തുണി ചുറ്റിക്കെട്ടിയ വലതു െെകപ്പത്തിയാണ് ആദ്യം ശ്രദ്ധയില്‍ പെട്ടത്. അത് ഉയര്‍ത്തി തൊഴാന്‍ ശ്രമിച്ചപ്പോള്‍ ആ അമ്മയ്ക്കു നന്നായി വേദനിക്കുന്നുണ്ടെന്ന് എനിക്കു മനസ്സിലായി. സ്േനഹത്തോെട ആ വൃദ്ധയുടെ തോളത്തു പിടിച്ചു കസേരയിലിരുത്തുമ്പോള്‍ ഞാന്‍ േചാദിച്ചു, ‘‘കൈയ്ക്കെന്താണു പറ്റിയത്?’’
‘‘പറയാം മോളേ. അതിനു മുന്‍പ് എനിക്കു കുടിക്കാന്‍ ഒരു ഗ്ലാസ് വെള്ളം േവണം...’’
പരവേശത്തോെട െവള്ളം ഒറ്റവലിക്കു കുടിച്ച േശഷം അവര്‍ പറഞ്ഞു തുടങ്ങി. ‘‘െകട്ടിയോന്‍ മരിക്കുന്നതു വരെ സ്വര്‍ഗമായിരുന്നു മോേള ജീവിതം. അതിനു ശേഷമാ ഈ ദുരിതമെല്ലാം തുടങ്ങിയത്...’’ അവരുടെ ശബ്ദമൊന്നിടറി.
‘‘മൂന്നു പെൺമക്കളും ഒരു മകനുമാ എനിക്ക്. മകന് രണ്ടു വയസ്സൊള്ളപ്പഴാ കെട്ടിയോന്‍റെ മരണം. കാലക്കേടു മാറാത്ത നാലു പിള്ളാരേംകൊണ്ടു ഞാനെങ്ങനെ ജീവിക്കും? ബന്ധുക്കളൊന്നും ഒരു സഹായോം ചെയ്തില്ല. എല്ലാരും ഒന്നോ രണ്ടോ പ്രാവശ്യം വീട്ടിൽ വരും, കൊച്ചുങ്ങക്കു വല്ല മിഠായിയോ ബിസ്കറ്റോ കൊടുക്കും. അത്ര തന്നെ. പിന്നെ ഞാൻ കൂലിപ്പണിക്കു പോയിട്ടാ പിള്ളാരെ വളർത്തിയത്.
മൂന്നു പെമ്പിള്ളാരേം കെട്ടിച്ചു വിട്ടു. ഒരുത്തി നഴ്സാ. മൂന്നു പേർക്കും കഴിഞ്ഞുകൂടാനുള്ള വകയൊണ്ട്. ചെറുക്കനും പെണ്ണുകെട്ടി. ഞാൻ പറമ്പിൽ പണിയെടുത്തും കട്ട ചൊമന്നും പുല്ലു ചെത്തീം ഒക്കെയുണ്ടാക്കിയ കാശു കൊണ്ടൊരു വീടും വച്ചു. അവിടെയാ ഞാനും മകനും അവന്റെ ഭാര്യേം പിള്ളാരും താമസം.
മോളേ, ഇപ്പം ഞാനവിടെ താമസിക്കുന്നത് മകനും ഭാര്യയ്ക്കും ഇഷ്ടമല്ല. അവൻ പറയുന്നത് എനിക്കു ചെലവിനു തരാൻ പറ്റുകേലന്നാ. പെമ്പിള്ളാരെയൊക്കെ പഠിപ്പിച്ചു, നല്ല നെലേൽ കെട്ടിച്ചയച്ചു, ഇവനെ പഠിപ്പിച്ചില്ലെന്നാ പരാതി. പഠിക്കുന്ന കാലത്ത് ഇവൻ വല്യ ഒഴപ്പനായിരുന്നു. സ്കൂളിൽ പോവാന്നും പറഞ്ഞുവീട്ടീന്നെറങ്ങിയാ സിനിമാ തിയറ്ററിലേക്കായിരിക്കും പോക്ക്.അങ്ങനെയാ അവൻ കള്ളുകുടീം കഞ്ചാവ് വലീം ഒക്കെ തൊടങ്ങിയത്.’’
‘‘ഇപ്പോഴും കള്ളു കുടിക്കുമോ...’’ ഞാൻ ചോദിച്ചു.
‘‘കുടിക്കും മോളേ, എല്ലാ ദിവസോം കുടിക്കും. കുടിച്ചു ബോധം കെട്ടു വീട്ടിൽ വന്നു കേറുമ്പം മൊതല് അവന്റെ ഭാര്യ എന്നെപ്പറ്റി ഓരോന്നു പറഞ്ഞു കേൾപ്പിക്കാനും തൊടങ്ങും. പണിയൊന്നും ചെയ്യുകേലന്നോ അയൽപക്കത്തു പോയി ഇച്ചിരെ കട്ടൻകാപ്പി കുടിച്ചെന്നോ എന്നതേലും അവളു പറയും. അതു കേട്ടാലൊടനേ അവനെന്റെ നേരെ ചീത്ത വിളീം തൊടങ്ങും. ഇന്നലെ രാത്രി മുഴുവൻ വഴക്കാരുന്നു. ഞാൻ കഞ്ഞികുടിക്കാനിരുന്നപ്പം അവനോടി വന്ന് എന്റെ കഞ്ഞിപ്പാത്രം തൊഴിച്ചെറിഞ്ഞു.
പിന്നെ എന്‍റെ മൊഖത്തിനിട്ടു തല്ലി. കൈകൊണ്ടു തടസ്സം പിടിച്ചപ്പം അവനെന്റെ കൈപ്പത്തി വാതിലിന്റെ എടേലോട്ട് വെച്ചിട്ട് വാതിലു തള്ളിയടച്ചു. മോളേ...ദേ, എന്റെ കൈയൊന്നു നോക്കിയേ...’’ അവര്‍ മുഷിഞ്ഞ തുണിച്ചുറ്റഴിച്ചു മാറ്റിയപ്പോൾ കണ്ട കാഴ്ച ഭീകരമായിരുന്നു. നാലു വിരലുകളും ചതഞ്ഞ് നീല നിറത്തിൽ...
ഇതേ വിരലുകളായിരുന്നു വർഷങ്ങൾക്ക് മുൻപ് ആ മകന് ചോറുരുള വാരിക്കൊടുത്തിരുന്നത് എന്നു ഞാനോർത്തു.
ഇതേ പാവം കൈയാണ് അക്ഷരമെഴുതി പഠിപ്പിച്ചതും കുളിപ്പിച്ചൊരുക്കിയതും ഉടുപ്പലക്കികൊടുത്തതും....
‘‘അമ്മ വിഷമിക്കേണ്ട. ഇക്കാര്യത്തിൽ ഞാൻ നടപടിയെടുത്തുകൊള്ളാം. അമ്മയെ ഇങ്ങനെ ഉപദ്രവിച്ച മകന് ശിക്ഷ കിട്ടിയേ തീരൂ. അമ്മയ്ക്ക് സമാധാനമായി ജീവിക്കാനുള്ള സാഹചര്യം ഞാനുണ്ടാക്കിത്തരാം.’’
ഞാനാ സാധു വൃദ്ധയുടെ ൈകകൾ ചേർത്തു പിടിച്ചു പറഞ്ഞു. പെട്ടെന്ന് അവരുടെ ക ണ്ണുകൾ നിറഞ്ഞൊഴുകാൻ തുടങ്ങി. പിന്നെ അ വർ തേങ്ങിക്കരഞ്ഞു.
‘‘മോളേ... എന്റെ മോനെ ശിക്ഷിക്കരുത്. അ വൻ വെഷമിക്കുന്നതു കാണാനെനിക്കു വയ്യ. അതു പറയാനല്ല ഞാന്‍ വന്നത്.’’ ചുക്കിച്ചുളിഞ്ഞ കവിളുകളിലൂടെ കണ്ണുനീർ ധാരയാരയായ് ഒഴുകി. വിറയാർന്ന സ്വരത്തിലവർ പറഞ്ഞു. ‘‘മക്കളെ നാലിനേം കാക്കേം പരുന്തും തോണ്ടാതെ വളർത്തിയെടുത്തത് എ ത്ര പാടുപെട്ടാണെന്നോ? എന്നിട്ടിപ്പം പൊലീസിനെക്കൊണ്ട് അവനെ തല്ലിക്കാനോ? ഞാനെ ന്നാ വേണേലും സഹിച്ചോളാം, എന്നാലും എ ന്റെ പിള്ളാർക്കൊരു വെഷമോം ഒണ്ടാകരുതെന്നാ എന്റെ പ്രാർഥന. മോളൊരുപകാരം ചെയ്യാമോ? ഒരു അനാഥാലയത്തിൽ എന്നെയാക്കാ നുള്ള സൗകര്യം ചെയ്തു തരാേമാ? അതു ചോ ദിക്കാനാ ഞാന്‍ വന്നത്.’’
ചതഞ്ഞു നീരുവന്ന വിരലുകളിലും നെറ്റിയിലുള്ള പഴയ മുറിപ്പാടിലും നിറഞ്ഞൊഴുകുന്ന കണ്ണുകളിലും ഞാൻ നോക്കി നിന്നു. അമ്മയെന്ന മഹാദ്ഭുതത്തെ മനസ്സിലാക്കാൻ ആർക്കുമാവില്ലെന്ന തിരിച്ചറിവോടെ.
ജീവിതത്തിൽ താൻ കണ്ടുമുട്ടിയ, ഒരിക്കലും മറക്കാനാകാത്ത ചില സ്ത്രീ ജീവിതങ്ങൾ വരച്ചിടുന്നു സംസ്ഥാന വനിതാകമ്മീഷൻ അംഗം ജെ. പ്രമീളാദേവി