കുട്ടികൾ ചോദിച്ചു ചോദിച്ചു വാങ്ങി കഴിക്കും പ്രോട്ടീൻ നിറഞ്ഞ ഈ ടേസ്റ്റി പനീർ കട്‌ലറ്റ്...
വീട്ടിലിരുന്ന് അവധി ആഘോഷിക്കുന്ന കുട്ടികൾക്ക് ഓരോ ദിവസവും വ്യത്യസ്തമായി എന്തുണ്ടാക്കി കൊടുക്കും എന്ന് അമ്മമാർ തല പുകച്ചു കൊണ്ടിരിക്കുകയാകും അല്ലേ? അങ്ങനെയുള്ള അമ്മമാർക്ക് എളുപ്പം ഉണ്ടാക്കാവുന്ന ഒരു ഹെൽതി വിഭവമാണ് ഈ കട്‌ലറ്റ്. ചോറിനൊപ്പം സൈഡ് ഡിഷായോ വൈകുന്നേരം ചായയ്ക്കൊപ്പം സ്നാക്സാ യോ വിളമ്പാവുന്ന ഈസി ടേസ്റ്റി വിഭവം.
വീട്ടിലെല്ലാവർക്കും പനീർ വിഭവങ്ങളോട് പ്രിയം കൂടുതലാണ്. നോൺ വെജ് കട്‌ലറ്റിനേക്കാളും സൂപ്പറാണ് ഈ പനീർ കട്‍ലറ്റ് എന്നാണ് എന്റെ മക്കളുടെ കമന്റ്.
ഞാൻ ഇവിടെ പറയുന്ന രീതിയിൽ തന്നെ ഈ കട്‌ലറ്റ് ഉണ്ടാക്കണമെന്നില്ല. ചോളം, ഗ്രീന്‍പീസ്, കാരറ്റ്, ബ്രൊക്ക്‌ലി എന്നിങ്ങനെ ഇ ഷ്ടമുള്ള ഏതു പച്ചക്കറിയും വെണ്ണയിൽ വഴറ്റിയെടുത്ത് ചേർത്താൽ കൂടുതൽ രുചികരമാണ്. ഇഷ്ടമാണെങ്കിൽ മല്ലിയിലയും ചേർക്കാം.

പനീർ കടയിൽ പോയി വാങ്ങാനൊന്നും നിൽക്കേണ്ട. നമുക്ക് വീട്ടിൽത്തന്നെ തയാറാക്കാവുന്നതേയുള്ളൂ. ഒരു ലീറ്റർ പാൽ തിളപ്പിച്ച് അതിൽ പാകത്തിന് നാരങ്ങാനീരോ വിനാഗിരിയോ ചേർക്കുക. പാൽ പിരിഞ്ഞ് വെള്ളം തെളിഞ്ഞു വരുന്നതാണു പാകം.
ഒരു മസ്‌ലിൻ തുണിയിലൂടെ പിരിഞ്ഞ പാ ൽ അരിച്ചെടുത്തശേഷം ടാപ്പിന്റ അടിയിൽ പിടിച്ചു തണുത്ത വെള്ളത്തിൽ നന്നായി കഴുകണം. വീണ്ടും നന്നായി പിഴിഞ്ഞെടുത്തു തുണികൊണ്ടു തന്നെ കെട്ടി അനക്കാതെ 30 മിനിറ്റ് തൂക്കിയിടുക. വെള്ളം വാർന്നു പോയാൽ പനീര്‍ ഉപയോഗിക്കാം.
പാൽ പിരിഞ്ഞ് അരിച്ചെടുക്കുന്ന പ്രോട്ടീൻ വെള്ളം വെറുതേ കളയേണ്ട. സൂപ്പുണ്ടാക്കാനും പരിപ്പുകറി, ഛനമസാല എന്നിവ തയാറാക്കാനും ഉപയോഗിക്കാം. വെറുതേ കുടിക്കാ നും നല്ലതാണ്.
കട്‌ലറ്റ് തയാറാക്കുമ്പോൾ ബ്രെഡ് ക്രമ്പ്സ് ഇല്ലെങ്കിൽ വറുത്ത റവയിൽ പൊതിഞ്ഞെടുത്താലും മതി.

പനീർ കട്‌ലറ്റ്
1. പനീർ – 250 ഗ്രാം
2. എണ്ണ – പാകത്തിന്
3. സവാള – ഒന്ന്
പച്ചമുളക് – നാല്
ഇഞ്ചി – ഒരു ചെറിയ കഷണം
വെളുത്തുള്ളി – രണ്ട് അല്ലി
കറിവേപ്പില – പാകത്തിന്

4. മഞ്ഞൾപ്പൊടി – കാൽ ചെറിയ സ്പൂൺ
മുളകുപൊടി – ഒരു ചെറിയ സ്പൂൺ
കുരുമുളകുപൊടി – രണ്ടു ചെറിയ സ്പൂൺ
ഗരംമസാല – ഒരു ചെറിയ സ്പൂൺ
ഉപ്പ് – പാകത്തിന്
5. ഉരുളക്കിഴങ്ങ് – രണ്ട്, പുഴുങ്ങിയത്
6. മൈദ – ഒരു വലിയ സ്പൂൺ, അല്‍പം വെള്ളത്തിൽ കലക്കിയത്
7. ബ്രെഡ് ക്രമ്പ്സ് – പാകത്തിന്

1. ചേരുവകൾ തയാറാക്കി വയ്ക്കുക.
2. എണ്ണ ചൂടാക്കി അരിഞ്ഞ സവാള, പച്ചമുളക്, ഇഞ്ചി, വെളുത്തുള്ളി, കറിവേപ്പില എന്നിവ വഴറ്റുക.
3. വഴന്നു വരുമ്പോൾ മുളകുപൊടി, മഞ്ഞൾപ്പൊടി, കുരുമുളകുപൊടി, ഗരംമസാലപ്പൊടി ഇവ ചേർക്കുക.
4. ഇതിലേക്ക് പനീർ പൊടിച്ച് ചേർത്ത് വഴറ്റിയെടുക്കുക.

5. ഇതിലേക്ക് ഉരുളക്കിഴങ്ങ് പുഴുങ്ങിയത് പൊടിച്ചു ചേർത്ത് നന്നായി കുഴയ്ക്കുക.
6. പനീർ മസാല ചെറിയ ഉരുളകളാക്കി ഒരോന്നും കട്‌ലറ്റ് ആകൃതിയിലാക്കുക.
7. മൈദ അൽപം വെള്ളത്തിൽ കലക്കി അതില്‍ കട്‌ലറ്റ് മുക്കുക.
8. ഈ കട്‌ലറ്റുകൾ ബ്രെഡ് ക്രമ്പ്സിൽ പൊതിയുക.
9. തിളച്ച എണ്ണയിൽ വറുത്തു കോരി വിളമ്പാം.
