പായസമില്ലാതൊരു ഓണമില്ല. ഓണസദ്യ എന്നു പറയുമ്പോൾ തന്നെ നാവിൽ തിരയടിച്ചു വരുന്നത് പായസ മധുരമാണ്. തീയലും അവിയലും കാളനും ഓലനുമൊക്കെ കൂട്ടി വയറു നിറച്ച് ഉണ്ടാലും ആ മധുരം കൂടി കഴിച്ചാലേ മനസ്സിനു തൃപ്തി വരൂ...
പായസം കഴിക്കാൻ എല്ലാവർക്കും ഇഷ്ടമാണെങ്കിലും അതുണ്ടാക്കാൻ അത്ര ഇഷ്ടം പോര എന്നതാണ് സത്യം. പാരമ്പര്യ രീതിയിൽ പായസം ഉണ്ടാക്കാൻ പോയാൽ അന്നത്തെ ദിവസം അടുക്കളയിൽ നിന്ന് ഇറങ്ങേണ്ടി വരില്ല. അത്രയ്ക്കുണ്ട് അധ്വാനം. മൂന്നാം പാല് ചേർത്ത് വേവിച്ച് രണ്ടാം പാല് ചേർത്ത് വരട്ടി ശർക്കരയിട്ട് വിളയിച്ച് ഒന്നാം പാലൊഴിച്ച്... അതും പോരാഞ്ഞിട്ട് കയ്യെടുക്കാതെ ഇളക്കിക്കൊണ്ടിരിക്കണം. മണിക്കൂറുകളെടുക്കും പായസം ‘പായസ’മായി വരാൻ. പണ്ടുകാലത്ത് കൂട്ടുകുടുംബമായിരുന്നതു കൊണ്ട് എല്ലാവരും ഒന്നിച്ചാകും സദ്യവട്ടങ്ങളൊരുക്കുക. ഇന്നിപ്പോ എല്ലാം ഒറ്റയ്ക്കു ചെയ്യേണ്ടേ...

ഒരുപാട് സമയം ചെലവഴിച്ചുണ്ടാക്കുന്ന ഒരു വിഭവവും എനിക്കത്രയ്ക്കിഷ്ടമില്ല. ഉച്ചയ്ക്ക് ഒരു മണിവരെ അടുക്കളയിൽ യുദ്ധം ചെയ്ത് മടുത്ത് ഓണസദ്യ കഴിക്കാൻ ഒരു രസവുമുണ്ടാകില്ലെന്നേ. വേഗം സദ്യപ്പണിയൊക്കെ കഴിച്ച് വീട്ടുകാരുടെയൊപ്പം കളി പറഞ്ഞിരുന്ന് പതിയെ ആസ്വദിച്ച് കഴിക്കണം. എന്നാലേ ഒാണം നിറവാകുകയുള്ളൂ. എന്നെപ്പോലെ തന്നെയാവും നിങ്ങളും എന്ന കരുതലിലാണ് പത്തു മിനിറ്റുകൊണ്ട് തയാറാക്കാവുന്ന ഈ പായസക്കുറിപ്പ് ഓണവിഭവമായി തരുന്നത്.
വെറുതേ പരീക്ഷിച്ചുനോക്കി വിജയിച്ച ഒരു വിഭവമാണ് ആപ്പിൾ പായസം. നല്ല മധുരമുള്ള ആപ്പിൾ കിട്ടിയപ്പോൾ തോന്നിയ ഒരാശയം. വീട്ടിലുണ്ടായിരുന്ന ചേരുവകൾ വച്ച് പെട്ടെന്നുണ്ടാക്കിയതാണ്. കഴിച്ചു നോക്കിയപ്പോൾ വീട്ടിലെല്ലാവർക്കും ഇഷ്ടപ്പെട്ടു. നല്ല മധുരമുള്ള ആപ്പിൾ കിട്ടിയാൽ അന്ന് ഞങ്ങളുടെ വീട്ടിൽ ആപ്പിൾ പായസമുണ്ട്. ആപ്പിളിന്റെ തൊലി കളഞ്ഞാൽ വെന്തുടഞ്ഞു പോകും. പായസം കുടിക്കുമ്പോൾ ആപ്പിൾ കഷണങ്ങൾ അതിനുള്ളിൽ നുണയാനാകണം. പാകമനുസരിച്ചു പഞ്ചസാര ചേർക്കാം.

ആപ്പിൾ പായസം
1. നല്ല മധുരമുള്ള ആപ്പിൾ കുരു കളഞ്ഞ് ചെറുതായി അരിഞ്ഞത് – ഒരു വലുത്
2. നെയ്യ് – ഒരു വലിയ സ്പൂൺ
3. കശുവണ്ടിപരിപ്പ് – ഒരു പിടി
ഉണക്കമുന്തിരി – ഒരു പിടി

4. പാൽ – ഒരു ലീറ്റർ
ചൂടുവെള്ളം – അര ലീറ്റർ
കണ്ടൻസ്ഡ് മിൽക്ക് – 500 മില്ലി
5. ചൗവ്വരി – ഒരു പിടി, കുതിർത്തത്
6. പഞ്ചസാര – പാകത്തിന്
7. ഏലയ്ക്കാ പൊടിച്ചത് – അര ചെറിയ സ്പൂൺ

പാകം ചെയ്യുന്ന വിധം
1. ചേരുവകൾ തയാറാക്കി വയ്ക്കുക
2. ഉരുളിയിൽ നെയ്യ് ചൂടാക്കുക.
3. കശുവണ്ടിപരിപ്പും ഉണക്കമുന്തിരിയും വറുത്തു കോരുക.
4. ഇതിലേക്ക് പാലും വെള്ളവും ക ണ്ടൻസ്ഡ് മിൽക്കും ചേർത്തു തിളപ്പിക്കുക.

5. ചൗവ്വരി കുതിർത്തത് ചേർത്ത് വേവിക്കുക.
6. മുക്കാൽ വേവാകുമ്പോൾ പഞ്ചസാര ചേർക്കുക.
7. ആപ്പിൾ അരിഞ്ഞതു ചേർത്ത് തിളപ്പിക്കുക.
8. തിളച്ചു വരുമ്പോൾ ഏലയ്ക്കാ പൊടിച്ചത് ചേർക്കുക.
9. വറുത്തുവച്ച കശുവണ്ടിപരിപ്പും ഉണക്കമുന്തിരിയും ചേർത്തു വിളമ്പാം.
