ഒരു പുതുവർഷ പുലരി കൂടി തേടിയെത്തുന്നു. നന്മയുടെയും പ്രതീക്ഷയുടെയും ആഹ്ലാദത്തിന്റെയും ദിനങ്ങളാകട്ടെ ഇനി നമ്മെ വരവേൽക്കുന്നത്. ഈ പുതുവർഷത്തിൽ ഡിന്നറൊരുക്കുമ്പോൾ ഈസി ആൻഡ് ടേസ്റ്റി മധുരം കൂടി ഒപ്പമുണ്ടാകട്ടെ.
മധുരം നമുക്ക് തരുന്ന ഉണർവും സന്തോഷവും ഒന്നു വേറെ തന്നെയല്ലേ? പണ്ടു സ്കൂളിൽ പഠിക്കുന്ന സമയത്ത് ഉച്ചയ്ക്കു ചോറൂണു കഴിയുമ്പോൾ, ഞങ്ങൾ കൂട്ടുകാരെല്ലാം ‘ഒരു മിഠായിത്തുണ്ടെങ്കിലും കിട്ടിയിരുന്നെങ്കിൽ’ എന്നു സങ്കടം പറഞ്ഞ് താടിക്ക് കൈകൊടുത്ത് ഒരു ഇരിപ്പുണ്ട്. ആരുടെയെങ്കിലും ബാഗിൽ മിഠായി കണ്ടാൽ മതി ഉള്ളിൽ സന്തോഷപ്പൂത്തിരി കത്തും. കവർ കളയാതെ വായിലിട്ട് കടിച്ചോ, അല്ലെങ്കിൽ ഡസ്ക്കിൽ വച്ച് കുത്തിപ്പൊട്ടിച്ചോ ഇഞ്ചപരുവമാക്കും. അതു എല്ലാവരും കൂടി പങ്കിട്ടെടുക്കും.
ഒരു നുള്ളായിരിക്കും കിട്ടുക. എന്നാലും എന്തൊരു മധുരമായിരുന്നു അതിന്. ഈ കഥയോർമകളൊക്കെ ഒരിക്കൽ ഏട്ടനോട് പറഞ്ഞപ്പോഴാണറിയുന്നത്, സ്കൂൾ കാലത്ത് ഏട്ടൻ ഏറ്റവും കൂടുതൽ വാങ്ങിയിരിക്കുന്നത് ചോക്‌ലെറ്റുകളാണെന്ന്. ആരു പോക്കറ്റ് മണി കൊടുത്താലും ആ പൈസയ്ക്ക് ചോക്‌ലെറ്റ് വാങ്ങിത്തിന്നുകയായിരുന്നു ശീലം. വലുതായിട്ടും ചോക്‌ലെറ്റ് കൊതിയനായൊരു കുട്ടി ഏട്ടനിലുണ്ട് കേട്ടോ. ഇപ്പോഴും മിഠായി കിട്ടുമ്പോൾ ഏട്ടന്റെ മുഖത്തൊരു തിളക്കമുണ്ടാകും.
ഞങ്ങളുടെ മിഠായിക്കൊതി അതേപടി മക്കൾക്കും കിട്ടിയിട്ടുണ്ട്. വീട്ടിലെല്ലാവരും ചോക്‌ലെറ്റ് കൊതിയൻമാരായപ്പോഴാണ് എന്നാലൊരു ചോക്‌ലെറ്റ് പുഡിങ് ഉണ്ടാക്കിയാലോ എന്ന ഐഡിയ വരുന്നത്. ചോക്‌ലെറ്റിനൊപ്പം കസ്റ്റേർഡിന്റെ ഒരു ലെയറുണ്ടെങ്കിൽ കൂടുതൽ രുചികരമാകുമെന്ന് തോന്നി. ബിസ്കറ്റിന്റെ ലെയർ പിന്നീട് തോന്നിയ ടേസ്റ്റി ട്വിസ്റ്റാണ്. വീട്ടിൽ നടക്കുന്ന 20–25 പേരുള്ള വിരുന്നു സൽക്കാരത്തിന് ഈ അളവിൽ പുഡിങ് തയാറാക്കിയാൽ മതി. എല്ലാവർക്കും കൊതി തീരെ കഴിക്കാനുണ്ടാകും.
ഇഷ്ടവും ഭാവനയുമനുസരിച്ച് മുകളിൽ നിലക്കടല മാത്രമല്ല ഏതുതരം ഡ്രൈ ഫ്രൂട്സും ഫ്രഷ് ഫ്രൂട്സും നിരത്തി അലങ്കരിക്കാം. ഞങ്ങളുടെ മൂത്ത മകൻ ജഗന്റെ റസ്റ്ററന്റിൽ, ബാക്കി ഏതു വിഭവം മാറ്റി വച്ചാലും ചോക്‌ലെറ്റ് പുഡിങ് ഒഴിവാക്കാൻ പറ്റില്ല എന്നാണ് അവന്റെ കടുംപിടുത്തം.
ചോക്‌ലെറ്റ് കസ്റ്റേർഡ് പുഡിങ്
1. പാൽ – നാലു കപ്പ്
കസ്റ്റേർഡ് പൗഡർ – നാലു ചെറിയ സ്പൂൺ
കോൺഫ്‌ളോർ – മൂന്നു ചെറിയ സ്പൂൺ
വെണ്ണ – നാലു വലിയ സ്പൂൺ
പഞ്ചസാര – ഒരു കപ്പ്
മുട്ട – ആറ്
വനില എസ്സൻസ് – ഒരു ചെറിയ സ്പൂൺ
2. ചോക്‌ലെറ്റ് – 200 ഗ്രാം
വെണ്ണ – 50 ഗ്രാം
3. ആരോറൂട്ട് ബിസ്ക്കറ്റ് – ആവശ്യത്തിന്