Tuesday 04 September 2018 02:29 PM IST

എ ഫോർ ആപ്പിൾ, ബി ഫോർ ബനാന, എസ് ഫോർ സ്ട്രോബെറി! രുചിയുടെ എബിഎസ് സ്മൂത്തി

Annie

Cooking Expert

juice

കത്തുന്ന വേനൽകാലം. ദേഹത്തു നിന്നു  ചൂട് പൊടിപാറുന്ന ഈ സമയത്ത് ശരിയായ പരിചരണമില്ലെങ്കിൽ ശരീരം തളർന്നു പോകും.  പണ്ടെല്ലാം വെയിലത്തു നിന്നു കയറി വരുമ്പോൾ ദാഹം മാറ്റാൻ  തന്നിരുന്നത്  സംഭാരവും നാരങ്ങാനീരുമായിരുന്നു. തുളസിയിലയും ജീരകവും തിളപ്പിച്ചിട്ട വെള്ളമായിരുന്നു സ്കൂളിൽ കൊണ്ടു പോയിരുന്നത്. ചൂടുകാലമായാൽ അമ്മ മൺകൂജയിൽ വെള്ളം വയ്ക്കുന്നത് കണ്ടിട്ടുണ്ട്. കൂടുതൽ തണുപ്പു  കിട്ടാൻ  കൂജയ്ക്കുള്ളിൽ വെള്ളാരങ്കല്ലുകളിടും. ഫ്രിഡ്ജിലെ തണുത്ത വെള്ളമൊക്കെ അന്ന് ആർഭാടമാണ്. 

പിന്നീട് സ്ക്വാഷിന്റെ കാലം വന്നു. പൈനാപ്പിൾ, ഓറഞ്ച്, മാമ്പഴം, മുന്തിരി അങ്ങനെ പല സ്വാദിലും നിറത്തിലും പെട്ടെന്ന് തയാറാക്കാവുന്ന സ്ക്വാഷുകൾ. സർബത്തും ജ്യൂസും കുടിക്കാൻ വേണ്ടി മാത്രം വൈകുന്നേരം  പുറത്തു പോകാൻ വാശി പിടിച്ചിട്ടുണ്ട്   ഞാനും  ചേച്ചിയും. നാരങ്ങാനീരും സോഡയും ഉപ്പും ചേർത്ത് തയാറാക്കുന്ന സോഡാ നാരങ്ങാവെള്ളം കലക്കുമ്പോൾ ചില്ലുഗ്ലാസ്സിൽ സ്പൂൺ തട്ടുമ്പോഴുള്ള ശബ്ദം പോലും ഇന്നാലോചിക്കുമ്പോൾ നൊസ്റ്റാൾജിയയാണ്. 

പിന്നീട് ഷേക്കുകളുടെ കാലമായിരുന്നു. ഷാർജ ഷേക്കിൽ നിന്നു തുടങ്ങി, ഉച്ചരിക്കാൻ ബുദ്ധിമുട്ടുള്ളതുകൊണ്ട് മെനുകാർഡിൽ ചൂണ്ടി കാണിച്ചു കൊടുക്കാൻ തരത്തിലുള്ള പേരുകളുള്ള ഷേക്കുകൾ വരെ നമ്മുടെ നാട്ടിൽ ഇഷ്ടംപോലെയായി. നീളൻ ഗ്ലാസ്സിൽ ‍നീണ്ട സ്പൂണും സ്ട്രോയുമിട്ട് തരുന്ന ഷേക്കുകൾ കഴിച്ചാൽ പിന്നെ, വിശപ്പ് അത്ര വേഗമൊന്നും തല നീട്ടില്ല. വീട്ടിലുണ്ടാക്കുന്ന  മാമ്പഴജ്യൂസും  നറുനീണ്ടി സർബത്തും വെന്ത മുന്തിരി ജ്യൂസുമെല്ലാം കുട്ടിക്കാലം ഓർമിപ്പിക്കുന്നതാണ്. എന്റെ വീടിനേയും. 

നട്ടുച്ച വെയിലത്ത് മക്കൾ തളർന്നു വരുമ്പോൾ ക്ഷീണം മാറ്റാൻ ഞാനിപ്പോൾ കൊടുക്കാറുള്ളത് ‘എബിഎസ് സ്മൂത്തി’യാണ്, എ ഫോർ ആപ്പിൾ, ബി ഫോർ ബനാന, എസ് ഫോർ സ്ട്രോബെറി. ഉള്ളം കുളിർപ്പിക്കുന്നതോടൊപ്പം നല്ലൊരു എനർജി ഡ്രിങ്ക് കൂടിയാണ് ഇത്. വണ്ണം കുറയ്ക്കാനുള്ള പരീക്ഷണങ്ങൾക്കിടയിലാണ് ജ്യൂസുകളും സ്മൂത്തികളുമൊക്കെ വീട്ടിലേക്ക് വരുന്നത്. തീർച്ചയായും പലതും ന്യൂ ജെൻ റെസിപ്പികളായതുകൊണ്ട് മക്കളും ഇതിന്റെ ആരാധകരാണ്.

 പാട മാറ്റിയ പാലും മധുരത്തിന് തേനുമാണ് ചേർക്കുന്നതെങ്കിൽ വ്യായാമം ചെയ്യുന്നവർക്കും ഗുണകരമായിരിക്കും. കുട്ടികൾക്ക് സ്മൂത്തി നല്ലതാണ്. കുട്ടികളെ പഴങ്ങൾ കഴിപ്പിക്കാൻ അമ്മമാർ വേറെ വഴി നോക്കേണ്ട എന്നാണ് എ ന്റെ അനുഭവം. വിളമ്പുന്നതിനു മുമ്പ് ഒരു സ്കൂപ്പ് ഐസ്ക്രീം മുകളിൽ വച്ചു കൊടുത്താൽ സംഭവം റിച്ചാകുമെന്നു മാത്രമല്ല സ്മൂത്താകുകയും ചെയ്യും.  

എബിഎസ് സ്മൂത്തി 

1. ആപ്പിൾ – രണ്ട്, കഷണങ്ങളാക്കിയത്

2. സ്ട്രോബെറി – അ‍ഞ്ച്

3. മഞ്ഞ റോബസ്റ്റ പഴം – ഒന്ന്, കഷണങ്ങളാക്കിയത്

4. പാൽ – ഒരു കപ്പ്

5. പഞ്ചസാര/ തേൻ – ഒരു ചെറിയ സ്പൂൺ

6. പുതിനയില – അഞ്ച് ഇതൾ

7. ഐസ്ക്രീം – അലങ്കരിക്കാൻ

2

1. ചേരുവകൾ തയാറാക്കി വയ്ക്കുക.

2. ആപ്പിൾ കഷണങ്ങളും സ്ട്രോബെറിയും മിക്സെർ ജാറിലാക്കുക. 

3. ഇതിലേക്ക് പഴം അരിഞ്ഞതും ചേർക്കുക.

4. പഞ്ചസാര ചേർക്കുക.

5. പുതിനയില ചേർക്കുക.

6. പാൽ കൂടി ഒഴിക്കുക.

7. മിക്സിയിൽ നന്നായി അടിച്ചെടുക്കുക.

3

Secret Tips

∙ ഗർഭകാലത്തെ അത്യാവശ്യ പോഷണമായ ഫോളിക് ആസിഡ്  സ്ട്രോബെറിയിൽ ധാരാളമായി അടങ്ങിയിരിക്കുന്നതുകൊണ്ട്, സ്ത്രീകളിത് കഴിക്കുന്നത് കുഞ്ഞിന്റെ ജനന തകരാറുകളെ പ്രതിരോധിക്കാൻ നല്ലതാണ്.

∙ മധുരനിയന്ത്രണം നടത്തുന്നവർ മധുരം കഴിക്കണെമെന്ന് തോന്നുമ്പോൾ ഒരു സ്ട്രോബെറി കഴിച്ചു  നോക്കൂ. മധുരത്തിനോടുള്ള താൽപര്യം നിയന്ത്രിക്കാനാകും.