേക്കുള്ള റെസിപ്പികൾ വേണ്ടേ. ഞാനെന്നല്ല, ഏത് അമ്മയാണെങ്കിലും പുത്തൻ വിഭവങ്ങൾ കണ്ടുപിടിച്ചു പോകും.
അങ്ങനെ കണ്ടുപിടിച്ച ഒരു റെസിപ്പിയാണ് ഇത്. പഴയൊരു നോർത് ഇന്ത്യൻ റെസിപ്പിയെ പെട്ടെന്ന് തയാറാക്കാവുന്ന തരത്തിൽ ഒന്നു മാറ്റിയെടുത്തെന്നേയുള്ളൂ. പ്രാതൽ വിഭവത്തിനൊപ്പവും ചോറിനൊപ്പവും ഒരുപോലെ കൂട്ടുകൂടും ഈ പനീർ കറി.
ആരൊക്കെ പനീർ മടുത്താലും ജഗൻ മാ ത്രം ഒരു മടുപ്പില്ലാതെ ഓരോ ദിവസവും പനീറിനെ സ്നേഹത്തോടെ കഴിച്ചുകൊണ്ടേയിരിക്കും. പനീർ പോഷകസമ്പുഷ്ടമായ ഭക്ഷണമായതുകൊണ്ട് ഞാൻ സ്നേഹത്തോടെ വിളമ്പിക്കൊണ്ടേയിരിക്കും.

പനീർ ഖുർച്ചൻ
1. പനീർ – ഒരു കപ്പ്
2. എണ്ണ – പാകത്തിന്
3. ജീരകം – ഒരു ചെറിയ സ്പൂൺ
4. സവാള – ഒരു വലുത്, അരിഞ്ഞത്
5. കാപ്സിക്കം – ഒന്ന്, അരിഞ്ഞത്
തക്കാളി – ഒരു വലുത്, അരിഞ്ഞത്
പച്ചമുളക് – മൂന്നെണ്ണം, അരിഞ്ഞത്
ഇഞ്ചി അരിഞ്ഞത് – ഒരു വലിയ സ്പൂൺ

6. മഞ്ഞൾപൊടി – കാൽ ചെറിയ സ്പൂൺ
മുളകുപൊടി – രണ്ടു ചെറിയ സ്പൂൺ
മല്ലിപ്പൊടി – രണ്ടു ചെറിയ സ്പൂൺ
ഗരംമസാല – അര ചെറിയ സ്പൂൺ
ഉലുവാപ്പൊടി – കാൽ ചെറിയ സ്പൂൺ
ഉപ്പ് – പാകത്തിന്
7. ഫ്രഷ് ക്രീം – അര – മുക്കാൽ കപ്പ്
8. മല്ലിയില – പാകത്തിന്

തയാറാക്കുന്ന വിധം
1. ചേരുവകൾ തയാറാക്കി വയ്ക്കുക.
2. എണ്ണ ചൂടാക്കി പനീർ കഷണങ്ങൾ വറുത്തെടുത്ത് മാറ്റി വയ്ക്കുക.
3. ബാക്കി എണ്ണയിൽ ജീരകം പൊട്ടിച്ച് സവാള അരിഞ്ഞത് ചേർത്തു വഴറ്റുക.
4. വഴന്നു വരുമ്പോൾ കാപ്സിക്കം, തക്കാളി, പച്ചമുളക്, ഇഞ്ചി, എന്നിവ ചേർത്തു വഴറ്റുക.
5. മഞ്ഞൾപൊടി, മുളകുപൊടി, മല്ലിപ്പൊടി, ഗരംമസാല, ഉലുവാപ്പൊടി, ഉപ്പ് എന്നിവ ചേർത്തു മൂപ്പിക്കുക.
6. മസാല മൂത്ത് എണ്ണ തെളിഞ്ഞു വരുമ്പോൾ പാകത്തിന് വെള്ളമൊഴിച്ച് തിളപ്പിക്കുക.

7. നന്നായി തിളച്ചുശേഷം പനീർ കഷണങ്ങൾ ചേർക്കുക.
8. ഫ്രഷ് ക്രീം ചേർത്ത് നന്നായി ഇളക്കി അടച്ചുവച്ച് വേവിക്കുക.
9. മല്ലിയില ചേർത്ത് വിളമ്പാം.