അമ്മയുടെ വീട് കോട്ടയത്തായിരുന്നു. അവധിക്കാലമാകുമ്പോൾ ഞങ്ങൾ മക്കളും അമ്മയും കൂടി അവിടേക്ക് വിരുന്നു പാർക്കാൻ പോകും. അമ്മയുടെ സഹോദരങ്ങളുടെ മക്കളുമൊക്കെ ഇതുപോലെ വന്നെ ത്തും. എല്ലാവരും കൂടി നല്ല ബഹളമാണ്. ചില ദിവസങ്ങളിൽ ഉച്ച കഴിയുമ്പോൾ അമ്മ ഞങ്ങളെയും കൊണ്ട് അടുത്തുള്ള ബന്ധുവീടുകളിലേക്കും പരിചയക്കാരുടെ വീടുകളിലേക്കും പോകും. എനിക്കാണെങ്കിൽ വലിയ ഇഷ്ടമായിരുന്നു അമ്മയുടെ സാരിത്തുമ്പിൽ തൂങ്ങി നടക്കാൻ.
ഞാൻ ഒന്നിലോ മറ്റോ പഠിക്കുന്ന പ്രായത്തിൽ പോയ ഒരു വീട് ഇപ്പോഴും എന്റെ ഓർമയിലുണ്ട്. എല്ലാവരും സ്നേഹപൂർവം മാത്തുക്കുട്ടിച്ചായൻ എന്നു വിളിക്കുന്ന മലയാള മനോരമയുടെ ചീഫ് എഡിറ്റർ കെ. എം മാത്യവിന്റെ വീടായിരുന്നു അത്. ഞാനും അമ്മയും കൂടിയാണ് പോയത്. ചെല്ലുമ്പോൾ മിസിസ് കെ. എം മാത്യു മാത്രമേ അവിടെയുള്ളൂ. അമ്മ അന്നമ്മക്കൊച്ചമ്മ എന്നാണ് വിളിച്ചിരുന്നതെന്ന് നേർത്ത ഓരോർമ്മ. അവർ രണ്ടുപേരും വർത്തമാനം പറയുന്നതും ബിസ്ക്കറ്റ് നുണഞ്ഞുകൊണ്ട് ഞാനതു നോക്കിയിരിക്കുന്നതും ഓർമയുണ്ട്. പോരാൻ നേരത്ത് എന്റെ തലയിൽ തലോടി ചിരിച്ച മുഖത്തോടെ എന്നോടെന്തെക്കെയോ ചോദിക്കുകയും ചെയ്തിരുന്നു.
പിന്നീട് ആ ഓർമചിത്രത്തിലെ ഞാനൊഴികെ രണ്ടുപേരും ഇല്ലാതായി. ക ല്യാണം കഴിഞ്ഞ് ഷാജിയേട്ടന്റെ വീട്ടി ൽ പാചകം തുടങ്ങിയപ്പോൾ ഞാനാദ്യം സ്വന്തമാക്കിയത് മിസിസ് കെ. എം മാത്യുവിന്റെ പാചക പുസ്തകങ്ങളായിരുന്നു. ഏട്ടനോട് പറഞ്ഞ് വാങ്ങിപ്പിച്ച് അതിൽ പറഞ്ഞിരിക്കുന്ന പലതും പരീക്ഷിച്ചു നോക്കി കൈയടി നേടി. ആദ്യമായി പുഡ്ഡിങ്ങുണ്ടാക്കുന്നത് അന്നമ്മക്കൊച്ചമ്മയുടെ പുസ്തകത്തിൽ നോക്കിയായിരുന്നു. നമ്മുടെ നാടൻ കരിക്കിനെ എത്ര സുന്ദരമായാണ് പുഡ്ഡിങ്ങുമായി ചേർത്തിരിക്കുന്നതെന്നു നോക്കൂ.
കോക്കനട്ട് സൂഫ്ലേ
1. പാൽ – രണ്ടര ടിൻ
2. കണ്ടൻസ്ഡ് മിൽക്ക് – അര ടിൻ
3. പഞ്ചസാര – അഞ്ചു വലിയ സ്പൂൺ
4. ചൈനാഗ്രാസ് – 10 ഗ്രാം, ചെറിയ കഷണങ്ങളാക്കിയത്
5. കരിക്കിൻ വെള്ളം – അര ടിൻ
6. കരിക്ക് അരിഞ്ഞത് – ഒരു കപ്പ്
ചേരുവകൾ തയാറാക്കി വയ്ക്കുക. ഒരു വലിയ പാത്രത്തിൽ പാൽ ചൂടാക്കുക.
ഇതിലേക്ക് കണ്ടൻസ്ഡ് മിൽക്ക് ചേർക്കുക. പഞ്ചസാര ചേർത്തിളക്കുക.
മറ്റൊരു പാതത്തിൽ ചൈനാഗ്രാസ് ഉരുക്കാനാവശ്യമായ വെള്ളം ചൂടാക്കുക.
ഇതിലേക്ക് ചൈനാഗ്രാസ് ഇടുക. ചൈനാഗ്രാസ് നന്നായി ഉരുകിയശേഷം കരിക്കിൻ വെള്ളം ചേർക്കുക.
ഇത് പാൽ മിശ്രിതത്തിലേക്ക് ഒഴിക്കുക. ഡിഷിൽ ഒഴിച്ച് ചൂടാറ്റാൻ വയ്ക്കുക.
മുകളിൽ കരിക്കിൻ കഷണങ്ങളിട്ട് ഒരു മണിക്കൂർ ഫ്രിഡ്ജിൽ വയ്ക്കുക