Tuesday 15 May 2018 03:20 PM IST

കടലച്ചുണ്ടലിന്റെ എരിവും കടുംപായസത്തിന്റെ മധുരവും

Annie

Cooking Expert

kadala8

വിവാഹശേഷം ഷാജിയേട്ടൻ പറഞ്ഞുകേട്ട ഓർമകളിൽ എന്നെ ഏറെ കൊതിപ്പിച്ചത് വിഷുവായിരുന്നു. കൊന്നപ്പൂ പട്ടുടുത്ത പുലരിയിൽ കാണുന്ന കണിയുടെ നിറവ്. തൊടിയിലെ മരച്ചില്ലകളിലിരുന്നു കൂവുന്ന വിഷുപക്ഷിയുടെ പാട്ട്. വല്ലാത്തൊരു ഭംഗിയുണ്ട് വിഷുക്കാലത്തിന്. കണി കണ്ടശേഷം എല്ലാം  ഐശ്വര്യസമൃദ്ധമാകട്ടെയെന്ന ഉള്ളിലെ ആഗ്രഹം പോലും  ഒരു പ്രാർഥനയാണ്. മിക്കവാറും ഈസ്റ്ററിന്റെ വലിയ ആഴ്ചയും അതിനോടടുത്തായിരിക്കും. എല്ലാംകൂടി മനസ്സിനെ ശാന്തവും പരിശുദ്ധവുമാക്കും.

kadala1

അനന്തപത്മനാഭന്റെ നാട്ടിൽ ഉള്ളവർക്ക് വിഷുവപ്പമോ വിഷുക്കഞ്ഞിയോ പായസമോ ഒന്നുമല്ല പ്രധാനം. കടല വേവിച്ച് കടുക് താളിച്ച് വറ്റൽമുളക് ചതച്ചിട്ട് മൊരിച്ചെടുക്കുന്ന കടലച്ചുണ്ടലാണ് അവരുടെ വിഷു സ്പെഷൽ. വളരെ എളുപ്പത്തിൽ തയാറാക്കാവുന്ന ചുണ്ടൽ തനിച്ചല്ല ക ഴിക്കേണ്ടത്. ഉണക്കലരിയും നെയ്യും ശർക്കരയും ചേർത്തുണ്ടാക്കുന്ന കടുംപായസം ഇലക്കീറിന്റെ വടക്കു കിഴക്കേ കോണിലൊഴിച്ചിരിക്കണം. കടലച്ചുണ്ടലിന്  കടുംപായസമാണ് കോമ്പിനേഷൻ. ത മിഴ്നാടിന്റെ അതിർത്തി  പ്രദേശമായതുകൊണ്ടാകണം ഇങ്ങനെയൊരു ‘രുസി’ വഴക്കം. കണി കണ്ടു കഴിഞ്ഞാൽ ഈ വിഭവമാണ് കഴിക്കുക. അതുപോലെ വീട്ടിൽ കണി കാണിക്കാൻ വരുന്നവർക്കും കൊടുക്കും.

kadala2

ചെറുതണുപ്പുള്ള ആ പുലര‍്‍കാലത്ത് കണ്ണുപൊത്തി വന്നു കാണുന്ന കണികാഴ്ചയ്ക്കുശേഷം നനുത്ത ഉറക്കച്ചടവോടെ കടലച്ചുണ്ടൽ കഴിക്കുന്ന രസമൊന്നും പിന്നെയെപ്പോൾ കഴിച്ചാലും കിട്ടില്ല. കണിക്കൊന്നയുടെ പൊൻപ്രഭയും ഇടയ്ക്ക് അലയടിച്ചു വരുന്ന വിഷുക്കണിശീലുകളും വീടിനുള്ളിൽ തിളങ്ങുന്ന ഉണ്ണിക്കണ്ണനും എല്ലാം കൂട്ടായി ഉണ്ടാകുന്നത് വിഷുവിനു മാത്രമാണല്ലോ...

kadala3

കടലച്ചുണ്ടൽ തയാറാക്കാൻ ബ്രൗൺ കടലയും വെള്ളക്കടലയും ഉപയോഗിക്കാം. എരിവ് ഇഷ്ടത്തിനനുസരിച്ചു ക്രമീകരിക്കാവുന്നതാണ്. തിരുവനന്തപുരത്തുകാർ ഇതൊരു നാലുമണിപലഹാരമായും കഴിക്കാറുണ്ട്. അൽപം എരിവുള്ളതുകൊണ്ട് കട്ടൻ കാപ്പിയുടെ കൂടെയും ബെസ്റ്റാണ്. വിഷുവിനു മാത്രമല്ല പൂജവയ്പിനും ഇത് ഒഴിച്ചു കൂടാനാകാത്ത വിഭവമാണ്.

kadala4

കടലച്ചുണ്ടൽ

1.    വെള്ളക്കടല (ആറു മണിക്കൂർ കുതിർത്ത് ഉപ്പിട്ട് വേവിച്ചത്) – ഒരു കപ്പ്
2.    എണ്ണ – പാകത്തിന്
3.    കടുക് – ഒരു ചെറിയ സ്പൂൺ
4.    വറ്റൽമുളക് – രണ്ട്, രണ്ടായി മുറിച്ചത്
      തേങ്ങാക്കൊത്ത് – രണ്ടു വലിയ സ്പൂൺ
      കറിവേപ്പില – ഒരു തണ്ട്
5.    വറ്റൽമുളക് ചതച്ചത് – ഒരു ചെറിയ സ്പൂൺ
6.    വെള്ളം – ഒരു കപ്പ്

kadala5

1. ചേരുവകൾ തയാറാക്കി വയ്ക്കുക.
2. ഒരു പാത്രം ചൂടാക്കി എണ്ണയൊഴിച്ച് കടുക് പൊട്ടിക്കുക.
3. ഇതിലേക്ക് വറ്റൽ മുളക്, തേങ്ങാക്കൊത്ത്, കറിവേപ്പില എന്നിവ ചേർത്തു വറുക്കുക.

kadala6

4. ഇതിലേക്ക് വെന്ത കടല ചേർക്കുക.
5. വറ്റൽമുളക് ചതച്ചത് ചേർക്കുക
6. ഒരു കപ്പ് വെള്ളമൊഴിച്ച് നന്നായിളക്കി വറ്റിച്ചെടുക്കുക

kadala7

Secret Tips

∙ കടല ഫൈബറിന്റെയും ഫോളി ക് ആസിഡിന്റെയും ഉറവിടമാണ്. തലേന്ന് കുതിരാനിട്ട കടലയിൽ അൽപം തേൻ ചേർത്ത് കാലത്ത് കഴിച്ചു നോക്കൂ, വിളർച്ചയ്ക്കുള്ള പ്രതിവിധി മാത്രമല്ല ഹെൽത്തി ടോണിക്കിന്റെ ഗുണം കൂടി ചെയ്യും.

∙വെള്ളകടല പ്രോട്ടീന്റെ കലവറയായതുകൊണ്ട് ആഴ്ചയിലൊരിക്കൽ കഴിക്കുന്നത് ശരീരത്തിന് ഇന്ധനം നിറയ്ക്കുന്നതു പോലെയാണ്.