Friday 09 February 2018 04:34 PM IST

മാമ്പഴ സേമിയ പായസവും ബോളിയും വിളമ്പാം

Annie

Cooking Expert

annie_payasam

ശർക്കരപായസം പഴവും പപ്പടവും കൂട്ടികഴിക്കുന്നത് കുട്ടിക്കാലത്ത് എനിക്കു വലിയ ഇഷ്ടമായിരുന്നു.സദ്യയിൽ അടപ്രഥമൻ കഴിഞ്ഞ് രണ്ടാം പായസമായ പരിപ്പു പായസത്തിനു പിന്നാലെ വരുന്ന പാൽപായസം ബോളി കൂട്ടി കഴിക്കണമെന്നാണ് തിരുവനന്തപുരത്തെ സദ്യചിട്ട. ഞങ്ങൾ നാരൂ എന്നു വിളിക്കുന്ന മൂന്നാമത്തെ മകൻ നാരായണനു പ്രിയപ്പെട്ട വിഭവമാണ് ബോളിയും പായസവും.

ഏതു സദ്യക്കു പോയാലും അവനത് വീണ്ടും ചോദിച്ചു വാങ്ങും. അവന്റെ കൊതി കണ്ടാണ് ഞാൻ ബോളിയുണ്ടാക്കാൻ പഠിച്ചത്. കഴിക്കുമ്പോൾ വായിൽ അലിഞ്ഞു ചേരുന്നത്ര എളുപ്പമല്ല ബോളിയുണ്ടാക്കാനെന്ന് ചെയ്തു നോക്കിയപ്പോൾ മനസ്സിലായി. കുറച്ചു കഷ്ടപ്പെടുന്നതു കൊണ്ടാകും അതിനിത്ര രുചിയെന്നും. ബോളി ചൂടുള്ളതോ തണുത്തതോ ആയാലും പായസത്തിന്റെ കൂടെ ബെസ്റ്റാ.

മാമ്പഴമുണ്ടെങ്കിൽ ചോറും പുട്ടും ഉപ്പുമാവും എല്ലാം അതുകൂട്ടിയേ ഷാജിയേട്ടൻ കഴിക്കൂ. എന്നാൽ പിന്നെ പായസത്തിൽ മാമ്പഴം ചേർത്താലെന്താ? ഉണ്ടാക്കിനോക്കിയപ്പോൾ നല്ല രുചി. ഷാജിയേട്ടനു കൊടുത്തപ്പോൾ ഏട്ടന്റെ വക ഒരു ഡെക്കറേഷൻ. മാമ്പഴം ചെറുതായി നുറുക്കി അതിനു മുകളിൽ വിതറിയിട്ടു. ബോളികൂട്ടിക്കഴിച്ചപ്പോൾ പതിനെട്ടു കൂട്ടം കറികളും നാലുതരം പായസവും കൂട്ടികഴിച്ച സ്വാദ്. ഈ ഓണത്തിന്റെ സ്പെഷൽ മാമ്പഴ സേമിയ പായസവും ബോളിയുമായിക്കോട്ടെ. എല്ലാവർക്കും എന്റെ തിരുവോണാശംസകൾ.

മാമ്പഴ സേമിയ പായസം

mambazha_payasam

1. സേമിയ – അരക്കപ്പ്

2. ചൗവ്വരി – അരക്കപ്പ്

3. തേങ്ങപ്പാൽ – രണ്ടു കപ്പ്

4. മാങ്ങാപ്പൾപ്പ് – ഒരു കപ്പ്

5. കണ്ടൻസ്ഡ് മിൽക്ക് – ഒരു ടിൻ

6. മിൽക്ക് പൗഡർ – ഒരു കപ്പ്

7. പഞ്ചസാര – ഒരു കപ്പ്

8. ഏലയ്ക്കാപ്പൊടി – കാൽ ചെറിയ സ്പൂൺ

9. നെയ്യ് – രണ്ട് വലിയ സ്പൂൺ

10. കശുവണ്ടിപരിപ്പ് – അരക്കപ്പ്

ഉണക്കമുന്തിരി – അരക്കപ്പ്

1. ചേരുവകൾ തയാറാക്കി വയ്ക്കുക.

annie_payasam1

2. സേമിയ ചുവക്കെ വറുത്തെടുത്ത് മാറ്റി വയ്ക്കുക.

annie_payasam2

3. ചൗവ്വരി ആവശ്യത്തിനു വെള്ളമൊഴിച്ച് വേവിച്ചതിനുശേഷം തേങ്ങാപാലൊഴിച്ച് തിളപ്പിക്കുക.

annie_payasam3

4. ഇതിലേക്ക് സേമിയ ചേർത്തു വെന്തു വരുമ്പോൾ മാങ്ങാപൾപ്പ് ചേർക്കുക.

annie_payasam4

5. നന്നായി തിളച്ച് കുറുകുമ്പോൾ കണ്ടൻസ്ഡ് മിൽക്ക് ചേർത്തിളക്കുക.

annie_payasam5

6. പാൽപ്പൊടി അൽപം വെള്ളത്തിൽ കലക്കിയത് ചേർത്തിളക്കുക.

annie_payasam6

ബോളി

boli

1. നെയ്യ് – മൂന്നു വലിയ സ്പൂൺ

2. കടലപ്പരിപ്പ് – ഒരു കപ്പ്

3. പഞ്ചസാര – അരക്കപ്പ്

4. ഏലയ്ക്കാപ്പൊടി, ജാതിക്കാപ്പൊടി – അര ചെറിയ സ്പൂൺ വീതം

5. മൈദ – ഒരു കപ്പ്

മഞ്ഞൾപ്പൊടി – അര ചെറിയ സ്പൂൺ

ഉപ്പ് – പാകത്തിന്

6. നല്ലെണ്ണ – പാകത്തിന്

7. അരിപ്പൊടി – പാകത്തിന്

1. ചേരുവകൾ തയ്യാറാക്കി വയ്ക്കുക.

annie_boli1

2. നെയ്യ് ചൂടാക്കിയതിലേക്ക് കടലപ്പരിപ്പ് വേവിച്ച് വെള്ളമില്ലാതെ അരച്ചെടുത്തത് ചേർക്കുക.

annie_boli2

3. പ‍ഞ്ചസാര ചേർക്കുക.

annie_boli3

4. വരട്ടി വരുമ്പോൾ ആവശ്യമെങ്കിൽ കുറച്ചുകൂടി നെയ്യ് ചേർക്കാം.

annie_boli4

5. പാത്രത്തിൽനിന്നും വിട്ടുവരുന്ന പാകമാകുമ്പോൾ ഏലയ്ക്കാപൊടിയും ജാതിക്കാപ്പൊടിയും ചേർത്തിളക്കി വയ്ക്കുക.

annie_boli5

6. മൈദയിൽ മഞ്ഞളും ഉപ്പും ചേർക്കുക.

annie_boli6

7. വെള്ളമൊഴിച്ച് ചപ്പാത്തിക്കു മാവു കുഴയ്ക്കുന്നതുപോലെ കുഴയ്ക്കുക.

annie_boli7

8. ഓരോ ഉരുളകളായി ഉരുട്ടി നല്ലെണ്ണയിൽ 15 മിനിറ്റ് ഇട്ടുവയ്ക്കുക .

annie_boli8

9. ഉരുളകൾ എടുത്ത് കൈകൊണ്ട് പരത്തി നടുവിൽ കടലപ്പരിപ്പ് മിശ്രിതത്തിന്റെ ഉരുളകൾ വയ്ക്കുക.

annie_boli9

10. ഉരുള മൂടുന്ന വിധത്തിൽ നാലുഭാഗവും കൂട്ടിപ്പിടിച്ച് പൊതിഞ്ഞ് ബാക്കിയുള്ള മാവ് പിച്ചിയെടുക്കുക.

annie_boli10

11. ഈ ഉരുളകൾ അരിപ്പൊടിയിൽ മുക്കി മെല്ലെ പരത്തിയെടുക്കുക.

annie_boli11

12. തവയിൽ ചുട്ടെടുത്ത് ചൂടോടെ പായസം കൂട്ടിക്കഴിക്കാം.

annie_boli12

∙ഓണത്തിനു ഏത്തപ്പഴം പുഴുങ്ങുന്ന വെള്ളം കളയേണ്ട. വൈറ്റമിന്റെ കലവറയായതുകൊണ്ട് പുളിശ്ശേരിക്കുള്ള കഷണം വേവിക്കാൻ ഉപയോഗിക്കാം. ഗുണം കൂടും.

∙സദ്യ കഴിക്കുമ്പോൾ കറികളുടെ യഥാർത്ഥ രുചി തിരിച്ചറിയാൻ ഓരോ കറി ഉപയോഗിച്ചു കഴിയുമ്പോഴും ഓലൻ കൂട്ടിയാൽ മുമ്പു കഴിച്ച കറിയുടെ സ്വാദ് നാവിൽനിന്നു മാറി കിട്ടും.