ക്രിസ്മസ് കാലത്ത് രാത്രിയിൽ യാത്ര ചെയ്യുമ്പോൾ കാണാം വീടിനു പുറത്തു തൂക്കിയിട്ടിരിക്കുന്ന നക്ഷത്രങ്ങളുടെ ഭംഗി. പക്ഷേ, എല്ലാവരും ഉറങ്ങികിടക്കുമ്പോൾ നക്ഷത്രം മാത്രം ഇരുട്ടിൽ ഏകാന്തമായി നിൽക്കുന്നതു കാണുമ്പോൾ എന്റെ ഹൃദയത്തിൽ ആർദ്രത കിനിയാറുണ്ട്. ആ സമയം ഒരു പേരറിയാ സങ്കടം വന്നു തൊട്ടുവിളിക്കും. ക്രിസ്മസിന് ഒരു നേരം പപ്പയുടെ അടുത്ത് ഞങ്ങളെല്ലാവരും ഒരുമിച്ചു കൂടും. ഞാനും ചേച്ചിയും എന്തെങ്കിലും വിഭവം ഉണ്ടാക്കി കൊണ്ടുവരും. എല്ലാവരും ഒരുമിച്ചിരുന്ന് കഴിക്കും.
ഒരു തവണ സ്പെഷൽ ഡിഷ് എന്തുണ്ടാക്കും എന്ന ചിന്തയിലിരിക്കുമ്പോഴാണ് ഏതോ പരിപാടിക്കു പോയി വരുന്ന വഴി ഭക്ഷണം കഴിക്കാൻ ഹോട്ടലിൽ കയറിയത്. അന്ന് ഏട്ടൻ ഓർഡർ ചെയ്തത് ഇത്തരമൊരു റൈസായിരുന്നു. ഒരു സ്പൂണിൽ അൽപമെടുത്തു കഴിച്ചു നോക്കിയപ്പോൾ നല്ല രുചി. പിന്നെ, അതു തീർത്തിട്ടാണ് ഞാൻ സ്പൂൺ താഴെ വച്ചത്. അവരോടു റെസിപ്പി ചോദിച്ചപ്പോൾ തരാനൊരു മടി. രുചി ഓർത്തു വച്ച് പിറ്റേന്നു തന്നെ വീട്ടിലുണ്ടാക്കി നോക്കി. രുചിയെല്ലാം ഒത്തുവന്നെന്നാണ് ഏട്ടൻ പറഞ്ഞത്.
അത്തവണത്തെ ക്രിസ്മസിന് ഞാനുണ്ടാക്കി കൊണ്ടുപോയത് ഈ വിഭവമായിരുന്നു. സൈഡ് ഡിഷ് ഉണ്ടായിരുന്നിട്ടും അതൊന്നും എടുക്കാതെ ഈ ഫ്രൈഡ് റൈസ് മാത്രം കഴിക്കാനായിരുന്നു എല്ലാവർക്കും ഇഷ്ടം. നമുക്കിഷ്ടമുള്ള ഏതു പച്ചക്കറിയും ഇതിൽ ചേർക്കാം. അതുപോലെ നോൺവെജും.

സിംപിൾ ഫ്രൈഡ് റൈസ്
1. ബസ്മതി റൈസ് വേവിച്ചത് – നാലു കപ്പ്
2. മുട്ട – മൂന്ന്, അടിച്ചത്
3. വെജിറ്റബിൾ ഓയിൽ – പാകത്തിന്
കേക്ക് മെയ്ക്കിങ്ങിൽ താല്പര്യമുള്ളവർക്കായി ഒറ്റ ക്ലിക്കിൽ 10 കേക്ക് റെസിപ്പികൾ! വിഡിയോ കാണാം...
4. ഇഞ്ചി അരിഞ്ഞത് – ഒരു ചെറിയ സ്പൂൺ
വെളുത്തുള്ളി അരിഞ്ഞത് – ഒരു ചെറിയ സ്പൂൺ
5. ബീൻസ് അരിഞ്ഞത് – ഒരു കപ്പ്

കാരറ്റ് അരിഞ്ഞത് – ഒരു കപ്പ്
6. വെണ്ണ – ഒരു വലിയ സ്പൂൺ
7. കാബേജ് അരിഞ്ഞത് – ഒരു കപ്പ്
ചിക്കൻ വേവിച്ച് ചെറിയ കഷണങ്ങളാക്കിയത് – ഒരു കപ്പ്
കാപ്സിക്കം അരിഞ്ഞത് – ഒരു കപ്പ്
8. പഞ്ചസാര – ഒരു ചെറിയ സ്പൂൺ
കുരുമുളക് – ഒരു ചെറിയ സ്പൂൺ
9. വിനാഗിരി – ഒരു ചെറിയ സ്പൂൺ
സോയാസോസ് – രണ്ടു വലിയ സ്പൂൺ
ഉപ്പ് – പാകത്തിന്
10. സ്പ്രിങ് അണിയൻ അരിഞ്ഞത് – അലങ്കരിക്കാൻ

മല്ലിയില അരിഞ്ഞത് – അലങ്കരിക്കാൻ
തയാറാക്കുന്ന വിധം
1. ചേരുവകൾ തയാറാക്കി വയ്ക്കുക.
2. ഒരു പാൻ ചൂടാക്കി മുട്ട ചിക്കിപ്പൊരിച്ചെടുത്തു മാറ്റി വയ്ക്കുക.
3. എണ്ണയൊഴിച്ച് ഇഞ്ചിയും വെളുത്തുള്ളിയും വഴറ്റുക.
4. ഇതിലേക്ക് അരിഞ്ഞു വച്ചിരിക്കുന്ന കാരറ്റും ബീൻസും ചേർത്ത് വഴറ്റുക.

5. വഴന്നു വരുമ്പോൾ വെണ്ണ ചേർക്കുക.
6. ഇതിലേക്ക് ചിക്കനും മുട്ടയും കാബേജും കാപ്സിക്കവും ചേർക്കുക.
7. കുരുമുളക്, പഞ്ചസാര എന്നിവ ചേർത്ത് നന്നായിളക്കുക.
8. സോയാസോസും വിനാഗിരിയും ഉപ്പും ചേർക്കുക

9. ചോറ് ചേർത്തിളക്കി സ്പ്രിങ് അണിയനും മല്ലിയിലയും വിതറി വിളമ്പാം.